Image

കുത്തൊഴുക്ക് (കവിത: ആറ്റുമാലി)

Published on 29 August, 2016
കുത്തൊഴുക്ക് (കവിത: ആറ്റുമാലി)
തോരാതെ പെയ്യുന്ന കര്‍ക്കിടകം,
പഞ്ഞം വിതയ്ക്കുന്ന തണുത്ത കാറ്റ്,
ആകാശത്ത് വിള്ളലുകളുണ്ടാക്കി
മിന്നല്‍പ്പിണരുകളുടെ തേര്‍വാഴ്ച്ച,
വിറപൂണ്ട കൊന്നത്തെങ്ങുകള്‍.

കലക്കവെള്ളം കുടിച്ചുവീര്‍ത്തു
പൊട്ടിയൊഴുകുന്ന പുഴ.
നിയന്ത്രണം വിട്ട്, കരകവിഞ്ഞ്
വഴിയിലും തൊടിയിലും
മുറ്റത്തും പുരയിലും
കടന്നുകയറുന്ന കാടന്‍ പുഴ.
ആരും നിയന്ത്രിക്കാതെ.
ആരേയും പേടിക്കാതെ
മലവെള്ളത്തിന്റെ കുത്തൊഴുക്ക്.

നിയമവാഴ്ച കാടുകയറുമ്പോഴും
ഭീതിയുടെ, മറ്റൊരു കുത്തൊഴുക്ക്.
ഒരു കല്ല് വെള്ളത്തിലെന്നപോലെ
നാട് ഭയത്തില്‍ മുങ്ങിത്താഴുന്നു!
ജനമുറങ്ങുമ്പോഴും, ഭാഗ്യമുണ്ടെങ്കില്‍
ഉണര്‍ന്നു വഴിനടക്കുമ്പോഴും
ആരെയോ എന്തിനെയോ പേടിക്കുന്നു!

നാളെയൊരിക്കല്‍ വിധിവശാല്‍
നിയമവാഴ്ച തിരികെയെത്തുമ്പോള്‍ (?)
നാടേതു കോലത്തിലായിരിക്കും;
അന്നാരൊക്കെ ബാക്കിയുണ്ടായിരിക്കും.! 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക