Image

നേര്‍ക്കാഴ്ച (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍

Published on 31 August, 2016
നേര്‍ക്കാഴ്ച (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍

(ഒറീസ്സയിലെ കാലഹന്ദി എന്ന സ്ഥലത്തു സ്വന്തം ഭാര്യയുടെ മൃതശരീരം കൊണ്ടുപോകാന്‍ പണമില്ലാതെ 12 കിലോമീറ്റര്‍ ചുമന്നുകൊണ്ടുപോയ ദിന മാഞ്ചി എന്ന ചെറുപ്പക്കാരന്റെ അവസ്ഥയെ ആസ്പദമാക്കി എഴുതിയത്)

ദുരമൂത്ത ആതുരാലയങ്ങള്‍ ചുറ്റിലും
പണസഞ്ചി നോക്കി പിഴിയുന്നു എവിടെയും
ദിന മാഞ്ചി തോറ്റു മടങ്ങുന്നു ജീവിത-
ശരണാലയത്തിലെ കനിവ് തേടി

കനിവറ്റ ലോകം കലി തുള്ളി നിന്നു
കാലിയാം കീശയില്‍ നോക്കി
ചേതനയറ്റൊരാ ദേഹം പൊതിഞ്ഞവന്‍
തോളിലെടുത്തു നടന്നു

ഹൃദയം നുറുങ്ങുന്ന വേദനയുള്ളിലും
ദേഹി വെടിഞ്ഞൊരു ദേഹം ചുമലിലും
മാറാപ്പുമായൊരു പെണ്‍കൊടി പിന്നിലും
കാതങ്ങളേറെ നടക്കുവാന്‍ മുന്നിലും

നൂറ്റാണ്ടു മുമ്പുള്ള കഥയല്ല മാളോരേ
വര്‍ത്തമാനത്തിന്റെ നേര്‍പ്പകര്‍പ്പ്
അധികാര ഗര്‍വിന്റെ മസ്തകസീമയില്‍
അടിമവംശത്തിന്റെ കാറിത്തുപ്പല്‍

കനിവറ്റ ലോകം , ഉണരാത്ത കാലം
ബീഭത്സമായി ചിരിച്ചു
വളരുന്ന ഭാരതം , പെരുകുന്ന മാഞ്ചിമാര്‍
വിളര്‍ച്ച പിടിച്ച ഭരണകൂടം

അണ്വായുധത്തിലെ അനിഷേധ്യ ശക്തിയായി
സാങ്കേതികത്വത്തില്‍ വമ്പനും നാം
ആറ് പതിറ്റാണ്ടിലേറെക്കഴിഞ്ഞിട്ടും
ആലംബഹീനര്‍ നമുക്ക് ചുറ്റും

കടലാസ് പദ്ധതി കോടികള്‍ തട്ടിച്ചു
അധികാര വര്‍ഗം ജന്മികളായി
അടിയാന്‍, പുളക്കുന്ന ചെറിലെ രക്തമായ്
ആജീവനാന്തം അടിമകളായ് 
നേര്‍ക്കാഴ്ച (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍
നേര്‍ക്കാഴ്ച (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍
നേര്‍ക്കാഴ്ച (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍
Join WhatsApp News
വിദ്യാധരൻ 2016-09-01 11:14:27

(മലയപുലയന്റെ മാടത്തിൻ  മുറ്റത്ത്
മഴ വന്ന നാളൊരു വാഴ ...എന്ന രീതി) (വാഴക്കുല -ചങ്ങമ്പുഴ)

എവിടെപ്പോയി മർത്ഥ്യന്റെ സ്നേഹവും കരുണയും
കരിങ്കല്ലായി മാറിയോ ഹൃത്തടം ഇത്രയും?
വഴിപോക്കരെ പോലെ നോക്കി നിൽക്കുന്നു നാം
കരുണയിൻ ഹസ്‌തവും ഉയരാതെ ആയി.
സ്വാർത്ഥതേം ആർത്തിയും ഉള്ളിൽ നിറയുമ്പോൾ
കണ്ണുകൾ മൂടുന്നു തിമിരത്താൽ എപ്പഴും.
സ്നേഹത്തിൻ ഉന്നത ഭാവങ്ങൾ തിരയുമ്പോൾ 
കാണുകതീ  മനുഷ്യന്റെ അനന്യമാം ചേഷ്ടയിൽ!
നെഞ്ചകം പൊള്ളുന്നാമകളുടെ കരച്ചിലിൽ
ലജ്ജതോന്നുന്നെനിക്ക് എന്നോട് തന്നെയും.
കപടമാം ലോകത്തിൽ നിർധനർക്കെന്നെന്നും
'മലയ പുലയന്റെ' ഗതിതന്നെ നിസ്സംശയം 

(മനുഷ്യജീവിതത്തിലെ ഒരു പരിതാപകരസംഭവത്തെ കവി
അതിന്റെ വികാരതീവ്രതയോടെ അവതരിപ്പിച്ചപ്പോൾ
അനുവാചകനായ ഞാനും എന്തൊക്കൊയോ പുലമ്പുകയാണ്.
ജീവിതഗന്ധിയായ അനേക കവിതകൾ താങ്കളുടെ തൂലിക
തുമ്പിൽ നിന്ന് ഉതിരട്ടെ എന്ന് ആശംസിക്കുന്നു)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക