Image

ഷേക്‌സ്പിയറും പ്രൊഫ. ജോസഫ് ചെറുവേലിയും: (സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 20 September, 2016
ഷേക്‌സ്പിയറും പ്രൊഫ. ജോസഫ് ചെറുവേലിയും: (സുധീര്‍ പണിക്കവീട്ടില്‍)
(പ്രിയ വായനകാര്‍ക്ക് ഒരു അറിയിപ്പ് -സാഹിത്യാഭിരുചിയില്ലെങ്കില്‍ ഇതു വായിക്കരുത്, നിങ്ങളുടെ സമയം എന്തിനു നഷ്ടപ്പെടുത്തണം.)

സൗഹൃദബന്ധങ്ങള്‍ സുവര്‍ണ്ണനൂലിനാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതിന്റെ കണ്ണികള്‍ വിട്ടകലുന്നില്ല, പൊട്ടുന്നില്ല, തുരുമ്പിക്കുന്നില്ല. 

പ്രൊഫസ്സര്‍ ചെറുവേലില്‍ സാറുമായുള്ള സ്‌നേഹബന്ധത്തിനു രണ്ട് പതിറ്റാണ്ടിലേറെ  പഴക്കമുണ്ട്. പഴക്കം എന്നു പറയുന്നത് ശരിയോ എന്നറിയില്ല ദൈര്‍ഘ്യം എന്നാകും കൂടുതല്‍ ശരി, കാരണം അത് കാലത്തിന്റെ കുതിപ്പനുസരിച്ച് ഒപ്പം നീങ്ങുന്നു. സ്‌നേഹവൃക്ഷത്തില്‍ എന്നും പുതുമകളുടെ മുകുളങ്ങള്‍ വിരിയുന്നു. അവിടെ നിത്യവസന്തമാണ്. അപ്പോള്‍ ഒന്നും പഴയതാകുന്നില്ല, എന്നാല്‍ പുതിയതായികൊണ്ടിരിക്കുന്നു.  എന്റെ മാതുലനെ ഇരിങ്ങാലക്കുട ക്രൈസ്റ്റ്് കോളെജില്‍ (ത്രൂശ്ശൂര്‍) സാര്‍ പഠിപ്പിച്ചിട്ടുണ്ടെന്നു അവിടെ അദ്ദേഹം പഠിപ്പിച്ച  വര്‍ഷം പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സിലാക്കി. 

വളരെ ഹൃസ്വമായ ഒരു കാലയളവില്‍ മാത്രമാണു അദ്ദേഹം അവിടെ സേവനമനുഷ്ഠിച്ചത്.  അതുമൂലം എനിക്ക് അദ്ദേഹത്തിന്റെ ക്ലാസ്സില്‍ ഇരിക്കാന്‍ ഭാഗ്യമുണ്ടായില്ലല്ലോ എന്നും ഓര്‍ത്ത് ദുഃഖിച്ചു. എന്നാല്‍ ഇവിടെ വച്ച് അദ്ദേഹത്തെ പരിചയപ്പെട്ട നാള്‍ മുതല്‍, നേരില്‍ കാണുമ്പോഴും, ഫോണില്‍ സംസാരിക്കുമ്പോഴും ഒരു ക്ലാസ്സ് മുറിയില്‍ ഇരിക്കുന്ന പ്രതീതിയാണു. പണ്ഡിതനായ  ഒരാളോട് ഒരു മണിക്കൂര്‍ സംസാരിക്കുന്നത് പത്ത് പുസ്തകങ്ങള്‍ വായിക്കുന്നതിനു തുല്യമാണെന്നു കേട്ടിരുന്നത് ശരിയാണെന്നു അദ്ദേഹവുമായി സംസാരിക്കുമ്പോള്‍ അനുഭവപ്പെടും.

ന്യൂയോര്‍ക്കില്‍ വേനല്‍ ആരംഭിക്കുമ്പോള്‍ വിനോദത്തോടൊപ്പം വിജ്ഞാനത്തിനും തദ്ദേസവാസികള്‍ ഒരുങ്ങുന്നു. അവയില്‍ പ്രധാനമാണു ഷേക്‌സ്പിയരിന്റെ നാടകങ്ങള്‍ അരങ്ങേറുന്ന ന്യൂയോര്‍ക്കിലെ സെന്റ്രല്‍ പാര്‍ക്ക്. ആള്‍ക്കൂട്ടത്തില്‍ തനിയെ, ആരാരുമറിയാതെ അതൊക്കെ പോയി കണ്ട് വരിക വേനല്‍ കാലം നല്‍കുന്ന ചില വരപ്രസാദങ്ങളാണു്. 

വീണാവാഹിനിയായ ദേവി സരസ്വതിയുടെ അനുഗ്രഹകടാക്ഷങ്ങള്‍ മുന്നില്‍ തെളിയുന്ന വിജ്ഞാനദീപങ്ങളായി പ്രകാശിക്കുമ്പോള്‍ ഈ വെളിച്ചത്തിനു എന്തൊരു വെളിച്ചം എന്നു പറഞ്ഞ കഥയിലെ സുല്‍ത്താനെപോലെ  ഞാനും അനുഭൂതികള്‍ അയവിറക്കുന്നു. വായിക്കുക, ആസ്വാദനത്തിന്റെ മേലകളില്‍ ചുറ്റിസഞ്ചരിക്കുക; അറിവുകളുടെ ലോകം സ്വാഗതം എന്ന ബോര്‍ഡുമായില്പഎന്നും തുറന്നു കിടക്കുന്നു താല്‍പ്പര്യമുള്ളവര്‍ക്കു വേണ്ടി.

വേനല്‍ ദിനാന്ത്യങ്ങളുടെ ഏകാന്തയാമങ്ങളില്‍ ഷേക്‌സ്ഫിയര്‍ ക്രുതികളായ മിഡ്‌സമ്മര്‍ നൈറ്റ്‌സ് ഡ്രീമും, ഷാല്‍ ഐ കമ്പയെര്‍ യു ടു എ സമ്മേഴ്‌സ് ഡെയ്  ഒക്കെ ഓര്‍ക്കുന്നെങ്കിലും അവ ഒന്നു കൂടി വായിക്കാന്‍  ചിലപ്പോള്‍ ഒരു ഉള്‍പ്രേരണയുണ്ടാകുന്നു. വെയിലാറി തണുത്തസന്ധ്യകള്‍. ഭകതപ്രിയര്‍ കര്‍ക്കടകമാസത്തില്‍ രാമായണം വായിക്കുന്ന പോലെ പണ്ട് പഠിച്ചവ ഷേക്‌സ്ഫിയര്‍ ക്രുതികളൊക്കെ ഒന്നു കൂടി ഓര്‍ക്കുക. 

എന്നാല്‍ ആ വിനോദവ്യായാമത്തിനു സന്തോഷം പകരുക അതെല്ലാം ഒരു അദ്ധ്യാപകനെപോലെ വീണ്ടും ഒരാള്‍ പറഞ്ഞ് തരുമ്പോഴാണു. മുപ്പതിലേറെ വര്‍ഷം ന്യൂയോര്‍ക്കിലെ സെന്റ്‌ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ ആംഗലസാഹിത്യം പഠിപ്പിച്ച ശ്രീ ജോസഫ് ചെറുവേലില്‍ സാറുമായി ആ വൈകുന്നേരം ഫോണില്‍ സംസാരിക്കുമ്പോള്‍ വീണ്ടും ഒരു വിദ്യാര്‍ത്ഥിയാകാന്‍ കഴിഞ്ഞ  സൗഭാഗ്യം പങ്കു വയ്ക്കുകയാണിവിടെ. 

ഇംഗ്ലീഷ് സാഹിത്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രൊഫസ്സര്‍ സാര്‍ ഉന്മേഷവാനും ഉത്സാഹഭരിതനുമാണു. ഓരോ വിഷയവും അതിന്റെ അടുക്കും ചിട്ടയോടും കൂടി ശ്രോതാക്കള്‍ക്കായി അവതരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയകഥാകാരന്‍ എം. മുകുന്ദന്റെ  കഥകളെ എം. കൃഷ്ണന്‍ നായര്‍ വിശേഷിപ്പിച്ചത് 'നിലാവുള്ള രാത്രിയില്‍ ഒരു വള്ളത്തില്‍ സഞ്ചരിക്കുന്ന സുഖാനുഭൂതി മുകുന്ദന്റെ കഥകള്‍ പകര്‍ന്നു തരുന്നുവെന്നാണു'. 

പ്രൊഫസ്സര്‍ സാറും അദ്ദേഹത്തിന്റെ അറിവു അനര്‍ഗ്ഗളമായി നിര്‍ഗ്ഗളിപ്പിക്കുന്ന അസുലഭ പ്രതിഭാധനനാണു. കേട്ടിരിക്കുന്നവരെ പരിപൂര്‍ണ്ണമായി ആനന്ദിപ്പിക്കുന്നു. അവര്‍ക്ക്  ഒരു സംശയവുമില്ലാത്ത രീതിയില്‍ പറയുന്ന വിഷയങ്ങള്‍ വിശദമായി, ഭംഗിയായി, നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അദ്ദേഹം വിവരിച്ച് തരുന്നു. എന്നോട് സംസാരിച്ചപ്പോള്‍ പ്രൊഫസ്സര്‍ സാര്‍ ആയിടക്ക് വിചാരവേദിയില്‍ ഷേക്‌സിഫിയറെക്കുറിച്ച് ഒരു ലഘുപ്രഭാഷണം നടത്തിയെന്നു അറിയിച്ചു. അവിടെ പറഞ്ഞത്  മുഴുവന്‍ ഓര്‍മ്മയില്‍ ഇല്ലെങ്കിലും ചില പ്രധാനല്പആശയങ്ങള്‍ അദ്ദേഹം വീണ്ടും വിവരിക്കാമെന്ന് സമ്മതിച്ചു. പിന്നെ വാക്കാലുള്ള ഒരു ഘോഷയാത്രയായിരുന്നു. പ്രസന്നമായ, ഉജ്ജ്വലമായ ആംഗലവാണി പ്രവാഹം ഇടക്കെല്ലാം മലയാളത്തിന്റെ കുമിളകള്‍.

ഏവണിന്റെ ഗായകകവി, ഇംഗ്ലണ്ടിന്റെ ദേശീയ കവി എന്നീ സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഷേക്‌സ്ഫിയര്‍ വിശ്വമഹാകവിയായി ലോകമെമ്പാടും കൊണ്ടാടുന്നു.  വില്ല്യം ഷേയ്ക്‌സ്ഫിയര്‍ ജനിച്ചത് 1564 ഏപ്രില്‍ മാസത്തില്‍ സ്റ്റ്രാട്ടുഫോര്‍ഡ് അപ്പോണ്‍ ഏവണ്‍ എന്ന സ്ഥലത്താണു. ഷേയ്ക്‌സ്ഫിയര്‍ വിവാഹം കഴിച്ചത് പതിനെട്ടാം വയസ്സില്‍ ആയിരുന്നു. അന്നു ഇരുപത്തിയാറു വയസ്സുണ്ടായിരുന്ന ആന്‍ ഹാഥവേ എന്ന സ്ര്തീയായിരുന്നു ഭാര്യ. മൂന്നു മക്കള്‍ അദ്ദേഹത്തിനു പിറന്നു.   

ഷേയ്ക്‌സ്ഫിയര്‍ ഒരു നടനായാണു തന്റെ കലാജീവിതം ആരംഭിച്ചത്. എന്നാല്‍ 1593ലെ പകര്‍ച്ചവ്യാധിമൂലം തിയ്യേറ്ററുകളെല്ലാം അടച്ചിട്ടപ്പോള്‍ അദ്ദേഹം എഴുത്തിലേക്ക് തിരിഞ്ഞു. അദ്ദേഹത്തിന്റെ കാലത്ത് നടിമാര്‍ ഉണ്ടായിരുന്നില്ല. കാരണം നടനം  സ്ര്തീകള്‍ക്ക് മാന്യമായ ഒരു തൊഴിലായികണക്കാക്കപ്പെട്ടിരുന്നില്ല. പ്രായപൂര്‍ത്തിയെത്താത്ത ആണ്‍കുട്ടികള്‍ പെണ്‍ വേഷം ചെയ്തിരുന്നു. ഷേയ്ക്‌സ്ഫിയറിന്റെ കാലത്ത് ഇംഗ്ലണ്ട് എലിസബത്തിയന്‍ യുഗം എന്നും സുവര്‍ണ്ണകാലഘട്ടം എന്നും അറിയപ്പെട്ടിരുന്നു.  അന്നു കവിത, സംഗീതം, സാഹിത്യം കല എന്നിവ പൂവ്വണിഞ്ഞ് നിന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണശേഷം പതിനേഴാം നൂറ്റാണ്ടോടുകൂടില്പജെയ്ംസ് ആറാമന്റെ കാലഘട്ടം, അത് ജാക്കേബിയന്‍ യുഗം എന്നറിയപ്പെടാന്‍ തുടങ്ങി. ഇക്കാലത്താണു ഷേയ്ക്‌സ്ഫിയര്‍ ഗൗരവതരമായ രചനകള്‍ നടത്തിയതും അത് അദ്ദേഹത്തെ ധനികനാക്കിയതും.

ഇംഗ്ലണ്ടന്റിന്റെ  നവോത്ഥാനകാലത്ത് ജനങ്ങള്‍ ശാസ്ര്തം അംഗീകരിക്കാനും മതത്തപ്പറ്റിയുള്ള അവരുടെ വിശ്വാസങ്ങള്‍ ചോദ്യം ചെയ്യാനും തുടങ്ങി. യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തിലാണു ഷേക്‌സ്ഫിയര്‍ അദ്ദേഹത്തിന്റെ സാഹിത്യജീവിതം ആര്ംഭിക്കുന്നത്. മന:ശാസ്ര്തത്തിന്റെ സങ്കീര്‍ണ്ണതകളും, മനുഷ്യജീവിതത്തിലെ കഥാപാത്രങ്ങളേയും ഉള്‍പ്പെടുത്തികൊണ്ട് അദ്ദേഹം രചനകള്‍ നിര്‍വ്വഹിച്ചു. മധ്യകാലഘട്ടത്തില്‍ നിലവിലിരുന്ന നിയന്ത്രണങ്ങളില്‍ നിന്നും കുതറിമാറാന്‍ യൂറോപ്യന്‍സ് ശ്രമിക്കയായിരുന്നു.  

മധ്യകാലഘട്ടത്തിന്റെ ആശയസംഹിതകളില്‍ നിറഞ്ഞ് നിന്നത് ദൈവത്തില്‍ അധിഷ്ഠിതമായ പരമപ്രാധാന്യവും അവ കല്‍പ്പിച്ച്‌കൊണ്ടിരുന്നല്പകാത്തോലിക്ക പള്ളികളുമായിരുന്നു. പതിന്നാലാം ശതാബ്ദം  മുതല്‍ ജനം ഇതില്‍ നിന്നും പിന്മാറുകയോ അതിനോട് സഹകരിക്കതിരിക്കയോ ചെയ്തു. നവോത്ഥാന പ്രസ്ഥാനം ദൈവത്തെ തിരസ്‌കരിച്ചില്ല മറിച്ച് മനുഷ്യരാശിക്ക് ദൈവവുമായുള്ള ബന്ധത്തക്കുറിച്ചുണ്ടായ ചിന്തകളുടെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു.

സാഹിത്യപ്രവര്‍ത്തനത്തിന്റെ ആരംഭകാലത്ത് ഷേയ്ക്‌സ്ഫിയര്‍ എഴുതിയിരുന്നത് ചരിത്ര നാടകങ്ങളും പിന്നെ കുറെ ഹാസ്യ പ്രധാനമായ ശുഭാന്ത നാടകങ്ങളുമായിരുന്നു. ഇതിലെല്ലം ഭൂത-പ്രേത കഥകളും അതില്‍ നിന്നുളവാകുന്ന സംഭവപരമ്പരകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന മാനസികോല്ലാസവും പ്രധാനമായിരുന്നു. ആയിരം-ആയിരത്തിയഞ്ഞൂറു പ്രേക്ഷകര്‍ മൂന്നു മണിക്കൂറോളം നിന്നുകൊണ്ട് കാണുന്ന ഒരു കലാസ്രുഷ്ടിക്ക് കാണികളില്‍ ആസ്വാദനം പകരാന്‍ കഴിയില്ലെങ്കില്‍ അവര്‍ കയ്യിലുള്ള മുട്ടതോടും, പഴങ്ങളും, കുപ്പികളുമൊക്കെ സ്‌റ്റേജിലേക്ക് വലിച്ചെറിയുക പതിവായിരുന്നു. 

അത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടീ-നടന്മാരെ നിരുത്സാഹപ്പെടുത്തുന്നത്‌കൊണ്ട് ഷേയ്ക്‌സ്ഫിയര്‍ തന്റെ കൃതികളില്‍ കാണികള്‍ക്ക് രസം പകരുന്ന രംഗങ്ങള്‍ എഴുതിച്ചേര്‍ത്തു. 1623ലാണു അദ്ദേഹത്തിന്റെ മരണശേഷം കൃതികളുടെ സമ്പൂര്‍ണ പതിപ്പ (ഫസ്റ്റ് ഫോളിയൊ)ഇറക്കിയത്. അതിനു മുഖവുരയായി ബെന്‍ ജോണ്‍സന്റെ കവിതയുണ്ടായിരുന്നു അതില്‍ അദ്ദേഹം ഷേയ്ക്‌സ്ഫിയരെ  'ഒരു കാലഘട്ടത്തിന്റെയല്ല എല്ലാ കാലത്തേയും കവി' എന്നാണു വാഴ്ത്തിയിരിക്കുന്നത്.

ഷേക്‌സ്ഫിയരുടെ ലോകം ഒരു മഹാസമുദ്രം പോലെ പരന്നുകിടക്കുന്നത്‌കൊണ്ട് പ്രൊഫസ്സര്‍ സാര്‍ മുഖ്യമായും ആ സായാഹ്നത്തില്‍ രണ്ട്  കൃതികളെകുറിച്ചാണു പറഞ്ഞത്. അവ രണ്ടും എനിക്ക് പ്രിയപ്പെട്ടവയായിരുന്നു  (“A midsummer night’s dream” and the sonnet “shall I compare thee to a summer’s day”) മധ്യവേനല്‍ക്കാലം മനുഷ്യമനസ്സുകളെ ആനന്ദിപ്പിക്കുന്ന ഒന്നാണു. 

മിഡ്‌സമ്മര്‍ നൈറ്റ്‌സ് ഡ്രീം എന്ന കൃതിയുടെ രചനക്ക് പിന്നിലുള്ള കഥ പ്രൊഫസ്സര്‍ സാര്‍ പറഞ്ഞു. സെന്റ് ജോണ്‍ ത ബാപ്റ്റിസ്റ്റിന്റെ ദിവസം എന്ന പേരില്‍ ജൂണ്‍ 23 ആഘോഷിക്കപ്പെട്ടിരുന്നു. മലമുകളില്‍ വിളക്ക് കൊളുത്തി വച്ച് ഈ വിശേഷത്തെ ജനങ്ങള്‍ എതിരേറ്റു. വശീകരണവിശേഷമുള്ള ആഘോഷങ്ങളില്‍ ഒന്നായി ഇതിനെ കാണുന്നു. ഈ ദിവസം വിജനമായ പ്രദേശങ്ങളില്‍ മൂടി തുറന്ന നിധികള്‍  ഭാഗ്യവാന്മാരെ തേടി പ്രത്യക്ഷപ്പെടുമത്രെ. ഈ ദിവസം പറിച്ചെടുക്കുന്ന ഔഷധസസ്യങ്ങള്‍ക്ക് രോഗശമനശക്തിയുണ്ടെന്നും അന്നത്തെ ജനം വിശ്വസിച്ചു. 

സ്‌കാണ്ടിനേവിയ, സ്ലേവിക്കിയ എന്നീ രാജ്യങ്ങളില്‍ നിലനിന്നിരുന്ന ഒരു അന്ധവിശ്വാസമാണു സെന്റ് ജോണ്‍ ദിവസം ക്ഷുദ്രകാരും, പിശാച്ചുക്കളും ഭൂമിയില്‍ സ്വതന്ത്രരായി നടക്കുമെന്നുള്ളത്. (അമേരിക്കയിലെ ഹല്ലോവീന്‍ ദിവസം പോലെ) മധ്യവേനല്‍രാകിനാവ് എന്നു മലയാളത്തില്‍ പറയാവുന്ന ഈ കൃതിയില്‍ ഷേയ്ക്‌സ്ഫിയര്‍ ഭൂതഗണങ്ങളുടെ, കുട്ടിച്ചാത്തന്മാരുടെ കുസൃതികളും, വിക്രുതികളും രസാവഹമായി വിവരിച്ചിട്ടുണ്ട്. 

ആതെന്‍സിലെ തീസുസ് പ്രഭുവും അമസോണ്‍ രാജ്ഞി ഹിപ്പോലിറ്റയും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് പൂനിലാവുള്ള ഒരു രാത്രിയില്‍ യക്ഷികളുടെ സാമ്രാജ്യമായ ഒരു കാട്ടുപ്രദേശത്ത് വച്ചാണു. നാലു ദിവസത്തിനുള്ളില്‍ നടക്കുന്ന ഇവരുടെ കല്യാണത്തോടൊപ്പം അവിടെ നടക്കുന്ന രസകരമായ സംഭവവികാസങ്ങളാണു ഈ നാടകത്തിന്റെ ഇതിവ്രുത്തം.

അവിടേക്ക് യക്ഷികളുടെ രാജാവു ഓബെറോണും, രാജ്ഞി ടൈറ്റാനിയയും വരുന്നു. പൂന്നിലാവില്‍ അരങ്ങേറുന്ന വിനോദങ്ങളുടെ ഉല്ലാസലഹരിയില്‍ പങ്ക് ചേരാന്‍ രാജ്ഞി രാജവിനെ ക്ഷണിക്കുന്നു. എന്നാല്‍ രാജ്ഞി വളരുത്തുന്ന ഒരു ആണ്‍കുട്ടിയെ തന്റെ ദൂതനായി കൊടുത്തില്ലെങ്കില്‍ ഒരു ആഘോഷത്തിലും പങ്കെടുക്കുന്നില്ലെന്നു രാജാവു അറിയിച്ചു.  രാജ്ഞിയെ ഒരു പാഠം പഠിപ്പിക്കാന്‍ രാജാവ് ഒരു കുട്ടിച്ചാത്തനെ വിളിക്കുന്നു. ഒരു കഥ പറയുന്നു. 

ഡോല്‍ഫിന്റെ പുറത്തിരുന്നു ഒരു ജലകന്യക പോകുന്നത് ഞാന്‍ നോക്കി നില്‍ക്കെ കാമദേവന്‍ (Cupid) ഒരു രാജകന്യകയെ ഉന്നം വച്ച് അദ്ദേഹത്തിന്റെ ബാണങ്ങളില്‍ ഒന്നിനെ തൊടുത്ത് വിടുന്നു. എന്നാല്‍ ഉന്നം പിഴച്ച് അത് ചെന്നു കൊണ്ടത് ഒരു ചെറിയ വെളുത്ത പൂവിലാണു. ആ പൂവ്വ് ഉടനെ ഊതവര്‍ണ്ണമായി മാറി. ആ പൂവ്വിനു ഒരു മാന്ത്രിക ശക്തിയുണ്ട്. ഉറങ്ങി കിടക്കുന്ന ഒരാളുടെ കണ്‍പോളയില്‍ അതിന്റെ നീരു ഇറ്റിച്ചാല്‍ അയാള്‍ ഉണരുമ്പോള്‍ ആദ്യം കാണുന്ന ആളില്‍ അനുരക്തനാകു ഓബറോണ്‍ വശ്യൗഷധ്മായ  ആ പൂ സത്ത് രാജ്ഞിയുടെ കണ്ണില്‍ ഒഴിക്കാന്‍ പദ്ധതിയൊരുക്കുന്നു അവളെകൊണ്ട് ഒരു കഴുത ചെറുക്കനെ പ്രേമിപ്പിക്കുന്ന വിനോദം ഈ നാടകത്തിലെ ഹാസ്യഭാവങ്ങള്‍ക്ക് മാറ്റു കൂട്ടുന്നു.

 പ്രേമത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ അവലക്ഷണമായതൊക്കെ സൗന്ദര്യമുള്ളതായി തോന്നുമെന്നു ഇതിലെ കഥപാത്രം ഹെലെന പറയുന്നു. ഈ നാടകത്തില്‍ തന്നെയാണു, കവികളേയും, കാമുകന്മാരേയും, ഉന്മാദമുള്ളവരേയും ഒരു വിഭാഗത്തില്‍ പെടുത്തിയ്രിക്കുന്നത്. പ്രേമത്തിന്റെ വഴികള്‍ ദുര്‍ഘടം പിട്ച്ചതാണെന്നും  കാമുകി കാമുകന്മാരും, രാജാവും, രാജ്ഞിയുമൊക്കെ ഏതോ ഇന്ദ്രജാലത്തില്‍ കുടുങ്ങി രാവു മുഴുവന്‍ നട്ടം തിരിഞ്ഞ്് അവസാനം പ്രഭാതമാകുമ്പോല്‍ എല്ലാ കലങ്ങി തെളിഞ്ഞ് കഴിഞ്ഞതെല്ലാം ഒരു സ്വപനം പോലെ അവശേഷിക്കുന്നതായി അവര്‍ക്ക് തോന്നുന്നു, കഥ ശുഭാന്തിയാകുന്നു. 

ഷേയ്ക്‌സ്ഫിയര്‍ ഏകദേശം നൂറ്റിയമ്പത്തിനാലു സോന്നെറ്റുകള്‍ എഴുതീട്ടുണ്ട്. നമ്മള്‍ ഇംഗ്ലീഷിലാണു അധികവും സോന്നറ്റുകള്‍ വായിക്കുന്നെങ്കിലും ഇതിന്റെ ഉത്ഭവം ഇറ്റലിയിലാണു. സോന്നെറ്റ് എന്ന വാക്ക് 'കുറുങ്കീതം'എന്നര്‍ത്ഥം  വരുന്ന ഇറ്റാലിയന്‍ വാക്ക് സോന്നെറ്റോവില്‍ നിന്നാണുണ്ടായത്. ഇതിന്റെ ഉപജ്ഞാതാവ് ഫ്രാന്‍സെസ്‌ക്കൊ പെട്രാക് (Francesco Petrach എന്ന ഇറ്റലിയന്‍ പണ്ഡിതനും കവിയുമായിരുന്നു. പതിന്നാലു വരിയില്‍ ഉള്‍കൊള്ളുന്ന പ്രേമ സുരഭിലമായ വരികള്‍. പെണ്‍ക്കുട്ടികള്‍ നടന്നുവരുന്ന വഴിയോരത്തെ മരങ്ങളില്‍ അത്തരം കവിതകള്‍ കാമുകന്മാര്‍ പ്രദര്‍ശിപ്പിച്ചു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത രാത്രികളില്‍ കാമുകന്മാര്‍ സംഗീതോപകരണങ്ങളുമായി പെണ്‍കുട്ടികളുടെ വീടിന്റെ ജാലകങ്ങള്‍ക്ക് കീഴില്‍ (അന്നു കിടക്കമുറി മിക്കവാറും രണ്ടാം നിലയിലായിരുന്നു) നിന്നു സോന്നെറ്റുകള്‍ പാടി പ്രേമപരവശരായി നിശീഥിനികളെ കോരിത്തരിപ്പിച്ചു.

ഷേയ്ക്‌സ്ഫിയര്‍ ഈ കാവ്യരീതിയെ അദ്ദേഹത്തിന്റെ പ്രാസ നിയമമനുസരിച്ച് എഴുതി. സോന്നെറ്റുകള്‍ അതില്‍ പിന്നീട് പലരും എഴുതി. എമ്മ ലസാരസ് എന്ന അമേരിക്കന്‍ കവയിത്രി എഴുതിയ “The New Colossus” (പുതിയ ഭീമാകാര പ്രതിമ) എന്ന സോന്നെറ്റ് അവരുടെ മരണശേഷം ലോകപ്രസിദ്ധമായി. സ്വാതന്ത്ര്യത്തിന്റെ പ്രതിമ അന്തര്‍ദ്ദേശീയ പ്രജാധിപത്യത്തിന്റെ പ്രതീകമായി നിര്‍മ്മിച്ചെങ്കിലും എമ്മ ലസാരസ്സിന്റെ കവിതക്ക് ശേഷം അത് കുടിയേറ്റത്തിന്റെ പ്രതീകമായി. അവര്‍ എഴുതി 'സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാന്‍ വെമ്പല്‍ കൊള്ളുന്ന തിക്കും തിരക്കും കൂട്ടുന്ന ബഹുജനങ്ങളെ, ക്ഷീണിച്ച് തളര്‍ന്ന, അഗതികളെ എനിക്ക് തരിക...സ്വര്‍ണ്ണ വാതിലിനരികെ ഞാനവര്‍ക്കായി എന്റെ വെളിച്ചം കാണിക്കുന്നു.'

ഷേയ്ക്‌സ്ഫിയരിന്റെ സോന്നെറ്റുകളില്‍ ഏറ്റവും പ്രധാനമായ ഒരു സോന്നെറ്റിനെ കുറിച്ച് സാര്‍ വിവരിച്ചു. അതാണു പതിനെട്ടാമത്തെ സോന്നെറ്റ്. 'ഞാന്‍ നിന്നെയൊരു ഗ്രീഷ്മദിനത്തോടുപമിക്കട്ടെ''. പ്രിയമുള്ളൊരാളെ വേനല്‍ദിനത്തോട് ഉപമിച്ചിട്ടു കവി പറയുന്നു, അല്ല നീ വേനല്‍ദിനത്തേക്കള്‍ മീതെയാണു, വേനല്‍ ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കുറവാണു, തന്നെയുമല്ല അവ ചിലപ്പോള്‍ കൂടുതല്‍ ചൂടാവുന്നു, മേയ്മാസത്തിലെ അരുമയായ പൂമൊട്ടുകളെ വേനല്‍ കാറ്റ് പിടിച്ചുലക്കുന്നു. എന്നാല്‍ നീ നിത്യവേനലാണു, നീ മറയുന്നില്ല. കാരണം നിന്നെ ഞാന്‍ ഈ വരികളിലൂടെ നില നിര്‍ത്തുന്നു. മനുഷ്യര്‍ ജീവിച്ചിരിക്കുന്ന കാലം വരെ അവര്‍ ഇത് വായിക്കും അങ്ങനെ നീ അനശ്വരനാകും. ഇതെഴുതുമ്പോള്‍ ഷേയ്ക്‌സ്ഫിയര്‍ അത്രയധികം പ്രശസ്തനായിരുന്നില്ല. ഒരു പക്ഷെ അദ്ദേഹം അനശ്വരനാകുമെന്ന ഒരു വിശ്വാസത്തില്‍ അദ്ദേഹം എഴുതിയതാകാം ഇത്.

ഒന്നിനെക്കുറിച്ച് പറയുമ്പോള്‍ മറ്റൊന്നു സാറിന്റെ സംസാരത്തില്‍ കയറി വരുന്നത് പ്രത്യേകം ശ്രദ്ധേയമാണു്. ഒരു പക്ഷെ അനവധി കാലത്തെ അദ്ധ്യാപന പരിചയം കൊണ്ട് അദ്ദേഹത്തെ കേട്ടിരിക്കുന്നവര്‍ക്ക്  കഴിയാവുന്ന അറിവ് പകരുക എന്ന ഒരു ശ്രമമായിരിക്കാം. പ്രസ്തുത സോന്നെറ്റിനെ കുറിച്ച് പറഞ്ഞ്‌കൊണ്ടിരിക്കുമ്പോള്‍ മാമ്മൂലികളില്‍ നിന്നു കുതറിമാറാനുള്ള ഒരു ശ്രമം ഷേയ്ക്‌സ്ഫിയര്‍  നടത്താറുണ്ടെന്ന് സാര്‍ ഓര്‍ക്കുകയും വിവരിക്കുകയും ചെയ്തു. 

അത് ഷേയ്ക്‌സ്ഫിയരിന്റെ നൂറ്റിമുപ്പതാമത്തെ സോന്നെറ്റിനെ കുറിച്ചായിരുന്നു. കാമുകിമാരുടെ ഇല്ലാത്ത സൗന്ദര്യം വര്‍ണ്ണിച്ച് പ്രേമകാവ്യങ്ങള്‍ എഴുതുന്നവരെ കളിയാക്കിയിരിക്കയാണിതില്‍. വളരെ രസകരമായി അതില്‍ ഒരു കറുത്ത സുന്ദരിയെക്കുറിച്ച് പറയുന്നുണ്ട്. അവള്‍ ഒരു സാധാരണ സ്ര്തീയാണു. ദേവതയല്ല, പ്രക്രുതിയില്‍ കാണുന്നതിനോടൊന്നും അവളെ ഉപമിക്കരുതെന്നും കവി പറയുന്നു. അതായ്ത് അവളുടെ കണ്ണുകള്‍ സൂര്യനെപോലെയല്ല, ചുണ്ടുകള്‍ പവിഴം പോലെയല്ല, മാര്‍വ്വിടങ്ങള്‍ ഹിമം പോലെ വെളുത്തതല്ല, സ്വര്‍ണ്ണ തലമുടിയല്ല, എന്നിട്ട് കവിത ഉപസംഹരിക്കുന്നു എന്നാലും ദൈവത്താണെ  കപടസ്തുതിപാഠകര്‍ വര്‍ണ്ണിക്കുന്ന ഏതൊരു സ്ര്തീയെക്കാളും വേണ്ടതില്‍ കവിഞ്ഞ അഴകുള്ളവളാണവള്‍ എന്നു.

സമയം കടന്നുപോയത് അറിഞ്ഞില്ല. സന്ധ്യ മാഞ്ഞു, രാത്രി കറുത്തു. ശുഭരാത്രി നേര്‍ന്നു പിരിയുക. റോമിയോവിനെ  പിരിയാന്‍ മടിക്കുന്ന ജൂലിയറ്റ് പറയുന്നുണ്ട്, ശുഭരാത്രി, ശുഭരാത്രി, നേരം വെളുക്കുന്നവരെ ഞാന്‍ ശുഭരാത്രി പറഞ്ഞ്‌കൊണ്ടിരിക്കട്ടെയെന്നു. ഇനിയും ഇതേപോലെയുള്ള പഠന സൗഹൃദങ്ങള്‍ക്ക് അവസരമുണ്ടാകട്ടെയെന്നു ഞാന്‍ ആഗ്രഹം പ്രകടിപ്പിക്കയും അതിനു ശ്രമിക്കാമെന്നു പ്രൊഫസ്സര്‍ സാര്‍ സമ്മതിക്കയും ചെയ്തുകൊണ്ട് ആ സായാഹ്നം അറിവിനാല്‍ നിറവേറ്റപ്പെട്ടു.
ഷേക്‌സ്പിയറും പ്രൊഫ. ജോസഫ് ചെറുവേലിയും: (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക