Image

പരിമിതികളില്‍ ഒരോണം (മഞ്ജുള ശിവദാസ്)

മഞ്ജുള ശിവദാസ് Published on 09 September, 2016
പരിമിതികളില്‍ ഒരോണം (മഞ്ജുള ശിവദാസ്)
പൂക്കളിറുക്കാതെ പൂക്കളം തീര്‍ക്കാതെ,
മാവേലിമന്നനെ കാത്തിരിപ്പൂ....
പ്ലാസ്റ്റിക്കിലയിലെ സദ്യയുണ്ടീടുവാന്‍, 
നിശ്ചയം മാവേലിയെത്തുമിന്ന്.

പരിണതപ്രജ്ഞനാം മാബലിയിന്നേറ്റം
തൃപ്തനായീടുമീ കാഴ്ച്ചകണ്ട്
പരിമിതിക്കുള്ളില്‍ 
പ്രവാസിതന്‍ വരവേല്‍പ്പില്‍
മതിമറന്നൊരുപക്ഷേ നിന്നുപോവാം.

അന്യന്റെയധ്വാനം ഇലയിട്ടു ഘോഷിക്കും
മലയാള മണ്ണിലെ ഓണത്തേക്കാള്‍,
പരിമിതിക്കുള്ളില്‍
പ്രവാസിതന്‍ വരവേല്‍പ്പില്‍
മതിമറന്നൊരുപക്ഷേ നിന്നുപോവാം.

മണ്ണിന്‍ മണവും മരത്തണലും
പൂവിന്‍ സുഗന്ധവും പുതുമഴക്കുളിരും
നാടുവിട്ടന്നുതൊട്ടന്യമായെങ്കിലും,
ഓണക്കളത്തിനു പൂക്കളിറുക്കുവാന്‍
തൊടിയിലലഞ്ഞതും പൂക്കളം തീര്‍ത്തതും
ഓര്‍മ്മയിലിന്നും തെളിഞ്ഞിടുന്നു.

പഴമതന്‍ പാവന സ്മൃതികള്‍ നുകര്‍ന്നിടാന്‍
പഴയവര്‍ തന്നതാം നന്മ നമുക്കുണ്ട്,
ഓണനാളെത്തുമ്പോള്‍ ഓര്‍ത്തിടാനൊട്ടേറെ
ഓര്‍മ്മകളെങ്കിലും കൂട്ടിനുണ്ട്.

ആത്മാര്‍ത്ഥമല്ലാത്ത ആരവം മാത്രമായ്
ഓണമിങ്ങെത്തിപ്പടിയിറങ്ങുമ്പോള്‍,
പുത്തന്‍ തലമുറക്കോര്‍ത്തുവച്ചീടുവാന്‍
എന്തവര്‍ക്കിന്നു നാം നല്‍കീടണം..


മഞ്ജുള ശിവദാസ്
Join WhatsApp News
Paul chacko 2016-09-12 10:02:58
വായിച്ചാൽ മനസ്സിലാവുന്ന ഒരു നല്ല കവിത. നന്നായിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക