Image

രാഷ്ട്രീയക്കാര്‍ പരാജയപ്പെടുമ്പോളാണ് യുദ്ധം (ജോയ് ഇട്ടന്‍)

Published on 27 September, 2016
രാഷ്ട്രീയക്കാര്‍ പരാജയപ്പെടുമ്പോളാണ് യുദ്ധം (ജോയ് ഇട്ടന്‍)
ലോക രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യക്കിപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന അനുഭാവം വളരെ പ്രശംസാഭരിതമാണ്. പാകിസ്താനെ ലോക രാഷ്ട്രങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ട് അമേരിക്ക ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ ഉറി സംഭവത്തിനു ശേഷം ഇന്ത്യയോട് കാട്ടിയ അനുഭാവം . പാകിസ്ഥാന്‍ ഭീകര രാഷ്ട്രമാണെന്നും ആ രാഷ്ട്രം ഭീകരതയാണ് കയറ്റിയയച്ച് കൊണ്ടിരിക്കുന്നത് എന്നുമുള്ള ഇന്ത്യയുടെ നിലപാട് വിഫലമായില്ല. ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടുക എന്നത് തന്നെയാണ് ഇന്ത്യക്ക് ഈ വിഷയത്തില്‍ മേല്‍കൈ നേടാനുള്ള മാര്‍ഗം. അതേ സമയം ഇന്ത്യയുടെ നിലപാടും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സംശയത്തിനിട നല്‍കുന്നുണ്ട്. നയതന്ത്രമേഖലകളില്‍ നമുക്ക് വന്ന പാളിച്ചകളാണ് ഇതിന് കാരണം. പാക് അധീന കശ്മിരോ ബംഗ്ലാദേശോ സിന്ധോ ബലുചിസ്ഥാനോ പഖ്തൂണിസ്ഥാനോ ഗില്‍ജിക്കോ സംരക്ഷിക്കാനും നേരാവണ്ണം കൊണ്ട് നടക്കാനും പാകിസ്താന് കഴിയാത്ത സ്ഥിതിക്ക് എന്തിനാണ് കശ്മിരിന്റെ പേര് പറഞ്ഞ് ഞങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത് എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ യാഥാര്‍ഥ്യത്തോട് അടുക്കുന്നുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തരം നിലപാടുകള്‍ എന്തുമാത്രം പ്രയോജനമാണ് നല്‍കുക.

ഉറിയില്‍ ഭീകരാക്രമണം ഉണ്ടായത് തന്നെ കശ്മിരിലെ സംഘര്‍ഷത്തില്‍ നിന്ന് പാകിസ്താന്‍ മുതലെടുത്തത് കൊണ്ടാണ്. കശ്മിരിലെ ജനത ശാന്തവും സമാധാനപൂര്‍ണവുമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന് ബി. ജെ. പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആവര്‍ത്തിച്ചിരിക്കുകയാണ്. അത്തരമൊരു ശാന്തമായ ജീവിതം നയിക്കുവാന്‍ കശ്മിര്‍ ജനതക്ക് സാഹചര്യം ഒരുക്കേണ്ട ബാധ്യത ഇന്ത്യക്കി­ല്ലേ.

ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം തന്നെ ഇന്ത്യയുടെ ഭാഗത്ത് നിന്ന് വന്ന പാളിച്ചകളും പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ട്. ഹൂറിയത്ത് കോണ്‍ഫ്രന്‍സ് കമാന്റര്‍ ബുര്‍ഹാന്‍വാനിയെ പട്ടാളം കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കശ്മിരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കൊലപാതകം നടന്ന ഉടനെ തന്നെ സമാധാന ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ മുന്നിട്ട് ഇറങ്ങിയതുമില്ല.ഇത് ഇന്ത്യ തങ്ങള്‍ക്കൊപ്പമില്ല എന്ന ചിന്തയാണ് കശ്മിര്‍ ജനതയിലുണ്ടായത്. കശ്മിര്‍ ജനതയുടെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെടുത്തിയാണ് മഹ്ബൂബ മുഫ്തി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും. ഇത്തരമൊരവസ്ഥയില്‍ പാകിസ്താനെ പോലുള്ള അയല്‍പ്പക്ക രാജ്യങ്ങള്‍ക്ക് കശ്മിരില്‍ പട്ടാളക്യാംപുകള്‍ ആക്രമിക്കുവാന്‍ പുഷ്പം പോലെ കഴിയും.

ഉറിയും സംഭവിച്ചതും അതാണ്. പാക് ഭീകരര്‍ ഉറിയിലെ ദ്രോഗ രജ്‌­മെന്റിലെ കൂടാരങ്ങളില്‍ ഉറങ്ങുകയായിരുന്ന ജവാന്‍മാര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞ് പതിനെട്ട് പേരെ കൊന്നത് തങ്ങള്‍ക്ക് വേണ്ടിയാണെന്ന് കശ്മിര്‍ ജനതക്ക് തോന്നിയിട്ടുണ്ടെങ്കില്‍ ആ പാപഭാരത്തില്‍ നിന്നും മഹ്ബൂബ മുഫ്തിക്കും കേന്ദ്രസര്‍ക്കാരിനും ഒഴിഞ്ഞുമാറാനാവില്ല. കശ്മിര്‍ മതി കശ്മിരികളെ വേണ്ടെന്ന നയം ആദ്യം ഉപേക്ഷിക്കണം. കഴിഞ്ഞ പത്ത് മാസങ്ങള്‍ക്കുള്ളില്‍ ഇരുപതോളം ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യ ഇരയായി. യു. പി. എ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലുണ്ടായ ഭീകരാക്രമണത്തിന്റെ പേരില്‍ സര്‍ക്കാരിനെ അതി നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുവാനും യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടുവാനും ആഹ്വാനം ചെയ്ത ബി. ജെ. പി അധികാരത്തില്‍ വന്നിട്ടും ഭീകരാക്രമണം വര്‍ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല.

കശ്മിര്‍ ജനതയുടെ വിശ്വാസം ആര്‍ജിക്കാതെ അടിക്കടി പാകിസ്ഥാനില്‍ നിന്നും ഉണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്ക് തടയിടുവാന്‍ കഴിയില്ല. കശ്മിര്‍ മാത്രമല്ല ഇന്ത്യയുടെ അഭിവാജ്യ ഘടകമെന്നും കശ്മിര്‍ ജനതയും ഇന്ത്യയുടെ ഭാഗമാണെന്നും അവരെ ബോധ്യപ്പെടുത്തേണ്ടിയിരിക്കു­ന്നു.

നവാസ്ശരീഫുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തിപരമായ ബന്ധം ഉണ്ടാക്കിയാല്‍ പോലും പാകിസ്താനില്‍ നിന്നുള്ള ഭീകരാക്രമണത്തെ ചെറുക്കുവാന്‍ കഴിയില്ല. പട്ടാളം പറയുന്നത് പോലെ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് പാകിസ്താനുള്ളത്. കശ്മിരിന്റെ ആത്മാവിനേറ്റ മുറിവുണക്കുവാനും കശ്മിര്‍ ജനതയുടെ വിശ്വാസം തിരിച്ചുപിടിക്കുവാനും കഴിഞ്ഞാല്‍ തന്നെ പാകിസ്താനെ പാഠം പഠിപ്പിക്കുവാന്‍ ഇന്ത്യക്ക് കഴിയും. വിദേശ നയത്തിലെ സ്വതന്ത്ര നിലപാടില്‍ നിന്നും ഇന്ത്യ വ്യതി ചലിച്ചത് പാകിസ്താന് കരുത്ത് പകരുന്നതായി. പക്ഷേ നമ്മുടെ തൊട്ട അയല്‍പ്പക്ക രാഷ്ട്രമായ ചൈന പാകിസ്താന്റ മുഴുവന്‍ സംരക്ഷണവും ഏറ്റെടുത്ത രീതിയിലാണ് അവരുടെ സംസാരവും അടുത്തിടെയുണ്ടായ പ്രവര്‍ത്തനങ്ങളും.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അസ്വസ്ഥതയോടെ നോക്കിക്കാണുന്ന ചൈനക്ക് കിട്ടിയ സുവര്‍ണാവസരം കൂടിയാണ് പാകിസ്താനുമായുള്ള ബന്ധം. അതുവഴി അവര്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. യു എന്‍ പൊതുസഭയില്‍ ഇപ്പോള്‍ ഇന്ത്യക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അനുകൂല മനോഭാവം ഉപയോഗപ്പെടുത്തി കശ്മിര്‍ ജനതയുടെ വിശ്വാസം തിരിച്ചുപിടിക്കുക എന്നതായിരിക്കണം ബി. ജെ. പി സര്‍ക്കാരിന്റെ ലക്ഷ്യം. അതുവഴി മാത്രമേ പാകിസ്താന്റെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തുവാന്‍ നമുക്ക് കഴിയൂ.കോഴിക്കോട് കടപ്പുറത്ത് തടിച്ചുകൂടിയ പുരുഷാരത്തെ സാക്ഷി നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം അദ്ദേഹത്തിലെ രാഷ്ട്രീയക്കാരന്‍ പരാജയപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാ­ണ്.

എന്നാല്‍ അദ്ദേഹത്തിലെ ഭരണകര്‍ത്താവ് ജയിച്ചുവോ എന്നത് കാലമാണ് നിര്‍ണയിക്കേണ്ടത്. ഉറിയില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണമറിയുവാന്‍ ലോകം കാതോര്‍ത്തിരിക്കുകയുമായിരുന്നു. ഉറിയിലെ 18 ധീരജവാന്മാരുടെ രക്തസാക്ഷിത്വം വ്യര്‍ഥമാകില്ലെന്നും ഇന്ത്യ ഇത് മറക്കാന്‍ പോകുന്നുമില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പാകിസ്താനോടുള്ള കനത്ത മുന്നറിയിപ്പ് തന്നെയാണ്. എന്നാല്‍ നാളെ തന്നെ പകരം ചോദിക്കാനായി ഇന്ത്യ യുദ്ധസന്നാഹവുമായി ഇറങ്ങി പ്പുറപ്പെടുകയുമില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളെ ശ്രദ്ധാര്‍ഹമാക്കി. നിരന്തരമായ ഭീകരാക്രമണത്തിന് ഇന്ത്യ വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍ പലകോണുകളില്‍ നിന്ന് പകരംവീട്ടുവാന്‍സമ്മര്‍ദമുണ്ടാവുക സ്വാഭാവികം. അമിതമായ ദേശപ്രേമത്തിന്റെ രീതി യുദ്ധക്കളങ്ങളിലേക്ക് പുറപ്പെടുന്നത് ഭരണനേതൃത്വത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളോടുകൂടിയുള്ള സമീപനത്തിന്റെ പരാജയമായേ കണക്കാക്കാനാ­വൂ.

യുദ്ധം ഒന്നിനും പരിഹാരമല്ല എന്നതുപോലെ തന്നെ യുദ്ധങ്ങളില്‍ ആരും ജയിക്കുന്നുമില്ല, തോല്‍ക്കുന്നുമില്ല. സര്‍വത്ര നാശം മത്രമേ യുദ്ധം വിതക്കുകയുള്ളൂ എന്ന് ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പാഴ്ക്കമുള്ള സന്ദേശം ലോകത്തിനു മുന്‍പില്‍ ഒരിക്കല്‍ കൂടി അവതരിപ്പിക്കുവാനും മോദിക്ക് സാധിച്ചത് വലിയ നയതതന്ത്ര നേട്ടമായി വേണം കരുതാന്‍. 
രാഷ്ട്രീയക്കാര്‍ പരാജയപ്പെടുമ്പോളാണ് യുദ്ധം (ജോയ് ഇട്ടന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക