Image

ഫൊക്കാനയില്‍ സമവായമല്ല ഇലക്ഷനാണു വേണ്ടത്: ടോമി കോക്കാട്ട്‌

Published on 04 October, 2016
ഫൊക്കാനയില്‍ സമവായമല്ല ഇലക്ഷനാണു വേണ്ടത്: ടോമി കോക്കാട്ട്‌
ഫൊക്കാനയില്‍ മത്സരം ഗുണകരമാണോ?
ജനാധിപത്യസ്വഭാവമുള്ള ഏതൊരുസാംസ്‌കാരിക സംഘടനയ്ക്കും നന്മയുള്ള കാര്യമാണ് ഇലക്ഷനുകള്‍. ഇലക്ഷന്‍ ഉണ്ടായാല്‍ താത്പര്യമുള്ളവര്‍ രംഗത്തുവരികയും വിവിധതരത്തിലുള്ള പുതിയ ആശയങ്ങള്‍ ഉടലെടുക്കുകയും ചെയ്യും.സംഘടനകള്‍ക്കു ഇലക്ഷന്‍ ദോഷകരമാകുന്നത് ഞാന്‍ പിടിച്ച മുയലിന് നാല്‍കൊമ്പ് എന്ന രീതിയില്‍ നേതാക്കന്മാര്‍ പ്രവര്‍ത്തിക്കുമ്പോഴാണ്.ജനാധിപത്യ പ്രക്രിയയില്‍ ഇലക്ഷനില്‍ ഒരാള്‍ക്ക് മാത്രമെ വിജയിക്കുവാന്‍ സാധിക്കുകയുള്ളൂ.

ജയിക്കുന്നത് ആരാണെങ്കിലും മത്സരഫലം ഉള്‍കൊണ്ടു സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണം. ഒരു പക്ഷെ എന്നെക്കാളും നല്ല പ്രവര്‍ത്തി പരിചയവും കഴിവുമുള്ളവര്‍ ഫൊക്കാനയില്‍ ഉണ്ടായിരിക്കും എന്നിരുന്നാലും ഈ ഒരു തവണ സംഘടനയെ നയിക്കുന്നതിന് എനിക്ക് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ ഒരു അവസരം നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 1992 മുതല്‍ ഫൊക്കാനയെന്ന സംഘടനയില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്ന എനിക്ക് അതിനുള്ള കഴിവും പ്രാപ്തിയുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സംഘടനയില്‍ വ്യക്തിവൈരാഗ്യവും സ്വന്തം താല്‍പര്യങ്ങളെയും വെടിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ എല്ലാ നേതാക്കളും ശ്രമിച്ചാല്‍ ഫൊക്കാനയ്ക്ക് മത്സരം ഗുണം മാത്രമെ നല്‍കുകയുള്ളൂവെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എല്ലാ നേതാക്കളും ഇലക്ഷനുകളില്‍ ഉണ്ടാവുന്ന തീരുമാനം എന്തായിരുന്നാലും അംഗീകരിക്കാന്‍ ശ്രമിക്കുക. സംഘടനയുടെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് സ്വന്തം താല്‍പര്യങ്ങളേക്കാളും വിലകല്‍പിക്കുകയും സംഘടനയുടെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക.

2 മത്സരരംഗത്തു ഉറച്ചു നില്‍ക്കുമോ?
മത്സരിക്കുവാന്‍ തീരുമാനിച്ചതുകൊണ്ടാണല്ലോ ഇലക്ഷനില്‍ നോമിനേഷന്‍ നല്‍കിയതും ഇതുവരെ എത്തിയതും. വളരെ ആലോചിച്ചതിനു ശേഷമാണ് നോമിനേഷന്‍ നല്‍കിയത്. ഇനി എന്തു വന്നാലും ഇലക്ഷനെ അഭിമുഖീകരിക്കും. മത്സരരംഗത്തില്‍ എത്തിയ ഞാന്‍ ഇനി മാറണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഇനിയും എനിക്ക് അവകാശമില്ല. നിരവധി പേരുടെ അവസരം ഒഴിവാക്കിയാണ് ഞാന്‍ മത്സര രംഗത്തെത്തിയത്. ഇപ്പോള്‍ ഇലക്ഷനില്‍ നിന്നും മാറി നിന്നാല്‍ ഞാന്‍ അവരോടു ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും അത്, ഫൊക്കാനയിലെ ഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ ഞാന്‍ മാറിനില്‍ക്കണമോ അതോ സെക്രട്ടറിയായി പ്രവര്‍ത്തിക്കണമോ എന്ന്. ജനങ്ങള്‍കൈവിടില്ലായെന്ന് ഉറച്ചു വിശ്വസിക്കുന്നു.

3 ഇനിയും സമവായത്തിനു സാധ്യതയുണ്ടോ?
ഇലക്ഷന് ഒരു സമവായം ആവശ്യമാണ് എന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ഇലക്ഷന്റെ കാര്യത്തിലല്ല സമവായം ആവശ്യം. സംഘടനയുടെ ഭാവി നടത്തിപ്പിന്റെ കാര്യത്തില്‍ മാത്രം അതുണ്ടായാല്‍ മതി. വ്യക്തിപരമായി ഇലക്ഷനില്‍ നിന്നും മാറിനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കാത്തിടത്തോളം കാലം വേറൊരാള്‍ മാറി സമവായം ഉണ്ടാകണമെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. മത്സരരംഗത്തുള്ളവര്‍ എല്ലാവരും മത്സരിക്കട്ടെ. ഫൊക്കാനയുടെ വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ. ആരു ഫൊക്കാനയുടെ നേതൃത്വത്തില്‍ വരണമെന്ന്. ഏതാനും നേതാക്കള്‍ ചേര്‍ന്ന് സമവായം ഉണ്ടാക്കാതെ വോട്ടര്‍മാര്‍ക്ക് തീരുമാനിക്കാന്‍ അവസരം നല്‍കുക.

4. മാധവന്‍ നായര്‍ പിന്മാറിയാല്‍ മറ്റു സ്ഥാനങ്ങളിലേക്ക് ഒത്തുതീര്‍പ്പ് പറ്റുമോ?
മാധവന്‍ നായര്‍ പിന്മാറേണ്ട ഒരാവശ്യവുമില്ലല്ലോ. ഇപ്പോഴത്തെ വിഷയം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ മാധവന്‍ നായര്‍ യോഗ്യനാണോയെന്നതാണ്. തെറ്റ് ചൂണ്ടികാണിച്ചാല്‍ അത് ശരിയോ തെറ്റോ എന്ന് കണ്ടുപിടിച്ച് നടപടി എടുക്കാന്‍ നേതാക്കന്മാര്‍ തയ്യാറായാല്‍ ഒഴിവാക്കാവുന്ന കാര്യമെ ഫൊക്കാനയില്‍ ഉണ്ടായിരുന്നുള്ളൂ.

5.മാധവന്‍ നായര്‍ പിന്മാറുകയും ബാക്കി എല്ലാ സ്ഥാനങ്ങളിലേക്കും ഇലക്ഷന്‍ എന്നതിതെപ്പറ്റി എന്താണഭിപ്രായം?
ഇലക്ഷനില്‍ നില്‍ക്കുന്ന ആരും പിന്‍മാറണ്ട എന്ന നിലപാടുകാരനാണ് ഞാന്‍. മുറയ്ക്കു നടത്തുന്ന ഒരു ഇലക്ഷന്‍ ഫൊക്കാനയുടെ അംഗസംഘടനകള്‍ക്കും അതിനെ പ്രതിനിധീകരിക്കുന്ന വോട്ടര്‍മാര്‍ക്കും അവസരം നല്‍കുക.

6. കടുത്ത വാശിയിലൂടെ ജയിച്ചാല്‍ പിന്നെ പ്രവര്‍ത്തനങ്ങളില്‍ സഹകരണം ലഭിക്കുമോ?
ഇലക്ഷനുകളില്‍ വാശി എപ്പോഴും നല്ലതാണ്. ഫലം അറിഞ്ഞാല്‍ അത് അംഗീകരിക്കുവാനും സംഘടനയുടെ നന്മയ്ക്കുവേണ്ടി വിജയിക്കുന്നവരോട് ഒത്തുപ്രവര്‍ത്തിക്കുവാനും എല്ലാവരും വിചാരിച്ചാല്‍ സഹകരണത്തിന്റെ കാര്യത്തില്‍ ഒരു പ്രശ്‌നവുമില്ല.

7. ഭാവിയില്‍ ഈ പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ എന്തു ചെയ്യണം?
ഫൊക്കാനയുടെ നിയമാവലി അനുസരിച്ച് കാര്യങ്ങള്‍ തിരിച്ചറിയുകയും സംഘടനകള്‍ക്ക് അംഗത്വം നല്‍കുകയും ചെയ്യുക. മത്സരങ്ങളില്‍ വിജയിക്കുന്നതിനുവേണ്ടി അംഗങ്ങളെ ചേര്‍ക്കാതിരിക്കാന്‍ എല്ലാ നേതാക്കളും ശ്രമിക്കുക. വ്യക്തി താല്‍പര്യങ്ങളെക്കാള്‍ സംഘടനയുടെ പൊതുതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.

8. നാമത്തോടുള്ള എതിര്‍പ്പിനു കാരണം മതപരമാണെന്നു പറയുന്നത് ശരിയാണോ?
നാമത്തിന് എതിരായി ആരോപിക്കപ്പെടുന്ന കുറ്റം അതായിരുന്നല്ലോ. 6 മാസത്തിലേറെയായിട്ടും അതിനെകുറിച്ച് അന്വേഷിക്കുന്നതിനും ഒരു തീരുമാനം എടുക്കുന്നതിനും സംഘടനാ നേതൃത്വത്തിന് സാധിക്കാത്തത് സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്ള പാളിച്ചകളില്‍ ഒന്നായി കാണുന്നു. ഗവണ്‍മെന്റ് തലത്തിലും സംഘടനാതലത്തിലും അന്വേഷിക്കുവാനും ഉചിതമായ തീരുമാനം എടുക്കുവാനും ജനറല്‍ കൗണ്‍സില്‍ വരുമ്പോള്‍ തീരുമാനവുമായി എത്തുവാന്‍ നേതാക്കന്മാര്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

എന്തുകൊണ്ട് മത്സരിക്കുന്നു.
5 അംഗസംഘടനകള്‍ ഉള്ള കാനഡയില്‍ നിന്നും ഒരു പ്രാധിനിത്യം ആവശ്യമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടു സംഘടനയ്ക്കുവേണ്ടി അല്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുമെന്നുള്ളതുകൊണ്ടാണ് മത്സരിക്കുന്നത്. 92 മുതല്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു ഇതിന്റെ നേതൃത്വനിരയില്‍ എത്തണമെന്ന്. കഴിഞ്ഞ കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടി ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാനും അത് വിജയിപ്പിക്കാന്‍ സാധിച്ചതും സെക്രട്ടറി സ്ഥാനത്തേക്ക് ജനങ്ങള്‍ അംഗീകരിക്കുമെന്ന് ആത്മവശ്വാസം നല്‍കുന്നു. കണ്‍വന്‍ഷന്‍ സമയത്ത് കണ്‍വന്‍ഷന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചതുകൊണ്ട് ഇലക്ഷനില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചില്ല.
എന്തുകൊണ്ട് തമ്പി ചാക്കോ? 

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന തീരുമാനം പാനല്‍ ഭേദമെന്നില്ലാതെ നേതാക്കന്മാരുടെ യോഗത്തില്‍ അറിയിക്കുകയും, എന്നെ സപ്പോര്‍ട്ടു ചെയ്യുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ആദ്യമായി കൂടെചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് തമ്പിചാക്കോ ആവശ്യപ്പെടുകയും, മറ്റ് നേതാക്കളുമായി ചര്‍ച്ച ചെയ്തതിനുശേഷം സെക്രട്ടറിയായി മത്സരിക്കുവാന്‍ തീരുമാനമെടുക്കുകയും ചെയ്തു. തമ്പിചാക്കോ ആദ്യകാലം മുതല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയും പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടയാളുമാണ്. എതിര്‍ പാനലിനോടുള്ള ഒരു വിഷമം താന്‍ മത്സരരംഗത്തുണ്ട് എന്ന് അറിയിച്ചിട്ടും, ഒരു സ്ഥാനം വാഗ്ദാനം ചെയ്യുന്നതിനോ, സംസാരിക്കുന്നതിനോ തയ്യാറാകാതെ, തമ്പി ചാക്കോ പാനലിന്റെ ഭാഗമായതിനുശേഷം മാറിനില്‍ക്കുവാനും, തന്റെ ഒരു പൊസിഷന്‍ മാറിയാല്‍ എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കുവാനും ഇലക്ഷന്‍ ഒഴിവാക്കുവാനും തയ്യാറാണെന്നറിയിക്കുകയും ചെയ്തു. 

സംഘടനയെ സ്‌നേഹിക്കുന്നതുകൊണ്ട് ഏതാനും വ്യക്തികള്‍ ചേര്‍ന്ന് തീരുമാനം എടുക്കുന്നതിന് അവസരം നല്‍കാതിരിക്കുന്നതിനുമാണ് മത്സരത്തില്‍ നിന്നും മാറാതെ നിന്നത്. സംഘടനകളും സംഘടനാപ്രതിനിധികളും തീരുമാനിക്കേണ്ട ഒരു കാര്യം ഏതാനും വ്യക്തികള്‍ക്കായി വിട്ടു നല്‍കുന്നത് ശരിയല്ലായെന്ന് ഉറച്ചു വിശ്വസിക്കുന്നു. മത്സരത്തില്‍ ഞാന്‍ ജയിക്കണമോ തോല്‍ക്കണമോയെന്നും തീരുമാനിക്കുവാനുള്ള മുഴുവന്‍ അധികാരവും അംഗസംഘടനകള്‍ക്ക് അതിന്റെ പ്രതിനിധികള്‍ക്കും നല്‍കുന്നു.
സ്വയം നേതാവായി പ്രഖ്യാപിച്ചു മത്സരങ്ങള്‍ ഒഴിവാക്കി. തെറ്റുകള്‍ക്ക് മുന്‍പ് കണ്ണടച്ചു, വീണ്ടും തെറ്റുകള്‍ ചെയ്യുവാന്‍ താല്‍പര്യപ്പെടുന്നില്ല.

നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ നേതൃത്വ നിരയിലേക്ക് ആരൊക്കെ വരണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഒരു പാനലിന്റെ ഭാഗമായി മാറിയതുകൊണ്ട് തമ്പിചാക്കോ ടീമിലെ ഓരോരുത്തര്‍ക്കുവേണ്ടി നിലകൊള്ളുകയും, എല്ലാവരുടെയും വിജയത്തിനായി നിങ്ങള്‍ ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. 
ഫൊക്കാനയില്‍ സമവായമല്ല ഇലക്ഷനാണു വേണ്ടത്: ടോമി കോക്കാട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക