Image

ട്രമ്പിന്റെ കരുത്തും ദൗര്‍ബല്യവും വ്യക്തമായ ഡിബേറ്റില്‍ ഹിലരിക്കു തകര്‍പ്പന്‍ വിജയം

Published on 27 September, 2016
ട്രമ്പിന്റെ കരുത്തും ദൗര്‍ബല്യവും വ്യക്തമായ ഡിബേറ്റില്‍ ഹിലരിക്കു തകര്‍പ്പന്‍ വിജയം
ന്യു യോര്‍ക്ക്: ഹിലരി ക്ലിന്റന്‍ തകര്‍പ്പന്‍ വിജയം നേടിയെന്നു മാധ്യമങ്ങള്‍ വിധി എഴുതിയ (ക്ലിന്റനു 62 ശതമാനം; ട്രമ്പിന് 27 %) ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ എതിരാളി ഡൊണള്‍ഡ് ട്രമ്പിന്റെ ശക്തിയും ദൗര്‍ബല്യവും ഒരു പോലെ വ്യക്തമായി.
കാര്യങ്ങളെപറ്റി ധാരണ ട്രമ്പിനു കുറവ്. എന്നാല്‍ ഹിലരിക്ക് എല്ലാം വളരെ ആഴമായി തന്നെ അറിയാം. ഇതാണ് ട്രമ്പിന്റെ ശക്തിയും ദൗര്‍ബല്യവും. അതായത് വാഷിഗ്ടണിലെ സ്ഥിരം കുറ്റികള്‍ അഥവ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ആള്‍ക്കാര്‍ക്ക് സംഗതികളെല്ലാം അറിയാം. ട്രമ്പ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമല്ല. അതാണു ശക്തി. സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ അതാണു നന്ന്. എന്നു മാത്രമല്ല, ഭൂതകാലത്തിന്റെ ഭാണ്ഡക്കെട്ടൊന്നും ട്രമ്പ് തലയില്‍ പേറുന്നുമില്ല.പ്രസിഡന്റ് നയകാര്യങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്നും ബാക്കി മറ്റുള്ളവര്‍ക്ക് വിട്ടു നല്‍കണമെന്നുമാണ് റൊണള്‍ഡ് റെയ്ഗനും പറഞ്ഞത്.
രാഷ്ട്രീയത്തിനു പുറത്തു നിന്നുള്ള വ്യക്തി എന്നതാണു ട്രമ്പിന്റെ മേന്മ എങ്കിലും രാജ്യംആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും നേരിടുന്ന പ്രശ്‌നങ്ങളുടെ ആഴവും പരപ്പും ട്രമ്പിനു വ്യക്തമായി അറിയാമോ എന്നു സന്ദേഹം.അത്രയൊക്കെ അറിയേണ്ടതുണ്ടൊ എന്നു മറുചോദ്യവും.
പ്രൈമറി സമയത്ത് എതിരാളികളെ വീഴ്ത്തിയ തന്ത്രം ഡിബേറ്റ് തീരാറായപ്പോള്‍ ട്രമ്പ് വീണ്ടും ഉപയോഗിച്ചു. പ്രസിഡന്റാകാനുള്ള ഊര്‍ജം (സ്റ്റാമിന) ഹിലരിക്കില്ല. പല കാര്യങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ ഹിലരി അവശയായിപ്പോകും എന്ന്. എന്നാല്‍ 112 രാജ്യങ്ങളില്‍ സഞ്ചരിക്കുകയും സദാ പ്രവര്‍ത്തന നിരതയാകുകയും ചെയ്യുന്ന തനിക്ക് സ്റ്റാമിന ഇല്ലെന്നു പറയുന്നതെങ്ങനെ എന്നു ഹിലരി തിരിച്ചു ചോദിച്ചു.
ഹിലരി പല തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്നും അതെല്ലാ ദോഷകരമായ തീരുമാനം ആയിരുന്നുവെന്നും ട്രമ്പ് ആരോപിച്ചു. സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ സ്വകാര്യ ഇ-മെയില്‍ സെര്‍വര്‍ സ്ഥാപിച്ചത് അബദ്ധമായിരുന്നുവെന്നു ഹിലരി പറയുന്നു. അത് അബദ്ധമായിരുന്നില്ല, ദുരുദ്ധേശത്തോടെ ചെയ്തതാണ് അത്-ട്രമ്പ് ആരോപിച്ചു.
ഇക്കാര്യത്തില്‍ തെറ്റ് സമ്മറ്റിച്ച ഹിലരി അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായും പറഞ്ഞു.
ചൈനയിലേക്കും മെക്‌സിക്കോയിലേക്കുമൊക്കെ തൊഴില്‍ പോകുന്നതു തടയാന്‍ കമ്പനികള്‍ക്ക് നികുതിയില്‍ വലിയ ഇളവു നല്‍കുമെന്നു ട്രമ്പ് പറഞ്ഞു. എന്നാല്‍ വാന്‍ കിടക്കാര്‍ക്കു ഇളവു നല്‍കുകകയല്ല തന്റെ ലക്ഷ്യമെന്നു ഹിലരി പറഞ്ഞു. ഇടത്തരക്കാര്‍ക്ക് അതു കിട്ടണം. ലോണും മറ്റും മൂലം വലയുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായമെത്തിക്കണം. അഞ്ചു ശതമാനം മാത്രം ജനസംഖ്യയുള്ള അമേരിക്കക്കു ലോകത്തിലെ ബാക്കി 95 ശതാമനം ജനങ്ങളുമായി ഇടപെടാതെ കഴിയാനാവില്ലെന്നും ഹിലരി ചൂണ്ടിക്കാട്ടി.
ലോംഗ് ഐലന്‍ഡിലെ ഹോഫ്‌സ്ട്രാ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഡിബേറ്റില്‍ എന്‍.ബി.സി. ന്യൂസിന്റെ ലെസ്റ്റര്‍ ഹോള്‍ട്ട് ആയിരുന്നു മോഡട്ടര്‍. ഇനി രണ്ടൂ ഡിബേറ്റ് കൂടി ഉണ്ട്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌സ് കമ്മീഷനാണ് ഡിബേറ്റ് സംഘടിപ്പിച്ചത്. ഒന്നര മണിക്കൂറായിരുന്നു സമയം. ആറു വിഷയങ്ങളെപറ്റി 15 മിനിട്ടു വീതം. ഓരോ ചോദ്യത്തിനും ഇരുവര്‍ക്കും രണ്ടു മിനിട്ടു വീതംനല്‍കി. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ട്രമ്പിന്റെ ഭാര്യ മെലനിയയും ഓഡിയന്‍സിലുണ്ടായിരുന്നു.
ട്രമ്പ് പൊതുവില്‍ ശാന്തമായ പ്രകടനമാണ് കാഴ്ച വച്ചത്. ഹിലരി തുടക്കം മുതല്‍ ട്രമ്പിനെ പ്രകോപിപ്പിക്കാന്‍ നോക്കിയെങ്കിലും അതുണ്ടായില്ല. ട്രമ്പിന്റെ ചില സ്ഥാപനങ്ങളുടെ അവസ്ഥയും ശമ്പളം കിട്ടാത്ത തൊഴിലാളികളെയും പറ്റി ഹിലരി പറഞ്ഞപ്പോള്‍ പതിനായിരക്കണക്കിനു തൊഴിലാളികള്‍ തന്റെ സ്ഥാപങ്ങളില്‍ സംത്രുപ്തരായി ജോലി ചെയ്യുന്നുണ്ടെന്നു ട്രമ്പ് തിരിച്ചടിച്ചു.
തന്റെ പിതാവ് ചെറുകിട സ്ഥാപനം നടത്തിയിരുന്ന ആളാണെന്നും എന്നാല്‍ ട്രമ്പിന്റെ പിതാവ് മില്യനാറായിരുന്നുവെന്നും 14 മില്യന്‍ കൊണ്ടാണ് ട്രമ്പ് പ്രവര്‍ത്തനം തുടങ്ങിയതെന്നും ഹിലരി ചൂണ്ടിക്കാട്ടി. അതുപയോഗിച്ച് ബില്യനുകള്‍ ആസ്തിയുള്ള കമ്പനികള്‍ താന്‍ കെട്ടിപ്പടുത്തുവെന്നു ട്രമ്പു ചൂണ്ടിക്കാട്ടി.

തന്റെ തൊഴില്‍ പദ്ധതി 10 മില്യന്‍ പുതിയ തൊഴില്‍ സ്രുഷ്ടിക്കുമെന്നും ട്രമ്പിന്റെ ആശയം നടന്നാല്‍ മൂന്നര മില്യന്‍ തൊഴില്‍ അമേരിക്കക്കു നഷ്ടമാകുമെന്നും ഹിലരി പറഞ്ഞു. വനിതകള്‍ക്ക് തുല്യ ശമ്പളം നല്‍കും.
ചൈനയും മെക്‌സിക്കൊയുമൊക്കെ അമേരിക്കന്‍ തൊഴില്‍ മോഷ്ടിക്കുകയാനെന്നും ഇത് ഇല്ലാതാക്കണമെന്നും ട്രമ്പ് പറഞ്ഞു. അവിടെയൊക്കെ നല്ല പ്ലാന്റുകള്‍ ഉയരുന്നു. അമേരിക്കയില്‍ ഒന്നുമുണ്ടാവുന്നില്ല. ദൂബായിയില്ലും ചൈനയിലുമൊക്കെ ഒന്നാന്തരം എയര്‍പോര്‍ട്ടുകളുണ്ട്. എന്നാല്‍ ലഗ്വാഡിയയൊ ജെ എഫ്. കെയൊ ന്യുവാര്‍ക്കോ ഒക്കെ പഴഞ്ചന്‍ സംവിധാനങ്ങളായി മാറി.അമേരിക്കക്കു പുറത്തു പോകുന്ന കമ്പനികള്‍ അവിടെ നിര്‍മ്മിച്ച സാധനനങ്ങള്‍ അമേരിക്കയിലേക്കു കൊണ്ടു വരുന്നതിനു കടൂത്ത നികുതി ചുമത്തുമെന്നു ട്രമ്പ് വ്യക്തമാക്കി. ദോഷകരമായ നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് നിര്‍ത്തലാക്കുമെന്നു പറഞ്ഞ ട്രമ്പ് നാറ്റോ മിലിട്ടറി കരാര്‍ വീണ്ടും വിലയിരുത്തുമെന്നും പറഞ്ഞു.
ട്രമ്പ് എന്തു കൊണ്ടാണ് ടാക്‌സ് റിട്ടേണ്‍ പുറത്തു വിടാത്തതെന്നു ഹിലരി ചോദിച്ചു. ഒന്നുകില്‍ പറയുന്നത്ര സമ്പന്നനല്ല ട്രമ്പ്. അല്ലെങ്കില്‍ അവകാശപ്പെടുന്നത്ര ചാരിറ്റി ഒന്നും ചെയ്തിട്ടില്ല. അല്ലെങ്കില്‍ താന്‍ ടാക്‌സ് ഒന്നും കൊടുത്തിട്ടില്ല എന്നു അമേരിക്കന്‍ ജനത അറിയണ്ട എന്നു കരുതിയാവാം.
ഹിലരി സ്വാകര്യ സേര്‍വറില്‍ നിന്നു നീക്കം ചെയത് 33000 ഇ-മെയിലുകള്‍ പരസ്യമാക്കിയാല്‍ താന്‍ ടാക്‌സ് റിട്ടേണ്‍ പരസ്യമാക്കാമെന്നു ട്രമ്പ് തിരിച്ചടിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ചക്കും ട്രമ്പ് ഹിലരിയെ കുറ്റപ്പെടുത്തി. ഭീകരരെ തടയുന്നതില്‍ ദുര്‍ബലയാണു ഹിലരി എന്നു ട്രമ്പ് ആക്ഷേപിച്ചു.
കറുത്തവരുടെ അവസ്ഥ ചൂണ്ടിക്കാട്ടിയ ഹിലരി, പോലീസും ജനങ്ങളും തമ്മില്‍ നല്ല ബന്ധം സ്ഥാപിക്കണമെന്നു പറഞ്ഞു. എന്നാല്‍ 'ലോ ആന്‍ഡ് ഓര്‍ഡര്‍' എന്നു ഹിലരി മന്‍പൂര്‍വം പറഞ്ഞില്ലെന്നു ട്രമ്പ് ചൂണ്ടിക്കാട്ടി. ഷാര്‍ലട്ട് മുതല്‍ അമേരിക്കയില്‍ ഉള്‍നാടന്‍ നഗരങ്ങളില്‍ നിയമ വാഴ്ച ഇല്ല.കറുത്തവരും ഹിസ്പാനിക്കുകളും 'നരക'ത്തിലാണ് ജീവിക്കുന്നത്.
ട്രമ്പ് സ്ഥിരമായി സ്ത്രീകളെ ആക്ഷേപിക്കുന്നതും ഹിലരി ചൂണ്ടിക്കാട്ടി. സ്തീകളെ പന്നിയെന്നും പട്ടിയെന്നും വിളിക്കുന്നയാളാണിത്. തൊഴിലാളികള്‍ ഗര്‍ഭിണികളാകുന്നത് അസൗകര്യമായി കാണുന്നയാള്‍. അതു പോലെ സ്ത്രീകള്‍ക്ക് തുല്യ വേതനം വേണ്ടെന്നു പറയുന്നയാള്‍.
കാലാവസ്ഥ മാറ്റം ചൈനാക്കാരുടെ തട്ടിപ്പാണെന്നു ട്രമ്പ് പറയുന്നതിനെ ഹിലരി ചോദ്യം ചെയ്തു. റഷ്യന്‍ പ്രസിഡന്റ് പുട്ടിനെ പ്രശംസിക്കുന്നതും ഹിലരി വിമര്‍ശിച്ചു.
ഇലക്ഷന്‍ ഫലം എന്തായാലും അംഗീകരിക്കുമെന്നു ഹിലരി പരഞ്ഞു. താന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. ചിലപ്പോള്‍ ജയിക്കും ചിലപ്പോല്‍ തോല്‍ക്കും.
അമേരിക്കയെ വീണ്ടും ഔന്നത്യത്തിലെത്തിക്കണമെന്നാഗ്രഹിക്കുന്നതായി ട്രമ്പും പറഞ്ഞു. ആകെ തര്‍ച്ചയിലാണ് നമ്മുടെ രാജ്യം. ഹിലരി വിജയിച്ചാല്‍ താന്‍ സര്‍വാത്മന അവരെ പിന്തുണക്കും. 
ട്രമ്പിന്റെ കരുത്തും ദൗര്‍ബല്യവും വ്യക്തമായ ഡിബേറ്റില്‍ ഹിലരിക്കു തകര്‍പ്പന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക