Image

രണഭൂമിയില്‍ നിന്ന് (കവിത -ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 18 September, 2016
രണഭൂമിയില്‍ നിന്ന് (കവിത -ജി. പുത്തന്‍കുരിശ്)
നെഞ്ചകം പൊട്ടി തകര്‍ന്നുപോകും
ആരുടേം,  ആ രംഗം കണ്ടുപോയാല്‍
യുദ്ധത്തിന്‍ ബീഭത്‌സ ഭാവമെല്ലാം 
ആ കൊച്ചു കുഞ്ഞിന്‍ മുഖത്തു കാണാം
ഏകനായന്നാ ആംബുലന്‍സില്‍
വാര്‍ന്നൊഴുകും രക്തം തുടച്ചുമാറ്റി
മൂകനായിരിക്കുമാ പിഞ്ചു ബാലന്‍
മായാതെ നില്ക്കുന്നെന്‍ ഉള്ളിലിന്നും
ആലെപ്പോ എന്നൊരാ കൊച്ചു ഗ്രാമം
കല്ലും ചരലുമായി അന്നു രാവില്‍
സിറിയന്‍ പടയുടെ പോര്‍ വിമാനം 
നിരത്തിയാ ഗ്രാമം കല്‍ക്കൂനയായി
വിടരാന്‍ വെമ്പിയ ജീവിതങ്ങള്‍
അടരറ്റു വീണന്നാ അടര്‍ക്കളത്തില്‍.
ഒരുപാടു തേങ്ങല്‍ അന്നുരാവില്‍
കേള്‍പ്പാനില്ലാതെ മൃത്യുപൂകി
അധികാരകൊതിപൂണ്ട അധിപതികള്‍
കേള്‍ക്കില്ല നിസ്സാരരോദനങ്ങള്‍
യുദ്ധത്തിന്‍  ക്രൂരത കണ്ടു ഞെട്ടി
മൃത്യുവും ബാലനെ വിട്ടുപോയി.
ഒരുപക്ഷെ ലോകത്തിന്‍ ധര്‍മ്മബോധം
ഉണര്‍ത്താനായി ബാലനെ വിട്ടതാവാം?


ജി. പുത്തന്‍കുരിശ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക