Image

അഗതികളുടെ അമ്മ (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

അന്‍വര്‍ ഷാ ഉമയനല്ലൂര്‍ Published on 09 September, 2016
അഗതികളുടെ അമ്മ (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
ദുഷ്‌കൃതങ്ങള്‍തന്‍ കരിങ്കൂറനീക്കി തന്‍
കനിവിന്റെ ശുഭ്രാംബരം നാടിനേകുവാന്‍
ധന്യ, വചനാമൃതം പകര്‍ന്നേകിയോള്‍;
മന്നിതിലുന്നത ചിന്തപുലര്‍ത്തിയോള്‍.

നന്മനിറഞ്ഞതാം പ്രാര്‍ത്ഥനാസാമ്യമായ്
സന്തത ജീവിത,മത്യുദാരാമൃതം
കാരുണ്യമേറെയും വറ്റിയ പാരിതില്‍
താവക ജന്മമുണ്ടായതാണാദരം.

കന്മതില്‍ തീര്‍ത്തതില്ലകമെ,യാദൃഷ്ടിയി
ലേവരുമേക കുലത്തില്‍പ്പിറന്നവര്‍
ഹാ! പുണ്യമേ, തവ രമ്യസ്മരണയെന്‍
സോദരര്‍ക്കാശ്വാസമേകുന്നുലകിതില്‍.

വൈശിഷ്ട്യമേറേ നിറഞ്ഞതാം സാഗരം
പോലേ, വിശാലം മഹിയില്‍നിന്‍ ജീവിതം
മാറേണ്ടതാണുനാ,മിനിയെങ്കിലും സ്വയം
മാതൃകോദാര മനസ്സുപോലീവിധം.

ശാന്തമായൊഴുകിയോരാപുണ്യഹൃത്തടം
താന്തരായോര്‍ക്കേകിയാശ്വാസവാസരം
നീഹാരബിന്ദുപോല്‍ നില്‍പ്പു,നാമേവരും
സ്വീകാര്യമെങ്കിലര്‍പ്പിക്ക!നാം; ജീവിതം.

വിശ്വസാഹോദര്യമെന്നല്ല,യിവിടെനാം
നശ്വരരെന്നുപോലും ഹാ! മറന്നുപോയ്
ഈശ്വരനീവിശ്വമൊന്നില്‍പ്പുനര്‍ജ്ജനി
ച്ചീടിലിന്നാശ്വാസമെന്നേന്‍ നിനച്ചുപോയ്...!

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക