Image

പുനരപി, മോഹന്‍ദാസ് !! (ക­വിത: എം .ആര്‍. ജ­യഗീത)

Published on 02 October, 2016
പുനരപി, മോഹന്‍ദാസ് !! (ക­വിത: എം .ആര്‍. ജ­യഗീത)
മെല്ലിച്ചതാണെ, ന്നതാകിലും­
മിന്നൊട്ടുമില്ലില്ല,
തെല്ലുമേന്യൂനത ­
നിന്നുടെ ശക്തിയില്‍ !
കുഞ്ഞിളം പുഞ്ചിരിപ്പൂവിതള്‍ തോല്ക്കുമാ ­
ഹൃദ്യമാം നിന്മുഖംതന്നിലെപ്പൊന്‍ചിരി­
ചൊല്ലുന്നു ­
തോറ്റുകൊടുക്കുവാനാകാത്ത
മുന്‍നിരപ്പോരാളിതന്നെനീ ­
ഇന്നിന്റെ മുന്നിലും !
അര്‍ദ്ധമീ നഗ്‌നത ­
പൂര്‍ണമാ, മാശയച്ചര്‍ക്കയില്‍
നൂര്‍ത്തതാം ആടയാല്‍ മൂടിനീ..
അര്‍ഥമെല്ലാം പകര്‍ന്നെല്ലാര്‍ക്കുമാ,
അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യ­
സത്പിതാവായിതോ!
കെട്ടകാലത്തിന്റെ കെട്ടുപൊട്ടിച്ചെറി ­
ഞ്ഞൊക്കെയും ­
ഞങ്ങള്‍ക്ക് ശക്തിയേകീലയോ !
കൊല്ലുവാനാകില്ലൊരിക്കലും; നല്ലൊരാ ­
നന്മതന്‍ നെഞ്ചു തകര്‍ക്കുവാനാകുമോ ?!
പൊട്ടില്ല തോക്കിന്റെ തൊണ്ടയില്‍ ­
ഒച്ചകള്‍ പൊട്ടിക്കയില്ലയീ­
യാദര്‍ശ നെഞ്ചകം !
അമ്പലം, പള്ളികള്‍, മസ്ജിദുകള്‍,
ഗുരുദ്വാരകള്‍ എന്നിവയ്ക്കുള്ളിലോ ദൈവങ്ങള്‍ ?
അല്ലല്ല ;നീ ചൊല്ലുമാര്‍ത്തരാം മര്‍ത്യന്റെ
മണ്‍കുടില്‍ തന്നിതിന്നുള്ളിലല്ലേ അവര്‍ !
പട്ടിണിപ്പാവങ്ങളന്യരാല്‍ ­
ദു:ഖപ്പെടുന്നവരൊക്കെയും നിന്നുടല്‍­ ദൈവമായ്ക്കാണുന്നു !
ഗ്രാമങ്ങളുള്ളു തുറക്കുന്നു
നീയതില്‍­
കാണുന്നതില്ലയോ
കണ്ണുനീര്‍ച്ചേരികള്‍ !
ഉള്ളുലച്ചീടുമാ പെണ്‍വിളിത്തേങ്ങലായ്­
കാറ്റൊന്നു വീശുന്നു ;
ഉഷ്ണം തിളക്കുന്നു!!
ചിത്രങ്ങളില്‍ ചുവര്‍ താങ്ങുന്നു,
താങ്ങുവാനാകാത്ത വേദനപ്പെട്ടനിന്‍­
ചിത്രത്തെ !
പാതയോരങ്ങളില്‍ രോദനക്കാക്കകള്‍ ­
വിശ്രമിച്ചീടുന്നു
നിന്‍ ചുമല്‍ശില്‍പ്പത്തില്‍ !
ചുണ്ടിലെപ്പുഞ്ചിരി, ക്കണ്ണുനീരാവുന്നു
കെട്ടൊരാക്കാലമാക്കാതില്‍ കലമ്പുന്നു !
സത്യസ്സഹനങ്ങള്‍ മിഥ്യയാകുന്നുവോ !
സത്‌­വാക്കതൊക്കെയും
കാറ്റില്‍ പറന്നുവോ !
പാടില്ലയൊട്ടുമേ ഈ നില്‍പ്പ്‌­നില്‍ക്കുവാന്‍­
സഹന ശില്പങ്ങളായ് ;
സങ്കടച്ചിത്രമായ് !
തീര്‍ച്ച! നീ ജന്മമെടുക്കുമീക്കാലത്തില്‍ ­
ഒന്നല്ല, നീയിന്നുയിര്‍ക്കൊണ്ടു വന്നിതാ ­
എണ്ണുവാനാകാത്ത മാനുജന്മാരുടെ
ഹൃത്തിതില്‍ ­
ആശയപ്പൈതലായ് ­
വീണ്ടുമേ !! 
പുനരപി, മോഹന്‍ദാസ് !! (ക­വിത: എം .ആര്‍. ജ­യഗീത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക