Image

പശുവിനെ പന്നിയാക്കി !

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 11 February, 2012
പശുവിനെ പന്നിയാക്കി !
ന്യൂയോര്‍ക്ക്‌: പശുവിന്റെ ദേഹത്ത്‌ പന്നിയെ വരച്ചത്‌ വിവാദമായി. വെര്‍മോണ്ട്‌ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വാഹനങ്ങളിലാണ്‌ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നത്തിലെ പശുവിന്റെ ദേഹത്ത്‌ പന്നിയുടെ പടം വരച്ചു വെച്ചത്‌.

നിരവധി പോലീസ്‌ വാഹങ്ങളില്‍ ഈ ചിഹ്നം വരച്ചിട്ടുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാല്‍ കൃത്യമായി എത്രയെന്ന്‌ ആര്‍ക്കും അറിയുകയുമില്ല. വെര്‍മോണ്ടിന്റെ ഔദ്യോഗിക ചിഹ്നമാണ്‌ പര്‍വ്വതവും നദിയും നദിക്കരയിലെ പശുവും പൈന്‍ മരവുമടങ്ങുന്നത്‌. ജയില്‍ പുള്ളികളാണ്‌ ഇവ തയ്യാറാക്കുന്നത്‌. പോലീസിനെ ചൊടിപ്പിക്കാന്‍ ജയില്‍ പുള്ളികള്‍ മന:പ്പൂര്‍വ്വം വരച്ചതാണെന്നാണ്‌ പൊതുവെ സംസാരം. വാഹനം കഴുകിക്കൊണ്ടിരുന്ന ഒരു പോലീസുകാരനാണ്‌ യാദൃഛികമായി പശുവിന്റെ ദേഹത്ത്‌ പന്നിയെ വരച്ചു വെച്ചിരിക്കുന്നത്‌ കണ്ടത്‌. ചുവന്ന നിറത്തില്‍ വെള്ള പാണ്ടുള്ള പശുവിന്റെ ദേഹത്ത്‌ ഗോപ്യമായി വരച്ചു വെച്ചിരിക്കുന്ന പന്നിയുടെ ആകൃതിയിലുള്ള പാണ്ട്‌ വളരെ സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ മനസ്സിലാകൂ.?

പോലീസുകാരെ മന:പ്പൂര്‍വ്വം അധിക്ഷേപിക്കാനാണ്‌ ഇത്‌ വരച്ചു വെച്ചിരിക്കുന്നതെന്നും, അതുകൊണ്ട്‌ ഈ ചിഹ്നം മാറ്റണമെന്ന ആവശ്യം ഉയര്‍ന്നു വരുന്നതിനിടെ `വെര്‍മോണ്ട്‌ പന്നി സംരക്ഷണ സമിതി' രംഗത്തു വന്നു കഴിഞ്ഞു.

പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ കുടിയേറ്റക്കാര്‍ വെര്‍മോണ്ടിലേക്ക്‌ കൊണ്ടുവന്ന പശുവിന്റെ നിറം ചുവന്നതായിരുന്നു എന്നും, വെള്ള പാണ്ട്‌ ഇല്ലായിരുന്നു എന്നുമാണ്‌ ഔദ്യോഗികഭാഷ്യം. പക്ഷേ, വെള്ളപ്പാണ്ടുള്ളതുകൊണ്ട്‌ കുഴപ്പമില്ലെന്നും പന്നിയും വെര്‍മോണ്ടിന്റെ ഭാഗമാണെന്നും `സേവ്‌ വെര്‍മോണ്ട്‌ പിഗ്‌' എന്ന പേരില്‍ ഫേസ്‌ബുക്കില്‍ അക്കൗണ്ട്‌ ആരംഭിച്ച സംരക്ഷണ സമിതി പറയുന്നു. ഈ ചിഹ്നം മാറ്റരുതെന്ന്‌ അവര്‍ ഗവര്‍ണ്ണറോട്‌ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. ഏകദേശം 200 പേര്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ ഒപ്പിട്ടു കഴിഞ്ഞു.
പശുവിനെ പന്നിയാക്കി !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക