Image

ഇന്ത്യന്‍ നഴ്‌സസ് നാഷണല്‍ കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 10 September, 2016
ഇന്ത്യന്‍ നഴ്‌സസ് നാഷണല്‍ കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഷിക്കാഗോ: അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന)യുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ വച്ചു നടക്കുന്ന കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്‌സസ് സമൂഹങ്ങളെ ചേര്‍ത്ത് നൈന എന്ന നാഷണല്‍ സംഘടന രൂപംകൊണ്ടതിന്റെ പത്താംവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ നടക്കുന്ന ദേശീയ ദൈ്വവാര്‍ഷിക കോണ്‍ഫറന്‍സ് പുതുമകള്‍ നിറഞ്ഞതാക്കുവാന്‍ ഇതിന്റെ സംഘാടകര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

നൈന പ്രസിഡന്റ് സാറാ ഗബ്രിയേല്‍, ഇല്ലിനോയി ചാപ്റ്റര്‍ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ്, കോണ്‍ഫറന്‍സ് കണ്‍വീനര്‍മാരായ ജാക്കി മൈക്കല്‍, ഫിലോമിന ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഈ സംരംഭത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

നഴ്‌സിംഗിന്റെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചുവരുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ ഒന്നിച്ചുകൂടുന്ന ഈ കോണ്‍ഫറന്‍സ് ആരോഗ്യരംഗത്തെ പുതിയ കാല്‍വെയ്പുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വേദിയായിരിക്കും. പതിനാറ് എഡ്യൂക്കേഷന്‍ ക്രഡിറ്റിനൊപ്പം നഴ്‌സിംഗ് വിദ്യാഭ്യാസ മേഖലയിലെ നൂതന സംരംഭങ്ങള്‍ മനസ്സിലാക്കുന്നതിനും തങ്ങള്‍ക്ക് ഉതകുന്ന മാര്‍ഗ്ഗദര്‍ശകരെ (മെന്റേഴ്‌സ്) കണ്ടുപിടിക്കുന്നതിനും ഇതു വേദിയൊരുക്കുന്നു.

ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ നഴ്‌സുമാരോടൊപ്പം മുഖ്യധാരയിലെ പ്രഗത്ഭരും ഈ കോണ്‍ഫറന്‍സില്‍ ഒത്തുചേരുന്നു. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ വേദിയില്‍ നഴ്‌സിംഗ് രംഗത്തെ പ്രഗത്ഭരായ വാഗ്മികള്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഒക്‌ടോബര്‍ 21-ന് നടക്കുന്ന അലുംമ്‌നി നൈറ്റ് കോണ്‍ഫറന്‍സിന്റെ ശ്രദ്ധാകേന്ദ്രമാണ്. അറിയപ്പെടുന്ന ഹ്യൂമറിസ്റ്റ് ഡെബ് ഗോള്‍ഡിന്റെ സാന്നിധ്യം അലുംമ്‌നി നൈറ്റിന്റെ സവിശേഷതയാണ്. 22-ന് നടക്കുന്ന ഗാലാ നൈറ്റ് അതിലേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ശ്രദ്ധേയരായ വിശിഷ്ട വ്യക്തികള്‍ക്കു പുറമെ വിജ്ഞാനവും വിനോദവും ഒത്തൊരുമിക്കുന്ന ഗാലാ നൈറ്റില്‍ നൈനയുടെ വിവിധ അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്യുന്നതാണ്.

ഷിക്കാഗോ എല്‍മസ്റ്റിലെ വാട്ടര്‍ഫോര്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഈ കോണ്‍ഫറന്‍സിലേക്ക് മിതമായ ഫീസില്‍ സെപ്റ്റംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാവുന്നാണ്. ഗാലാ നൈറ്റ് ടിക്കറ്റുകളും സൗകര്യാര്‍ത്ഥം ഒരുക്കിയിട്ടുണ്ട്. കടുതല്‍ വിവരങ്ങള്‍ അടങ്ങുന്ന പ്രോഗ്രാം ലിസ്റ്റ് നൈന വെബ്‌സൈറ്റായ www.nainausa.com-ല്‍ ലഭ്യമാണ്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഈ കോണ്‍ഫറന്‍സിലേക്ക് എല്ലാ നഴ്‌സുമാരേയും സംഘാടകര്‍ സ്വാഗതം ചെയ്യു­ന്നു. 
ഇന്ത്യന്‍ നഴ്‌സസ് നാഷണല്‍ കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക