Image

ഇന്‍ഡ്യ തിരിച്ചടിച്ചു. ഇനിയെന്ത്?(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 03 October, 2016
 ഇന്‍ഡ്യ തിരിച്ചടിച്ചു. ഇനിയെന്ത്?(ദല്‍ഹികത്ത് : പി.വി.തോമസ്)
പാക്കിസ്ഥാന്റെ ഭീകരാക്രമണ പരമ്പരക്ക് മറുപടിയായി, ഏറ്റവും ഒടുവിലത്തെ ഉറി ഉള്‍പ്പെടെ ഇന്‍ഡ്യ തിരിച്ചടിച്ചു. അതിര്‍ത്തി കടന്ന് പാക്ക് ഭീകര ക്യാമ്പുകളില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി കൊണ്ടായിരുന്നു ഇന്‍ഡ്യയുടെ മിന്നലാക്രമണം. ഏഴ് ഭീകര ലോഞ്ച് പാഡുകള്‍ നശിപ്പിക്കുകയും നാല്പതിലേറെ ഭീകരരെയും രണ്ട് പാക്കിസ്ഥാന്‍ സൈനികരെയും ഇന്‍ഡ്യന്‍ സേന വധിച്ചതായിട്ടാണ് ഔദ്യോഗിക സ്ഥിരീകരണം. ഇത് പാക്കിസ്ഥാന് ഇന്‍ഡ്യക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ ഒരു ശിക്ഷ ആയിരുന്നു, വന്‍ അപകട പ്രത്യാക്രമണ സാദ്ധ്യതകള്‍ പതിയിരിപ്പുണ്ടായിരുന്നുവെങ്കിലും. സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം എന്ത് എന്നുള്ള ചോദ്യം നിലനില്‍ക്കുന്നു.

പാക്കിസ്ഥാന്‍ ഏതായാലും മുഖം രക്ഷിക്കുവാനും പെട്ടെന്നുള്ള ഒരു പ്രത്യാക്രമണത്തില്‍ നിന്നും രക്ഷപ്പെടുവാനുമായി അതിര്‍ത്തി ലംഘിച്ചുള്ള ഇന്‍ഡ്യയുടെ ഈ മിന്നലാക്രമണത്തെ നിഷേധിച്ചിരിക്കുകയാണ്. പതിവുപോലെയുള്ള വെടിനിര്‍ത്തല്‍ ലംഘനം മാത്രം ആണ് സെപ്തംബര്‍ മുപ്പതാം തീയതി പാതിരാത്രി മുതല്‍ നാലു മണിക്കൂര്‍ നേരത്തേക്ക് അതിര്‍ത്തിയില്‍ നടന്നതെന്നാണ് പാക്ക് വിശദീകരണം. അതായത് പാക്കിസ്ഥാന്റെ ഇനിയുള്ള പാത പതിവുപോലെ ഫ്രോക്‌സിവാറും ഭീകരാക്രമണവും തന്നെ ആയിരിക്കുമെന്ന് സൂചന. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ നിഷേധിക്കുന്ന പാക്കിസ്ഥാന്‍ എന്തിനായിരിക്കാം അതിന്റെ ആകാശത്തിനു മുകളിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയത്? കറാചിക്കും(33,000 അടി) ലാഹോറിനും(29,000 അടി) മുകളില്‍ മാത്രമെ കമേഴ്‌സ്യല്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ പറക്കാവൂ എന്നാണ് പുതിയ പാക്ക് ഉത്തരവ്. ഇത് ഇന്‍ഡ്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെതിരെയുള്ള ഒരു നീക്കം അല്ലെ? അതേ. പക്ഷേ, സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സമ്മതിക്കുകയില്ല. അതു തന്നെയാണ് അമേരിക്കയുടെ ബിന്‍ലാഡന്‍ ഓപ്പറേഷനോടും പാക്കിസ്ഥാന്‍ സ്വീകരിച്ച സമീപനം. പാക്കിസ്ഥാന്‍ മിലിട്ടറി അക്കാഡമിയുടെ ആസ്ഥാനമായ അബോട്ടാബാദില്‍ ഒളിച്ചിരുന്ന, നാലഞ്ച് വര്‍ഷമായി, ബിന്‍ ലാഡനെയാണ് അമേരിക്ക ഒരു പാതിരാത്രി ഓപ്പറേഷനിലൂടെ പിടിച്ച് കൊന്ന് കടലില്‍ എറിഞ്ഞത്. പാക്കിസ്ഥാന്‍ അതുവരെ ബിന്‍ലാഡന്റെ ഒളിതാമസം ആ രാജ്യത്ത് നിരാകരിച്ചതുപോലെ ഇതും കണ്ടതായി നടിച്ചില്ല. ഇതാണ് പാക്കിസ്ഥാന്‍ എന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് അറിവുള്ളതാണ്.
പക്ഷേ, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിന്റെ വക്താവ് സ്റ്റെഫെയിന്‍ സുജാറിക്ക് ഇങ്ങനെ ഒരു ഓപ്പറേഷന്‍ യു.എന്‍.ന്റെ പട്ടാള നിരീക്ഷക ഗ്രൂപ്പ് നേരിട്ട് കണ്ടതായി സ്ഥിരീകരിച്ചില്ല. പക്ഷേ ഐക്യരാഷ്ട്രസഭയിലെ ഇന്‍ഡ്യയുടെ സ്ഥിരപ്രതിനിധിയായ സെയ്ത് അക്ബറുദ്ദീന്‍ അത് ഐക്യരാഷ്ട്രസഭയുടെ വീഴ്ചയായി കണ്ടു. എത്ര ഭീകരരെ ഇന്‍ഡ്യന്‍ സേന വധിച്ചു എന്നതിന് കൃത്യമായ കണക്ക് തരുവാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ല. ഇത് പോലെ ഒരു രഹസ്യ, മിന്നല്‍ ആക്രമണത്തില്‍ ശവം എണ്ണുവാന്‍ സേന നില്‍ക്കുകയില്ലെന്നത് മറ്റൊരു വസ്തുത.

ഏതായാലും ഇന്‍ഡ്യ നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനിലുള്ള(പാക്ക് അധിനിവേശ കാശ്മീര്‍) ഭീകരപരിശീലന കേന്ദ്രങ്ങളെ ആക്രമിച്ച് പരമാവധി നാശനഷ്ടം വരുത്തിയെന്നുള്ളതാണ് വസ്തുത. ഇതിനായി യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചില്ല. ആര്‍മി ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ അതിര്‍ത്തിവരെ ഇരുന്നൂറോളം പ്രത്യേക പരിശീലനം ലഭിച്ച കമോന്റകളെ പരാഡ്രോപ്പ് ചെയ്തു. അവിടെ നിന്നും അവര്‍ നിയന്ത്രണ രേഖ കടന്ന് രണ്ട് കിലോമീറ്ററോളം പാക്ക് അധിനിവേശ കാശ്മീറില്‍ കടന്ന് ആക്രമണം നടത്തുകയായിരുന്നു. ഇതാണ് നമുക്ക് ഇപ്പോള്‍ ലഭിക്കുന്ന വസ്തുത. ഇത് ഇന്‍ഡ്യ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് നയത്തിന് നല്‍കിയ ശക്തമായ ഒരു തിരിച്ചടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പക്ഷേ, പാക്കിസ്ഥാന്‍ ഗവണ്‍മെന്റും പാക്ക് മാധ്യമങ്ങളും ഇത് വിശ്വസിക്കുന്നില്ല. മുംബൈ, പത്താന്‍കോട്ട്, ഉറി ഭീകരാക്രമണങ്ങള്‍ ഇന്‍ഡ്യ തന്നെ കെട്ടിച്ചമച്ച, ആസൂത്രണം ചെയ്ത സംഭവങ്ങള്‍ ആണെന്ന് പ്രചരിപ്പിക്കുന്ന ഇവര്‍ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കും ഇന്‍ഡ്യയുടെ ഒരു കെട്ടുകഥയായി ചിത്രീകരിക്കുന്നു. ഇന്‍ഡ്യയുടെ രഹസ്യ സംഘടനകളായ റോയുടെയും(റിസര്‍ച്ച് ആന്റ് അനാലസിസ് വിങ്ങ്) ഐ.ബി.യുടെയും(ഇന്റലിജന്‍സ് ബ്യൂറോ)ക്രൈക്രിയയാട്ടാണ് ഇതിനെ ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇന്‍ഡ്യ അതിന്റെ 19 സൈനികരെ ഇങ്ങനെ വകവരുത്തുമോ? ഉറിയില്‍? 20 സൈനികരെ ഭീകരമായി മുറിവേല്പിക്കുമോ? അതേ നടപടി തന്നെ മുംബൈയിലും പത്താന്‍കോട്ടും പാര്‍ലിമെന്റിലും ആവര്‍ത്തിക്കുമോ? എന്ത് നുണ പ്രചരണം ആണ് ഇത്? സാമാന്യ ബോധമുള്ള ആരെങ്കിലും ഇത് വിശ്വസിക്കുമോ? ഉറിയുടെയും സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും ഉന്നം അടുത്ത വര്‍ഷം ആരംഭം ഉത്തര്‍പ്രദേശില്‍ നടക്കുവാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായിട്ടുള്ള ഹിന്ദു വോട്ട് ധ്രൂവീകരണം ആണെന്നാണ് പ്രചരണം.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്‍ഡ്യ ആസൂത്രണം ചെയ്ത മറുപടി നടപടികളില്‍ ഒന്ന് മാത്രം ആയിരുന്നു. പാക്കിസ്ഥാനുമായുള്ള ഇന്റസ് ജല കരാറിന്റെ പുനര്‍ പരിശോധന ആയിരുന്നു മറ്റൊന്ന്. ലോകബാങ്കിന്റെ മേല്‍നോട്ടത്തില്‍ ഇന്‍ഡ്യയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളുടെ ജലവിഭവം പങ്കിടുന്നത് സംബന്ധിച്ച ഒരു കരാര്‍ ആണ്. ഇന്‍ഡ്യ അത് തിരുത്തിയാല്‍ പാക്കിസ്ഥാനില്‍ വരള്‍ച്ചയും ക്ഷാമവും ആയിരിക്കും ഫലം. 1965 ലെയും 1971 ലെയും യുദ്ധകാലത്തു പോലും ഇന്‍ഡ്യ ഇതില്‍ കൈവച്ചിട്ടില്ല. ഇപ്പോള്‍ അതിന് മുതിരുന്നതായി മുന്നറിയിപ്പുണ്ടായി. പക്ഷേ, അതിനും മറ്റ് ചില അപായങ്ങള്‍ ഉണ്ട്. ഇന്‍ഡ്യയിലൂടെ ഒഴുകുന്ന പല നദികളും, ഹമ്മപുത്ര ഉള്‍പ്പെടെ, ചൈനയില്‍ ഉത്ഭവിക്കുന്നവയാണ്. ചൈന പാക്കിസ്ഥാന്റെ സഖ്യ രാജ്യം ആണ്. ഭയന്നതുപോലെ ചൈന ഫമ്മ പുത്രയുടെ ഒരു പോഷകനദി അടക്കുന്നതായും പ്രഖ്യാപിച്ചു.
പാക്കിസ്ഥാന് ഇന്‍ഡ്യ വാണിജ്യത്തില്‍ നല്‍കിയിരുന്ന പ്രത്യേക സ്ഥാനം പിന്‍വലിക്കുവാനുള്ള പരിഗണനയായിരുന്നു മറ്റൊന്ന്. അടുത്തത് സാര്‍ക്ക് സമ്മേളനത്തില്‍ നിന്നുമുള്ള വിട്ടുനില്‍ക്കല്‍. ഇത് പ്രാവര്‍ത്തികം ആക്കി. നവംബറിലെ സാര്‍ക്ക് സമ്മേളനം(പാക്കിസ്ഥാന്‍) റദ്ദായി. പിന്നെയും നടപടികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇന്‍ഡ്യന്‍ വായു അതിര്‍ത്തി പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് നിരോധിക്കുന്നത് ഉള്‍പ്പെടെ.

ഇന്‍ഡ്യയും പാക്കിസ്ഥാനും ഉറിക്കും സര്‍ജിക്കല്‍ സ്‌ട്രൈക്കിനും ശേഷം ഒരു തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണോ? ഒരു സംഘട്ടനത്തിന്റെ വിഷയം വരുമ്പോള്‍ പാക്കിസ്ഥാന്‍ ഇന്‍ഡ്യയെ ബോംബിട്ട് നശിപ്പിക്കുമെന്ന ഭീഷണി ആണ് ആദ്യം മുഴക്കുന്നത്. അത് തികച്ചും ബാലിശമായ ഒരു ഭീഷണി ആണ്. ഒരു ആണവ ശക്തിയാണെങ്കിലും ഇന്‍ഡ്യ ഇങ്ങനെയുള്ള ഭീഷണികള്‍ ഒരിക്കലും മുഴക്കാറില്ല. മനസിന്റെ സമനില തെറ്റിയ ഒരു സംഘം പട്ടാള-ഐ.എസ്.ഐ. ഭരണാധികാരികളും നട്ടെല്ലില്ലാത്ത ഒരു സിവിലിയന്‍ ഗവണ്‍മെന്റും ഇവരുടെയെല്ലാം സൃഷ്ടിയായ കുറെ ഭീകര സംഘടനകളും ആണോ ഇന്ന് പാക്കിസ്ഥാന്‍ ഭരിക്കുന്നത്? ഇതാണോ ഭേദപ്പെട്ട ഇന്‍ഡോ-പാക്ക് ബന്ധത്തിനുള്ള വഴി? കാശ്മീരില്‍ സമാധാനം സ്ഥാപിക്കുവാനുള്ള മാര്‍ഗ്ഗം? അല്ല.
ഇന്‍ഡ്യയിലും ഉറിക്കും സര്‍ജിക്കല്‍ സ്‌ട്രൈക്കിനും ശേഷം യുദ്ധ ഭീഷണിയുടെ ഇടിമുഴക്കം ആയിരുന്നു. പല മാധ്യമങ്ങളും, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍, യുദ്ധം പ്രഖ്യാപിക്കുക തന്നെയുണ്ടായി. ടെലിവിഷന്‍ ചാനലുകളുടെ ചര്‍ച്ചാവേദികള്‍ യുദ്ധപ്രഖ്യാപനവേദികള്‍ ആയി. അവതാരകര്‍ സേനാനായകന്മാരും യുദ്ധ വിമാനത്തിന്റെ പൈലറ്റുകളും ആയി. ശാന്തം പാവം. ബി.ജെ.പി.യുടെ ചില നേതാക്കന്മാര്‍ ഒരു പല്ലെടുത്താല്‍ പകരം താടിയെല്ല് എടുക്കണമെന്ന് ആക്രോശിച്ചു. ശാന്തം പാവം എന്നല്ലാതെ എന്തു പറയുവാന്‍?

ഇന്ത്യ ഇന്ന് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ഏഷ്യന്‍ രാജ്യം ആണ്. ഒരു യുദ്ധം അതിനെ 20 വര്‍ഷം പിറകോട്ടടിക്കും. ആര് എന്ത് നേടും? നഷ്ടപ്പെടുവാന്‍ ഇന്‍ഡ്യക്കേയുള്ളൂ. പാക്കിസ്ഥാന്‍ കാര്യമായിട്ടില്ല. മനുഷ്യജീവിതം അല്ലാതെ.
യു.പി.എ.യുടെ തന്ത്രപരമായ സംയമനം എന്ന നിലപാടില്‍ നിന്നും എന്‍.ഡി.എ. അതിര്‍ത്തി കടന്ന മിന്നലാക്രമണം എന്ന നയത്തിലേക്ക് കടക്കുകയാണ്. അത് ഒരു തുറന്ന യുദ്ധത്തിലേക്ക് പോകുന്നത് ആപത്താണ്. രാജ്യ താല്‍പര്യം യുദ്ധക്കൊതിയന്മാരുടെ പോര്‍ വിളി ആകരുത്. അതിന് രാഷ്ട്രീയ താല്‍പര്യം ഉണ്ടാകരുത്. രാഷ്ട്രതാല്‍പര്യമേ ഉണ്ടാകാവൂ. പാക്കിസ്ഥാന്റെ മണ്ണില്‍ നിന്നും വരുന്ന ഭീകരാക്രമണത്തെ ഇന്‍ഡ്യ എന്ത് വിലകൊടുത്തും ഇല്ലാതാക്കണം. സര്‍ജിക്കല്‍ സ്‌ട്രൈക്കെങ്കില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. പക്ഷേ, ഇന്‍ഡ്യ പാക്കിസ്ഥാനുമായുള്ള സമാധാന സംഭാഷണങ്ങള്‍ക്ക് പരിഗണ നല്‍കണം. കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കണം. കാരണം യുദ്ധവും പോര്‍വിളിയും അല്ല ശാശ്വതമായ സമാധാനത്തിനുള്ള വഴി. അത് സാമ്പത്തീക ഭദ്രതയെ ഉലക്കും. ജനങ്ങളെ ദുരിതത്തിലേക്കും കഷ്ടപ്പാടിലേക്കും വലിച്ചിഴക്കും. അതായിരിക്കരുത് മോഡി ഗവണ്‍മെന്റിന്റെ ലക്ഷ്യം.

 ഇന്‍ഡ്യ തിരിച്ചടിച്ചു. ഇനിയെന്ത്?(ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക