Image

ഞാന്‍! (മിനികഥ: അനിത പണിക്കര്‍)

Published on 03 September, 2016
ഞാന്‍! (മിനികഥ: അനിത പണിക്കര്‍)
അമ്മ: ബുദ്ധി വേവാതെ, മനസ്സു പാകമാവാതെ എന്തിനു നീ തിരക്കിട്ട്, എന്‍ ഉദരത്തില്‍ നിന്നും പുറത്തേക്കു ചാടി? ആ പൊക്കിള്‍ക്കൊടി നിന്നെ പറഞ്ഞിളക്കിയതോ അതോ നീ സ്വയം മടുത്തു ചാടിയതോ? ചെറിയ ബുദ്ധിയും, പ്രായത്തില്‍ കവിഞ്ഞ ശരീരവുമുള്ള നിന്നെ ഈ ജീവിത സായാഹ്നത്തില്‍ ഞാന്‍ എന്തു ചെയ്യും? ആരെ വിശ്വസിച്ചേല്പ്പിക്കും? ?

അമ്മയുടെ ആവലാതികള്‍ തലക്കുള്ളിലേക്ക് ഇടിച്ചുകയറി പൊട്ടിച്ചിതറി ശരീരത്തെ പ്രകമ്പനം കൊള്ളിച്ചു. മനസ്സിലായത് പറയാനാവാതെ, ഇളകി മറിയുന്ന ആ മനസ്സിനെ ഒന്നു സാന്ത്വനിപ്പിക്കാനാവാതെ, ആ കണ്ണുകളിലേ നിസ്സഹായതയിലേക്ക് ചലനമറ്റ് മിഴിച്ചു നോക്കിയിരുന്നു ഞാന്‍!

അച്ചന്‍: മിടുക്കനായ ഒരാണ്‍ കുട്ടിയെ ആയിരുന്നു ഞാന്‍ കൊതിച്ചത്. പക്ഷെ കിട്ടിയതോ ബുദ്ധി വികസിക്കാത്ത ഈ പെണ്ണും! ഞങ്ങളുടെ ജീവിതം തുലച്ചെല്ലോടീ... എന്തിനു എനിക്കിതിനേ തന്നൂ എന്റെ ഭഗവാന്മാരേ....ഇതൊന്നു ചത്തൊന്നു കിട്ടിയാല്‍ മതിയായിരുന്നേ...
അച്ചന്റെ കൂര്‍ത്തമുനവെച്ച ശാപ വാക്കുകള്‍ ഒരു കൊടുംങ്കാറ്റായി ഉടലിനെച്ചുറ്റിവരിഞ്ഞു. എല്ലുകളെ ഞെരിച്ചുടച്ചു. എന്നിട്ട് ഒരു വിഴുപ്പുതുണിപോലെ വീടിന്റെ കോണിലേക്ക് വലിച്ചെറിഞ്ഞു!

അയാള്‍: എന്റെ പ്രിയപ്പെട്ടവളേ, ജനിക്കാന്‍ നീ എന്തേ ഇത്രയും വൈകി? നിന്റെ പതിനേഴിനെ ഞാന്‍ ഭയക്കുന്നു. എന്റെ അന്‍പതിനേ ഞാന്‍ വെറുക്കുന്നു. നീയാണെന്റെ ജീവനെ പുനര്‍ജ്ജീവിപ്പിച്ചത്. നീ എന്നിലെ ആശകളെ ഉണര്‍ത്തി. നിന്നെ ഞാന്‍ എന്റേതാക്കും. നമുക്കൊരുമിച്ച് ജീവിച്ചു മരിക്കാം, എന്താ ഞാന്‍ വിളിച്ചാല്‍ നീ വരില്ലേ?

അയാള്‍ എന്നെ അമര്‍ത്തി ചുംബിച്ചു. അയാളുടെ കൈക്കുള്ളില്‍ എന്റെ ഹൃദയം പൊട്ടി. അതില്‍ നിന്നും ഒഴുകിയിറങ്ങിയ ലാവക്ക് അയാളുടെ വിയര്‍പ്പിന്റെ ഗന്ധമായിരു­ന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക