Image

അമ്മേ ഉറങ്ങിയോ ? (കവിത: ആറ്റുമാലി)

Published on 05 September, 2016
അമ്മേ ഉറങ്ങിയോ ? (കവിത: ആറ്റുമാലി)
(ഈ കവിത മദര്‍ തെരേസയുടെ നിര്യാ ണ ത്തെ തുടര്‍ന്നു എഴുതിയതാണ്-1999)

അമ്മേ ഉറങ്ങിയോ?) 
ഒന്നും മിണ്ടാത്തതെന്തേ?
ആ ദേവന്റെ കഥ പറയൂ:
എനിക്കുറങ്ങാന്‍ തിടുക്കമില്ല.

നിഴലുകള്‍, നിലവിളികള്‍
ഇരമ്പലുകള്‍...ഓര്‍മ്മകള്‍....
തെരുവില്‍, ഓടയില്‍
അമ്മയെന്നെ കണ്ടെത്തി;
പിന്നെ ഞാനിവിടെ എത്തി;
പകുതി മരിച്ച്, നഗ്നനായി;
വൃണങ്ങളില്‍ പൊതിഞ്ഞ്
തളംകെട്ടിയ ദുര്‍ഗന്ധം പോലെ!
എറുമ്പുകളും, എലികളും
തെരുവ് നായ്ക്കളും എനിക്കു കൂട്ട്.
എല്ലാം അമ്മ പറഞ്ഞതല്ലേ?

വലിയ ചൂടുള്ള പകല്‍,
വലിയ തിരക്കുള്ള തെരുവ്,
കാര്‍ന്നു തിന്നുന്ന വിശപ്പും ദാഹവും,
ഒരായിരം അമ്പുകള്‍ ഏറ്റെന്നപോലെ
ഒലിക്കുന്ന വൃണങ്ങളില്‍
ചൂഴ്ന്നിറങ്ങുന്ന വേദന.

ഇരിക്കാന്‍ ഒരിടംതേടി,
അരയാല്‍ തണല്‍ തേടി,
ഒരിറ്റ് വെള്ളംതേടി,
ഒരപ്പക്കഷണം തേടി,
ഒരു കാട്ടുമൃഗം കണക്കെ ഞാനോടി,
തെരുവില്‍ തിരക്ക്,
കണ്ണിലിരുട്ട്-
ചുറ്റുമുള്ള ലോകം കറങ്ങുന്ന പമ്പരം മാതിരി!

അമ്മേ! ഉറങ്ങിയോ?
എനിക്ക് കണ്ണുകള്‍ നഷ്ടപ്പെട്ടതെപ്പോഴാണ്?
എനിക്ക് വിരലുകള്‍ നഷ്ടപ്പെട്ടതെപ്പോഴാണ്?
കണ്ണില്ലെങ്കിലും അമ്മയെ എനിക്ക് കാണാം-
നക്ഷത്രങ്ങളെക്കാള്‍ തിളക്കമുള്ള ആ കണ്ണുകള്‍!
വെള്ളിമേഘങ്ങളേക്കാള്‍ ശോഭയുള്ള പുടവ!
ഗിരിശൃംഗങ്ങളിലെ മഞ്ഞിനേക്കാള്‍ കുളിര്‍മ്മയുള്ള കരങ്ങള്‍.
ആയിരം വസന്തങ്ങളുടെ സുഗന്ധമാണെന്റെ അമ്മ!

അമ്മേ, ഉറങ്ങിയോ?
എനിക്ക് മരിക്കാന്‍ തിടുക്കമില്ല.
ആദേവനെക്കുറിച്ച് വീണ്ടും പറയൂ.
കുരിശില്‍, പിടഞ്ഞ് പ്രാണന്‍ വിട്ട
ആ സ്‌നേഹമൂര്‍ത്തിയെക്കുറിച്ച്!
അമ്മേ ഉറങ്ങിയോ?
ഒന്നും മിണ്ടാത്തതെന്തേ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക