Image

ഡോഗ്‌സ് ഓണ്‍ കണ്‍ട്രി (കവിത) മറിയാമ്മ ജോര്‍ജ്ജ്

മറിയാമ്മ ജോര്‍ജ്ജ് Published on 29 August, 2016
ഡോഗ്‌സ് ഓണ്‍ കണ്‍ട്രി (കവിത) മറിയാമ്മ ജോര്‍ജ്ജ്
1. ശ്വാനന്മാര്‍ ഒരു കൂട്ടം നിറഞ്ഞു കേരളം തന്നില്‍
മാനമായ് വിഹരിപ്പൂ നിര്‍ഭയം തെരുക്കളില്‍
ആരെയും ഭയം വേണ്ടാ, ആര്‍ക്കും തൊടാനാവില്ല
അവര്‍ തന്‍ തേര്‍വാഴ്ചയായ് കേരളം ഒട്ടാകവേ.

2. ശ്വാനസേനകള്‍ കൂട്ടംകൂട്ടമായ് തെരുക്കളില്‍ 
വിഹരിപ്പതു കണ്ടാല്‍ വഴിമാറിപ്പോകേണം
ബാലന്മാര്‍, വൃദ്ധരെന്നോ, ആടുമാടുകളെന്നോ
ഭേദമങ്ങ് അവയ്ക്കില്ല കടിച്ചുകീറി തിന്നും.

3. കണ്‍മുമ്പില്‍ കിരാതത്തം നഗ്നതാണ്ഡവമാടും വേളയില്‍
കണ്ണുകളില്‍ പൂട്ടി ആ മേലാളര്‍ വിഹരിപ്പൂ.
മനുഷ്യര്‍ മരിച്ചോട്ടെ, ഖേദം അങ്ങ് അവര്‍ക്കില്ല
ആനപ്പുറത്തിരിപ്പോരെ പട്ടിയും കടിക്കില്ല.

4. നായ്ക്കള്‍ പെരുകട്ടെ തെരുവില്‍ നെടുനീളെ
നാള്‍ക്കുനാല്‍ നരഹത്യ ചെയ്തവര്‍ വളരട്ടെ
നായ്ക്കള്‍ കടി-പിടി കൂട്ടട്ടെ തെരുക്കളില്‍ 
നമുക്ക് കയ്യും കെട്ടി നോക്കിക്കൊണ്ടിരുന്നിടാം.

5. നാല്‍ക്കാലി നായ്ക്കള്‍ക്ക് കൂട്ടാളികളായി ചില 
ഇരുകാലി നായ്ക്കളും നാട്ടിലുണ്ടനവധി.
'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' യായ് വിളങ്ങിയ നാട് ഇന്ന്
'ഡോഗ്‌സ് ഓണ്‍ കണ്‍ട്രി' യായ് മാറിയതാശ്ചര്യം.

6. ശ്വാനന്മാര്‍ നാട്ടില്‍ നെടും തൂണായ് വാണീടട്ടെ
ശുനകനായ് പിറക്കുവാന്‍ സുകൃതം ചെയ്ത നീ.
ആരും തൊടില്ല നിന്നെ, ആരെയും കടിച്ചീടാം. 
ബോഡീഗാര്‍ഡ് ഒന്നും വേണ്ടാ യഥേഷ്ടം വിഹരിച്ചീടാം.

7. നരസ്‌നേഹികളേക്കാള്‍ മൃഗസ്‌നേഹികള്‍ ഏറെ 
മൃഗത്തിന്‍ പിന്‍മുറക്കാര്‍ എന്നത്രേ തോന്നിപ്പോകും.
മൃഗസ്‌നേഹികള്‍ ചിലര്‍ മൃഗത്തേക്കാളും ഹീനം
നരജീവന് വില പുല്ലിലും തീരെ താഴെ.

8. മനുഷ്യര്‍ തമ്മില്‍-തമ്മില്‍ കൊല ചെയ്‌വതാം കാഴ്ച 
ശ്വാനന്മാര്‍ നിരന്തരം കാണുന്നു കണ്‍മുന്‍പിലായ് 
മാനവജീവനിത്ര വിലയില്ലാതായെങ്കില്‍ 
ശുനകന്മാര്‍ ചിന്തപ്പത് നമുക്കും ആകാമല്ലോ.

9. നായ്ക്കള്‍ക്കായ് വാസകേന്ദ്രമങ്ങൊരുക്കട്ടെ 
ഭക്ഷണം ശുശ്രൂഷകള്‍ ഒക്കെയും കൊടുക്കട്ടെ.
ശ്വാനസ്‌നേഹികള്‍ ഇവയ്ക്കായ് എന്ത് സ്‌നേഹം കാട്ടുന്നു?
തെരുവില്‍ പട്ടിണിയായ് അലയാന്‍ വിടുന്നതോ?

10. കടിച്ചുകീറിത്തിന്നാം വിശപ്പും കെടുത്തിടാം 
നിണവും കുടിച്ചിടാം, സുഖമായ് ഉറങ്ങീടാം.
നായ്ക്കള്‍ യൂണിയന്‍ ചേര്‍ന്ന് സിന്ദാബാദ് വിളിക്കുന്നു 
ആരുണ്ട് ചോദിച്ചീടാന്‍ ആരുണ്ടങ്ങെതിര്‍ക്കുവാന്‍.


ഡോഗ്‌സ് ഓണ്‍ കണ്‍ട്രി (കവിത) മറിയാമ്മ ജോര്‍ജ്ജ്ഡോഗ്‌സ് ഓണ്‍ കണ്‍ട്രി (കവിത) മറിയാമ്മ ജോര്‍ജ്ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക