Image

കാന്‍ബറയില്‍ ഇടവക ദിനവും തിരുനാള്‍ ആഘോഷവും

Published on 29 September, 2016
കാന്‍ബറയില്‍ ഇടവക ദിനവും തിരുനാള്‍ ആഘോഷവും
കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ചര്‍ച്ചില്‍ തിരുനാളും ഇടവക ദിനവും സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന്, രണ്ട് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

30ന് (വെള്ളി) വൈകുന്നേരം ആറിന് തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മവും തിരുസ്വരൂപ പ്രതിഷ്ഠയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. ഫാ. വര്‍ഗീസ് വാവോലി വിശുദ്ധ കുര്‍ബാനക്ക് കാര്‍മികത്വം വഹിക്കും. 

ഒക്ടോബര്‍ ഒന്ന് (ശനി) ഇടവക ദിനമായി ആചരിക്കുന്നു. രാവിലെ എട്ടിന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. മാത്യു കുന്നപ്പള്ളി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിവിധ കായിക മത്സരങ്ങള്‍ നടക്കും. വൈകുന്നേരം 5.30ന് മേഴ്‌സി കോളജ് ഓഡിറ്റോറിയത്തില്‍ വിവിധ ഫാമിലി യൂണിറ്റുകളുടേയും ഭക്തസംഘടനകളുടെയും നേതൃത്വത്തില്‍ കള്‍ചറല്‍ നൈറ്റും തുടര്‍ന്ന് സ്‌നേഹവിരുന്നും നടക്കും. 

പ്രധാന തിരുനാള്‍ ദിനമായ രണ്ടിന് (ഞായര്‍) ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് താമരശേരി രൂപത ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രദക്ഷിണം, ലദീഞ്ഞ്, സ്‌നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാള്‍ തിരുക്കര്‍മങ്ങളിലും ഇടവക ദിനാചരണത്തിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ ഏവരേയും സ്വാഗതം ചെയ്തു. 

തിരുനാളിന്റെ വിജയത്തിനായി കണ്‍വീനര്‍ കെന്നഡി ഏബ്രഹാം, കൈക്കാരന്മാരായ ബെന്നി കണ്ണമ്പുഴ, രാജു ഏബ്രഹാം, ബിജു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക