Image

നഷീദിന്റെ ഭാര്യയ്ക്ക് സുരക്ഷ നല്‍കും: രാജപക്‌സെ

Published on 11 February, 2012
നഷീദിന്റെ ഭാര്യയ്ക്ക് സുരക്ഷ നല്‍കും: രാജപക്‌സെ
മാലെ: മാലെദ്വീപില്‍ സ്ഥാനഭ്രഷ്ടനായ പ്രസിഡന്‍റ് മുഹമ്മദ് നഷീദിന്റെ ഭാര്യയ്ക്ക് ശ്രീലങ്കയില്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദാ രാജപക്‌സെ അറിയിച്ചു. ലൈലാ നഷീദും കുടുംബാംഗങ്ങളും ശ്രീലങ്കയിലേക്ക് രണ്ടുദിവസം മുമ്പാണ് പലായനം ചെയ്തത്. ഇവരുടെ സുരക്ഷ ശക്തമാക്കാന്‍ പോലീസ് മേധാവിക്ക് ഇതിനോടകം തന്നെ ഉത്തരവ് നല്‍കിയെന്ന് രാജപക്‌സെ വ്യക്തമാക്കി.

ഇതിനിടെ തലസ്ഥാനമായ മാലെയില്‍ വെള്ളിയാഴ്ച തെരുവ് റാലിയില്‍ നഷീദ് പ്രത്യക്ഷപ്പെട്ടു. നഷീദിനെതിരെ കോടതി വാറന്‍റയച്ചെന്നും അറസ്റ്റു ചെയെ്തന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടയ്ക്കാണ് നഷീദ് റാലി നയിച്ച് നഗരം ചുറ്റിയത്. 'നഷീദ് നീണാള്‍ വാഴട്ടെ'യെന്ന മുദ്രാവാക്യങ്ങളുമായി നടന്ന റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. എന്നാല്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല.


മാലെയിലെ പ്രധാന പള്ളിക്കരികെ അനുകൂലികള്‍ നഷീദിന് വന്‍സ്വീകരണം നല്‍കി. തനിക്ക് പദവി തിരിച്ചുതരണമെന്ന് ആവശ്യപ്പെടില്ലെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നും നഷീദ് ആവശ്യപ്പെട്ടു. പുതിയ പ്രസിഡന്‍റ് അധികാരം സ്പീക്കര്‍ക്ക് നല്‍കി രണ്ടു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് നേരത്തേ ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തില്‍ നഷീദ് പറഞ്ഞിരുന്നു.


ഐക്യരാഷ്ട്രസഭ അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ടറാങ്കോ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മാലെയിലെത്തുന്നുണ്ട്. ഇരുപക്ഷവുമായി അദ്ദേഹം ചര്‍ച്ച നടത്തും. അതിനിടെ നഷീദിനെ അട്ടിമറിയിലൂടെയാണ് പുറത്താക്കിയതെന്ന ആരോപണം പുതിയ പ്രസിഡന്‍റ് മുഹമ്മദ് വഹീദ് ഹസ്സന്‍ മണിക് നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക