Image

ലോകസഞ്ചാരിയുടെ വിശേഷങ്ങള്‍ (പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 02 October, 2016
ലോകസഞ്ചാരിയുടെ വിശേഷങ്ങള്‍ (പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
''ശ്രീ ജോണ്‍ ഇളമതയുടെ പുതിയപുസ്തകം "മാര്‍ക്കോപോളോ ജീവചരിത്ര നോവലാണോ, ചരിത്രനോവലാണോ, സഞ്ചാരസാഹിത്യനോവലാണോ അതോ സ്വതന്ത്ര പരിഭാഷയാണോ എന്നു നിര്‍ണ്ണയിക്കുക ദുഷ്കരമാണു്.ഗ്രന്ഥകാരന്‍ തന്റെ ആമുഖത്തില്‍ പറയുന്നത് മാര്‍ക്കോപോളോയുടെ സഞ്ചാരങ്ങള്‍ അല്ലെങ്കില്‍ ലോകചരിത്രം എന്ന നോവലിനെ ആസ്പദമാക്കി ചരിത്രാന്വേഷകര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കുമായി ഈ പുസ്തകം സമര്‍പ്പിക്കുന്നുവെന്നാണു.ഏകദേശം എഴുന്നൂറില്‍പരം വര്‍ഷങ്ങള്‍ക്ക്മുമ്പ് എഴുതപ്പെട്ട ഈ പുസ്തകം, നോവല്‍രൂപത്തില്‍ എഴുതാന്‍ ഇളമതയെ പ്രേരിപ്പിച്ചത് എന്തായിരിക്കും? മാര്‍ക്കോപോളോയുടെ സഞ്ചാരങ്ങള്‍ എന്ന പുസ്തകത്തെപ്പറ്റി അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ വിജ്ഞാനപ്രദവും, ഭാവിതലമുറക്ക് താല്‍പ്പര്യപ്പെടുമെന്നുള്ള വിശ്വാസവുമായിരിക്കാം അതിനു കാരണം.കൂടാതെകേരളം സന്ദര്‍ശിച്ച വെനിസ്സിലെ വ്യാപാരിയെ ഒന്നു കൂടി അനശ്വരനാക്കാനുള്ള ശ്രമവുമായിരിക്കം.ഐതിഹാസികമായ ഒരു ഭൂതകാലത്തേക്ക് ഈ പുസ്തകം നമ്മെകൊണ്ടുപോകുന്നു. വ്യാപാരികളായ പിതാവിനോടും, ചെറിയച്ഛനോടുമൊത്ത് മാര്‍ക്കോപോളോ നടത്തിയയാത്രയും കുക്ലൈബ്ലാന്റെ കൊട്ടാരസന്ദര്‍ശനവും പതിനേഴ്‌വര്‍ഷത്തോളം കുബ്ലൈഖാന്റെ നയതന്ത്രപ്രതിനിധിയായി അദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരണവും ഈ പുസ്തകത്തില്‍നിന്നും നമ്മള്‍ അറിയുന്നു. സുഗന്ധവ്യജ്ഞനങ്ങള്‍ തേടി, വ്യാപാര മാര്‍ഗ്ഗങ്ങള്‍ തേടിചൈനയിലെത്താന്‍ ദുര്‍ഘടം പിടിച്ചമൂന്നു വര്‍ഷങ്ങള്‍ എടുത്തു എന്നുവായിക്കുമ്പോള്‍ വെറും മണിക്കൂറുകൊണ്ട് ഇന്നു പല രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ പ്രാപ്തരായ വായനകാരായ നമ്മള്‍ അതിശയിക്കുന്നു.യാത്രയുടെ പൂര്‍ണ്ണവിശദാംശങ്ങളിലേക്ക് നമ്മള്‍ ശ്രദ്ധതിരിക്കുന്നു.പുസ്തകത്തിലൂടെ നമ്മള്‍ ഭ്രമാത്മകമായ ഒരു ലോകത്തിലേക്ക് നയിക്കപ്പെടുന്നു. പലപ്പോഴും വഴിയോരക്കാഴ്ചകള്‍ വിവരിക്കുമ്പൊള്‍ ആവര്‍ത്തനം വരുന്നത് അല്ലെങ്കില്‍ സാദ്രുശ്യങ്ങള്‍വരുന്നത് വിരസമായി തോന്നിയേക്കാം. പക്ഷെ അതുമൂലക്രുതിയില്‍നിന്നും ഉള്‍പ്പെടുത്തിയതായിരിക്കുമല്ലോ.

നോവല്‍വായിക്കുമ്പോള്‍ വായനകാര്‍ക്ക് അനുഭവപ്പെടുന്നത് മാര്‍ക്കോപ്പോളൊയുടെ പിതാവും ഇളയപ്പനുമടങ്ങുന്ന സംഘം യാത്രചെയ്യുമ്പോള്‍ അവരുടെ കണ്ണില്‍പ്പെട്ട ഓരോ ദ്രുശ്യങ്ങളും വിട്ടുകളയാതെ വിവരിക്കുന്നരീതിയിലാണെന്നാണു. അതുകൊണ്ട് മാര്‍ക്കോപ്പോളൊയുടെ സഞ്ചാര സാഹിത്യം വായിക്കുന്നപ്രതീതിയും അതുളവക്കുന്നു. ഇതില്‍നിന്നും ഉരുത്തിരിയുന്നത് സഞ്ചാരസാഹിത്യത്തിന്റെ സാങ്കേതികതയും, അതേ സമയം നോവലിന്റെപരിവേഷവും ഒന്നിച്ച് കൈകാര്യം ചെയ്യാന്‍ ഒരു പരീക്ഷണംഗ്രന്ഥകാരന്‍നടത്തിയെന്നാണു.മാര്‍ക്കോപോളോ നേരിട്ട് കണ്ട സംഭവങ്ങള്‍ ഒരാളോട് പറഞ്ഞ്‌കൊടുത്ത് അയാള്‍ അതില്‍പൊടിപ്പും തൊങ്ങലും ചേര്‍ത്ത്് എഴുതിപ്രശസ്തമാക്കിയ പുസ്തകം ശ്രീ ഇളമത വായിച്ച് മനസ്സിലാക്കിതന്റേതായ കാഴ്ചപ്പാടിലൂടെ ആവിഷ്ക്കരിക്കുമ്പോള്‍ തീര്‍ച്ചയായും മൂലക്രുതിയില്‍നിന്നും വേറിട്ട്‌നില്‍ക്കാതെ അതേ സമയം തന്റേതായശൈലിയിലുള്ള ഒരു ആവിഷ്ക്കാരത്തിന്റെ പ്രതീതിയുണ്ടാക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കയും ആ ശ്രമം വിജയിക്കയും ചെയ്തിട്ടുണ്ടെന്നുവായനകാര്‍ക്ക്മനസ്സിലാക്കാം.ന് പുസ്തകത്തിലെവിവരണങ്ങള്‍ഒരു സഞ്ചാരി കാണുന്നപോലെതന്നെ വായനകാര്‍ക്ക് അനുഭവപ്പെടും.ഒരാള്‍ നേരിട്ട് കണ്ടെഴുതുന്നതും അത് വായിച്ച് തന്റെ ഭാവനയിലൂടെ ആ ദ്രുശ്യങ്ങള്‍ കണ്ടെഴുതുന്നതും തികച്ചും വ്യത്യസ്ഥമാണു. ഭാഷയും ഭാവനയും ഉണ്ടെങ്കിലെ അതുസാദ്ധ്യമകുകയുള്ളു. ശ്രീ ഇളമത ആ ശൈലി ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. മാര്‍ക്കോപോളോയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് അദ്ദേഹം കണ്ട ലോകത്തിന്റെ വിവരണങ്ങള്‍ തയ്യാറാക്കിയ റുസ്ചിലോവിനെപോലെ ഇളമതയും പുസ്തകരചന ആകര്‍ഷണീയവും, വിവരണാത്മകവുമായി നിര്‍വ്വഹിച്ചിരിക്കുന്നു.കണ്ട കാഴ്ചകളേയും കണ്ടെടുത്ത വസ്തുക്കളേയും വിവരിക്കുമ്പോള്‍ അതിനോട് ബന്ധപ്പെട്ട പ്രാദേശികമായ ഇതിഹാസങ്ങള്‍ നല്‍കുന്നത് മാര്‍ക്കോപോളോയുടെ രീതിയായിരുന്നു.

ഉദാഹരണത്തിനു പട്ടുനൂല്‍ പുഴുവിന്റെ കഥ.ചൈനയിലെ ഒരു മഹാറാണി ഉദ്യാനമുറ്റത്തിരുന്നു ചായ കുടിക്കുമ്പോള്‍ ചായ കോപ്പയില്‍ മുകളില്‍നിന്നും എന്തോവന്നു വീണു. റണി അതുപരിശോധിച്ചപ്പോള്‍ അതു ഒരു പുഴുവിന്റെ കൂടാണെന്നുമനസ്സിലായി. ചൂടുകൊണ്ട്പുഴു ചത്തിരുന്നു എന്നാല്‍ ചൂടില്‍ കുതിര്‍ന്ന കൂടു വളരെനീളമുള്ള ഒരു നൂലുകൊണ്ട് നിര്‍മ്മിച്ചതാണെന്നു കണ്ടെത്തി. വളരെനീളമുള്ള ഒറ്റ നൂല്‍. റാണിയും രാജാവും ഉദ്യാനത്തില്‍ പരിശോധനനടത്തിയപ്പോള്‍ ഉദ്യാനത്തിലെ മള്‍ബറി ചെടികളില്‍ അനേകായിരം കൂടുകള്‍. ആ കൂടുകള്‍ ഉണ്ടാക്കിയിരിക്കുന്നത് പട്ടുനൂലില്‍. ശ്രീ ഇളമത മൂലക്രുതിയിലെ ഇത്തരം വിവരണങ്ങള്‍ ഭംഗിയായിപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് മധ്യകാല യൂറോപ്പിലെ ജനങ്ങള്‍ ഇതിനെ കെട്ടുകഥയായി കരുതി.രണ്ട്‌വിചിത്രമായ മരുഭൂമികളും ഉയരംകൂടി മഞ്ഞുരുകിയൊലിക്കുന്ന പാമീര്‍ മലകളും കടന്നു ചീനയിലെത്തുകയെന്നത് ചിന്തിക്കാന്‍പോലും പലര്‍ക്കും പ്രയാസമായി.കടലിലും കരയിലും ക്രൂരരായ കവര്‍ച്ചക്കാര്‍.അവരില്‍നിന്നൊക്കെരക്ഷപ്പെട്ട് ഇത്രയധികം പണം സമ്പാദിച്ചു വന്നുവെന്നു എങ്ങനെവിശ്വസിക്കുമെന്ന് അവര്‍ ചിന്തിച്ചു. ഇവര്‍ അതിനുണയര്‍തന്നെ ചുണ്ടുകള്‍ കൂട്ടിമുട്ടിച്ച് പ്രണയബദ്ധരാകുന്ന മത്സ്യങ്ങളെ കണ്ടുവെന്നൊക്കെ എഴുതിവച്ചത് ആ കാലത്ത് മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു..ഈ പുസ്തകത്തെ ലക്ഷോപലക്ഷം നുണകള്‍ എന്നുവരെ പേരുനല്‍കി അന്നുള്ളവര്‍ പരിഹസിച്ചു. മാര്‍ക്കോപോളോയുടെ മരണസമയത്ത് അന്ത്യകൂദാശകൊടുക്കാന്‍ വന്ന പാതിരി മാര്‍ക്കോയോട്പറഞ്ഞു. തെറ്റുകള്‍ചെയ്തിട്ടുണ്ടെങ്കില്‍ ഏറ്റ്പറയുക, പാശ്ചാത്തപിക്കുക. പുസ്തകത്തില്‍ നുണകള്‍ എഴുതീട്ടുണ്ടെങ്കില്‍ ഇതാണു കുറ്റസമ്മതം നടത്താനുള്ള സമയം.എന്നാല്‍ മാര്‍ക്കോ പറഞ്ഞത്, ഞാന്‍ കണ്ടതില്‍ പകുതിമാത്രമേ പറഞ്ഞുള്ളു എന്നാണൂ. ചരിത്രകാരന്മാര്‍ ഇന്നും മാര്‍ക്കോപോളൊ ചൈനയില്‍ പോയിട്ടുണ്ടൊ എന്നു സംശയിക്കുന്നുണ്ട്. അവരുടെ പ്രസ്താവനയെ പ്രമാണീകരിക്കാന്‍ പല കാരണങ്ങളും നിരത്തുന്നുണ്ട്. ചരിത്രകാരന്മാര്‍ക്ക് അവിശ്വസനീയത തോന്നുന്നത് ഒരു മഗോളിയന്‍ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ രാജ്യകാര്യങ്ങളില്‍ ഒരു വെള്ളക്കരനെ നിയോഗിക്കുമോ, അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ചൈനക്കരുടെ ചരിത്രത്തില്‍ മാര്‍ക്കോപോളോയുടെ പേരില്ല എന്നൊക്കെയുള്ള കാര്യങ്ങളാണു. എന്നാല്‍ ഇന്നത്തെ പാസ്‌പോര്‍ട്ടുപോലെ മാര്‍ക്കോപോളോക്ക് കുബ്ലൈഖാന്റെ സാമ്രാജ്യത്തില്‍ എവിടേയും സഞ്ചരിക്കാന്‍ അദ്ദേഹം ഒരു സ്വര്‍ണ്ണഫലകം കൊടുത്തിരുന്നതായി മാര്‍ക്കോപോളോ എഴുതിവച്ചിട്ടുള്ളത് ഒരു തെളിവായി എടുക്കാവുന്നതാണ്.

ഈ പുസ്തകത്തില്‍ മാര്‍ക്കോ സഞ്ചരിച്ച സ്ഥലങ്ങളും, അവയുടെ വിവരണങ്ങളും കൊടുത്തിരിക്കുന്നത് മുഴുവനായി മാര്‍ക്കോപോളോയുടെ പുസ്തകത്തില്‍ ഉള്ളതാണോ എന്നറിയണമെങ്കില്‍ മൂലക്രുതിവായിക്കേണ്ടിയിരിക്കുന്നു. ഇളമതയുടെ ഉദ്ദേശ്യം ഒരു ചരിത്രഗന്ഥമല്ലാത്തതിനാല്‍ അദ്ദേഹം മൂലക്രുതിയിലൂടെ സഞ്ചരിച്ച് അവയെല്ലാം അതേപോലെവിവരിക്കയാണുചെയ്തിട്ടുുള്ളത്. അതേസമയം മാര്‍ക്കോപോളോയെ അതിശയിപ്പിച്ച കത്തുന്ന കല്ലു കല്‍ക്കരിയാണെന്നും, കൂര്‍ത്തപല്ലുകളും, പരുപരുത്തതൊളിയുമായി വെള്ളത്തില്‍നിന്നും കരയിലേക്ക് ചാടിമനുഷ്യരേയും മ്രുഗങ്ങളേയും വേട്ടയാടിപ്പിടിക്കുന്ന ഭീകര ജന്തു മുതലയാണെന്നും,മരുഭൂമിയില്‍ കലുകള്‍മാറ്റി ചവുട്ടിന്രുത്തം ചെയ്യുന്ന ഓന്ത് കലാപ്രകടനം നടത്തുകയല്ല അത് അതിന്റെ ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ "തെര്‍മല്‍ ഡാന്‍സ്''ചെയ്യുകയാണെന്നും മ്രുഗങ്ങളെ കൊക്കില്‍ ഒതുക്കി പറക്കുന്ന ഭീമാകാരനായപക്ഷി കഴുകനാണെന്നുമുള്ള വെളിപ്പെടുത്തലുകള്‍ ശ്രീ ഇളമത നടത്തിയിട്ടുണ്ട്.വാലുള്ള മനുഷ്യരെപ്പറ്റിയും മാര്‍ക്കോപോളോ എഴുതിയിട്ടുണ്ട്. കേരളം സന്ദര്‍ശിച്ചപ്പോളായിരിക്കും അത്തരക്കരെ കണ്ടത്. ആദി കവിവാത്മീകിയും ദക്ഷിണഭാരതനിവാസികളെ വാലുള്ള കുരങ്ങ്ന്മാരായി കണ്ടിരുന്നല്ലോ.ശ്രീ ഇളമത ബുദ്ധിപൂര്‍വ്വം ഇതിനുമാത്രം വ്യാഖ്യാനം കൊടുത്തിട്ടില്ല. ഇളമത തന്റെ നോവലില്‍ മാര്‍ക്കോപോളോ നടത്തിയെന്നു വിശ്വസിക്കുന്നയാത്ര സ്ഥിരീകരിക്കുന്നു.

മാര്‍ക്കോപോളോയുടെ സഞ്ചാരങ്ങള്‍ എന്ന പുസ്തകം വിപണിയില്‍ ഇറങ്ങിയപ്പോള്‍ നൂറുകോപ്പികള്‍ തല്‍ക്ഷണംവിറ്റുപോയി. ആ കാലഘട്ടത്തില്‍ പുസ്തകത്തിലെവിവരങ്ങള്‍ വായനകാരില്‍ കൗതുകം ഉളവാക്കിയിരിക്കാം.എന്നാല്‍ ഇന്നത്തെവായനക്കാരില്‍ ഉണ്ടാകുന്നവികാരം ആ കാലത്ത് ഉണ്ടായിരുന്ന ആചാരങ്ങള്‍, കാഴ്ചകള്‍ എല്ലാം ഇപ്പോള്‍ സാധാരണയായിരിക്കുന്നുവെന്നാണു. എന്നിട്ടും ശ്രീ ഇളമതയുടെ "മാര്‍ക്കോപോളോ''എന്ന പുസ്തകത്തിന്റെ ആയിരം കോപ്പികള്‍ അഞ്ചുമാസംകൊണ്ട് വിറ്റുപോയി.

കുബ്ലൈഖാന്റെ നയതന്ത്ര പ്രതിനിധിയായി അദ്ദേഹത്തിന്റെ അധീനതയിലുള്ള രാജ്യങ്ങള്‍ സഞ്ചരിച്ചപ്പോള്‍ മാര്‍ക്കോപോളോയെ അതിശയിപ്പിച്ച വിവരങ്ങളാണുപുസ്തകത്തില്‍ നിറഞ്ഞ്‌നില്‍ക്കുന്നത്.വെനിസ്സില്‍ ജനിച്ച് വളര്‍ന്ന ഒരു പതിനേഴ്കാരന്‍ അവിടെ കണ്ട കാഴ്ചകളില്‍നിന്നും വളരെവ്യത്യസ്ഥമായി കുബ്ലൈ ഖാന്റെ കൊട്ടരപരിസരങ്ങളിലും ചുറ്റും അദ്ദേഹത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളിലും കണ്ടതെല്ലാം അദ്ദേഹത്തെ വിസ്മയാധീനനാക്കി. ഇന്നത്തെ ബെയ്ജിങ്ങ് അന്നു അറിയപ്പെട്ടിരുന്നത് ഖാന്റെ പട്ടണം എന്നര്‍ത്ഥം വരുന്നും ഖാമ്പാലിഗ് എന്നാണു. അവിടെയാണു കുബ്ലൈഖാന്റെ വേനല്‍കാലവസതി പണിതിരുന്നത്. ചുമരുകള്‍സ്വര്‍ണ്ണം കൊണ്ട്, പ്രധാനപ്രവേശനമുറി വെള്ളികൊണ്ട് അവിടെ ആറായിരം പേര്‍ക്കിരിക്കാമത്രെ. അദ്ദേഹത്തിന്റെ കുടുമ്പത്തിനും തന്റെ മുത്തച്ഛനായിരുന്ന ചെങ്കിഷ് ഖാനെസഹായിച്ച ഒരു ഗോത്രവര്‍ഗ്ഗക്കാര്‍ക്കും കുടിക്കാന്‍ അവിടെ പതിനായിരം വെള്ള കുതിരകളെഖാന്‍ വളര്‍ത്തിയിരുന്നു. ആ വെണ്ണക്കല്‍കൊട്ടാരത്തിന്റെ അകചുമരുകളില്‍ മനുഷ്യരുടേയും മ്രുഗങ്ങളുടേയും രൂപങ്ങള്‍ ചായം തേച്ച് വരച്ചുവച്ചിരുന്നു.കുബ്ലൈഖാന്‍ സമ്മാനിച്ച ബാഗ്ദാദിലെ സുന്ദരി ചിങ്ങ്‌ലാനുമൊത്ത് യുവാവായമാര്‍ക്കൊ നടത്തിയ സഞ്ചാരവിശേഷങ്ങ ള്‍ അത്ഭുതംപകരുന്നവയാണു. പക്ഷികള്‍ മനുഷ്യര്‍ക്ക്‌വേണ്ടി വെള്ളത്തില്‍ മുങ്ങിമീന്‍പിടിക്കുന്നത് കണ്ട് അതിശയിച്ചു നിന്ന മാര്‍ക്കോപോളൊയോട് സുന്ദരി വിവരിച്ചു കൊടുക്കുന്നു. അതിന്റെ കാലില്‍ ഒരു നൂലും കഴുത്തില്‍ ഒരു വളയവുമുണ്ട്. പക്ഷിവെള്ളത്തില്‍ മുങ്ങിമീനിനെകൊക്കില്‍ കൊത്തിയാല്‍ കഴുത്തില്‍ വളയമുള്ളത്‌കൊണ്ട് അതിനുവിഴുങ്ങാന്‍സാധിക്കുകയില്ല. അതിന്റെ കാലില്‍ കെട്ടിയിരിക്കുന്ന നൂലില്‍ വലിച്ച് മീന്‍പിടുത്ത കാര്‍ മീനിനെ കൈവശപ്പെടുത്തുന്നു. അവസാനം പക്ഷികള്‍ക്ക് കൂലിയെന്നോണം ഒന്നോ രണ്ടൊ മീനിനെ അവര്‍ക്ക് കൊടുക്കുന്നു.വെളുത്തനിറവും ചെമ്പിച്ച തലമുടിയുമുള്ള ഒരു കുഞ്ഞിനുവേണ്ടി വഴിയില്‍ കണ്ട ഒരു ഗോത്രക്കാരി മാര്‍ക്കോപോളോയോട് അവളുടെ കൂടെ ശയിക്കാമോ എന്നുചോദിക്കുന്നു. അവിടെ അക്കാലത്ത് നിലനിന്നിരുന്ന സദാചാരനിയമങ്ങളും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. വീട്ടില്‍നിന്നും പുറത്ത്‌പോകുന്ന ഭര്‍ത്താവ് ഇരുപത്ദിവസം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ലെങ്കില്‍ ഭാര്യക്ക്‌വേറേ ഭര്‍ത്താവിനെ സ്വീകരിക്കാമത്രെ. മാര്‍ക്കൊപോളെയെ ഏറെ അതിശയിപ്പിച്ചത് സ്വര്‍ണ്ണത്തിനും വെള്ളിക്ക്പകരമുള്ള കടലാസ് കറന്‍സി, കല്‍ക്കരി, അവിടത്തെ തപാല്‍ സംവിധാനം തുടങ്ങിയവയായിരുന്നു.പതിമൂന്നാം നൂറ്റാണ്ടില്‍ യൂറോപ്പിലില്ലാതിരുന്ന പലതും ചീനാകാരുടെ കൈവശമുണ്ടായിരുന്നു. ഇറ്റലിക്കാരുടേതെന്നു വിശ്വസിക്കുന്ന പാസ്റ്റ ചൈനയില്‍നിന്നും മാര്‍ക്കോപോളൊ കൊണ്ടുവന്നതാണെന്നും പുസ്തകത്തില്‍ കാണുന്നു.

ഇതൊരു കല്‍പ്പിത കഥയോ അല്ലയോ എന്നതിനെക്കാള്‍ ഈ പുസ്തകം അക്കാലത്ത് പലരിലും സ്വാധീനം ചെലുത്തിയെന്നുള്ളതാണുപ്രധാനം. ക്രിസ്‌റ്റൊഫര്‍ കൊളമ്പസ് ഇന്ത്യയിലെ സ്വര്‍ണ്ണഖനികള്‍തേടി പുറപ്പെട്ടു. എഴുത്തുകാരെയും ഇത് ആകര്‍ഷിച്ചു. കുബ്ലൈഖാന്റെ കൊട്ടരത്തെകുറിച്ചുള്ള വര്‍ണ്ണന കുബ്ലൈഖാന്‍ എന്ന പേരില്‍ കവിതയെഴുതാന്‍ സാമുല്‍ കോളറിഡ്ജിനു പ്രചോദനം നല്‍കി. സില്‍ക്പാതയെപ്പറ്റിയുള്ള വിവരം അനവധി പാശ്ചത്യരെ അവിടേക്ക് ആകര്‍ഷിച്ചു.ഏഷ്യയിലൂടെയുള്ള മാര്‍ക്കൊപോളൊയുടെ സഞ്ചാരവര്‍ഷം ഇരുപത്തിനാലായിരുന്നു. സില്‍ക് പാതയിലൂടെ ആദ്യം സഞ്ചരിച്ച യൂറോപ്യന്‍. ചൈന മുഴുവന്‍സഞ്ചരിച്ച സ്വന്തം നാടായ വെനിസ്സില്‍വന്നു ആ കഥകള്‍ എഴുതി ആ പുസ്ത്കം ഏറ്റവും മഹത്തരമായ സഞ്ചാരസാഹിത്യമായി പ്രശസ്തിനേടി.ഇപ്പോള്‍ ഇതാ മലയാളത്തില്‍ ആദ്യമായി ഈ പുസ്തകത്തിന്റെ നോവല്‍രൂപം ശ്രീ ഇളമത രചിച്ചിരിക്കുന്നു.യാത്രകള്‍ ഇഷ്ടപ്പെടുന്നവരും, യാത്രകളിലെസാഹസിക കഥകള്‍ ഇഷ്ടപ്പെടുന്നവരും, പഴയ കാലഘട്ടങ്ങളിലെ മനുഷ്യരുടെ ജീവിതരീതിയും, നാഗരികതയും, സംസ്കാരവും അറിയാന്‍ ആഗ്രഹിക്കുന്നവരും ഈ പുസ്തകം വായിക്കാന്‍ താല്‍പ്പര്യമുള്ളവരാകും.
ശ്രീ ജോണ്‍ ഇളമതക്കും എല്ലാവിധഭാവുകങ്ങളും നേരുന്നു.
ശുഭം 
ലോകസഞ്ചാരിയുടെ വിശേഷങ്ങള്‍ (പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
KRISHNA 2016-10-21 20:39:39
ഇനിയും ഇനിയും ഇത്തരം  പുസ്തകങ്ങള്‍  എഴുതപ്പെടട്ടെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക