Image

പോപ്പുലര്‍ വോട്ട്, ഇലക്ട്രല്‍ വോട്ട്, വോട്ടിന്റെ വില (ഏബ്രഹാം തോമസ് )

Published on 27 September, 2016
പോപ്പുലര്‍ വോട്ട്,  ഇലക്ട്രല്‍ വോട്ട്, വോട്ടിന്റെ  വില  (ഏബ്രഹാം തോമസ്  )
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പോപ്പുലര്‍ വോട്ട്, ഇലക്ട്രല്‍ വോട്ട് സംവിധാനം പലര്‍ക്കും അപരിചിതമാണ്. അത് അവരുടെ കുറ്റമല്ലതാനും. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് സങ്കീര്‍ണതകള്‍ നിറഞ്ഞ നടപടിക്രമങ്ങളിലൂടെയാണ്. ഒരു സ്ഥാനാര്‍ത്ഥി അമേരിക്കയിലെ 39 സംസ്ഥാനങ്ങളിലും വിജയിച്ചില്ലെങ്കിലും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാം. ശേഷിച്ച 11 സംസ്ഥാനങ്ങള്‍ കലിഫോര്‍ണിയ, ന്യുയോര്‍ക്ക്, ടെക്‌സസ്, ഫ്‌ലോറിഡ, പെന്‍സില്‍വാനിയ, ഒഹായോ, ഇല്ലിനോയ്, മിഷിഗണ്‍, ന്യൂജഴ്‌സി, നോര്‍ത്ത് കരോലിന, ജോര്‍ജിയ ഇവ നേടിയാല്‍ മതി. ഇങ്ങനെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്.

അമേരിക്കയില്‍ മൊത്തം 435 കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ടുകളുണ്ട്. ഓരോന്നിലും ഏതാണ്ട് 7,10,000 ജനങ്ങള്‍ വീതം. ഓരോ ഡിസ്ട്രിക്ടും ഒരു ജനപ്രതിനിധിയെ വീതം തിരഞ്ഞെടുക്കുന്നു. ഓരോ സ്‌റ്റേറ്റും രണ്ട് സെനറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു. ഡിസ്ട്രിക്ട് ഓഫ് കൊളമ്പിയായ്ക്കു കോണ്‍ഗ്രസില്‍ പ്രതിനിധികളില്ല. പക്ഷേ ഇലക്ട്രല്‍ കോളേജില്‍ മൂന്ന് വോട്ടുകളുണ്ട്. അങ്ങനെ മൊത്തം 538 ഇലക്ട്രല്‍ വോട്ടുകള്‍– 435 ഡിസ്ട്രിക്റ്റുകള്‍, 100 സെനറ്റ് സീറ്റുകള്‍, 3 വോട്ടുകള്‍ ഡിസിയില്‍ നിന്ന്. 270 ഇലക്ട്രല്‍ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥി ഭൂരിപക്ഷത്തോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു.

ഓരോ പാര്‍ട്ടിയും തങ്ങളുടെ ഇലക്ടര്‍മാരെ തിരഞ്ഞെടുക്കുന്നു. ഓരോ സ്‌റ്റേറ്റിലും ലഭിക്കുന്ന ഭൂരിപക്ഷം അനുസരിച്ച് ആ സ്‌റ്റേറ്റിലെ ഇലക്ടര്‍മാര്‍ മൊത്തം വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ പക്ഷത്താവുന്നു. ഇതിന് മെയിന്‍, നെബ്രാസ്‌ക സംസ്ഥാനങ്ങളാണ്. ഇവിടെ ജനങ്ങളുടെ വോട്ടിന്റെ ഭൂരിപക്ഷം അനുസരിച്ച് എല്ലാ ഇലക്ടര്‍മാരെയും ലഭിക്കുന്നില്ല. രണ്ട് വോട്ട് ജനങ്ങളുടെ മൊത്തം വോട്ടനുസരിച്ചും ബാക്കി ഓരോ ഡിസ്ട്രിക്ടിലെയും വിജയത്തിനനുസരിച്ചുമാണ് കണക്കാക്കപ്പെടുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ രണ്ട്, സെക്ഷന്‍ ഒന്ന് അനുസരിച്ച് സ്വീകരിച്ച ഈ നടപടിക്രമം ആദ്യമായി ജോര്‍ജ് വാഷിങ്ടണ്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രയോഗത്തിലായി. അന്നു മുതല്‍ ഇതേ നടപടിക്രമം തുടര്‍ന്നു വരുന്നു.

ആരംഭത്തില്‍ ഇലക്ടേഴ്‌സ് ഓരോരുത്തരും രണ്ട് പേര്‍ക്ക് വോട്ടു ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ത്ഥി പ്രസിഡന്റും രണ്ടാമന്‍ വൈസ് പ്രസിഡന്റും ആയിത്തീര്‍ന്നിരുന്നു. ഭരണഘടനയുടെ പന്ത്രണ്ടാം ഭേദഗതിയിലൂടെയാണ് നിലവിലെ സ്ഥിതി ഉണ്ടായത്. ഇതുവരെ പോപ്പുലര്‍ വോട്ട് കൂടുതല്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ ഇലക്ടറല്‍ കോളേജിന്റെ വോട്ടും കൂടുതല്‍ ലഭിച്ച് 10 ല്‍ 9 തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിന് അപവാദമായത് 1824ലും (ജോണ്‍ ക്വിന്‍സി ആഡംസ്), 1876ലും (റതര്‍ഫോര്‍ഡ് ബിഹെയ്‌സ്), 1888ലും (ബെഞ്ചമിന്‍ ഹാരിസണ്‍) 2000ലും (ജോര്‍ജ് ഡബ്ല്യു ബുഷ്) നടന്ന തിരഞ്ഞെടുപ്പുകളാണ്..

വിജയിക്ക് വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കുന്നതാണ് ഈ സംവിധാനം. 48 സംസ്ഥാനങ്ങളും വിജയിക്ക് എല്ലാ ഇലക്ടറല്‍ വോട്ടുകളും (വിന്നര്‍ ടേക്ക്‌സ് ഓള്‍) നല്‍കുന്നു. 50%വും ഒന്നും കൂടി ലഭിച്ചാല്‍ എല്ലാ ഇലക്ട്രല്‍ വോട്ടുകളും നേടാം. 2000ല്‍ ഫ്‌ലോറിഡയില്‍ സംഭവിച്ചത് ആവര്‍ത്തിക്കുകയില്ലെന്ന് ഇത് ഉറപ്പ് തരുന്നു.

ഇലക്ടര്‍മാര്‍ ഫെഡറല്‍ ഗവണ്‍മെന്റിന് വേണ്ടി ജോലി ചെയ്യുന്നവരാകരുതെന്നും അവര്‍ വോട്ടു ചെയ്യുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംസ്ഥാനക്കാരായിരിക്കരുതെന്നും നിബന്ധയുണ്ട്. ചില സംസ്ഥാനങ്ങള്‍ പാര്‍ട്ടി കണ്‍വന്‍ഷനുകളില്‍ ഇവരെ നിശ്ചയിക്കുന്നു.

!ഡിസംബറില്‍ ഒരു ദിവസം ഇലക്ടര്‍മാര്‍ അവരവരുടെ സ്‌റ്റേറ്റുകളില്‍ ഒന്നിച്ചുകൂടി പേപ്പര്‍ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തുന്നു. ഫലം വൈസ് പ്രസിഡന്റിനും മറ്റ് അധികാരികള്‍ക്കും അയച്ചു കൊടുക്കും. ഇതോടെ ഇലക്ട്രല്‍ കോളേജിന്റെ ജോലി കഴിഞ്ഞു. അതിനു ശേഷം അവരെ പിരിച്ചു വിടുന്നു. 2017 ജനുവരി 6ന് കോണ്‍ഗ്രസ് ചേര്‍ന്ന് സംസ്ഥാനങ്ങളുടെ ഇലക്ട്രല്‍ വോട്ടുകള്‍ എണ്ണുന്നു.

െ്രെപമറികള്‍ക്ക് ശേഷമാണ് ഇലക്ട്രല്‍ കോളേജ് ഉണ്ടാവുന്നത്. അതിനാല്‍ ഡെലിഗേറ്റുകളോ സൂപ്പര്‍ ഡെലിഗേറ്റുകളോ സാധാരണയായി ഇലക്ട്രല്‍ കോളേജില്‍ അംഗങ്ങളാവാറില്ല. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ ഉണ്ടായാല്‍ ജനുവരി 6ന് നടക്കുന്ന വോട്ടെണ്ണലിനുശേഷം ഉടനെ തന്നെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സമ്മേളിച്ച് ഒരു കണ്ടിജെന്റ് ഇലക്ഷന്‍ നടത്തുന്നു. പ്രസിഡന്റിനെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സും വൈസ് പ്രസിഡന്റിനെ സെനറ്റും തിരഞ്ഞെടുക്കുന്നു.

ഓരോ സ്‌റ്റേറ്റിനും തുല്യമായ വോട്ടുകളാണ് ലഭിക്കുക. പ്രതിനിധി സഭയില്‍ ഒരു വോട്ടും സെനറ്റില്‍ രണ്ട് വോട്ടും വീതം. ജനസംഖ്യയ്ക്ക് അനുസരിച്ച് വോട്ടുകള്‍ ലഭിക്കുകയില്ല. ഇലക്ട്രല്‍ വോട്ടുകള്‍ നിര്‍ണായകമായത് 1876ലാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റതര്‍ഫോര്‍ഡ് ബി ഹെയ്‌സ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി സാം ടില്‍ഡനെ തോല്‍പ്പിച്ചത് ഒരു വോട്ടിനാണ് 184ന് എതിരെ 185. ടില്‍ഡന്‍ പോപ്പുലര്‍ വോട്ട് 51ശതമാനത്തോളം നേടിയെങ്കിലും ഒരു വോട്ടിന് ഇലക്ട്രല്‍ വോട്ടിംഗില്‍ തോറ്റു, ഹെയ്‌സ് പ്രസിഡന്റായി.

ചാഞ്ചാടുന്ന സംസ്ഥാനങ്ങളായി അറിയപ്പെടുന്ന കൊളറാഡോ, ഫ്‌ലോറിഡ, അയോവ, നെവാഡ, ന്യൂഹാംഷെയര്‍, ഒഹായോ, പെന്‍സില്‍വാനിയ, വെര്‍ജിനിയ, വിസ്‌കോണ്‍സില്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് സ്ഥാനാര്‍ത്ഥികള്‍ താല്‍പര്യപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ ഡെമോക്രാറ്റായോ റിപ്പബ്ലിക്കനായോ വോട്ടു ചെയ്യും എന്ന് ഉറപ്പുളളപ്പോള്‍ ഈ 'സ്വിംഗ്' സ്‌റ്റേറ്റുകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതാണ് ആവശ്യം എന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക