Image

വീണ്ടും മിന്നല്‍ പിണറായി...

Published on 11 February, 2012
വീണ്ടും മിന്നല്‍ പിണറായി...
വിജയന്‍ വീണ്ടും മിന്നല്‍ പിണറായ കാഴ്‌ചയ്‌ക്ക്‌ തന്നെയാണ്‌ രാഷ്‌ട്രീയ കേരളം സാക്ഷ്യം വഹിച്ചത്‌. തുടര്‍ച്ചയായി നാലാം തവണയും പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്‍ സി.പി.എമ്മില്‍ അനിഷേധ്യന്‍ താന്‍ തന്നെയെന്ന്‌ വീണ്ടും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. കേരളത്തിലെ ഏറ്റവും ശക്തമായ കേഡര്‍ സ്വഭാവം പേറുന്ന രാഷ്‌ട്രീയ സംഘടനയുടെ അമരക്കാരനായി പിണറായി വിജയന്‍ തുടര്‍ച്ചയായി 13 വര്‍ഷങ്ങള്‍ തുടര്‍ന്നുവെന്നതും ഇനിയും നാലുവര്‍ഷങ്ങള്‍ കൂടി പാര്‍ട്ടിയുടെ ഉത്തരവാദിത്വം പിണറായിയില്‍ ഏല്‍പ്പിക്കപ്പെട്ടുവെന്നതും ഒരിക്കലും ചെറിയ കാര്യമല്ല. രാഷ്‌ട്രീയ കേരളത്തില്‍ ഇത്‌ സമാനതകളില്ലാത്ത സംഭവം തന്നെ. ഗ്രൂപ്പുപോര്‌ മുര്‍ഛിച്ച്‌ നില്‍ക്കുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നു വന്ന്‌ പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വെല്ലുവിളികള്‍ നേരിട്ട്‌ ഇപ്പോള്‍ എതിരാളികളെയെല്ലാം വെട്ടിനിരത്തി മുന്നേറുന്ന പിണറായി ഇനി സി.പി.എം തന്റെ കൈകളില്‍ തന്നെയെന്ന വ്യക്തമായ സദ്ദേശം തന്നെയാണ്‌ സമ്മേളന വേദിയില്‍ നല്‍കിയിരിക്കുന്നത്‌.

കേരളത്തെ സംബന്ധിച്ചിടത്തോളം പിണറായി തന്നെയായിരിക്കും ഇനി സി.പി.എമ്മിന്റെ അവസാനവാക്ക്‌. ബദല്‍ സ്വരമുയര്‍ത്തുന്ന വി.എസ്‌ അച്യുതാനന്ദനെ തീര്‍ത്തും അടിച്ചമര്‍ത്തുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ്‌ പിണറായി ഗ്രൂപ്പ്‌ സമ്മേളനത്തില്‍ തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത്‌. വി.എസിനെ നിശബ്‌ദനാക്കുക എന്നത്‌ ഇനിയും നടക്കാത്ത സ്വപ്‌നമായി മാറുമ്പോഴും വി.എസ്‌ പക്ഷത്തെ ഏതാണ്ട്‌ പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ ഇപ്പോള്‍ പിണറായിക്ക്‌ കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ എല്ല ജില്ലാ കമ്മറ്റികളും ഇപ്പോള്‍ പിണറായിയുടെ നിയന്ത്രണത്തില്‍ തന്നെ. പുതിയ സംസ്ഥാന കമ്മറ്റിയും അങ്ങനെ തന്നെ. എറണാകുളത്ത്‌ മാത്രം അവശേഷിക്കുന്ന വി.എസ്‌ സ്വാധീനം വരും നാളുകളില്‍ തീര്‍ത്തും നിശബ്‌ദമാകുമെന്ന്‌ വി.എസിന്‌ പോലും ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാകും.

സി.പി.എമ്മില്‍ ഇനി ഗ്രൂപ്പ്‌ എന്നത്‌ കുറച്ചു കാലത്തേക്കെങ്കിലും ഒരു വശത്ത്‌ പാര്‍ട്ടി അഥവാ പിണറിയായും മറുവശത്ത്‌ വി.എസ്‌ എന്ന ഒറ്റയാള്‍ പട്ടാളവുമായിരിക്കും. സമ്മേളന പ്രസംഗങ്ങളില്‍ നിന്നും ബോധ്യപ്പെടുന്നതും അതു തന്നെയാണ്‌. വി.എസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സമ്മേളന റിപ്പോര്‍ട്ട്‌ ഭാഗീകമായി പോളിറ്റ്‌ബ്യൂറോ മരവിപ്പിച്ചു എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമെന്ന്‌ പ്രസംഗ വേദിയില്‍ തന്നെ പിണറായി തുറന്നടിച്ചിരിക്കുന്നു. സമ്മേളന റിപ്പോര്‍ട്ടില്‍ ഉന്നതതല ചര്‍ച്ചകള്‍ ഇനി നടക്കുക മാത്രമേയുള്ളുവെന്നും റിപ്പോര്‍ട്ട്‌ മരവിപ്പിക്കലൊന്നും പാര്‍ട്ടിയിലില്ലെന്നുമാണ്‌ പിണറായി പറഞ്ഞുവെച്ചിരിക്കുന്നത്‌. അതായത്‌ വി.എസ്‌ തീര്‍ത്തും നിശബ്‌ദനായിരിക്കുന്നു എന്ന്‌ വീണ്ടും ഉറപ്പിക്കുന്ന വാക്കുകള്‍. വി.എസിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ അങ്ങനെ തന്നെ നില്‍ക്കുന്നുവെന്നും ആ വിമര്‍ശങ്ങള്‍ വി.എസ്‌ ഉള്‍ക്കൊണ്ടേ മതിയാകുവെന്നും പിണറായി ഇവിടെ അടിവരയിട്ട്‌ പോളിറ്റ്‌ബ്യൂറോയോടും പറഞ്ഞിരിക്കുന്നു. പാര്‍ട്ടിക്ക്‌ മുകളില്‍ പറക്കാന്‍ ഇനി വി.എസിനെ അനുവദിക്കില്ലെന്ന്‌ സംശയത്തിന്‌ ഇടയില്ലാതെ പിണറായി സമ്മേളന വേദിയിലെ അവസാന പ്രസംഗത്തില്‍ വ്യക്തമാക്കിരിക്കുന്നു.

മാത്രമല്ല വീണ്ടും മാധ്യമസിന്‍ഡിക്കേറ്റിനെതിരെ ആഞ്ഞടിച്ച പിണറായിയുടെ വാക്കുകളും അനിഷേധ്യമായ കരുത്തിനെ തന്നെയാണ്‌ വെളിവെക്കുന്നത്‌. കേരളത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റുണ്ടെന്ന്‌ തുറന്നടിക്കുവാനും മാധ്യമ പ്രീണനം തന്റെ വഴിയല്ലെന്ന്‌ വിളിച്ചു പറയാനും ധൈര്യം കാണിച്ച ചുരുക്കം നേതാക്കളിലൊരാളാണ്‌ പിണറായി വിജയന്‍. മാധ്യമങ്ങളെ വെല്ലുവിളിക്കാന്‍ പിണറായി കാണിച്ച ധൈര്യം മറ്റൊരു നേതാവ്‌ കാണിച്ചിട്ടുണ്ടോ എന്ന്‌ സംശയം. ഈ ധൈര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ്‌ സമ്മേളന വേദിയിലെ പിണറായിയുടെ അവസാന പ്രസംഗം ഓര്‍മ്മപ്പെടുത്തുന്നത്‌.

അതുപോലെ തന്നെ സി.പി.ഐക്കും സി.പി.ഐ സെക്രട്ടറി ചന്ദ്രപ്പനും കൃത്യമായ മറുപടി നല്‍കാനും പിണറായി മറന്നില്ല. സി.പി.ഐയെ കണക്കിന്‌ പരിഹസിച്ചു തന്നെയാണ്‌ പിണറായിയുടെ ഓരോ വാചകങ്ങളും കടന്നുപോയത്‌. കേരളത്തില്‍ ഇടതുപക്ഷത്തിലെ കരുത്തര്‍ തങ്ങള്‍ തന്നെയാണെന്ന്‌ വിണ്ടുമൊരിക്കല്‍ കൂടി പിണറായി ഇവിടെ ആവര്‍ത്തിച്ചിരിക്കുന്നു. എന്നാല്‍ ഇതൊന്നും ഇടതുപക്ഷ ഐക്യത്തെ തടസപ്പെടുത്തില്ല എന്ന വാഗ്‌ദാനം നല്‍കാനും പിണറായി മറന്നില്ല.

ഗ്രൂപ്പ്‌ പോരിനും മുന്നണിപ്പോരിനും ഇടയിലും പ്രധാന ശത്രുവിനോടുള്ള താക്കിതും പ്രസംഗത്തില്‍ പിണറായി കരുതിവെച്ചിരുന്നു. വരും നാളുകളില്‍ പാര്‍ട്ടി അജണ്ടയായി പിണറായി സൂചിപ്പിച്ചിരിക്കുന്നത്‌ യു.ഡി.എഫിനോടുള്ള ശക്തമായ സമരങ്ങള്‍ തന്നെയാണ്‌. രണ്ടു സിറ്റിന്റെ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ ഉപജാപങ്ങളിലൂടെ മറിച്ചിടില്ലെങ്കിലും ശക്തമായ സമരങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയുമില്ലെന്നാണ്‌ പിണറായി നല്‍കുന്ന മുന്നറിയിപ്പ്‌. ഈ സര്‍ക്കാരിന്‌ സി.പി.എം ഉയര്‍ത്തുന്ന സമരച്ചൂടില്‍ താഴെയിറങ്ങേണ്ടി വരുമെന്ന വെല്ലുവിളി തന്നെ പിണറായി മുന്നോട്ടു വെക്കുന്നു.

രെയും കൂസാത്ത നിശ്ചയദാര്‍ഢ്യവും തന്റേടവും തന്നെയായിരുന്നു ഇക്കാലമത്രയും പിണറായി എന്ന നേതാവിനെ മുന്നോട്ടു നയിച്ചത്‌. അനാവശ്യ വിവാദങ്ങളിലേക്ക്‌ കടന്നു വരാത്ത പിണറായി പക്ഷെ എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നിന്നത്‌ വി.എസുമായുള്ള ഗ്രൂപ്പു പോരുകളിലൂടെയായിരുന്നു. വി.എസിന്റെ ഒളിയമ്പുകള്‍ പലപ്പോഴും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള പിണറായി പക്ഷെ ഒരിക്കല്‍ പോലും മറുപടി നല്‍കാതെ പിന്‍മാറിയിട്ടുമില്ല. വിവാദമായ ലാവ്‌ലിന്‍ കേസില്‍ ആരോപണ വിധേയനായപ്പോഴും കുസലില്ലാതെ ആരോപണങ്ങളെയും വിവാദങ്ങളെയും നേരിട്ട പിണറായി എപ്പോഴും വിജയിച്ചു നിന്നത്‌ പാര്‍ട്ടിക്കുള്ളിലെ ശക്തമായ മേധാവിത്വം കൊണ്ടാണ്‌. ഭരണത്തിലിരിക്കുമ്പോളും പാര്‍ട്ടിയെയും സര്‍ക്കാരിനെയും വേറിട്ടു നിര്‍ത്താന്‍ ഒരുപരിധിവരെയെങ്കിലും പിണറായിക്ക്‌ സാധിച്ചിട്ടുണ്ടെന്ന്‌ വിമര്‍ശകര്‍ പോലും സമ്മതിക്കും.

ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കുമ്പോള്‍ മൂന്ന്‌ വര്‍ഷം തുടര്‍ച്ചയായി പാര്‍ട്ടി സെക്രട്ടറിയായി തുടര്‍ന്ന പിണറായിക്ക്‌ മാറിനില്‍ക്കേണ്ടി വരുമെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതിയിരുന്നു. പക്ഷെ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി സംസ്ഥാന സമ്മേളനത്തിന്‌ ആരംഭമായപ്പോഴേക്കും സെക്രട്ടറിയായി വീണ്ടും പിണറായി തന്നെയെന്ന്‌ സംശയമേതുമില്ലാതെ ഏവര്‍ക്കും ഉറപ്പായിരുന്നു. പിണറായിക്ക്‌ ഒരു ബദല്‍ അവതരിപ്പിക്കാന്‍ സി.പി.എമ്മില്‍ ഇന്ന്‌ മറ്റൊരാളില്ല എന്നു തന്നെയാണ്‌ ഇവിടെ വീണ്ടും വ്യക്തമാകുന്നത്‌. അത്രത്തോളം പാര്‍ട്ടിക്കുള്ളില്‍ പിണറായി തന്റെ ശക്തി പടര്‍ത്തിയിരിക്കുന്നു.

സി.പി.എമ്മില്‍ അതായത്‌ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രത്തില്‍ വി.എസ്‌ ഉള്‍പ്പെടുന്ന തലമുറ ഏതാണ്ട്‌ അവസാനിക്കുകയാണ്‌ തിരുവനന്തപുരം സമ്മേളനത്തോടെ എന്ന്‌ വേണമെങ്കില്‍ വിലയിരുത്താം (വി.എസ്‌ ഒരു ഒറ്റപ്പെട്ട ശബ്‌ദമായി തുടരുമെന്നത്‌ ഉറപ്പാണെങ്കില്‍പോലും). ഇവിടെ പിണറായി എന്ന കമ്മ്യൂണിസ്റ്റുകാരന്‌ പുത്തന്‍കാലഘട്ടത്തിലേക്ക്‌ ഇടതുപക്ഷത്തെ എങ്ങനെ നയിക്കാന്‍ കഴിയുമെന്നാണ്‌ ഇനി കേരളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കുക. ഗ്രൂപ്പ്‌ പോരിന്റെ വാര്‍ത്തകള്‍ അവസാനിക്കുന്ന ഒരു സമയമുണ്ടായാല്‍ ജനകീയമായി നീണ്ടുകിടക്കുന്ന പ്രശ്‌നങ്ങളിലേക്ക്‌ സി.പി.എം സമരങ്ങളുമായി കടന്നുവരുന്നത്‌ എങ്ങനെയായിരിക്കും. സി.പി.എമ്മിന്റെ പൊതുവില്‍ ഇടതുപക്ഷത്തിന്റെ മാറുന്ന മുഖഛായ എത്രത്തോളം കാലിക പ്രസക്തമായിരിക്കും. പ്രതിപക്ഷത്തിന്റെ ഉത്തരവദിത്വങ്ങള്‍ വെറും ആരോപണങ്ങള്‍ക്കും ചെളിവാരിയെറിയലുകള്‍ക്കും അപ്പുറം എങ്ങനെയായിരിക്കും സി.പി.എം വിഭാവനം ചെയ്യുക. ഇത്തരത്തില്‍ ഒരു കൂട്ടം ചോദ്യങ്ങള്‍ക്ക്‌ മുമ്പിലേക്കായിരിക്കും പിണറായി വിജയന്‌ ഇനി കടന്നുവരേണ്ടത്‌. ഇതിനുള്ള മറുപടികളാണ്‌ ഇനി പിണറായിയില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക