Image

പള്ളിയുടെ ഗേറ്റ് ഓര്‍ത്തഡോക്‌സ് വിഭാഗം പൂട്ടി: വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം

അനില്‍ പെണ്ണുക്കര Published on 12 February, 2012
പള്ളിയുടെ ഗേറ്റ് ഓര്‍ത്തഡോക്‌സ് വിഭാഗം പൂട്ടി: വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം
കാവുംഭാഗം : ആരാധനയ്ക്ക് ശേഷം പള്ളി അങ്കണത്തില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. പോലിസ് സ്ഥലത്തെത്തി പ്രശ്‌നം രമ്യതയിലാക്കി.
കാവുംഭാഗം കട്ടപ്പുറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് സംഘര്‍ഷം ഉടലെടുത്തത്. കോടതി ഉത്തരവ് പ്രകാരം പള്ളി ശ്മശാനത്തില്‍ അടക്കം ചെയ്തിട്ടുള്ളവരുടെ ഓര്‍മ പുതുക്കാന്‍ യാക്കോബായ വിഭാഗത്തിന് ധൂപ പ്രാര്‍ഥന നടത്താന്‍ എല്ലാവര്‍ഷവും അവകാശം നല്‍കിയിരുന്നു.
ഇതിന്‍പ്രകാരം യാക്കോബായ വിശ്വാസികളായവര്‍ ധൂപ പ്രാര്‍ഥനയ്ക്കായി പള്ളി അങ്കണത്തില്‍ പ്രവേശിപ്പിച്ചപ്പോള്‍ ധൂപക്കുറ്റിയുമായി പ്രവേശിക്കാനാകില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ശഠിച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് യാക്കോബായ വിഭാഗം പറയുന്നു.
ധൂപക്കുറ്റിയുമായി പ്രവേശിച്ച് സെമിത്തേരിയിലെത്തി ധൂപപ്രാര്‍ഥന നടത്തി തിരികെയിറങ്ങാന്‍ നോക്കിയപ്പോള്‍ പള്ളിയുടെ ഗേറ്റ് ഓര്‍ത്തഡോക്‌സ് വിഭാഗം പൂട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
ഒടുവില്‍ യാക്കോബായ വിഭാഗം ഗേറ്റിനരുകില്‍ കുത്തിയിരുപ്പ് സമരം നടത്തി. തിരുവല്ല ഡിവൈ.എസ്.പി സാബു പി ഇടുക്കിള, സി.ഐ ബിനു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസെത്തി ഡോ.ഗീവറൂഗീസ് മാര്‍ കൂറിലോസ് മെത്രപ്പോലീത്തയുമായി ചര്‍ച്ച നടത്തിയാണ് കുത്തിയിരിപ്പ് സമരം അവസാനിച്ചത്. ഓര്‍ത്തഡോക്‌സ് വിഭാഗവും യാക്കോബായ വിഭാഗവും പള്ളി സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നു.
യാക്കോബായ വിഭാഗം പുതിയ പള്ളി നിര്‍മിച്ചു മാറിയെങ്കിലും ഇവരുടെ ബന്ധുക്കളുടെ കല്ലറകളില്‍ വര്‍ഷംതോറും ധൂപപ്രാര്‍ഥന നടത്താന്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ യാക്കോബായ വിഭാഗം ഇന്നലെ ധൂപപ്രാര്‍ഥനയ്ക്ക് പള്ളിയുടെ പിന്‍വശത്തെ ഗേറ്റിലൂടെയാണ് പ്രവേശിച്ചതെന്നും അവര്‍ക്കു പുറത്തുപോകാന്‍ അതുവഴി തന്നെയാകാമെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പറഞ്ഞു. 
പള്ളിയുടെ ഗേറ്റ് ഓര്‍ത്തഡോക്‌സ് വിഭാഗം പൂട്ടി: വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക