Image

ഷെയ്പ് ഓഫ് ദ ഷേപ്പ്‌ലസ്സ് രണ്ടാംസ്ഥാനം കരസ്ഥമാക്കി

Published on 10 February, 2012
ഷെയ്പ് ഓഫ് ദ ഷേപ്പ്‌ലസ്സ് രണ്ടാംസ്ഥാനം കരസ്ഥമാക്കി
മുംബൈ: ഡോക്യുമെന്ററി, ഹ്രസ്വ, ആനിമേഷന്‍ ചിത്രങ്ങളുടെ പന്ത്രണ്ടാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വ്യാഴാഴ്ച സമാപനമായി. അന്താരാഷ്ട്ര, ദേശീയ മത്സരവിഭാഗത്തില്‍ മലയാളം മൂന്ന് പുരസ്‌കാരങ്ങള്‍ നേടി.

അമേരിക്കയില്‍ കുടിയേറിയ മലയാളി ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ഷെയ്പ് ഓഫ് ദ ഷേപ്പ്‌ലസ്സ് എന്ന ചിത്രം അന്താരാഷ്ട്ര വിഭാഗത്തില്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററികളുടെ മത്സരവിഭാഗത്തില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. വെള്ളിശംഖും രണ്ടുലക്ഷത്തി അമ്പതിനായിരം രൂപയുമാണ് പുരസ്‌കാരം. അന്താരാഷ്ട്ര ജൂറി പുരസ്‌കാരമാണ് മോണിബെന്‍സി ജോഷി ജോസഫിന്റെ മഹാശ്വേതദേവി ക്ലോസപ്പ് എന്ന ചിത്രം നേടിയത്.

ഷേപ്പ് ഓഫ് ദ ഷേപ്പ്‌ലസ്സ് എന്ന ചിത്രം അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. പുരുഷനാണോ സ്ത്രീയാണോ എന്ന രീതിയില്‍ ജീവിക്കുന്ന ജോണ്‍കോറി എന്ന ബിസിനസ്സുകാരന്റെ വ്യത്യസ്ത വ്യക്തിത്വങ്ങളിലൂടെയുള്ള സഞ്ചാരമാണ് ജയന്‍ ചെറിയാന്റെ ഈ ചിത്രം.

ജോണ്‍കോറി എന്ന ബിസിനസ്സുകാരന്‍, വൈകുന്നേരത്തോടെ പ്രേംദാസ് എന്ന യോഗിയിലേക്കും അവിടെനിന്ന് രാത്രിയില്‍ സ്തനങ്ങളും ലൈംഗികാവയവങ്ങളും സ്ത്രീക്ക് സമാനമായി രൂപപ്പെടുത്തി നര്‍ത്തകിയായി ആളുകളെ ഭ്രമിപ്പിക്കുന്ന ദൃശ്യഭാഷയാണ് ഈ ഡോക്യുമെന്ററിയിലൂടെ കാഴ്ച വെച്ചത്. പുരുഷന്റെ പൗരുഷത്തെയും സൈ്ത്രണതയുടെ ഭ്രമങ്ങളെയും ഈ ഡോക്യുമെന്റി തകര്‍ത്തെറിയുന്നുണ്ട്.


മണിപ്പുരി സിനിമയുടെ ചരിത്രം വ്യക്തമാക്കിയ ഫ്രൈഡ്ഷിഷ് ചിക്കന്‍ സൂപ്പ് പ്രീമിയര്‍ ഷോ എന്ന ചിത്രവമായി പുരസ്‌കാരത്തുക പങ്കിട്ടു. മോണിബെന്‍സി ജോഷി ജോസഫിന്റെ മഹാശ്വേതാദേവി ക്ലോസപ്പ് എന്ന ചിത്രത്തിന് ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രുപ ലഭിക്കും.
അനുപ് സത്യന്റെ എ ഡ്രീം കോള്‍ഡ് അമേരിക്ക എന്ന ചിത്രം ഇന്ത്യന്‍ ഡോക്യുമെന്ററി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ബെസ്റ്റ് സ്റ്റുഡന്‍സ് ഫിലിം അവാര്‍ഡിനര്‍ഹമായി. ഒരു ലക്ഷം രുപയും ട്രോഫിയുമാണ് അവാര്‍ഡ്.
അനുപ് സത്യന്റെ എ ഡ്രീം കോള്‍ഡ് അമേരിക്ക എന്ന ചിത്രം ഗുജറാത്തില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് കിട്ടി അമേരിക്കയില്‍ പഠനം നടത്തിയ ഷബനാസ് എന്ന പതിനഞ്ചുകാരന്റെ നാട്ടിലേക്കുള്ള മടങ്ങി വരവും അമേരിക്കന്‍ ജീവിതം നടത്തുന്ന സ്വാധീനവുമാണ്. ആക്ഷേപഹാസ്യരീതിയില്‍ അവതരിപ്പിച്ച ഈ ചിത്രം ഗുജറാത്തിലെ മുസ്‌ലിം ജീവിതത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നതോടൊപ്പം അമേരിക്കന്‍ ജീവിതം നല്‍കുന്ന ഉള്‍ക്കാഴ്ച കുടുംബത്തിന് ദഹിക്കാത്ത കാര്യവും സത്യസന്ധമായി അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകനാണ് അനൂപ്.

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ആനന്ദ് പട്‌വര്‍ധന്റെ ജയ് ഭീം കോമ്രേഡ് നല്ല ചിത്രത്തിനുള്ള പുരസ്‌കാരം നേടി. മഹാരാഷ്ട്രയിലെ ദളിത് മുന്നേറ്റത്തിന്റെ കിതപ്പും കുതിപ്പും വ്യക്തമാക്കുന്നതാണ് ചിത്രം. ബനാറസില്‍ ജീവിതത്തിന്റെ അവസാനകാലത്ത് എത്തുന്ന സാധാരണക്കാരായ വിധവകളുടെ ജീവിതത്തെ സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ച നല്‍കിയ രാജേഷ് എസ്. ജാല സംവിധാനം ചെയ്ത 'എറ്റ് ദ സ്റ്റയേഴ്‌സ്' എന്ന ചിത്രം ദേശീയ മത്സരവിഭാഗത്തില്‍ സ്വര്‍ണശംഖും അഞ്ച് ലക്ഷം രുപയും നേടി. പൊള്ളുന്ന ജീവിതാവസ്ഥയെ കാഴ്ചവെച്ച ഈ ചിത്രം വേദനിപ്പിക്കുന്ന കാഴ്ചയാണ് നല്‍കിയത്.

സമാപനചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍, ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, അന്താരാഷ്ട, ദേശീയ ജൂറി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.
ഷെയ്പ് ഓഫ് ദ ഷേപ്പ്‌ലസ്സ് രണ്ടാംസ്ഥാനം കരസ്ഥമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക