Image

കെസിവൈഎല്‍ 'പൊന്നോണം 2016' ആഘോഷിച്ചു

Published on 13 September, 2016
കെസിവൈഎല്‍ 'പൊന്നോണം 2016' ആഘോഷിച്ചു

 മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ കെസിവൈഎല്‍ 'പൊന്നോണം 2016' എന്ന പേരില്‍ ഓണാഘോഷം നടത്തി. മെല്‍ബണിലെ ക്ലയിറ്റന്‍ സെന്റ് പീറ്റേഴ്‌സ് ഹാളില്‍ രാവിലെ പൂക്കളത്തോടെ ഓണാഘോഷങ്ങള്‍ ആരംഭിച്ചു. തുടര്‍ന്നു കുട്ടികളുടെ വിവിധ മത്സരങ്ങള്‍, പുലികളി, ഓണസദ്യ തുടങ്ങിയ ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി. ചെണ്ടമേളത്തിന്റേയും നാസിക് ഡോളിന്റെയും പുലികളിക്കാരുടേയും അകമ്പടിയോടു മാവേലിക്കു വരവേല്പു നല്‍കി. ക്‌നാനായ കമ്യൂണിറ്റിയുടെ സ്‌നേഹവും ഐക്യവും ആണു മാവേലി ആഗ്രഹിക്കുന്നതെന്ന് ഓണസന്ദേശത്തില്‍ മാവേലി മുഴുവന്‍ ക്‌നാനായക്കാരേയും ഓര്‍മിപ്പിച്ചു. 

തുടര്‍ന്നു തിരുവാതിരയോടുകൂടി കലാപരിപാടികള്‍ ആരംഭിച്ചു.കെസിവൈഎല്‍ അംഗങ്ങള്‍ അവതരിപ്പിച്ച ഡാന്‍സ് ഏവര്‍ക്കും ഹൃദയഹാരിയായി. വിവിധ കലാപരിപാടികള്‍ നിലവാരത്തിലും മേന്മയിലും മികച്ചു നിന്നു. വാശിയേറിയ വടംവലി മത്സരങ്ങളില്‍ ഒന്നാം സ്ഥാനം സെഹിയോന്‍ കൂടാരയോഗവും രണ്ടാം സ്ഥാനം കെസിവൈഎല്‍ ടീമും മൂന്നാം സ്ഥാനം നസ്രത്ത് കൂടാരയോഗവും കരസ്ഥമാക്കി.

ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി, ഫാ. തോമസ് കുമ്പുക്കല്‍, ട്രസ്റ്റിമാരായ സ്റ്റീഫന്‍ ഓക്കാട്ട്, സോളമന്‍ ജോര്‍ജ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ പോഷക സംഘടനാ ഭാരവാഹികളായ സജി ഇല്ലിപ്പറമ്പില്‍, ജോയല്‍ ജോസഫ്, സോണിയ ജോജി പരുത്തുംപാറ, വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ആഘോഷത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക