Image

വണ്ടേ നീ ചാകുന്നു, വിളക്കും കെടുത്തുന്നു

ഏബ്രഹാം തെക്കേമുറി Published on 13 February, 2012
വണ്ടേ നീ ചാകുന്നു, വിളക്കും കെടുത്തുന്നു
വേദ ഇതിഹാസങ്ങളില്‍ മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്‌ടിയാണ്‌.. ലൈംഗികത ജീവന്റെ നിലനില്‍പ്പും. അപ്പോള്‍ സെക്‌സ്‌ എങ്ങനെ പാപമായി ? ഏദെന്‍ തോട്ടത്തില്‍ വച്ച്‌ ഹൗവ ജ്‌ഞാനവൃക്‌ഷത്തിന്റെ ഫലം പറിച്ചു തിന്നതുകൊണ്ടോ? അതോ വേദവ്യാസന്‍ മുക്കുവ കന്യകയില്‍ പിറന്നതുകൊണ്ടോ? സെക്‌സിന്റെ അതിപ്രസരണം മതഗ്രന്‌ഥങ്ങളുടെ അടിസ്‌ഥാനഘടകമാണ്‌. പക്‌ഷേ സെക്‌സ്‌ പാപമാണുതാനും. സാമൂഹ്യനീതി നിലനില്‍ക്കാന്‍ ഈ വ്യവസ്‌ഥിതി നല്ലതു തന്നേ. എന്നാല്‍ ആണിനേയും പെണ്ണിനേയും തമ്മില്‍ ഇണചേരാന്‍ അനുവദിക്കുന്ന വിവാഹമെന്ന പ്രക്രിയിലൂടെ `കുടുംബജീവിത'മെന്ന അവകാശം ഉറപ്പിക്കപ്പെടുമ്പോള്‍ ഈ ജീവിതത്തിനൊരു ലഹരിയുണ്ട്‌. ആ ലഹരിയില്‍ ചിട്ടപ്പെടുത്തുന്ന ഒരു ജീവിതക്രമമുണ്ട്‌. ആ ക്രമത്തില്‍ വ്യക്‌തിത്വത്തിന്റെ വളര്‍ച്ചയും, പ്രലോഭനങ്ങളുടെ വിടുതലുമാണ്‌ ഭാര്യാഭര്‍ത്താക്കന്മാര്‍ നേടുന്നത്‌. അഥവാ നേടേണ്ടത്‌. ലൈംഗീക സംതൃപ്‌തി എന്ന മൂലക്കല്ലില്‍ പണിയുന്ന `കുടുംബ'മെന്ന ഘടകമാണ്‌ സമൂഹത്തിന്റെ ജീവനാഡി. ഇവിടെ ജനിക്കപ്പെട്ട്‌ വളര്‍ത്തപ്പെടുന്ന കുഞ്ഞുങ്ങളാണ്‌ നല്ല നാളെയുടെ `വാഗ്‌ദാനങ്ങള്‍'.

ഗതിമാറിയൊഴുകുന്ന ഒരുവിധ അധമപ്രവണത ഇന്നത്തെ ലൈംഗീകലഹരിയില്‍ മനുഷ്യരാശിയെ ഞെരുക്കുന്നു. കുടംബപ്രശ്‌നങ്ങളുടെയും വ്യക്‌തിജീവിതങ്ങളുടെ തകര്‍ച്ചയുടെയും അടിസ്‌ഥാനകാരണം ലൈംഗികപരമായ കാഴ്‌ചപ്പാടും അനുഭവവും തമ്മിലുള്ള പൊരുത്തമില്ലായ്‌കയാണ്‌. തുറന്നു ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയത്തെ, കുമ്പസാരക്കൂട്ടിലെ ഏറ്റവും കഠിനപാപമായി നിലനിര്‍ത്തിപ്പോരുന്ന സംസ്‌കാരത്തില്‍ ഇന്നും മുങ്ങിക്കിടക്കുന്നു അമേരിക്കന്‍ മലയാളികള്‍. ഫലമോ, നിസാരകാര്യത്തില്‍ ചിലരെ കുറ്റബോധം വേട്ടയാടി വിഷാദരോഗിയായി വിമ്മിഷ്‌ടപ്പെടുത്തുമ്പോള്‍, മറ്റുചിലര്‍ അജ്‌ഞതയുടെ സ്വപ്‌നലോകത്ത്‌ കിടക്കകള്‍ മാറി മാറി വിരിക്കുന്നു.

അലയടിച്ചുയരുന്ന ജീവിതതിരകളില്‍ നേട്ടത്തിന്റെ പിന്നാലെ ഓടി, ചിലര്‍ ഭാര്യയെ മറന്നു, ചിലര്‍ ഭര്‍ത്താവിനെ മറന്നു, പലയിടത്തും മാതാപിതാക്കള്‍ മക്കളെ മറന്നു. അമേരിക്കന്‍ സംസ്‌കാരത്തിന്റെ എച്ചിലുകള്‍ മാത്രം മനസില്‍ അടിഞ്ഞ മക്കള്‍ വേഷത്തിലും ഭാവത്തിലും ജീവിതത്തിലുമൊക്കെ അതു വളരെ ശാന്തമായി പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ ഇങ്ങനെ കൂളായി നടക്കുന്നു. നല്ലതു തന്നെ.

സമൂഹമെന്നത്‌ തിരകളുയരുന്ന ഒരു അലകടല്‍ തന്നെയാണ്‌. അതില്‍ക്കിടന്ന്‌ കാലിട്ടടിച്ച്‌ വല്ല വിധേനയും രക്‌ഷപെടാന്‍ ശ്രമിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസമായിക്കൊണ്ടിരിക്കുന്നു ഇത്തരം സംഭവവികാസങ്ങള്‍. അപ്പോള്‍ എല്ലാത്തുറകളിലുമുള്ള നന്മതിന്മകളെപ്പറ്റി ഒരു വിഷയാനുക്രമമായി ചിന്തിക്കുകയും, എഴുതുകയും ചേയ്യേണ്ടത്‌ ഇന്നിന്റെ ആവശ്യമാണ്‌.

ജീവിതസംഘര്‍ഷങ്ങള്‍ കുറയ്‌ക്കാനുള്ള ഒരു ഉപാധിയാണ്‌ സെക്‌സ്‌ എന്നത്‌ ജനികതശാസ്‌ത്രപ്രകാരം അംഗീകരിക്കപ്പെട്ടതാണ്‌. മലമൂത്രവിസര്‍ജ്‌ജനം പോലെ സമയാസമയങ്ങളില്‍ വിസര്‍ജ്‌ജിക്കപ്പെടേണ്ട ഒന്നാണ്‌ ഓരോ മനുഷ്യശരീരത്തിലും പ്രായാനുസൃതമായി വന്നടിയുന്ന വികാരഉച്‌ഷ്‌ഠങ്ങള്‍. അത്‌ ശാരീരികശാസ്‌ത്രപ്രകാരം നിര്‍വഹിക്കപ്പെടാതിരുന്നാല്‍ കാമം ക്രോധത്തിലേയ്‌ക്കും , പിന്നെ ശക്‌തി ക്‌ഷയിച്ച്‌ മാത്‌സര്യത്തിലേക്കും വഴുതപ്പെടും. ഇന്നത്തെ ലോകത്തില്‍ എല്ലാവര്‍ക്കും അറിയാവുന്ന വസ്‌തുത. എന്നിരിക്കിലും സന്ദര്‍ഭവശാല്‍ അമേരിക്കന്‍മലയാളികളില്‍ സെക്‌സ്‌ ജീവിതസംഘര്‍ഷങ്ങള്‍ വര്‍ദ്‌ധിപ്പിക്കുന്ന ഒരു വിഷയമായി ഇന്ന്‌ രൂപപ്പെട്ടിരിക്കുന്നു. എന്താണിതിന്റെ കാരണം? അതിനു സമയമില്ലയെന്നതു തന്നെ.

ഇതാ നോക്കൂ. ഇന്ന്‌ തിങ്കളാഴ്‌ച. രാവിലെ ആറ്‌ മണിക്ക്‌ ഭര്‍ത്താവ്‌ ജോലിക്ക്‌ പോകുന്നു. കുട്ടികളെ സ്‌കൂളിലയച്ചിട്ട്‌ വന്നുകിടന്ന്‌ ഭാര്യ സുഖമായി ഉറങ്ങുന്നു. രണ്ടരയായപ്പോള്‍ എഴുന്നേറ്റ്‌ സെക്കന്റ്‌ ഷിഫ്‌റ്റിന്‌ ജോലിക്കായി പോകുന്നു. കുട്ടികള്‍ സ്‌കൂളില്‍നിന്ന്‌ എത്തുമ്പോഴോ, അതിനു ശേഷമോ ഏതെങ്കിലുമൊരു സമയത്ത്‌ ഭര്‍ത്താവ്‌ എത്തുന്നു. അതു മുതല്‍ കുട്ടികളുടെ പരിചരണം, ഹോം വര്‍ക്‌ തുടങ്ങി രാത്രി പത്തു മണിവരെ മേപ്പടിയാന്‌ വിശ്രമമില്ല. എല്ലാം കഴിയുമ്പോള്‍ നാളെക്കാലത്ത്‌ ആറുമണിക്ക്‌ എഴുന്നേല്‍ക്കണമെന്ന ബോധം ഉറക്കത്തെ വിളിച്ചു വരുത്തുന്നു. എന്നാല്‍ ഭാര്യ വരാതെ എങ്ങനെ ഉറങ്ങും?. സോഫായില്‍ ചുരുണ്ടുകൂടുന്നു. രാത്രി പന്ത്രണ്ട്‌ ആകുമ്പോള്‍ ഭാര്യ എത്തുന്നു. ആശ്വാസമായി. ഭര്‍ത്താവ്‌ നേരെ കിടക്കയിലേക്കും ഭാര്യ ബാത്ത്‌ റൂമിലേക്കും. കുളിയും കഴിഞ്ഞ്‌ അത്താഴവും കഴിച്ച്‌ ഭാര്യയും ചെന്നു കിടക്കുന്നു. ഇവിടെയും ചില പ്രത്യേകതകള്‍ കാണാം. കിടക്ക അനങ്ങരുതെന്നു നിര്‍ബന്‌ധമുള്ളവര്‍, കൂര്‍ക്കം വലിക്കരുതെന്നു ശാഠ്യമുള്ളവര്‍ ഉറക്കറയില്‍ സെപ്പറേഷന്‍ ഇഷ്‌ടപ്പെടുന്നു. ഇപ്പോള്‍ രാത്രി രണ്ട്‌ മണിയായിരിക്കുന്നു. ഭര്‍ത്താവ്‌ ഗാഢനിദ്രയില്‍. ഭാര്യയാകട്ടെ ജോലിയില്‍ നിന്നും ക്‌ഷീണിതയായി വന്നവളും. ഇവിടെ ഇനിയും ഉറങ്ങുകയെന്നതിനല്ലാതെ മറ്റൊന്നിനും സ്‌ഥാനമില്ല.

ഇങ്ങനെ സന്ധ്യയായി, ഉഷസുമായി ഒന്നാം ദിവസം. അങ്ങനെ തന്നേ രണ്ടാം ദിവസവും. ആഴ്‌ചയില്‍ അഞ്ചുദിവസവും ഇപ്രകാരംതന്നേ കടന്നുപോകുന്നു. ഇനിയും ശനിയാഴ്‌ചയെന്ന ആറാം ദിവസം. ഉറക്കത്തിന്റെ ദിനമാണ്‌. ആരും വിളിച്ചില്ലെങ്കില്‍ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടുമണിവരെ യാതൊരു മടിയും കൂടാതെ ഉറങ്ങുന്ന ഭാര്യയും(ഭര്‍ത്താവും) കുട്ടികളും അമേരിക്കന്‍ മലയാളിയുടെ മുതല്‍ക്കൂട്ടാണ്‌. എന്തെല്ലാം കാര്യങ്ങള്‍ ബാക്കി കിടക്കുന്നു. വീട്‌ ക്‌ളീനാക്കണം. വൈകിട്ട്‌ പ്രയറിനു പോകണം. ഷോപ്പിംഗ്‌ നടത്തണം. പിന്നീട്‌ സാമൂഹ്യജീവിതത്തിലെ പങ്കാളിത്വം ഉറപ്പാക്കണം. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോഴും പറഞ്ഞുവന്ന വിഷയത്തിനു സമയം കണ്ടെത്തിയില്ല. ഈ ജീവിതം എത്ര കാലമായി തുടരുന്നു. ആ തുടര്‍ച്ചയില്‍ ജോലി നിമിത്തം തങ്ങളേത്തന്നെ ഷണ്ഡ?ാരാക്കിയവരാണേറെ. അപ്പോള്‍പ്പിന്നെ ജോലിയോടൊപ്പം സൈഡ്‌ബിസിനസ്‌ കൂടി ഉള്ളവരുടെ ഗതിയോ? ഉറക്കറയിലും അരയ്‌ക്കു ചുറ്റും ബീപ്പര്‍.

പുലരുന്ന നാളെയെന്ന ദിനത്തില്‍ ചെയ്‌തുതീര്‍ക്കേണ്ടുന്ന ഒരു വലിയ പട്ടികയുമായി ഉറക്കറയിലേക്ക്‌ പ്രവേശിക്കുന്ന ഭര്‍ത്താവ്‌. നാളെ എങ്ങനെ നാലു കാശുണ്ടാക്കാം അഥവാ സ്‌റ്റോക്ക്‌ മാര്‍ക്കറ്റിന്റെ ഗതിയെന്താകും എന്നിങ്ങനെ ദ്രവ്യാഗ്രഹത്തിന്റെ സകലവിധ ദോഷങ്ങളും മനസില്‍പ്പേറി നടക്കുന്ന പുരുഷന്‌ ലൈംഗീക ഉത്തേജനം ഉണ്ടാകുകയെന്നത്‌ സ്വാഭാവികമല്ല. സ്വാഭാവികമായിതന്നെ ഒരു സ്‌ത്രീയുടെ ലൈംഗീകാവശ്യങ്ങള്‍ നിറവേറ്റാന്‍ ശാരീരികശാസ്‌ത്രപ്രകാരം കെല്‌പില്ലാത്ത അബലന്‍ മനസില്‍പേറുന്ന സമ്പന്നതയുടെ ദുര്‍മ്മോഹം കാരണം വീണ്ടും അബലനായിമാറുന്നു. ഇക്കാരണത്താല്‍ ഭവനത്തിന്റെ കാവല്‍ക്കാരനായി അധഃപതിക്കപ്പെടുന്നു ഭര്‍ത്താവുദ്യോഗസ്‌ഥന്‍. കിടപ്പറയില്‍ പരാജിതനാകുന്ന ഭര്‍ത്താവിന്‌ ഒരു സ്‌ത്രീയും ലോകചരിത്രത്തില്‍ സ്‌ഥാനം നല്‍കിയിട്ടില്ല. വള്ളിയിട്ടാല്‍ സ്‌ത്രീലിംഗവും, പുള്ളിയിട്ടാല്‍ പുല്ലിംഗവുമെന്ന സാഹിത്യത്തിനോ, ആത്‌മീയതയുടെ മൂടുപടത്തിനോ കിടപ്പറയില്‍ യാതൊരു സ്‌ഥാനവുമില്ല. അവിടെ കായികാദ്‌ധ്വാനം തന്നെയാണവശ്യം. അതില്ലാത്തതിനാല്‍ സൗഹൃദബന്ധങ്ങളില്‍ മിക്കതും അഗമ്യഗമനത്തിലേക്ക്‌ ഇന്ന്‌ വഴുതപ്പെടുന്നു. മറുവശമാകട്ടെ, ഏതോ സ്വപ്‌നലോകത്ത്‌ കിനാവുകള്‍ കണ്ട്‌ ഒന്നിലും സംതൃപ്‌തിയില്ലാതെ ജീവിതം തള്ളിവിടുന്ന ഭാര്യമാര്‍. ഒന്നിനും സമയമില്ലായെന്ന്‌ പറഞ്ഞ്‌ ഓടിനടക്കുന്ന മാനസികരോഗികള്‍ വര്‍ദ്‌ധിക്കുന്നതിന്റെ കാരണം ഇതാണ്‌.

ഇപ്രകാരം പൊളിഞ്ഞ ലൈംഗീകജീവിതം നയിക്കുന്നവര്‍ മക്കളെ ഒരുതരം വളര്‍ത്തുമൃഗങ്ങളായി കണ്ടുകൊണ്ട്‌ തീറ്റകൊടുക്കുകയും നീ ഡോക്‌ടറാകണമെന്ന്‌ ഉപദേശിക്കയും ചെയ്യുന്നു. നല്ലതുതന്നെ. അപ്പോഴും ദിനചര്യപോലും ഭംഗിയായി നിര്‍വഹിക്കാന്‍ മക്കളെ പഠിപ്പിച്ചിട്ടില്ലയെന്ന യാഥാര്‍ത്‌ഥ്യത്തെ വിസ്‌മരിക്കുന്നു. ഒരു പോലീസുകാരന്‌ മകന്‍ എസ്‌.ഐ ആകണമെന്നത്‌ വലിയ മോഹമാണ്‌. അതുപോലെ ഒരു നേഴ്‌സിന്‌ മക്കള്‍ ഡോക്‌ടറാവണമെന്നതും വലിയമോഹമാണ്‌. എന്നാല്‍ തീറ്റകൊടുത്തതുകൊണ്ടും പബ്‌ളിക്‌സ്‌കൂളിലയച്ചതുകൊണ്ടും കുട്ടിയുടെ വ്യക്‌തിത്വം വളരുന്നുണ്ടോ? അതു വളര്‍ത്താന്‍വേണ്ടി ആരെങ്കിലും ശ്രമിക്കുന്നുണ്ടോ?. ഇല്ലെന്നതല്ലേ വാസ്‌തവം!

ഏഴാം ക്‌ളാസിലെ സ്‌പെഷ്യല്‍ ക്‌ളാസില്‍ സെയ്‌ഫായി ഇണചേരുന്നവിധം പഠിച്ച്‌ വീട്ടിലിരുന്ന്‌ ടി.വി.യില്‍ക്കൂടി ഇണയെ കൈയ്യിലാക്കുന്ന രീതിയും പഠിച്ച്‌ രാത്രിയില്‍ ഇന്റര്‍നെറ്റിലൂടെ, ദുര്‍ഭൂതങ്ങള്‍ ഇണചേരുന്നത്‌ കണ്ടാസ്വദിച്ചുമുറങ്ങുന്ന ഏകാന്തതയുടെ സന്തതി . ഏകാന്തത ലൈംഗികതയുടെ ഉത്തേജനമാണ്‌. പരിസരം അതിന്റെ വിളനിലം കൂടിയായാല്‍ പിന്നെ പറയേണ്ടതില്ല. വളരുവാനുള്ള ആഗ്രഹത്തേക്കാളേറെ വളര്‍ന്നതിന്‍വണ്ണം ജീവിതത്തെ ആസ്വദിക്കാനാണ്‌ ഇത്തരം കുട്ടികള്‍ക്ക്‌്‌ കൗതുകം. ഈ വഴിപിഴച്ച പോക്ക്‌ മനസിലാക്കാന്‍പോലും സാമാന്യബോധമില്ലാത്ത മാതാപിതാക്കള്‍. ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഒന്നേയുള്ളു.

എവിടെ വസിക്കുന്നുവെന്നല്ല. എങ്ങനെ വസിക്കുന്നുവെന്നതിനാണ്‌ പ്രസക്‌തി. ഈ സമ്പന്നതയുടെ നാട്ടില്‍ ആര്‍ഭാടം ഇപ്രകാരമുള്ള സമസ്‌തവിധ ദോഷത്തിനും കാരണമാകുന്നു. കുട്ടികള്‍ സ്‌കൂളുകഴിഞ്ഞെത്തുമ്പോള്‍ വിട്ടിലെത്തുന്ന മാതാപിതാക്കളും, ഒന്നിച്ചിരുന്ന്‌ അത്താഴം കഴിക്കുന്ന സംസ്‌കാരവും തിരഞ്ഞെടുക്കുമെങ്കില്‍ മാതൃഭാഷ ശക്‌തിപ്പെടും. ഭാര്യഭര്‍തൃസ്‌നേഹം ബലപ്പെടും. സുഖകരമായ ഉറക്കം ലഭിക്കും. കുഞ്ഞുങ്ങള്‍ അനുസരണം പഠിക്കും. അങ്ങനെ പരസ്‌പരം കൊഞ്ചനം കാട്ടുന്ന കാടന്‍ ജീവിതത്തില്‍ നിന്നും വിമോചനം നേടാം.
വണ്ടേ നീ ചാകുന്നു, വിളക്കും കെടുത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക