Image

കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നു: കാരാട്ട്

Published on 10 February, 2012
കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നു: കാരാട്ട്
തിരുവനന്തപുരം: കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയാണെന്നും ഇതിനെതിരെ യുഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ ഉണ്ടാവുന്നില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ 31 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ 14 മരണവും വയനാട്ടിലായിരുന്നു. കാര്‍ഷികവിഷയങ്ങളില്‍ ഇടതുസര്‍ക്കാര്‍ പുലര്‍ത്തിയ ജാഗ്രത യുഡിഎഫ് സര്‍ക്കാര്‍ കാട്ടുന്നില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പശ്ചിമ ബംഗാളിലെ മമതാ സര്‍ക്കാരിനു കീഴില്‍ രണ്ടു മാസത്തിനിടെ 31 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 34 വര്‍ഷത്തെ ഇടതുഭരണത്തിനു കീഴില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിതെന്നും കാരാട്ട് പറഞ്ഞു.

ശക്തമായ ഇടതു പക്ഷം കേരളത്തില്‍ നിലനില്‍ക്കുന്നതിനാലാണ് സംസ്ഥാനത്ത് മതവര്‍ഗീയ ശക്തികള്‍ പച്ചപിടിക്കാത്തത്. അയല്‍ സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണമുണ്ടായിട്ടും നടപടിയുണ്ടായില്ല. വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താനുള്ള നടപടികളുമായി സിപിഎം മുന്നോട്ടു പോകുന്നത് ഇതിനാലാണ്. 

കേന്ദ്രഭരണം തളര്‍വാതം പിടിച്ച അവസ്ഥയിലാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണത്തിനു ബിജെപി ഒരിക്കലും ബദലല്ല. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുപക്ഷ ബദല്‍ ഉയര്‍ത്തിക്കൊണ്ടു വരേണ്ട സാഹചര്യമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ കുത്തകകള്‍ പച്ചപിടിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റേത് അമേരിക്കന്‍ താല്‍പര്യങ്ങളാണ്. പാവങ്ങളുടെ വിഷയങ്ങളില്‍ യുപിഎ സര്‍ക്കാരിനു താല്‍പര്യമില്ല. കേന്ദ്രഭരണത്തിനെതിരെ സിപിഎം ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കും. 

പൊതുസമ്മേളനം നടക്കുന്ന ഇ.ബാലാനന്ദന്‍ നഗറിനെ പരാമര്‍ശിച്ച് ഇ. ബാലാനന്ദന്‍ പാര്‍ട്ടിക്ക് കനത്ത സംഭാവന നല്‍കിയെന്നത് ചൂണ്ടിക്കാട്ടിയാണ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസംഗം ആരംഭിച്ചത്. മുതലാളിത്തം കഴിഞ്ഞ കാലങ്ങളില്‍ പ്രതിസന്ധി നേരിടുകയാണ്. അത് സ്ഥിരതയില്ലാത്തതാണെന്നും തെളിഞ്ഞു കഴിഞ്ഞു. ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുകയും ചെയ്യുന്നു. ഉദാരവത്കരണത്തിനും ആഗോളവത്കരണത്തിനുമെതിരായ സമരങ്ങള്‍ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ ഉദയത്തിനു കാരണമാകുന്നു. ആഗോളവത്കരണത്തെ ബദല്‍ നയങ്ങള്‍ കൊണ്ട് നേരിടുകയാണ് ഈ രാജ്യങ്ങള്‍. മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും ലോകത്തെ ഏറ്റവും വലിയ രാഷ്ട്രമായ ചൈന അതില്‍ നിന്നും വിമുക്തി നേടിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയെന്ന നിലയില്‍ ചൈന 2020 ല്‍ ഉയര്‍ന്നു വരുമെന്നാണ് വിലയിരുത്തല്‍. 

നാലു ദിവസം നീണ്ട സംസ്ഥാന സമ്മേളനം ഭാവിയിലെ കടമ്പകളും സ്ഥിതിഗതികളുടെ അവലോകനവും നടത്തി. കേരളത്തില്‍ പാര്‍ട്ടിയുടെയും ബഹുജന സംഘടനാ പ്രവര്‍ത്തനങ്ങളുടെയും നാഴികകല്ലായി സമ്മേളനം മാറി. സംസ്ഥാന സമ്മേളനത്തില്‍ മാധ്യമങ്ങളും കാര്യമായ താല്‍പര്യം കാട്ടി. എന്നാല്‍ മാധ്യമങ്ങളില്‍ വരുന്നതെല്ലാം സത്യമായി കണക്കാക്കരുതെന്നും കാരാട്ട് ആവശ്യപ്പെട്ടു. ജനങ്ങളുടെ നന്മയ്ക്കു ബദലായി നില്‍ക്കുന്ന എല്ലാ കടമ്പകളും കടന്ന് മുന്നോട്ടു പോകാന്‍ പാര്‍ട്ടിക്കു കഴിയുമെന്നും കാരാട്ട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക