Image

പ്രസംഗം വ്യാഖ്യാനിച്ച് വി.എസ്സിനെ കുഴപ്പിക്കരുതെന്ന് പിണറായി

Published on 11 February, 2012
പ്രസംഗം വ്യാഖ്യാനിച്ച് വി.എസ്സിനെ കുഴപ്പിക്കരുതെന്ന് പിണറായി
തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയില്‍ വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തെ വ്യാഖ്യാനിച്ച് അദ്ദേഹത്തെ കുഴപ്പത്തില്‍ ചാടിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് കാട്ടി വിരട്ടേണ്ടെന്ന വി.എസ്സിന്റെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിനിധി സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പൊതുസമ്മേളനത്തില്‍ മറുപടി പറയുന്നത് സാധാരണ സംഘടനാരീതിയല്ല. സംഘടനാ രീതികളെക്കുറിച്ച് നല്ല ബോധമുള്ള വി.എസ് അങ്ങിനെയൊരു കാര്യം ചെയ്യുമെന്ന് തോന്നുന്നില്ല. പ്രസംഗം വ്യാഖ്യാനിച്ച് കുഴപ്പിക്കരുതെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചുള്ള സരോജിനി ബാലാനന്ദന്റെ പ്രതികരണം അവരുടെ വികാരപ്രകടനമായി കണ്ടാല്‍ മതി. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം സംസ്ഥാന കമ്മറ്റിയംഗമെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കാനുള്ള പരിമിതി മനസ്സിലാക്കിയിട്ടാണ് സരോജിനിയെ നീക്കിയതെന്നും പിണറായി പറഞ്ഞു.


പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കര്‍മപരിപാടി സംഘടിപ്പിക്കും. കാര്യക്ഷമമല്ലാത്ത ഒരു ബ്രാഞ്ചും സി.പി.എമ്മില്‍ ഇനി ഉണ്ടാകില്ലന്ന് അദ്ദേഹം വ്യക്തമാക്കി.


പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അനുഭാവികളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കും. ഇതിനായി ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുഭാവികളുടെ യോഗം വിളിക്കും. ലോക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം ജില്ലാ കമ്മിറ്റി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ക്രിസ്തുവിന്റെ ചിത്രവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്. പല പുരോഹിതന്‍മാരും സിപിഎമ്മിനെ അനുകൂലിച്ചു. ഒരു ചെറിയ വിഭാഗം മാത്രമാണ് എതിര്‍ത്തത്. കള്ളപ്രചാരണം പാര്‍ട്ടി ബന്ധുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. മുഴുവന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും പാര്‍ട്ടി വിദ്യാഭ്യാസവും ബഹുജന വിദ്യാഭ്യാസവും നല്‍കും. ഗ്രാമങ്ങളില്‍ ചര്‍ച്ച സംഘടിപ്പിക്കും. വായനശാലകളില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും.


അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പാര്‍ട്ടി പ്രചാരണം നടത്തും. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കും. അതിനായി ഇടനിലക്കാരില്ലാതെ നേരിട്ടിറങ്ങും. മദ്യാസക്തിക്കെതിരെ വ്യാപക പ്രചാരണം നടത്തും. മറുനാടന്‍ തൊഴിലാളികള്‍ക്ക് എതിരായ ആക്രമണം അവസാനിപ്പിക്കും. അവര്‍ക്കു നാട്ടിലെ തൊഴിലാളികളുടെ കൂലി കിട്ടാന്‍ ഇടപെടും. ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക