Image

കലയ്‌ക്കായി ഒത്തുകൂടിയ അഞ്ചംഗ സംഘം- `ഫ്രീഡിയ'

Published on 12 February, 2012
കലയ്‌ക്കായി ഒത്തുകൂടിയ അഞ്ചംഗ സംഘം- `ഫ്രീഡിയ'
എഡിസണ്‍, ന്യൂജേഴ്‌സി: കലാരംഗത്ത്‌ പുതിയ പാത തുറക്കുകയാണ്‌ ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ്‌. മൂല്യവത്തായ കലാസൃഷ്‌ടികള്‍ ഇതിനകം അമേരിക്കയില്‍ അവതരിപ്പിച്ച്‌ ശ്രദ്ധനേടിയ ഫ്രീഡിയ പുതിയ ഷോകള്‍ക്കൊപ്പം സിനിമാരംഗത്തേക്കും നാടന്‍കലകളുടെ പ്രോത്സാഹനത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.

കലകളുമായി ബന്ധമൊന്നുമില്ലാത്ത കര്‍മ്മരംഗത്താണെങ്കിലും കലയോടുള്ള സ്‌നേഹംകൊണ്ടുമാത്രം ഒന്നിച്ച അഞ്ചംഗ സംഘമാണ്‌ ഫ്രീഡിയയുടെ ശില്‍പ്പികള്‍. ഹൂസ്റ്റണില്‍ നിന്നുള്ള ഡോ. ഫ്രീമു വര്‍ഗീസ്‌ അറിയപ്പെടുന്ന നെഫ്രോളജിസ്റ്റ്‌. ഡോ. ഷൈജു സഖറിയ അനസ്‌തേഷ്യോളജിസ്റ്റ്‌. റേച്ചല്‍ വര്‍ഗീസാകട്ടെ മീഡിയ സ്‌പെഷലിസ്റ്റും. സംഘടനാ -ചാരിറ്റി രംഗത്ത്‌ നേതൃപാടവമുള്ള വനിത. എന്‍ജീയറാണെങ്കിലും ജോണി മക്കോറയെ അറിയുന്നത്‌ കലാകാരനായിട്ടുതന്നെയാണ്‌. ഫ്രീഡിയയുടെ സംഘാടകനായി നിലകൊള്ളുന്ന ഡയസ്‌ ദാമോദരന്‍ ഡയമണ്ട്‌ വ്യാപാരിയും.

ഫീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ഇന്ത്യാ പ്രസ്‌ ക്ലബ്‌ നടത്തിയ പത്രസമ്മേളനത്തില്‍, കലാരംഗത്തേക്കുള്ള എടുത്തുചാട്ടം പണം മാത്രം ലക്ഷ്യമാക്കിയല്ലെന്നവര്‍ ആര്‍ത്തിച്ച്‌ വ്യക്തമാക്കി. കലാരംഗത്ത്‌ തങ്ങളാലാവുന്നത്‌ ചെയ്യാനുള്ള താത്‌പര്യം, അമേരിക്കയിലേയും കേരളത്തിലേയും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരം, മികച്ച കലാസൃഷ്‌ടികള്‍ അമേരിക്കയില്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുക എന്നിവയാണ്‌ തങ്ങള്‍ ലക്ഷ്യമിടുന്നത്‌. സിനിമാ നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. കൃഷ്‌ണ പൂജപ്പുരയുടെ തിരക്കഥയില്‍ ജയന്‍ മുളങ്ങാട്‌ സംവിധാനം ചെയ്യുന്ന സിനിമയ്‌ക്ക്‌ നടനും സംവിധായകനുമായ ശ്രീനിവാസന്റെ സഹകരണമുണ്ട്‌. അമേരിക്കയില്‍ നിന്നുള്ള നടീനടന്മാര്‍ക്ക്‌ അവസരം ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നവര്‍ പറഞ്ഞു. യോഗ്യരായവരെ ലഭ്യമായാല്‍.

കലാഭവന്‍ മണി- ഹരിശ്രീ അശോകന്‍- നാദിര്‍ഷാ ടീമിന്റെ `ജോക്ക്‌പോട്ട്‌ 2012' ആണ്‌ ഉടന്‍ അവതരിപ്പിക്കുന്ന ഷോ. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കുന്ന ഷോയ്‌ക്ക്‌ ഇതിനകം തന്നെ നല്ല പ്രതികരണം ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ അവതരിപ്പിച്ച ഷോകള്‍ പോലെ ചിരിക്കാനും ചിന്തിക്കാനും വഴിയൊരുക്കുന്ന വിഭവങ്ങളുമായിട്ടായിരിക്കും ജോക്ക്‌പോട്ട്‌ ടീം എത്തുക.

ഗായിക ശ്രേയാ ഘോഷിന്റെ സംഗീത പരിപാടി ഇന്ത്യന്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ `ആപി'യുമായി ചേര്‍ന്ന്‌ ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്നുണ്ട്‌.

നാടന്‍ കലകളെല്ലാംകൂടി ഒരേ വേദിയില്‍ അവതരിപ്പിക്കുകയെന്ന ബൃഹത്‌പദ്ധതിയും രൂപപ്പെട്ടുവരുന്നു. തെയ്യം, കൂടിയാട്ടം, കഥകളി, ഓട്ടംതുള്ളല്‍ തുടങ്ങി കേരളത്തിലെ തനതുകലാരൂപങ്ങളെല്ലാം അമേരിക്കയില്‍ പരിചയപ്പെടുത്തുകയാണ്‌ ലക്ഷ്യം. ഇത്തരം സംരംഭങ്ങളിലെല്ലാം സാമ്പത്തിക നേട്ടത്തേക്കാള്‍ കാലാതാത്‌പര്യങ്ങള്‍ക്കാണ്‌ ഊന്നല്‍കൊടുക്കുക.

അമേരിക്കന്‍ പശ്ചാത്തലത്തിലുള്ള തിരക്കഥകള്‍ സിനിമയാക്കാന്‍ ഏറെ താത്‌പര്യമാണെന്നവര്‍ പറഞ്ഞു. അമേരിക്കയിലുള്ളവര്‍ക്ക്‌ മാത്രമല്ല, ഇന്ത്യയിലുള്ളവര്‍ക്കും അമേരിക്കന്‍ ജീവിതം യഥാര്‍ത്ഥമായി മനസ്സിലാക്കാന്‍ ഇത്‌ ഉപകരിക്കും.

കച്ചവട താത്‌പര്യത്തിനു മുന്നില്‍ കലാമൂല്യവും, ധാര്‍മ്മികതയും കൈമോശം വരുന്നതിനോട്‌ യോജിപ്പില്ലെന്ന്‌ ഡോ. ഫ്രീമുവും, ഡോ. ഷൈജുവും ചൂണ്ടിക്കാട്ടി. മികവുറ്റ കലാസൃഷ്‌ടി, സിനിമയായാലും, സ്റ്റേജ്‌ഷോ ആയാലും ജനം അംഗീകരിക്കും. ആ മികവാണ്‌ തങ്ങളുടെ ലക്ഷ്യം.

നാട്ടില്‍ ഷോകള്‍ നടത്തി പരിചയ സമ്പന്നനാണ്‌ ഡയസ്‌ ദാമോദരന്‍. ഏഷ്യാനെറ്റിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഡയസ്‌ ആദ്യത്തെ ടാലന്റ്‌ സേര്‍ച്ച്‌ ഹൂസ്റ്റണില്‍ സംഘടിപ്പിക്കുകയുണ്ടായി. ഏഷ്യാനെറ്റിന്റെ പരിപാടികളില്‍ പങ്കെടുക്കാനെത്തിയിരുന്ന ഡോ. ഫ്രീമു നാട്ടിലേതുപോലെ ഇവിടെ ഷോകള്‍ നടത്തുന്നതു സംബന്ധിച്ച്‌ ഡയസുമായി നടത്തിയ ചര്‍ച്ചകളാണ്‌ പിന്നീട്‌ ഫ്രീഡിയ എന്ന സംരംഭത്തിലെത്തിയത്‌.

മ്യൂസിക്‌ ആല്‍ബം പുറത്തിറക്കുന്നതും ഫ്രീഡിയ ലക്ഷ്യമിടുന്നു. അമേരിക്കയിലെ വിവിധ കലകളില്‍ പ്രാവീണ്യരായ ധാരാളം പേരുണ്ടെങ്കിലും അവര്‍ക്ക്‌ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവസരം കിട്ടുന്നില്ല. അതിനൊരു മാറ്റം വരുത്താനും ഫ്രീഡിയ ശ്രമിക്കുമെന്നവര്‍ പറഞ്ഞു.

പത്രസമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ സമ്മേളനത്തില്‍ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ്‌ ഫിലിപ്പ്‌ തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കെടുത്തു.

പത്രസമ്മേളനത്തില്‍ പ്രസ്‌ ക്ലബ്‌ നാഷണല്‍ സെക്രട്ടറി മധു കൊട്ടാരക്കര, ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ കാടാപുറം, ജോര്‍ജ്‌ തുമ്പയില്‍, സുനില്‍ ട്രൈസ്റ്റാര്‍, വിനിതാ നായര്‍, ഫിലിപ്പ്‌ മാരേട്ട്‌, രാജു പള്ളം, ജെ. മാത്യൂസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
കലയ്‌ക്കായി ഒത്തുകൂടിയ അഞ്ചംഗ സംഘം- `ഫ്രീഡിയ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക