Image

ഒരു നാട്ടിലേക്ക് മറ്റൊരാള്‍ വരുമ്പോള്‍ - മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി Published on 26 September, 2016
ഒരു നാട്ടിലേക്ക് മറ്റൊരാള്‍ വരുമ്പോള്‍ - മുരളി തുമ്മാരുകുടി
കഴിഞ്ഞ മുപ്പത് വര്‍ഷമായി കേരളത്തിന് പുറത്തേക്ക് കുടിയേറി അവിടത്തെ സംസ്‌കാരമെല്ലാം വന്‍ ദുരന്തത്തിലേക്ക് ആക്കാന്‍ ശ്രമിക്കുകയും, പലപ്പോഴും സ്വന്തം സംസ്‌കാരത്തിന്റെ ദുരന്തങ്ങള്‍ തിരിച്ചറിയാന്‍ അവസരമുണ്ടാകുകയും അത് കൊണ്ട് മറ്റു സംസ്‌കാരങ്ങള്‍ സ്വീകരിക്കുകയും ഒക്കെ ചെയ്തിട്ടുള്ള ഒരു പ്രവാസിയാണ് ഞാന്‍. കേരളത്തിലേക്കുള്ള പ്രവാസികളുടെ ഒഴുക്കിനെപ്പറ്റി, അതവര്‍ക്കും നമ്മള്‍ക്കും ഉണ്ടാക്കുന്ന അവസരങ്ങളെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയുമൊക്കെ കഴിഞ്ഞ പത്തു വര്‍ഷമായിട്ടെങ്കിലും എഴുതുകയും അവസരം കിട്ടുമ്പോഴൊക്കെ പ്രസംഗിക്കുകയും ചെയ്യുന്ന ഒരാളും കൂടിയാണ്.

അതുകൊണ്ടു തന്നെ കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രണ്ടു ശബ്ദങ്ങള്‍, മുഖ്യമന്ത്രിയും സുഗതകുമാരി ടീച്ചറും, ഒരേ ദിവസം തന്നെ ഈ വിഷയത്തെപ്പറ്റി അഭിപ്രായം പറഞ്ഞത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ടീച്ചര്‍ കേരളത്തിലേക്ക് വരുന്നവരെയെല്ലാം ഒരുപോലെ സ്റ്റീരിയോടൈപ്പ് ആക്കി പറഞ്ഞത് ഒട്ടും ശരിയായില്ലെങ്കിലും കേരളത്തിലെ ഏറെ ആളുകളുടെ, എന്റെ അനുഭവത്തില്‍ ഭൂരിഭാഗത്തിന്റെയും, ചിന്തക്ക് അനുയോജ്യമായ ഒരു അഭിപ്രായം ആണത്. അതുകൊണ്ട് തന്നെ അതിനെ പുച്ഛിച്ച് തള്ളിയിട്ടു കാര്യമില്ല. മുഖ്യമന്ത്രി ആകട്ടെ കൂടുതല്‍ പോസിറ്റീവ് ആയ ഒരു നിലപാടാണ് എടുത്തത് എന്നത് അഭിനന്ദനാര്‍ഹമാണ്, പ്രത്യേകിച്ചും മറു നാടുകളില്‍ താമസിക്കുന്ന മലയാളികള്‍ ആണ് കേരളത്തിന്റ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം എന്നിരിക്കെ ഇവിടെ തൊഴില്‍ തേടി വരുന്നവരെ രണ്ടാം തരക്കാരായി കാണുന്നത് ഒട്ടും ശരിയല്ലല്ലോ.

ടീച്ചര്‍ പറഞ്ഞ പോലെ മറുനാട്ടില്‍ നിന്നും വരുന്നവര്‍ കേരളത്തില്‍ സ്ഥിരതാമസമാക്കുമെന്നും, ഇവിടെ കല്യാണം കഴിക്കുമെന്നും, വോട്ട് ചെയ്യും എന്നൊക്കെയുള്ളത് യാഥാര്‍ത്ഥ്യം തന്നെയാണ്. ലോകത്തെവിടെയും ഇത് സംഭവിക്കുന്നതും ആണ്, കേരളത്തില്‍ ഇപ്പോള്‍ തന്നെ സംഭവിക്കുന്നും ഉണ്ട്. അത് നമ്മുടെ സംസ്‌കാരത്തെ മാറ്റുകയും ചെയ്യും. അതൊരു തെറ്റൊന്നും അല്ല. നമ്മുടെ സംസ്‌കാരം പുറമെ നിന്നും വരുന്നവരേക്കാള്‍ മഹത്തരമോ മോശമോ അല്ല. സംസ്‌കാരങ്ങളുടെ സങ്കലനം ലോക ചരിത്രത്തിന്റെ ഭാഗവും ആണ്. പ്രവാസികളുടെ വരവ് സാമ്പത്തികമായും സാമൂഹ്യമായും സമൂഹങ്ങള്‍ക്ക് ആത്യന്തികമായി ഗുണകരം ആണെന്ന് ഏറെ പഠനങ്ങള്‍ ഉണ്ട്. പക്ഷേ മാറ്റങ്ങള്‍ ഉണ്ടാകും അതെല്ലാവര്‍ക്കും ഒരുപോലെ നല്ലതാവില്ല. അതെന്താണെന്ന് മുന്‍കൂട്ടി അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ ഗുണം എല്ലാവര്‍ക്കും ഉണ്ട് താനും.

മുഖ്യമന്ത്രി പറഞ്ഞ കണക്കനുസ്സരിച്ചാണെങ്കില്‍ ഇരുപത്തിയഞ്ചു ലക്ഷം പേരാണ് ഇങ്ങനെ കേരളത്തില്‍ എത്തിയിട്ടുള്ളത്. അത് തന്നെ പഴയ കണക്കാണ്. എന്നാലും നമ്മുടെ ജനസംഖ്യയുടെ എട്ടു ശതമാനം വരും. വോട്ടു ചെയ്യുന്നവരുടെ എണ്ണം വച്ച് നോക്കിയാല്‍ പതിനഞ്ച് ശതമാനവും. ഇത്രയും പേര്‍ കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചാല്‍ (തല്‍ക്കാലം അതിനു ഒരു നിയമ വിരുദ്ധതയും ഇല്ല) വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ത്താല്‍ (അതിനും നിയമ വിരുദ്ധത ഇല്ല), അത് നമ്മുടെ സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും മാറ്റുമെന്നതിനും ഒരു സംശയവും വേണ്ട.

പക്ഷേ ഇവിടെ അതി പ്രധാനമായ ഒരു വിഷയം ഉണ്ട്, നമ്മള്‍ ബംഗാളികള്‍ എന്ന് പറയുന്ന ഏറെ പേര്‍ ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ നിന്നും വരുന്നവര്‍ അല്ല. ആസാമില്‍ എത്തിയ ബംഗ്ലാദേശി കുടിയേറ്റക്കാരും ബംഗ്ലാദേശില്‍ നിന്നും നേരെ എത്തുന്നവരും ഉണ്ട്. തത്കാലമെങ്കിലും ബംഗ്ലാദേശില്‍ നിന്നും ഉള്ളവര്‍ക്ക് ഇന്ത്യയില്‍ നിയമപരമായി തൊഴില്‍ ചെയ്യാനുള്ള അനുമതി ഇല്ല. എന്നാല്‍ അങ്ങനെ വന്നെത്തുന്നവരെ കണ്ടെത്താന്‍ സംസ്ഥാനത്തിന് സംവിധാനങ്ങളും ഇല്ല. ഇവരെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ പറ്റി വ്യക്തമായ നയങ്ങളോ കാഴ്ചപ്പാടോ ഇല്ല. അതുകൊണ്ട് തന്നെ 2021 ലെ അല്ലെങ്കില്‍ 2025 ലെ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഇതൊരു പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകും.

ഒരു നാട്ടിലേക്ക് മറ്റുള്ളവര്‍ വരുന്നത് ലോകത്ത് എല്ലായിടത്തും തന്നാട്ടുകാര്‍ക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്. യൃലഃശ േന്റെ പിന്നിലും, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മുന്നിലും ഒക്കെ ഇതൊരു വിഷയമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇതൊരു വിഷയമാകുന്നത് അതിശയമല്ല. പക്ഷേ പ്രധാനമായ പ്രശ്‌നം മറ്റു നാടുകളില്‍ നിന്നും കേരളത്തിലേക്കുള്ള ഈ ഒഴുക്ക് ഇപ്പോഴത്തെ കേരളസമൂഹത്തിന് ഗുണകരം ആയിരിക്കുമോ അല്ലെങ്കില്‍ ആക്കിയെടുക്കാന്‍ സാധിക്കുമോ എന്നതൊക്കെ ആണ്. ഇവിടെയാണ് വാസ്തവത്തില്‍ കുഴപ്പം കിടക്കുന്നത്. ഇക്കാര്യത്തെ പറ്റി എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ ഉണ്ടെന്ന് ഇന്നത്തെ സമൂഹ മാധ്യമങ്ങള്‍ നോക്കിയാല്‍ തന്നെ മനസ്സിലാകും.

ഏതുകാര്യത്തിലും ഒരഭിപ്രായം പറയുന്നതിനും നയമുണ്ടാക്കുന്നതിനും മുന്‍പ് ആധികാരികമായ പഠനം വേണമെന്നത് അടിസ്ഥാനപരമായ ഒരു കാര്യമാണ്. പക്ഷേ തല്‍ക്കാലം പ്രവാസി തൊഴിലാളികളെ അനുകൂലിച്ചും എതിര്‍ത്തും പറയുന്നതൊക്കെ 'ഉണ്ടയില്ലാ വെടിയാണ്'. ഉദാഹരണത്തിന് മറുനാടന്‍ തൊഴിലാളികള്‍ വന്നതില്‍പ്പിന്നെ അവര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ കൂടിയിട്ടുണ്ടോ ? എത്ര പേര് ഇവിടെ കല്യാണം കഴിച്ചു താമസിക്കുന്നു?, എത്ര പേര്‍ ഈ നാട്ടില്‍ വോട്ടു ചെയ്യാന്‍ അവകാശം നേടി? എത്ര പേരുടെ കുട്ടികള്‍ ഇവിടെ പഠിക്കുന്നു? ഇവര്‍ എവിടെ നിന്ന് വരുന്നു? വന്നവരില്‍ എത്ര പേര്‍ ബംഗ്ലാദേശില്‍ നിന്നുമുണ്ട്?. എന്തിന് ഈ പറഞ്ഞ ഇരുപത്തിയഞ്ചു ലക്ഷം പോലും വലിയ അടിസ്ഥാനമൊന്നും ഇല്ലാത്തതാണ്. ഈ സംഖ്യ പത്തു ലക്ഷം മുതല്‍ മുപ്പത്തി അഞ്ചു ലക്ഷം വരെ ആണെന്ന് വേറെയും വായിച്ചിട്ടുണ്ട്. അടിസ്ഥാനമായ കണക്കില്ലാതെ നടത്തുന്ന വാഗ്വാദങ്ങള്‍ കൂടുതല്‍ ശബ്ദമാണ് വെളിച്ചമല്ല (ാീൃല ീൗെിറ വേമി ഹശഴവ)േ ഉണ്ടാക്കുന്നതെന്ന് ഞങ്ങള്‍ അന്താരാഷ്ട്ര രംഗത്ത് എപ്പോഴും കാണുന്നതാണ്.

കേരളത്തില്‍ ഗവേഷണ സ്ഥാപനങ്ങള്‍ അനവധി ഉണ്ടെങ്കിലും അവരൊന്നും തന്നെ ഈ വിഷയത്തില്‍ വലിയ താല്പര്യമെടുക്കുന്നില്ല. അതുകൊണ്ടാണ് പ്രവാസത്തെപ്പറ്റി പഠിക്കാന്‍ തന്നെയായി ഒരു പുതിയ സ്ഥാപനം സ്ഥാപിക്കാന്‍ ഞങ്ങള്‍ കുറച്ചു പേര്‍ മുന്നോട്ടു വന്നത്. കേരളത്തിലെ മറുനാടന്‍ തൊഴിലാളികളുടെ തലസ്ഥാനമായി പത്രങ്ങള്‍ വിശേഷിപ്പിക്കുന്ന പെരുമ്പാവൂരില്‍ ഇലിലേൃ ളീൃ ങശഴൃമശേീി മിറ കിരഹൗശെ്‌ല ഉല്‌ലഹീുാലി േഎന്ന പേരില്‍ ഈ വര്‍ഷം ജൂണില്‍ ആണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. പ്രവാസത്തെപ്പറ്റി ഗവേഷണം നടത്തി പരിചയമുള്ള നല്ല ആളുകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. വിഷയങ്ങളെപ്പറ്റി അഭിപ്രായം പറയുന്നതിന് മുന്‍പ് ആദ്യത്തെ ജോലി ശരിയായ കണക്കുകള്‍ കണ്ടുപിടിക്കുക എന്നതാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മുന്‍പ് പറഞ്ഞ എല്ലാ ചോദ്യങ്ങളെപ്പറ്റിയും കണക്കുകള്‍ ശാസ്ത്രീയമായി ശേഖരിക്കും. അതുകൂടാതെ നമ്മുടെ നാട്ടുകാരുടെ മറുനാട്ടുകാരെപ്പറ്റിയുള്ള ചിന്ത (ുലൃരലുശേീി)െ എന്താണ്, മറുനാട്ടുകാര്‍ കേരളത്തില്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്താണ്, ഇതൊക്കെ പഠനവിഷയമാണ്. അതിനുശേഷം ലോകത്ത് മറ്റു രാജ്യങ്ങള്‍ ഈ വിഷയത്തെ എങ്ങനെ നേരിടുന്നു, അതില്‍ നിന്നും നമുക്കെന്ത് പഠിക്കാം എന്നെല്ലാം ഉള്‍പ്പെടുത്തി ഒരു പഠനം പൊതു സമൂഹത്തിനും സര്‍ക്കാരിനും മുന്‍പില്‍ സമര്‍പ്പിക്കും. അത് ഗുണകരമായ ചര്‍ച്ചകളിലേക്കും സമൂഹനന്മയിലേക്കും നയിക്കും എന്നതാണ് വിശ്വാസം. ആറു മാസത്തിനകം ഈ പഠനത്തിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങും.

ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ ഈ സ്ഥാപനത്തിന്റെ ഫേസ്ബുക്ക് പേജ് ഒന്ന് ലൈക്ക് ചെയ്യണം. പ്രവാസം എന്ന വിഷയത്തെ പറ്റി നാട്ടിലും ലോകത്തും നടക്കുന്ന വിവാദങ്ങളും പഠനങ്ങളും ഒക്കെ ഇവിടെ പങ്കുവെക്കുന്നുണ്ട്. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ആവാം, പഠനത്തിന്റെ പുരോഗതിയെല്ലാം വഴിയേ അറിയിക്കാം. ഈ വിഷയത്തെപ്പറ്റി സംവാദങ്ങള്‍ തുടരുകയും ചെയ്യാം.

https://www.facebook.com/cmitdrust/

(മുപ്പത് വര്‍ഷമായി കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളി ആണ് മുരളി തുമ്മാരുകുടി. അഭിപ്രായങ്ങള്‍ വ്യക്തിപരം ആണ്)

ഒരു നാട്ടിലേക്ക് മറ്റൊരാള്‍ വരുമ്പോള്‍ - മുരളി തുമ്മാരുകുടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക