Image

ബ്രിസ്‌ബേനില്‍ കെസിസിബി ക്‌നാനായ ഓണോത്സവം നടത്തി

Published on 05 September, 2016
ബ്രിസ്‌ബേനില്‍ കെസിസിബി ക്‌നാനായ ഓണോത്സവം നടത്തി

  സ്പ്രിംഗ്ഫീല്‍ഡ് (ബ്രിസ്‌ബേന്‍): ക്‌നാനായ കത്തോലിക് കോണ്‍ഗ്രസ് ബ്രിസ്‌ബേനിന്റെ ഓണാഘോഷ പരിപാടികള്‍ സ്പ്രിംഗ്ഫീല്‍ഡില്‍ നടത്തി. സെപ്റ്റംബര്‍ മൂന്നിനു നടന്ന ആഘോഷപരിപാടികള്‍ വൈകുന്നേരം 5.30ന് പര്യവസാനിച്ചു. നാട്ടില്‍ നിന്നും വന്ന മാതാപിതാക്കന്മാരും കമ്മിറ്റി അംഗങ്ങളും ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഷാജി താഴത്തെമുത്തൂറമ്പില്‍ ഓണ സന്ദേശം നല്‍കി.

ചെണ്ടവാദ്യമേളങ്ങളോടുകൂടി മാവേലിയുടെ എഴുന്നളളത്തില്‍ കുട്ടികള്‍ വളരെ കൗതുകത്തോടുകൂടി പങ്കെടുത്തപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ബ്രിസ്‌ബേനിലെ ക്‌നാനായക്കാര്‍ തനിമയില്‍ ഒരുമയില്‍ സഭയോടൊപ്പം എന്ന ആപ്തവാക്യത്തില്‍ ഊന്നിപ്പിടിച്ച് സാഹോദര്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകര്‍ന്നു. തുടര്‍ന്നു കെസിസിബിയിലെ യുവതികളുടെ തിരുവാതിര, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ കാണികളെ വിസ്മയഭരിതരാക്കി. നൃത്തവും പാട്ടും സംഗീത ഉപകരണങ്ങളും ക്‌നാനായ ചുണ്ടന്‍ വളളംകളിയും നാടന്‍ സംഗീത ശില്പങ്ങളും സ്റ്റേജില്‍ തകര്‍ത്താടിയ ആഘോഷ പരിപാടികള്‍ ഉച്ചയോടെ പര്യവസാനിച്ചു. 

ഓണസദ്യയ്ക്കുശേഷം വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറി. വടംവലി മത്സരത്തില്‍ ബ്രിസ്‌ബേന്‍ നോര്‍ത്തും സൗത്തും ഏറ്റു മുട്ടിയപ്പോള്‍ സ്ത്രീകളുടെ വിഭാഗത്തില്‍ രണ്ടു ടീമുകളേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തില്‍ നോര്‍ത്ത് ടീം ചാമ്പ്യന്മാരായി. വൈകുന്നേരം നടന്ന കാപ്പി സല്‍ക്കാരത്തോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

ക്‌നാനായ സമുദായ സംഘടനകളില്‍ നിന്ന് സഭയെ മാറ്റി നിര്‍ത്താനുളള പ്രവണതകള്‍ തെറ്റാണെന്നും സഭയും സമുദായവും ഓരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നുളള സന്ദേശം നല്‍കുകയാണ് ബ്രിസ്‌ബേനിലെ ക്‌നാനായക്കാര്‍. സെപ്റ്റംബര്‍ 23, 24, 25 തീയതികളില്‍ നടക്കുന്ന കെസിസിബിയുടെ മൂന്നു ദിവസത്തെ ക്യാമ്പിന്റെ വിജയത്തിനായി കമ്മിറ്റികള്‍ രൂപീകരിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക