Image

ഇവന്റ് മാനേജ്‌മെന്റിനെ ചൊല്ലി സിപിഎം-സിപിഐ പോര്

Published on 12 February, 2012
ഇവന്റ് മാനേജ്‌മെന്റിനെ ചൊല്ലി സിപിഎം-സിപിഐ പോര്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം നടത്തിയത് ഇവന്റ് മാനേജ്‌മെന്റ് സ്ഥാാപനമാണെന്ന വാദത്തില്‍ സിപിഐ ഉറച്ചുനില്‍ക്കുന്നു.  സിപിഎം സമ്മേളനത്തില്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഏല്‍പ്പിച്ചു എന്ന സി.കെ ചന്ദ്രപ്പന്റെ പ്രസ്താവന തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. 'ഐടുഐ' എന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് സിപിഎം സംസ്ഥാന സമ്മേളനത്തെ സഹായിച്ചത് എന്നും ഇതെക്കുറിച്ച് പിണറായി വിജയന്‍ അന്വേഷിക്കട്ടെ എന്നും ബിനോയ് വിശ്വം പറഞ്ഞു. 

ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കട്ടെ എന്ന് പറയുമ്പോള്‍ നിയമനടപടി സ്വീകരിച്ചാല്‍ സിപിഐ ഉത്തരം പറയും. നിയമനടപടി സ്വീകരിച്ചാല്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ വിവരം പുറത്ത് വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

അതേസമയം, ബിനോയ് വിശ്വം സ്ഥിരതയില്ലാത്തവരെ പോലെയാണ് സംസാരിക്കുന്നത് എന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കും എന്നും സിപിഎം നേതാവ് കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. തെളിവുകള്‍ ഉണ്ടെങ്കില്‍ ബിനോയ് വിശ്വം കോടതിയില്‍ ഹാജരാക്കട്ടെ എന്നും കടകംപളളി സുരേന്ദ്രന്‍ പ്രതികരിച്ചു. 

സമ്മേളനം നടത്താന്‍ ഇവന്റ് മാനേജ്‌മെന്റിനെ ആശ്രയിക്കേണ്ട കാര്യം പാര്‍ട്ടിയ്ക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ലക്ഷക്കണക്കിനു അംഗങ്ങളുള്ള പാര്‍ട്ടിയാണ് സിപിഎം. സമ്മേളനം വിജയകരമായി നടത്താന്‍ കഴിഞ്ഞതുകൊണ്ടാണ് സിപിഐ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സിപിഐ ആയതുകൊണ്ടു കൂടുതലൊന്നും പറയുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തിന്റെ പ്രചാരണത്തിന് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെ സിപിഎം കൂട്ടുപിടിച്ചതായി കഴിഞ്ഞദിവസം സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക