Image

വലന്റൈന്‍ ഡേകള്‍ പിറക്കും മുമ്പേ (കവിത: ജോര്‍ജ്‌ നടവയല്‍)

Published on 12 February, 2012
വലന്റൈന്‍ ഡേകള്‍ പിറക്കും മുമ്പേ (കവിത: ജോര്‍ജ്‌ നടവയല്‍)
ഇല്ലൊരിക്കലുമൊടുങ്ങയില്ലാ
ചന്തകളുമറവുശാലകളും;
ഇല്ലൊരിക്കലും നിലയ്‌ക്കയില്ലാ
വെടിയൊച്ചകളും സൈറനുകളും;
എത്രയെത്രവെള്ളരിപ്പിറാവുകള്‍
പറന്നാലും പിന്നെയും പിന്നെയും
ഒഴുകുന്നതു ചോരയാം മിഴിനീരാം;
പിഞ്ചുന്നതു നെഞ്ചകമാം;
വേവതു തലച്ചോറാം;
പിഴുവതു നാവാവാം;
ഉരിഞ്ഞു മാറ്റുവതു
തൊലിയോടൊട്ടിയ ചേലകളാം;
ശിരസ്സിലാഞ്ഞു തറപ്പതു മുള്‍ക്കിരീടമാം;
തോളിലേറ്റുവതു വന്മരക്കുരിശാം.

ദേവപുത്രനു കുരിശേറിയതു
മാനവരക്ഷയ്‌ക്കെന്നുുള്ള
രക്ഷാകരമേന്മയേലുമണിയാം;
ഈ കേവലനാം ഞാനണിയും
മുള്‍ക്കിരീടമാര്‍ക്കുവേണ്ടി?
ഈ വെറുമൊരേകഹൃദയനാമെന്‍
മുഖത്തേ യ്‌ക്കു വീണ
സഹജരുടെ തുുപ്പലാര്‍ക്കുവേണ്ടി?
പേശീബലമികഴ്‌ന്നയെന്‍
മലയാളപാരമ്പര്യഗാത്രമേല്‍ക്കും
ചാട്ടവാറടി യെന്തിനുവേണ്ടി?
ഏതോ ജന്മപാപദുരിതമെന്നോ-
ഏതോ പുനര്‍ജ്ജന്മേശ്വരലീലയെന്നോ!
എന്നെപ്പിളര്‍ത്തിയൊഴുകുന്നതു
ചോരയല്ലോ മിഴിനീരല്ലോ;
പിഞ്ചുന്നതു നെഞ്ചകമല്ലോ;
വേവതു തലച്ചോറല്ലോ;
പിഴുവതു നാവല്ലോ;
ഉരിഞ്ഞു മാറ്റുവതു
തൊലിയോടൊട്ടിയ ചേലകളല്ലോ;
ശിരസ്സിലാഞ്ഞു തറപ്പതു മുള്‍ക്കിരീടമല്ലോ;
തോളിലേറ്റുവതു വന്മരക്കുരിശല്ലോ.
എവിടെയെന്‍ വേറോനിക്ക?
എവിടെയെന്‍ രാധ?
എവിടെയെന്‍ മേരി?
മേരിയും വേറോനിക്കയും രാധയും
ഒന്നാം നീയല്ലോയെന്‍
പ്രണയതീര്‍ത്ഥാടനപ്പട്ടുറുമാലുകള്‍
നീയല്ലോ ഈ അധുനാതനമാം
വലന്റൈന്‍ ഡേകള്‍ക്കും മുമ്പേയെന്നില്‍
കരുണാജലം പകര്‍ന്ന പ്രേമഭിക്ഷുകി;
നീയല്ലോയെന്‍ ജലഭരണികളില്‍
വീഞ്ഞു നിറച്ച സ്‌്രതീശക്തി;
നീയല്ലോയെന്‍ ആത്മസഖി ;
നീ മാത്രമെന്നുമെന്നാത്മാനുരാഗം ..
നീയെന്റെ ഭുജബലമല്ലാ തിരഞ്ഞത്‌;
നീ തേടിയതെന്‍ ആകാര സൗഷ്‌ഠവമല്ലാ;
നീയെന്‍ പഞ്ചാര വാഗ്‌വൈഭവത്തിനല്ലാ കാതോര്‍ത്തത്‌;
നീയെന്‍ കുഞ്ഞുണ്ണിപ്പൊക്കത്തെയും,
നീയെന്‍ ഓവീ വിജയ ശുഷ്‌ക ഗാത്രത്തെയും
നീയെന്‍ ചങ്ങമ്പുഴ ഭൗതിക വീഴ്‌ച്ചകളെയും
നീയെന്‍ ഓയെന്‍ വീ താപങ്ങളെയും
നീയെന്‍ അയ്യപ്പദാരിര്ര്യങ്ങളെയും
മനസ്സാവരിച്ച ഗാന്ധിഭക്ത;
നീയെന്‍ മദര്‍ തെരേസാ കരുണ;
നീയെന്‍ തൂവെണ്‍സ്‌ത്രൈണമാനസ്സി;
നീ.. നീ മാത്രമെന്‍ പ്രണയപുണ്യ ദിന നിത്യത;
വലന്റൈന്‍ ഡേകള്‍ പിറക്കും മുമ്പേ-
യെന്‍ നിത്യ വേറോണിക്ക നീ,
എന്‍ നിത്യ രാധ നീ,
എന്‍ നിത്യ മേരി നീ;
പരിശുദ്ധാത്മാ മണവാട്ടി നീ;
കള്ളക്കണ്ണന്നാത്മരാധ നീ;
ദേവപുത്രന്നുയിര്‍പ്പിലെ ആദ്യ സുദര്‍ശനം നീ..
എന്നെ ദൈവമാക്കിയോള്‍; എന്റെ ദേവം നീ.
വലന്റൈന്‍ ഡേകള്‍ പിറക്കും മുമ്പേ (കവിത: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക