Image

അമ്മയുടെ ഓണാഘോഷം 'അത്തപ്പുലരി 2016' വ്യത്യസ്തത പുലര്‍ത്തി

Published on 08 September, 2016
അമ്മയുടെ ഓണാഘോഷം 'അത്തപ്പുലരി 2016' വ്യത്യസ്തത പുലര്‍ത്തി

 സിഡ്‌നി: ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്റെ (അമ്മ) ഓണാഘോഷം 'അത്തപ്പുലരി 2016' സംഘടനാ മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമായി. 

സെപ്റ്റംബര്‍ നാലിനു ലിവര്‍പൂള്‍ ഓള്‍ സെയിന്റ്‌സ് ചര്‍ച്ച ഹാളില്‍ പെരുമ്പറ മുഴക്കത്തോടെ എഴുന്നള്ളിയ മഹാബലിയും ജനപക്ഷം സ്വീകരിച്ച പി.സി.ജോര്‍ജ് എംഎല്‍എയും ലിവര്‍പൂള്‍ ഡെപ്യൂട്ടി മേയര്‍ ടോണി ഹദ്ചിട്ടിയും തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി അത്തപ്പുലരിക്കു തിരിതെളിച്ചതോടെ ആഘോഷ പരിപാടികള്‍ക്കു തുടക്കമായി.

അഴിമതിക്കും ധൂര്‍ത്തിനും എതിരെ ആഞ്ഞടിച്ച പി.സി. ജോര്‍ജ്, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേയും കെ.എം. മാണിയെയും വിമര്‍ശിച്ചുകൊണ്ട് ഒരു അഴിമതിരഹിത കേരളം കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകത ഊന്നി പറഞ്ഞു. ഒരുപാടു മലയാളി സംഘടനകള്‍ നിലനില്‍ക്കുന്ന ഓസ്‌ട്രേലിയയില്‍ ഒറ്റ മലയാളി സംഘടന രൂപീകരിക്കാന്‍ അമ്മ മുന്‍കൈ എടുത്താല്‍, അതിനുവേണ്ട സഹകരണങ്ങള്‍ തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ സംരംഭങ്ങള്‍ നടത്തുന്നതിനായുള്ള എല്ലാ സഹായവും പി.സി. ജോര്‍ജ് വാഗ്ദാനം ചെയ്തു.

ലിവര്‍പൂള്‍ ഡെപ്യൂട്ടി മേയര്‍ ടോണി ഹദ്ചിറ്റി അമ്മയുടെ എല്ലാ സംരംഭത്തിനും കൗണ്‍സിലിന്റെയും തന്റേയും പിന്തുണ പ്രഖ്യാപിച്ചു. ഇത്രയും നല്ലൊരു ആഘോഷം നടത്തിയിട്ടും താന്‍ അടങ്ങുന്ന ലിവര്‍പൂളിലെ മറ്റു ഭാഷാ സമൂഹങ്ങളെയും അറിയിക്കാത്തതില്‍ ഉള്ള പരിഭവവും അദ്ദേഹം പങ്കുവച്ചു. അമ്മയുടെ കലാ പ്രതിഭകളെ വാനോളം പുകഴ്ത്തിയ മേയര്‍ അമ്മയുടെ ഓണം വേറിട്ടൊരനുഭവം ആയിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. 

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം വേദയില്‍ വായിച്ചു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്ളും ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവദീപ് സുരിയും ആഘോഷപരിപാടികള്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. പ്രസിഡന്റ് ജസ്റ്റിന്‍ ആബേല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

തുടര്‍ന്നു നൃത്തചുവടുകളുമായി ഷീല നായരും ലെനയും ലളിത പോളും സംഘവും രാധികയും സംഘവും സദസില്‍ വിസ്മയങ്ങള്‍ തീര്‍ത്തപ്പോള്‍ സിഡ്‌നി ഏയ്ഞ്ചല്‍ വോയിസിന്റെ സംഗീത വിരുന്നും ആനന്ദ ലഹരിയില്‍ എത്തിച്ചു. തങ്കിയുടെ നേതൃത്വത്തില്‍ അത്തപ്പൂക്കളം ഒരുക്കി. സെക്രട്ടറി സ്മിത പിള്ള, പിആര്‍ഒ ജിന്‍സ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. 

മീഡിയ ആന്‍ഡ് ടെക്‌നിക്കല്‍ ടീമിനെ ഫെയിന്‍സോണ്‍ ഫ്രാന്‍സിസും സ്റ്റേജ് അറേയ്ഞ്ചുമെന്റ്‌സ് വിനോദും എല്‍ദോയും രജിസ്‌ട്രേഷന്‍ ജിഗറും ഓണസദ്യ റിജോയും കാമറ ആന്‍ഡ് വീഡിയോ റെജിന്‍ മാത്യുവും കൈകാര്യം ചെയ്തപ്പോള്‍ കലാപരിപാടികള്‍ക്ക് ക്രിസ് ആന്റണി നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക