Image

സിന്‍സി വധം: മുഖ്യപ്രതി ഗുഡ്ഗാവില്‍ അറസ്റ്റിലായി

Published on 11 February, 2012
സിന്‍സി വധം: മുഖ്യപ്രതി ഗുഡ്ഗാവില്‍ അറസ്റ്റിലായി
ഗുഡ്ഗാവ്: മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ സിന്‍സി സെബാസ്റ്റ്യന്റെ കൊലപാതവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഗുഡ്ഗാവില്‍ അറസ്റ്റിലായി. ബംഗാള്‍ സ്വദേശിയായ മഹേഷ്‌കുമാറാണ് പിടിയിലായത്. ഇയാള്‍ സിന്‍സി ജോലി ചെയ്തിരുന്ന കമ്പനിയിലെ ഡ്രൈവറാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിനി സിന്‍സി സെബാസ്റ്റ്യനെ (23) ജനവരി 11-ന് രാവിലെ ഗുഡ്ഗാവിലെ വീട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പോലീസും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും സ്ഥിരീകരിച്ചു. പീഡനശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.


പുറത്തേക്ക് പോകാനുള്ള തയ്യാറെടുപ്പില്‍ ജാക്കറ്റ് ഉള്‍പ്പെടെ നല്ല വസ്ത്രം ധരിച്ച നിലയിലാണ് സിന്‍സിയുടെ മൃതദേഹം കണ്ടെത്തിയത്. ഭക്ഷണം പൊതിഞ്ഞുവെച്ചിരുന്നു. ഗുഡ്ഗാവ് ഡി.എല്‍.എഫ്. ഫേസ് മൂന്നിലെ മൂന്നാംനിലയിലുള്ള വീട്ടില്‍ സിന്‍സി തനിച്ചായിരുന്നു. കൂടെയുണ്ടായിരുന്ന എയര്‍ഹോസ്റ്റസ് തലേദിവസം ജയ്പുരിലെ വീട്ടിലേക്ക് പോയിരുന്നു.


ഐ.ടി കമ്പനിയായ എച്ച്.ഐ.പി.എല്ലില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായ സിന്‍സിയുടെ ജോലി ഉച്ചയ്ക്ക് 12.30നാണ് തുടങ്ങുന്നത്. സമീപത്ത് താമസിക്കുന്ന സഹപ്രവര്‍ത്തകയ്‌ക്കൊപ്പമാണ് പതിവായി ഓഫീസിലേക്ക് പോകുന്നത്. രാവിലെ സഹജീവനക്കാരി ഓഫീസിലേക്ക് പോകാന്‍ പലതവണ സിന്‍സിയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അവര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക