Image

യുഎസ് വീസ നിഷേധിക്കപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാര്‍; സ്റ്റീവ് ജോബ്‌സ് ലഹരിക്ക് അടിമയും നുണയനുമായിരുന്നുവെന്ന് എഫ്ബിഐ രഹസ്യരേഖ; ഡിജിറ്റല്‍ ക്യാമറ രംഗത്തു നിന്നും കൊഡാക് പിന്‍മാറി

Published on 10 February, 2012
യുഎസ് വീസ നിഷേധിക്കപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാര്‍; സ്റ്റീവ് ജോബ്‌സ് ലഹരിക്ക് അടിമയും നുണയനുമായിരുന്നുവെന്ന് എഫ്ബിഐ രഹസ്യരേഖ; ഡിജിറ്റല്‍ ക്യാമറ രംഗത്തു നിന്നും കൊഡാക് പിന്‍മാറി
വാഷിംഗ്ടണ്‍: കഴിഞ്ഞ നാലു വര്‍ഷത്തിനിടെ യുഎസ് വീസ നിഷേധിച്ചവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ വംശജരായ പ്രഫഷണലുകള്‍ക്കാണ് യുഎസ് എമിഗ്രേഷന്‍ വകുപ്പ് കൂടുതലും വീസ നിഷേധിച്ചത്. സ്വന്തം നാട്ടുകാര്‍ക്ക് കൂടുതല്‍ തൊഴില്‍ ഉറപ്പുവരുത്തുക എന്ന പ്രാദേശികവാദത്തിന്റെ ഭാഗമായാണ് 2008 മുതല്‍ ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കുള്ള വീസാ നിഷേധിക്കല്‍ കൂടാന്‍ കാരണമെന്ന് യുഎസ് എമിഗ്രേഷന്‍ വകുപ്പ് പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.

200ല്‍ ഇന്ത്യയില്‍ നിന്നുള്ള എല്‍-1ബി വീസ അപേക്ഷ നിരസിക്കല്‍ 2.8 ശതമാനമായിരുന്നെങ്കില്‍ 2009ല്‍ ഇത് 22.5 ശതമാനമായി ഉയര്‍ന്നു. 2000 മുതല്‍ 2008 വരെ ആകെ എല്‍-1ബി വീസാ അപേക്ഷാ നിരസിക്കല്‍ 1341 എണ്ണം മാത്രമായിരുന്നെങ്കില്‍ 2009ല്‍ മാത്രം 1,640 പേരുടെ വീസാ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. 2009ല്‍ 26 ശതമാനവും, 2010ല്‍ 22 ശതമാനവും നിഷേധിക്കപ്പെട്ടു. 2011ലാകട്ടെ ലഭിച്ച എല്‍-1ബി വീസകളില്‍ 27 ശതമാനവും നിരസിക്കപ്പെട്ടു. 2007നെ അപേക്ഷിച്ച് 2009ല്‍ 11 ശതമാനം എച്ച്-1 ബി വീസകളാണ് നിഷേധിക്കപ്പെട്ടത്. 2007ല്‍ 18 ശതമാനം എച്ച്-1 ബി വീസകളാണ് നീഷേധിക്കപ്പെട്ടതെങ്കില്‍ 2009ല്‍ ഇത് 29 ശതമാനമായി ഉയര്‍ന്നു. 2010ല്‍ ഇത് 21 ശതമാനമായും 2011ല്‍ 17 ശതമാനമായും താണെങ്കിലും ഇത് ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്റ്റീവ് ജോബ്‌സ് ലഹരിക്ക് അടിമയും നുണയനുമായിരുന്നുവെന്ന് എഫ്ബിഐ രഹസ്യരേഖ

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം അന്തരിച്ച ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ലഹരിക്ക് അടിമയും നുണയനും കുടുംബ സ്‌നേഹമില്ലാത്തവനുമായിരുന്നുവെന്ന് യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ രഹസ്യരേഖ. 1991ല്‍ പ്രസിഡന്റിന്റെ എക്‌സ്‌പോര്‍ട്ട് കൗണ്‍സിലിലേക്ക് ജോബ്‌സിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി എഫ്ബിഐയുടെ രഹസ്യ ഏജന്റുമാര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും നടത്തി തയാറാക്കിയ 191 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിവരാവകാശ നിയമപ്രകാരമാണ് രഹസ്യരേഖയുടെ പകര്‍പ്പ് ലഭ്യമായത്.

ജോബ്‌സ് വഞ്ചകനാണെന്നും സത്യസന്ധനല്ലെന്നും ഒരു ദീര്‍ഘകാല സുഹൃത്ത് വിശേഷിപ്പിച്ചതായി രേഖകളില്‍ പറയുന്നു. 1960കളിലും 70കളിലും അക്കാലത്തിറങ്ങിയ ചില നിരോധിത ലഹരി മരുന്നുകള്‍ ജോബ്‌സ് ഉപയോഗിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഒരു മുന്‍ തൊഴിലുടമ പറഞ്ഞതായും രേഖകള്‍ വ്യക്തമാക്കുന്നു. 1985ല്‍ ആപ്പിളില്‍ ജോലി ചെയ്യവെ ജോബ്‌സിന് ബോംബ് ഭീഷണി ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ ക്യാമറ രംഗത്തു നിന്നും കൊഡാക് പിന്‍മാറി

ന്യൂയോര്‍ക്ക്: കടക്കെണിമൂലം പാപ്പരായി പ്രഖ്യാപിച്ച കൊഡാക്, ഡിജിറ്റല്‍ ക്യാമറ രംഗത്തു നിന്നും വിടവാങ്ങുന്നു. ഡിജിറ്റല്‍ ക്യാമറയ്ക്കു പുറമെ വീഡിയോ ക്യാമറാ നിര്‍മാണവും ഉടന്‍ നിര്‍ത്തലാക്കുമെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു. ഫോട്ടോ പ്രിന്റിംഗ്, ഡെസ്ക്‌ടോപ്പ് ഇന്‍ക്‌ജെറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിന്‍മാറ്റമെന്നാണ് വിശദീകരണം. പുതിയ തീരുമാനത്തിലൂടെ 100 മില്യണ്‍ ഡോളര്‍ ലാഭിക്കാനാകുമെന്നാണ് കൊഡാക് കരുതുന്നത്. നിലവില്‍ പുറത്തിറക്കിയ ഡിജിറ്റല്‍ ക്യാറകള്‍ക്കുള്ള പ്രൊഡക്റ്റ് വാറന്റിയും സാങ്കേതിക സഹായങ്ങളും തുടര്‍ന്നും നല്‍കുമെന്നും കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.

യുഎസില്‍ ആണവ റിയാക്റ്ററുകള്‍ക്ക് അനുമതി

വാഷിംഗ്ടണ്‍: യുഎസില്‍ രണ്ട് ആണവ റിയാക്റ്ററുകളുടെ നിര്‍മാണത്തിന് അനുമതി. മൂന്നു ദശാബ്ദത്തെ ഇടവേളയ്ക്കു ശേഷമാണിത്. 1,100 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള റിയാക്റ്ററുകള്‍ ജോര്‍ജിയയിലെ വോട്ടിലില്‍ ആണു നിര്‍മിക്കുക. അവിടെ നിലവിലുള്ള രണ്ടു റിയാക്റ്ററുകള്‍ക്കു പുറമെയാണിത്.

ആണവ നിയന്ത്രണ സമിതി (എന്‍ആര്‍സി) ഒന്നിനെതിരേ നാലു വോട്ടുകള്‍ക്കാണു തീരുമാനം പാസാക്കിയത്. എന്‍ ആര്‍സി ചെയര്‍മാന്‍ ഗ്രിഗറി ജാക്‌സ്‌കൊയാണ് എതിര്‍പ്പു രേഖപ്പെടുത്തിയത്. ജപ്പാനിലെ ഫുകുഷിമ ന്യൂക്ലിയര്‍ റിയാക്റ്ററില്‍ 2011 ലുണ്ടായ ആണവ ചോര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് എതിര്‍പ്പ്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മതിയായ സുരക്ഷാ നടപടികള്‍ ഉറപ്പുവരുത്താതെ റിയാക്റ്റര്‍ നിര്‍മാണ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കരുതെന്ന് ജാക്‌സ്‌കൊ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക