Image

സി.പി.ഐ വളര്‍ന്നത്‌ മാര്‍ക്‌സിസം പഠിച്ചിട്ടല്ലെന്ന്‌ ചന്ദ്രപ്പന്‍

Published on 11 February, 2012
സി.പി.ഐ വളര്‍ന്നത്‌ മാര്‍ക്‌സിസം പഠിച്ചിട്ടല്ലെന്ന്‌ ചന്ദ്രപ്പന്‍
കൊല്ലം: കേരളത്തില്‍ സി.പി.ഐയ്‌ക്ക്‌ വളര്‍ച്ചയുണ്ടായത്‌ മാര്‍ക്‌സിസം പഠിച്ചിട്ടല്ലെന്ന്‌ സി.പി.ഐ.സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ വെളിപ്പെടുത്തി. പാര്‍ട്ടിയുടെ അടിയുറച്ച നിലപാടുകളില്‍ ഒരുകാരണവശാലും വെള്ളം ചേര്‍ക്കരുത്‌. സി.പി.എമ്മിന്റെ സമ്മേളനം അനുകരിക്കരുതെന്നും അദ്ദേഹം പാര്‍ട്ടി സമ്മേളനത്തിനുശേഷം നടന്ന മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

പാര്‍ട്ടി അസിസ്റ്റന്റ്‌ സെക്രട്ടറി കെ.ഇ.ഇസ്‌മായില്‍ തന്റെ പരാമര്‍ശങ്ങളില്‍ മാപ്പുപറഞ്ഞതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി സി.പി.ഐ.യ്‌ക്കുള്ളില്‍ കെ.ഇ.ഇസ്‌മായിലിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സാധാരണക്കാരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും മനസ്സിലാക്കി പ്രക്ഷോഭങ്ങള്‍ നടത്തിയും പ്രതിസന്ധികള്‍ പരിഹരിച്ചുമാണ്‌ പാര്‍ട്ടി വളര്‍ന്നത്‌. ഈ ശൈലിതന്നെ ഇനിയും തുടരണം . മറ്റുപലതും കാണുകയും അനുകരിക്കുകയും ചെയ്യേണ്ടവരല്ല കമ്മ്യൂണിസ്റ്റുകള്‍. അത്‌ കമ്മ്യൂണിസ്റ്റുകളുടെ വഴിയല്ല. സി.പി.എമ്മിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ ചന്ദ്രപ്പന്‍ പറഞ്ഞു.

സി.പി.ഐ.മന്ത്രിമാരെപ്പറ്റി ഒരുവിധ അഴിമതിയാരോപണങ്ങളും ഉണ്ടായിട്ടില്ല. അതിനാല്‍ മന്ത്രിമാരെപ്പറ്റി ആരോപണങ്ങള്‍ ഉന്നയിച്ചത്‌ ശരിയായില്ല. മുന്നണിപ്രശ്‌നങ്ങളും മറ്റും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടാകാം. വീഴ്‌ചകള്‍ പറ്റിയിട്ടുണ്ടാകാം. അല്ലാതെ അനാവശ്യമായ ആരോപണങ്ങളിലൊന്നും അര്‍ത്ഥമില്ല. സ്വതന്ത്രമായ വ്യക്തിത്വവും നിലപാടുകളും ഈ സമ്മേളനത്തില്‍ ഉറപ്പിച്ചുവേണം പോകാന്‍. ഈ ശൈലിയാകണം ഇനി മാര്‍ഗദര്‍ശി. സി.പി.എമ്മിനോട്‌ ഒരുവിട്ടുവീഴ്‌ചയ്‌ക്കും ഇനി തയ്യാറാകരുതെന്നും സി.പി.എമ്മുകാരുടെ ജല്‍പ്പനങ്ങള്‍ തള്ളുകതന്നെ വേണമെന്നും ഇതിലൂടെ ചന്ദ്രപ്പന്‍ പ്രതിനിധികളോട്‌ തുറന്നുപറയുകയായിയിരുന്നു. സി.പി.എമ്മിന്റെ ശൈലിയെ വിമര്‍ശിക്കുമ്പോള്‍ തന്നെ യു.ഡി.എഫിന്റെ നയങ്ങളെ എതിര്‍ക്കണം. ഭൂപരിഷ്‌കരണനയങ്ങള്‍മുതല്‍ അഴിമതിവരെ കര്‍ശനമായി എതിര്‍ക്കപ്പെടണം. പ്രാദേശികകാര്യങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം ചന്ദ്രപ്പന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക