Image

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്‌ പുതിയ നേതൃത്വം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 11 February, 2012
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്‌ പുതിയ നേതൃത്വം
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ (ഐ.എ.എം.സി.വൈ) 2012-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജനുവരി 29-ന്‌ ഹോം ഫീല്‍ഡില്‍ വച്ച്‌ പ്രസിഡന്റ്‌ എം.കെ. മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുതിയ ഭരണസമിതി അംഗങ്ങള്‍ സ്ഥാനം ഏറ്റെടുത്തതായി സെക്രട്ടറി തോമസ്‌ കൂവള്ളൂര്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

എം.കെ. മാത്യൂസ്‌ (പ്രസിഡന്റ്‌), റവ. ഡോ. വര്‍ഗീസ്‌ എബ്രഹാം (വൈസ്‌ പ്രസിഡന്റ്‌), തോമസ്‌ കൂവള്ളൂര്‍ (സെക്രട്ടറി), മാത്യു ഫിലിപ്പ്‌ (ജോയിന്റ്‌ സെക്രട്ടറി), എബ്രഹാം കൈപ്പള്ളില്‍ (ട്രഷറര്‍), ജോയി പുളിയനാല്‍ (ജോയിന്റ്‌ സെക്രട്ടറി), സാക്ക്‌ തോമസ്‌ (പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍), ഏലിയാസ്‌ ടി. വര്‍ക്കി (മീഡിയാ കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെക്കൂടാതെ, കമ്മിറ്റി അംഗങ്ങളായി അന്നമ്മ ജോയി, എലിസബത്ത്‌ ജോര്‍ജ്ജ്‌, ബിനോയ്‌ ജോര്‍ജ്ജ്‌, രാജു തോമസ്‌, ബാബു തുമ്പയില്‍ എന്നിവരും ചുമതലയേറ്റു. ട്രസ്റ്റീ ബോര്‍ഡില്‍ ജോര്‍ജ്ജ്‌ ഉമ്മന്‍ (ചെയര്‍മാന്‍), ജോര്‍ജ്ജുകുട്ടി ഉമ്മന്‍ (വൈസ്‌ ചെയര്‍മാന്‍), രാജു സക്കറിയ, റോയി മാത്യു, ആല്‍ഫ്രഡ്‌ തോമസ്‌ എന്നിവരും ചുമതലയേറ്റെടുത്തു. സണ്ണി ചാക്കോ (C.P.A.), വിന്‍സന്റ്‌ പോള്‍ എന്നിവരാണ്‌ ഓഡിറ്റര്‍മാര്‍.

പ്രൊഫ. ഡോ. സുകുമാര്‍ അഴീക്കോടിന്റെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഡോ. അഴീക്കോടിനെപ്പോലെയുള്ള പ്രഗത്ഭരെപ്പറ്റിയുള്ള പഠനം നമ്മുടെ മലയാളി സമൂഹത്തിന്‌ അറിവും പ്രചോദനവും മാര്‍ഗനിര്‍ദ്ദേശവും നല്‍കാന്‍ കാരണമാകുമെന്ന്‌ റവ. ഡോ. വര്‍ഗീസ്‌ എബ്രഹാം തന്റെ അനുശോചന പ്രസംഗത്തില്‍ പ്രസ്‌താവിച്ചു.

സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കരുത്തരായ നേതാക്കളുടെ അശ്രാന്തപരിശ്രമം കൊണ്ടും അവര്‍ സാരഥ്യം വഹിച്ചതുകൊണ്ടുമാണ്‌ ചുരുങ്ങിയ കാലം കൊണ്ട്‌ ഐ.എ.എം.സി.വൈ. ഇത്രയും ജനശ്രദ്ധ പിടിച്ചുപറ്റിയതെന്ന്‌ തോമസ്‌ കൂവള്ളൂര്‍ പറഞ്ഞു. 2011-ല്‍ സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. എന്ന സംഗീത മത്സര പരിപാടി സംഘടിപ്പിച്ചതിലൂടെ ഈ സംഘടന ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഐ.എ.എം.സി.വൈ. ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്‌. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാനും, ജനങ്ങളുമായി കൂടുതല്‍ അടുത്ത്‌ ആശയവിനിമയങ്ങള്‍ നടത്തുവാനും ഈ വര്‍ഷം മുതല്‍ ഒരു ന്യൂസ്‌ലെറ്റര്‍ പ്രസിദ്ധീകരിക്കുവാന്‍ പുതിയ ഭാരവാഹികള്‍ തീരുമാനമെടുത്തിട്ടുണ്ട്‌.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന്‌ പ്രസിഡന്റ്‌ എം.കെ. മാത്യൂസ്‌ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്‌ പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക