Image

മെല്‍ബണില്‍ എട്ടു നോമ്പ് തിരുനാള്‍ സെപ്റ്റംബര്‍ 11ന്

Published on 09 September, 2016
മെല്‍ബണില്‍ എട്ടു നോമ്പ് തിരുനാള്‍ സെപ്റ്റംബര്‍ 11ന്

 മെല്‍ബണ്‍: സെന്റ് മേരീസ് സീറോ മലബാര്‍ മെല്‍ബണ്‍ വെസ്റ്റ് ഇടവകയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിതിരുനാള്‍ സെപ്റ്റംബര്‍ 11ന് (ഞായര്‍) ആഘോഷിക്കുന്നു. മെല്‍ബണിലെ ആര്‍ഡീറിലുള്ള കനന്‍ ഓഫ് ഹെവന്‍ ദേവാലയത്തിലാണ് തിരുനാള്‍ ആഘോഷം. 

തിരുനാളിന് ഒരുക്കമായുള്ള നൊവേന ഓഗസ്റ്റ് നാലിനാണ് ആരംഭിച്ചത്. മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി കൊടിയേറ്റു കര്‍മം നിര്‍വഹിച്ച് തിരുനാളിനു തുടക്കംകുറിച്ചു. തിരുനാള്‍ ദിനം വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും കൊന്തയും ഉണ്ടായിരിക്കും. ഫാ.വിന്‍സന്റ് മഠത്തിപറമ്പില്‍, ഫാ. പയസ് കൊടക്കത്താനത്ത്, ഫാ. ഏബ്രഹാം കുന്നത്തോളി, ഫാ. മനോജ് കന്നംതടത്തില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 10നു (ശനി) വൈകുന്നേരം 6.30 നുള്ള വിശുദ്ധ കുര്‍ബാനക്കും നൊവേനക്കും തിരി പ്രദക്ഷിണത്തിനും ഫാ.ടോമി കളത്തൂര്‍ മുഖ്യ കാര്‍മികനായിരിക്കും.

തിരുനാള്‍ ദിനമായ 11നു (ഞായര്‍) 2.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിയില്‍ ഫാ.ഫ്രാന്‍സിസ് പുല്ലുകാട്ട് മുഖ്യകാര്‍മികനായിരിക്കും. ഫാ. ഏബ്രഹാം കഴുന്നടിയില്‍ സന്ദേശം നല്‍കും. തുടര്‍ന്നു തിരുസ്വരൂപങ്ങളും വഹിച്ചു നടത്തുന്ന പ്രദക്ഷിണത്തില്‍ ഉത്സവിന്റെയും എംസിഎസ്എയുടെയും നേതൃത്വത്തില്‍ ചെണ്ടമേളവും മാള്‍ട്ട ഗോസയുടെ ബാന്‍ഡ് സെറ്റും ഉണ്ടായിരിക്കും. തിരുനാള്‍ ദിവസം മാതാവിന്റെ മുടി എഴുന്നള്ളിക്കുന്നതിനും അമ്പ് എഴുന്നള്ളിക്കന്നതിനും അടിമവയ്ക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുനാളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും വികാരി റവ. ഡോ.മാത്യു കൊച്ചുപുരയ്ക്കല്‍ സ്വാഗതം ചെയ്തു.

37 പ്രസുദേന്തിമാരാണ് ഈ വര്‍ഷം തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്. വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കല്‍, ട്രസ്റ്റിമാരായ ബിജു തായ്യങ്കരി, ജോര്‍ജ് കൊച്ചുപുരയ്ക്കല്‍, സോനു തെക്കനടിയില്‍ എന്നിവരുടെയും പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക