Image

പിബിയിലേക്ക്‌ വിഎസ്‌ കാത്തിരിക്കണം

ജി.കെ. Published on 11 February, 2012
പിബിയിലേക്ക്‌ വിഎസ്‌ കാത്തിരിക്കണം
സിപിഎമ്മിന്റെ പരമോന്നത സമിതിയായ പോളിറ്റ്‌ ബ്യൂറോയിലേക്ക്‌ പാര്‍ട്ടി കോണ്‍ഗ്രസോടെ മടങ്ങാമെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ സ്വപ്‌നം ഇനി ഒരിക്കലും നടക്കാത്ത മനോഹര സ്വപ്‌നമായി തന്നെ അവശേഷിക്കുമെന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായി. സത്യം പറഞ്ഞാല്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ വി.എസിനെതിരെ സംസ്ഥാന നേതൃത്വം തയാറാക്കിയിരിക്കുന്ന കുറ്റപ്പത്രത്തിന്‌ ലക്ഷ്യങ്ങളും മാനങ്ങളും പലതാണ്‌. അതില്‍ ഒന്നു മാത്രമാണ്‌ വി.സിന്റെ പിബി പുനപ്രവേശം തടയുക എന്നത്‌. അതില്‍ ഏറെക്കുറെ അവര്‍ വിജയിക്കുമെന്നു തന്നെയാണ്‌ സംസ്ഥാനസമ്മേളനം നടത്തുന്ന തിരുവനന്തപുരം പുത്തിരിക്കണ്‌ടം മൈതാനത്തു നിന്ന്‌ ലഭിക്കുന്ന സൂചനകള്‍.

പാര്‍ട്ടിക്ക്‌ തിരുത്താന്‍ കഴിയാത്ത ഒറ്റയാനായി സംസ്ഥാന നേതൃത്വം ചിത്രീകരിച്ച ഒരു നേതാവിനെ പോളിറ്റ്‌ ബ്യൂറോയില്‍ വീണ്‌ടും ഉള്‍പ്പെടുത്താനുള്ള ചങ്കൂറ്റം ഇപ്പോഴത്തെ കേന്ദ്രനേതൃത്വത്തിനുണ്‌ടോ എന്നതാണ്‌ പ്രസക്തമായ ചോദ്യം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ കൂടി പങ്കെടുത്ത സെക്രട്ടറിയേറ്റ്‌ യോഗമാണ്‌ വി.എസിനെതിരെയുള്ള കുറ്റപത്രം തയാറാക്കിയതെന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന്‌ പ്രത്യേതകിച്ചെന്തെങ്കിലും ഇളവ്‌ വി.എസ്‌ പ്രതീക്ഷിക്കേണ്‌ട. എങ്കിലും പിബിയില്‍ കാരട്ടിന്റെ എതിര്‍പക്ഷത്തു നില്‍ക്കുന്ന സീതാറാം യെച്ചൂരിയുടെ പിന്തുണ ഇക്കാര്യത്തിലും നിര്‍ണായകമാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിന്‌ സീറ്റ്‌ നിഷേധിച്ചപ്പോള്‍ രക്ഷയ്‌ക്കെത്തിയ യെച്ചൂരിയും വൃന്ദാ കാരാട്ടും രക്ഷക്കെത്തിയില്ലെങ്കില്‍ വി.എസിന്റെ പിബി വഞ്ചി ഇത്തവണയും തിരുനക്കര തന്നെ നില്‍ക്കും.

ഇപ്പോള്‍ നടക്കുന്ന റിപ്പോര്‍ട്ടിന്റെയോ ചര്‍ച്ചയുടെയോ അടിസ്‌ഥാനത്തില്‍ വി.എസിനെതിരെ ഇനി എന്തെങ്കിലും നടപടി എടുക്കാന്‍ കഴിയുമെന്ന്‌ ഔദ്യോഗിക നേതൃത്വംപോലും കരുതുന്നില്ല. കാരണം ഇപ്പറഞ്ഞ കുറ്റപ്പത്രത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ വി.എസിനെ ഒരിക്കല്‍ പിബിയില്‍ നിന്ന്‌ പടിയടച്ച്‌ പിണ്‌ഡം വെച്ചത്‌. ഒരു കുറ്റത്തിന്‌ രണ്‌ടു ശിക്ഷ നല്‍കാന്‍ പോലീസില്‍ പോലും നിയമമില്ല. അപ്പോള്‍ പിന്നെ ശിക്ഷാ കാലാവധി ദീര്‍ഘിപ്പിക്കുക എന്നത്‌ മാത്രമാണ്‌ ഔദ്യോഗിക നേതൃത്വത്തിന്റെ മുന്നിലുള്ള പോംവഴി. അതിനവര്‍ക്ക്‌ നിരത്താന്‍ ഒരുപാട്‌ കാരണങ്ങള്‍ വി.എസ്‌ തന്നെ നല്‍കിയിട്ടുമുണ്‌ട്‌. ശിക്ഷാ കാലാവധിയില്‍ നല്ല നടപ്പ്‌ നടക്കുന്നവര്‍ക്ക്‌ ശിക്ഷായിളവ്‌ നല്‍കുന്ന രീതിയുണ്‌ട്‌. ആ ശിക്ഷായിളവിന്റെ ആനുകൂല്യത്തില്‍ വി.എസ്‌ പിബിയിലേക്ക്‌ വീണ്‌ടും തിരിച്ചെത്തുന്നത്‌ അതുകൊണ്‌ടുതന്നെ അവരെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്‌. അതുകൊണ്‌ടു തന്നെയാണ്‌ വി.എസിന്റെ വിവാദ പ്രസ്‌താവനകളും നടപടികളുമാണ്‌ തെരഞ്ഞെടുപ്പ്‌ തോല്‍വിയ്‌ക്ക്‌ കാരണമെന്ന കുറ്റപ്പത്രം അവര്‍ തയാറാക്കിയതും.

ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ വി.എസിന്റെ പോസ്റ്റര്‍വെച്ച്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പ്രചാരണം നടത്തിയവര്‍ തന്നെയാണ്‌ വിഎസിനെതിരായ കുറ്റപ്പത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നതെന്നത്‌ മറ്റൊരു വിരോധാഭാസമാണ്‌. ഉറപ്പാക്കിയ തോല്‍വിയില്‍ നിന്ന്‌ ഇടതുമുന്നണിയെ വിജയത്തിനടുത്തുവരെ എത്തിച്ചത്‌ വിഎസ്‌ നടത്തിയ പ്രചാരണമാണെന്ന്‌ കേന്ദ്ര നേതൃത്വം പോലും അംഗീകരിച്ചതാണ്‌. ഒടുവില്‍ മനസ്സിലാ മനസ്സോടെയെങ്കിലും സംസ്ഥാന നേതൃത്വത്തിനും അത്‌ അംഗീകരിക്കേണ്‌ടിവന്നിരുന്നു. അതിന്റെ പ്രതിഫലമായിരുന്നു പ്രതിപക്ഷ നേതൃസ്ഥാനം. എന്നാല്‍ അത്തരമൊരു അമളി ഇനി പറ്റരുതെന്ന തിരിച്ചറിവാണ്‌ വി.എസിനെതാരായ കുറ്റപ്പത്രത്തില്‍ നിന്ന്‌ വ്യക്തമാവുന്നത്‌.

ഇനി മറ്റൊരു പ്രധാന ലക്ഷ്യം കൂടി ഇപ്പോഴത്തെ കുറ്റപ്പത്രത്തിന്‌ പിന്നിലുണ്‌ട്‌. പിറവം ഉപതെരഞ്ഞടുപ്പും കേരളാ കോണ്‍ഗ്രസ്‌-ബിയിലെ പൊട്ടിത്തെറിയും പി.ജെ.ജോസഫിന്റെ ഇടതു ചായ്‌വും അധികം വൈകാതെ യുഡിഎഫ്‌ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന്‌ സിപഎം കണക്കുക്കൂട്ടുന്നു. അങ്ങനെവന്നാല്‍ ഭരണത്തിലേക്ക്‌ ഒരുപിടി കൂടി പിടിച്ചുനോക്കാമെന്ന്‌ ഔദ്യോഗിക നേതൃത്വം കണക്കുക്കൂട്ടുന്നു. അപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ പ്രതിപക്ഷനേതാവെന്ന നിലയില്‍ വിഎസിനെ വീണ്‌ടും പരിഗണിക്കേണ്‌ടിവരുന്നൊരു സാഹചര്യം ഒഴിവാക്കുക എന്നതുകൂടി ഇപ്പോഴത്തെ കുറ്റപ്പത്രത്തിന്‌ പിന്നിലുണ്‌ട്‌.

ഭൂമിദാന കേസെന്ന കുരുക്ക്‌ വിഎസിന്റെ കഴുത്തില്‍ ചുറ്റിയിട്ടുമുണ്‌ട്‌. അതില്‍ കുറ്റപ്പത്രം സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ സ്വാഭാവികമായും വിഎസ്‌ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്‌ടിവരും. ലാവ്‌ലിന്‍ കേസില്‍ ഉള്‍പ്പെട്ടതോടെ പിണറായി വിജയന്‍ പാര്‍ലമെന്ററി രാഷ്‌ട്രീയത്തില്‍ നിന്ന്‌ മാറി നിന്നതുപോലെ വിഎസും മാറി നില്‍ക്കേണ്‌ടിവരും. അങ്ങനവരുമ്പോള്‍ വെറുമൊരു കേന്ദ്രകമ്മിറ്റി അംഗമെന്ന പ്രസക്തിമാത്രമാകും പാര്‍ട്ടിയില്‍ വി.എസിനുണ്‌ടാകുക. അതുതന്നെയാണ്‌ ഔദ്യോഗിക നേതൃത്വം ലക്ഷ്യവെയ്‌ക്കുന്നതും.

ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്‌ടാക്കിയതായി തെളിവില്ലെന്ന്‌ സിബിഐ വ്യക്തമാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ പിണറായി പാര്‍ലമെന്ററി രാഷ്‌ട്രീയത്തിലേക്ക്‌ മടങ്ങുന്നതിനെ വിഎസിന്‌ ധാര്‍മികമായി ചോദ്യം ചെയ്യാനും കഴിയില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്‌ഡലത്തിലേക്ക്‌ വിഎസിനെ കൊണ്‌ടുവരാന്‍ മത്സരിച്ചവര്‍ തന്നെയാണ്‌ അന്ത്യ അത്താഴ ചിത്രവിവാദത്തോടെ ആരംഭിച്ച സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനത്തില്‍ തന്നെ വി.എസിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്‌. കൂടെ നില്‍ക്കുമെന്ന്‌ കരുതിയ എറണാകുളം ജില്ലാ കമ്മിറ്റി പോലും മൗനത്തിലൂടെ തന്നെ കുരിശിലേറ്റാനുള്ള അനുവാദം നല്‍കുന്നത്‌ വിഎസിന്‌ കണ്‌ടു നില്‍ക്കേണ്‌ടിയും വന്നിരിക്കുന്നു. എങ്കിലും ഏതു ശൂന്യതയില്‍ നിന്നും പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറക്കുന്ന വി.എസ്‌ വീണ്‌ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്‌ മൗനമായെങ്കിലും പാര്‍ട്ടിയിലും പുറത്തും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഇപ്പോഴും വിശ്വസിക്കുന്നു. അങ്ങനെ സംഭവിക്കട്ടെയെന്ന്‌ കേരളത്തിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുകയും ചെയ്യുന്നു. അത്‌ സഫലമാകുമോ എന്നറിയാന്‍ ഇനി ദിവങ്ങളുടെ കാത്തിരുപ്പേയുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക