Image

ഫൊക്കാനാ തെരഞ്ഞെടുപ്പ് ചര്‍ച്ച: ആദരണീയ നേതാക്കന്മാരെ അവഗണിച്ചതാര് ?

നിരീക്ഷകന്‍ Published on 03 October, 2016
ഫൊക്കാനാ തെരഞ്ഞെടുപ്പ് ചര്‍ച്ച: ആദരണീയ നേതാക്കന്മാരെ അവഗണിച്ചതാര് ?
ഫൊക്കാനായുടെ 2016­- 18 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പ് കാനഡായില്‍ നടക്കാതിരിക്കുകയും തുടര്‍ ചര്‍ച്ചകള്‍ക്കായി ആദരണീയനായ ഫൊക്കാന മുന്‍ പ്രസിഡന്റ് മാമന്‍ സി ജേക്കബിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ 12 അംഗ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളോടൊപ്പം സഹകരിക്കാതിരുന്നത് ആരാണ് എന്ന് ഫൊക്കാനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ആരോപണം ഉന്നയിക്കുന്നവരോ ,ഫൊക്കാന നേതൃത്വമോ മറുപടി പറയേണ്ടതല്ലേ?

ഫൊക്കാനയുടെ ചരിത്രത്തില്‍ ഇതുവരെ നടക്കാത്ത കാര്യങ്ങള്‍ ആണ് കാനഡായില്‍ സംഭവിച്ചത്.തെരഞ്ഞെടുപ്പ് നടക്കാതിരുന്ന സാഹചര്യത്തില്‍ ആണല്ലോ ഒരു കമ്മിറ്റിയെ പ്രശനം പരിഹരിക്കുവാന്‍ നിയോഗിച്ചത്. ഫൊക്കാനയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരരംഗത്തുണ്ടായിരുന്ന തമ്പി ചാക്കോ ,മാധവന്‍ നായര്‍ ടീമുമായി ചര്‍ച്ച നടത്തുവാന്‍ ഒരു 12 അംഗ കമ്മിറ്റിയെ തീരുമാനിച്ചത് .

ഫൊക്കാനയുടെ മുന്‍ സെക്രട്ടറി ഡോ:മാമന്‍ സി ജേക്കബിന്റെ നേതൃത്വത്തില്‍ മുന്‍ പ്രസിഡന്റുമാരായ ഡോ:എം.അനിരുദ്ധന്‍ ,മറിയാമ്മ പിള്ള,ജോണ്‍ പി ജോണ്‍,ജോര്‍ജ് കോരുത്,പോള്‍ കറുകപ്പിള്ളില്‍ ,മുന്‍ സെക്രട്ടറിമാരായ സുധാ കര്‍ത്ത,ബോബി ജേക്കബ് ,ജി.കെ .പിള്ള ,ടെറന്‍സണ്‍ തോമസ് ,തുടങ്ങിയ നേതാക്കള്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ചര്‍ച്ചകളോട് നീരസം വച്ചുപുലര്‍ത്തയത് ആരാണ്.

തമ്പി ചാക്കോയ്ക്ക് പ്രസിഡന്റ് സ്ഥാനം വിട്ടു നല്‍കി ഒരു ഫോര്‍മുല പോലും അവതരിപ്പിക്കപ്പെട്ടു. തമ്പി ചാക്കോ അതിനുസമ്മതിക്കുകയും ചെയ്തതാണ് .പക്ഷെ ഫൊക്കാനയെ ഈ തെരഞ്ഞെടുപ്പോടെ ഇല്ലാതാക്കുക എന്ന അജണ്ട നടപ്പിലാക്കാന്‍ കച്ച കെട്ടിയിറങ്ങിയവര്‍ ആരൊക്കെയാണെന്ന് അമേരിക്കന്‍ മലയാളി സമൂഹം അറിയണ്ടേ?

അത് അറിയാനുള്ള അവകാശം ഫൊക്കാനയുടെ സാധാരണ പ്രവര്‍ത്തകര്‍ക്കില്ലേ? മാധവന്‍ നായര്‍ ഫൊക്കാന നേതാക്കന്‍മാര്‍ ആവശ്യപ്പെട്ടതുനുസരിച്ചാണ് മത്സരരംഗത്ത് വന്നത് എന്ന് പറയുന്നു. നാലുവര്‍ഷം ഫൊക്കാനയ്‌­ക്കൊപ്പം നിലകൊണ്ട ഒരാളെ വളരെ ബാലിശമായ രീതിയില്‍ അവഹേളിച്ചത് ശരിയായില്ല എന്ന് ചിന്തിക്കുന്നവര്‍ ഫൊക്കാനയിലുണ്ട്.

തമ്പിചാക്കോയെ പോലെ സീനിയര്‍ ആയ ഒരു നേതാവിനെ ഫൊക്കാനയുടെ തലപ്പത്തു കൊണ്ടുവരുന്നതിന് പകരം അദ്ദേഹത്തെ ആയുധമാക്കുന്നവര്‍ ആരാണ് ?

തെരഞ്ഞടുപ്പു നടക്കാതിരുന്ന സാഹചര്യത്തില്‍ നിയോഗിച്ച അഡ്‌­ഹോക് കമ്മിറ്റിയെ പോലും അവഗണിച്ചവര്‍ക്കു നല്ല മറുപടി കൊടുക്കണം. തമ്പിച്ചാക്കോ പ്രസിഡന്റ്, ഫിലിപ്പോസ് ഫിലിപ്പ് സെക്രട്ടറി, മാധവന്‍ ബി നായര്‍ എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് എന്ന ഫോര്‍മുല ഉണ്ടായപ്പോള്‍ തമ്പിച്ചക്കോ അത് സമ്മതിക്കുകയും ചെയ്തതാണെന്ന് പറയുന്നു.പക്ഷെ അവിടെ സമവായശ്രമത്തിനു കൂട്ട് നില്‍ക്കാത്തവര്‍ ആരാണ്?

ഫൊക്കാനയെ ഇന്നുവരെ പല സമയങ്ങളിലായി നയിച്ച നേതാക്കന്മാരെ അംഗീകരിക്കാത്തവര്‍ക്കു ഫൊക്കാനയെ നാളെ എങ്ങനെ നയിക്കുവാന്‍ സാധിക്കും ?.സമവായ ശ്രമങ്ങള്‍ക്ക് ചെവി കൊടുക്കാത്തവര്‍ക്കു ഒരു സംഘടനയുടെ ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ പറ്റും ? .ഫൊക്കാനയുടെ വിവിധ റീജിയനുകളെ എങ്ങനെ യോജിപ്പിച്ചു പ്രവര്‍ത്തിക്കുവാന്‍ സാധിയ്ക്കും ?.

ഒക്ടോബര്‍ 15 നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത്തരം മനുഷ്യത്വപരമായ കാര്യങ്ങള്‍ക്കാണ്­ മുന്‍­തൂക്കം നല്‍കേണ്ടത് .ജാതി മത വിശ്വാസങ്ങള്‍ക്ക് അതീതമായി ഒരു ഏകോപനം ആണ് ഫൊക്കാനയുടെ രൂപീകരണത്തിന് തുടക്കം കുറിക്കുവാന്‍ കാരണം .ആ ഏകോപനം ഇനിയും ഫൊക്കാനയില്‍ തുടരണം . അതിനാകണം ഒക്ടോബര്‍ 15 നു അംഗങ്ങള്‍ തീരുമാനമെടുക്കേണ്ടത്. 
ഫൊക്കാനാ തെരഞ്ഞെടുപ്പ് ചര്‍ച്ച: ആദരണീയ നേതാക്കന്മാരെ അവഗണിച്ചതാര് ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക