Image

കേരളം ഒരു ഭ്രാന്താലയം തന്നെ: ബാലചന്ദ്ര മേനോന്‍

Published on 28 September, 2016
കേരളം ഒരു ഭ്രാന്താലയം തന്നെ: ബാലചന്ദ്ര മേനോന്‍
സംപൂജ്യനായ സ്വാമി വിവേകാനന്ദന് കോടി പ്രണാമം...... 
എങ്ങനെയോ അങ്ങയെ ഞാന്‍ ഇന്നലെ ഓര്‍ത്തുപോയി
ഓര്‍മ്മകള്‍ അല്ലെങ്കിലും അങ്ങിനെയാണ്. ഓര്‍ക്കാപ്പുറത്ത് കയറിവരും . ചിലപ്പോള്‍ സുഖിപ്പിക്കും. മറ്റുചിലപ്പോള്‍ ചൊറിച്ചിലുണ്ടാക്കും ...
ഈയിടെയായി ചൊറിച്ചിലുണ്ടാക്കുന്ന ഓര്‍മ്മകളാണ് കൂടുതലും.
വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന അങ്ങയുടെ പ്രസംഗം ഞാന്‍ കേട്ടതാണോ കാരണം?
അറിയില്ല. 1893 സെപ്തംബര്‍ 11നു അങ്ങ്, ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന ഈ അമേരിക്കന്‍ നാടുകളില്‍ നടത്തിയ പ്രസംഗം എന്നെ ത്രസിപ്പിക്കുക തന്നെ ചെയ്തു .
'ഈ സമ്മേളനം തുടങ്ങും മുന്‍പേ ഉയര്‍ന്ന മണിനാദം എല്ലാവിധ നാശകാരികളുടെയും മരണമണിയാകട്ടെ '
എന്ന് അങ്ങയുടെ, എന്തിനെയും അതിജീവിക്കുന്ന ആ 'മാസ്മരികശബ്ദത്തില്‍ 'കേട്ടപ്പോള്‍ എന്നില്‍ ഉണര്‍ന്ന നവോന്മേഷം ഇനിയും കെട്ടടങ്ങിയിട്ടില്ല എന്ന് പറയാം.
എന്നാല്‍ ഇനി ഒരു ഫഌഷ് ബാക്ക് ...
പൂക്കളോടും കിളികളോടും കാറ്റിനോടും സല്ലപിക്കുന്ന ബാല്യത്തില്‍ എപ്പോഴോ ഞാന്‍ നിങ്ങളെ വെറുത്ത്‌പോയി എന്ന സത്യം ഇപ്പോഴെങ്കിലും ഒന്ന് വെളിപ്പെടുത്തട്ടെ. അതിനു കാരണക്കാരന്‍ മലയാളം പഠിപ്പിച്ചിരുന്ന ഗോപാലപിള്ള സാറാണ് എന്ന് ഞാന്‍ ഇന്ന് വെളിപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവ് എന്നോട് പൊറുക്കണം . പുഴകളും മലകളും പൂവനങ്ങളും നിറഞ്ഞ എന്റെ കുരുന്നു മനസ്സില്‍ ഞാന്‍ ഓമനിച്ചിരുന്ന എന്റെ കൊച്ചു കേരളത്തെ ''ഏതോ ഒരു വിവേകാനന്ദന്‍ എവിടുന്നോ വന്നു 'ഭ്രാന്താലയം ' എന്ന് പരിഹസിച്ചു എന്ന് കേട്ടപ്പോള്‍ അതാരാണ് പറഞ്ഞതെങ്കിലും ഞാന്‍ വെറുത്തു എന്നത് സത്യം തന്നെയാണ് .
കൂട്ടത്തില്‍ പറഞ്ഞോട്ടെ , കഴിഞ്ഞ രണ്ടു ആഴ്ചകള്‍ക്കു മീതെയുള്ള അമേരിക്കന്‍ ജീവിതത്തില്‍ ഞാന്‍ ഒരു കുഴിമടിയനായിട്ടുണ്ട് എന്ന് ഭാര്യ പറയുന്നു. ചോദിക്കാനും പറയാനും തിരിച്ചറിയാനും ആരുമില്ലാത്ത ഒരു ലോകം എന്നെ സംബന്ധിച്ച് ഒരപൂര്‍വ്വമായ അനുഭവം...... എന്നെപ്പോലുള്ള വിദേശ വായ്‌നോക്കികള്‍ക്കായിട്ടാണന്നു തോന്നുന്നു നാട്ടിലെ 'കുട്ടന്‍പിള്ളയുടെ ചായക്കട 'പോലുള്ള സ്ഥാപനങ്ങള്‍ DUNKIN DONUTS,..STARBUCKS COFFEE....എന്ന പേരുകളില്‍ ഇന്നാട്ടില്‍ പ്രസിദ്ധമാണ് .അങ്ങിനെ ഒരിടത്തു പോയിരുന്നു ഒരു ചൂട് കാപ്പി നുണയുമ്പോഴാണ് സ്വാമിയുടെ പ്രസംഗം കേട്ട് ഞാന്‍ ഉന്മിഷിതനായത് .
.....നാട്ടിലെ വിവരങ്ങള്‍ കുറച്ചു ദിവസങ്ങളായി അറിയുന്നില്ല എന്നോര്‍ത്തു ഞാന്‍ ഒരു ഇടവേളയ്ക്കു ശേഷം മലയാളം ചാനല്‍ തുറന്നപ്പോള്‍ കണ്ടതും കേട്ടതുമായ വാര്‍ത്തകള്‍ എന്നെ ഭ്രാന്തു പിടിപ്പിച്ചു
!) തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയെ പീഡിപ്പിച്ചു ..
.
2 ) പത്തു വയസ്സുള്ള പെണ്‍കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചു..
3 )സ്‌കൂള്‍ മാസ്റ്റര്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചു
4 ) മാതാപിതാക്കള്‍ പിഞ്ചു കുഞ്ഞിനെ ദേഹം പൊള്ളിപ്പിച്ചു
5 )മഹാത്മജിയുടെ പരിപാവനമായ സത്യഗ്രഹം നടക്കുമ്പോള്‍ പുറത്തു തീപ്പന്ത ആഘോഷ വും നൃത്ത.
നൃത്യങ്ങളും .....
.
6 ) ശ്രീകൃഷ്ണ ജയന്തിയും തിരുവോണവും വോട്ടുബാങ്കുകള്‍ ആകുന്നു ....ഭഗവാന്‍ കൃഷ്ണനും മഹാബലിയും നാരായണഗുരുവും രാഷ്ട്രീയപ്രവര്‍ത്തകരാവുന്നു
....
7 )ആശുപത്രിയില്‍ പ്രസവിക്കാന്‍ ചെല്ലുന്ന പൂര്‍ണ്ണ ഗര്‍ഭിണിയെ ജീവനക്കാരന്‍ ആക്രമിക്കുന്നു. വിദ്യാലയങ്ങളില്‍ ഗുരുഭൂതനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊല്ലുന്നു
8 ) പ്രതീകാന്മക സമരങ്ങള്‍ നാട്ടില്‍ തകര്‍ക്കുന്നു .വായ് മൂടിക്കെട്ടിയും , ശവപ്പെട്ടി ചുമന്നും അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചും.ലക്കും ലഗാനുമില്ലാതെ....... കോലം കത്തിക്കുന്നു ..അഭ്യസ്തവിദ്യരായ .ആരോഗ്യമുള്ള യുവാക്കള്‍ കുളിച്ചു വെള്ള ഷര്‍ട്ടുമിട്ട് നടുറോഡില്‍ ശയന പ്രദക്ഷിണം നടത്തുന്നു.
ഒന്‍പതു എനിക്കിഷ്ടമുള്ള നമ്പറായതുകൊണ്ടു അക്കമിട്ടു പറയുന്നത് ഇവിടെ നിര്‍ത്തുന്നു... എങ്കിലും പറഞ്ഞോട്ടെ കേരളം ഭ്രാന്താലയം തന്നെയാണ്.
ഇതിനപ്പുറം ഇനി ഭ്രാന്തു പിടിക്കാനില്ല
.
എന്തിന് ?
ചങ്ങലക്കു പോലും ഭ്രാന്തു പിടിച്ചു കഴിഞ്ഞു ...
.
പെട്ടെന്നോര്‍മ്മ വന്ന ഒരു കാര്യം. ലുലു പോലുള്ള ഒരുപക്ഷേ, അതിനേക്കാള്‍ വിസ്തൃതിയും വെടിപ്പുമുള്ള ഒരു ഒരു ഷോപ്പിംഗ് മാളില്‍ സ്വസ്ഥമായിരുന്നു ചൂടുള്ള ഒരു കാപ്പി നുണയുകയായിരുന്നു ഞാന്‍. കൈയിലിരുന്ന
റസ്‌ക് പൊടിച്ചതും അത് നിയന്ത്രണമില്ലാതെ ചുറ്റിനും തൂവി. വൃത്തിയുള്ള കാര്‍പെറ്റ് ഞാന്‍ മൂലം
വൃത്തിഹീനമായല്ലോ എന്ന എന്റെ കുറ്റ ബോധത്തില്‍ ഞാന്‍ വിഷമിക്കുമ്പോള്‍ ആകാശത്തു നിന്ന് പൊട്ടിമുളച്ചതുപോലെ സുന്ദരിയായ ഒരു മദാമ്മക്കൊച്ചു എന്റെ മുന്നില്‍ 'അതിഥി ദേവോ ഭവ ' എന്ന മട്ടില്‍...കയ്യില്‍ ചൂലും മറ്റു സാമഗ്രികളും ...എന്റെ നന്ദിക്കുപോലും കാത്തു നില്‍ക്കാതെ അവള്‍ പണിതീര്‍ത്തു എനിക്ക് മധുരമുള്ള ഒരു പുഞ്ചിരിയും സമ്മാനിച്ചു സ്ഥലം വിട്ടു ..
ആ നിമിഷം എനിക്ക് ഒന്ന് മനസ്സിലായി ...
ഈ നാട്ടില്‍ ഒരു സര്‍ക്കാര്‍ ഉണ്ട് . സര്‍ക്കാര്‍ ചുറ്റും നടക്കുന്നതൊക്കെ വീക്ഷിക്കുന്നുമുണ്ട് അതുകൊണ്ടാണ് എന്റെ ആവശ്യം മനസ്സിലാക്കി അപ്പോള്‍ സര്‍ക്കാര്‍ ചൂലായി അവിടെ അവതരിച്ചത് ..
സത്യഗ്രഹവും ധര്‍ണ്ണയും ജലപീരങ്കിയുമൊന്നുമില്ലാതെ തന്നെ സര്‍ക്കാരിന് നമ്മുടെ നാട്ടിലും ഇങ്ങനൊക്കെ ആവാമെന്ന് വെറുതെ മോഹിച്ചുപോയെങ്കില്‍ എന്നെ കുറ്റപ്പെടുത്തരുത് ...( മറുനാട്ടില്‍ പോയിരുന്നു കാപ്പീം കുടിച്ചു പെറ്റ നാടിനെ പുച്ഛിക്കുകയാണെന്നു മാത്രം വ്യാഖ്യാനിക്കരുതെന്നു അപേക്ഷ ).
സംപൂജ്യനായ വിവേകാനന്ദന്‍....
എന്നോടും ഞങ്ങളോടും പൊറുക്കുക . അന്ന് എന്റെ ബാല്യത്തിന്റെ ഇളം വെയിലില്‍ ഞാന്‍ അങ്ങയെ അറിവില്ലായ്മ കൊണ്ട് വെറുത്തുവെങ്കില്‍ ഇന്നിതാ തിരിച്ചറിവിന്റെ പോക്കുവെയിലില്‍ അങ്ങേക്ക് മുന്നില്‍ നിസ്സഹായനായി നമസ്‌കരിക്കുന്നു ....അങ്ങയുടെ ശബ്ദം പകര്‍ന്ന ഉന്മേഷം എന്നെയും എന്നെപ്പോലുള്ള ലക്ഷങ്ങളെയും ഉല്‌സുകരാക്കട്ടെ ....
Join WhatsApp News
Ponmelil Abraham 2016-09-28 18:34:25
Balachandra Menon opens his mind.
Raju Mylapra 2016-09-29 03:31:34
ബഹുമാനപെട്ട ബാലചന്ദ്ര മേനോൻ, അമേരിക്കൻ അനുഭവങ്ങളും വിലയിരുത്തലും കേരളത്തിലെ മാധ്യമത്തിലൂടെ പങ്ക്‌ വെയിക്കുമെന്ന് പ്രതീഷിക്കുന്നു. താങ്കളുടെ അഭിപ്രയങ്ങൾക്കു വലിയ വിലയുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക