Image

മഞ്ഞനിക്കരയില്‍ ഇന്ന്‌ തീര്‍ത്ഥാടക സംഗമം

Published on 10 February, 2012
മഞ്ഞനിക്കരയില്‍ ഇന്ന്‌ തീര്‍ത്ഥാടക സംഗമം
മഞ്ഞനിക്കര: മഞ്ഞനിക്കര പെരുന്നാളിനോടനുബന്ധിച്ച്‌ ഇന്ന്‌ തീര്‍ത്ഥാടക സംഗമം. പെരുന്നാളില്‍ പങ്കെടുക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍നിന്നു പുറപ്പെട്ട തീര്‍ഥാടകസംഘങ്ങള്‍ ഇന്ന്‌ ഉച്ചയോടെ മഞ്ഞനിക്കരയിലേക്കെത്തിത്തുടങ്ങും.യാക്കോബായ സഭയുടെ വിവിധ ഭദ്രാസനങ്ങളില്‍ നിന്നും മേഖലകളില്‍നിന്നും പുറപ്പെട്ട കാല്‍നട തീര്‍ഥയാത്രാ സംഘങ്ങളാണ്‌ ഉച്ചകഴിഞ്ഞ്‌ ഓമല്ലൂര്‍ കുരിശിങ്കലെത്തുന്നത്‌. ഇവരെ ദയറാ കമ്മിറ്റിയുടെയും മാര്‍ സ്‌തേഫാനോസ്‌ പള്ളിയുടെയും നേതൃത്വത്തില്‍ സ്വീകരിക്കും.

പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രത്യേക പ്രതിനിധികളായി പെരുന്നാള്‍ ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മികരായെത്തുന്ന മാര്‍ പീലക്‌സിനോസ്‌ മത്യാസ്‌ നയീസ്‌ (ഡമാസ്‌കസ്‌), ആര്‍ച്ച്‌ബിഷപ്‌ മാര്‍ ക്ലീമിസ്‌ ദാനിയേല്‍ ഖുറിയ (ബെയ്‌റൂട്ട്‌) എന്നിവരും ഇന്നു മഞ്ഞനിക്കരയിലെത്തുന്നുണ്ട്‌.

ആറിനു തീര്‍ഥയാത്രാ സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി ഉദ്‌ഘാടനം ചെയ്യും. ശ്രേഷ്‌ഠ കാതോലിക്കാ മാര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും.

മാര്‍ ക്ലീമിസ്‌ ദാനിയേല്‍ ഖുറിയ, മാര്‍ പീലക്‌സിനോസ്‌ മത്യാസ്‌ നയീസ്‌ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വിവിധ അവാര്‍ഡുകളുടെ വിതരണം ഡോ. ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത, കുര്യാക്കോസ്‌ മാര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്ത എന്നിവര്‍ നിര്‍വഹിക്കും. മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മാര്‍ ഏലിയാസ്‌ ബാവയുടെ 50-ാമത്‌ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച അനുസ്‌മരണ പ്രഭാഷണം റവ. ഡോ.മാണി രാജന്‍ കോര്‍ എപ്പിസ്‌കോപ്പ നിര്‍വഹിക്കും.

ആന്റോ ആന്റണി എംപി, കെ.ശിവദാസന്‍ നായര്‍ എംഎല്‍എ, ടി.യു. കുരുവിള എംഎല്‍എ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. രാമചന്ദ്രന്‍ നായര്‍, പി.ആര്‍. കുട്ടപ്പന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും.

നാളെ പെരുന്നാള്‍ സമാപിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക