Image

സര്‍വ്വേ ഫലങ്ങള്‍ വോട്ടുകളായി മാറുമോ? (ഏബ്രഹാം തോമസ്)

Published on 06 October, 2016
സര്‍വ്വേ ഫലങ്ങള്‍ വോട്ടുകളായി മാറുമോ? (ഏബ്രഹാം തോമസ്)
റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സും ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ടിം കെയ്‌നുമായുള്ള ഡിബേറ്റ് കഴിഞ്ഞപ്പോള്‍ മാധ്യമങ്ങളും സര്‍വ്വേസ്ഥാപനങ്ങളും തിരക്കിട്ട് പ്രവര്‍ത്തിച്ചു. ആരാണ് ഡിബേറ്റല്‍ ജയിച്ചത്, റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപിനാണോ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റനാണോ മേല്‍ക്കൈ എന്ന് വിലയിരുത്തുവാനായിരുന്നു ശ്രമം.

ഡിബേറ്റ് നടക്കുമ്പോള്‍തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രത്യാക്രമണത്തിനും ഒരു പ്രചരണ സംഘം ശ്രമം നടത്തിയതായി ആരോപണം ഉയര്‍ന്നു. കെയ്‌നെ അപേക്ഷിച്ച് പെന്‍സിന്റെ പ്രകടനമായിരുന്നു മെച്ചമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കെയ്ന്‍ ട്രംപിനെ ഉദ്ധരിച്ച് ആക്രമിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ പാളി. പെന്‍സ് സ്വന്തം കാഴ്ചപ്പാടും ട്രംപിന്റെ നയങ്ങളിലെ നല്ല വശങ്ങളും ഊന്നി ഡിബേറ്റ് തനിക്ക് അനുകൂലമാക്കി മാറ്റി. മോഡറേറ്രര്‍ എലെയ്ന്‍ ക്വിജാനോ പ്രത്യക്ഷമായും പരോക്ഷമായും നിഷ്പക്ഷത പാലിച്ചതും പെന്‍സിന് അനുകൂലമായി.

ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന്റെ അടുത്ത ആഴ്ച ട്രംപിന് വിഷമം പിടിച്ചതായിരുന്നു. ഹിലറിയുടെ പ്രചരണ സംഘത്തില്‍ ഒരു പുത്തനുണര്‍വ്വുണ്ടായി. ഡിബേറ്റിന് മുന്‍പ് നടത്തിയ സര്‍വ്വേകളെ അപേക്ഷിച്ച് ഡിബേറ്റിന് ശേഷം ഹിലറിയുടെ പ്രിയം രണ്ടോ മൂന്നോ ശതമാനം പോയിന്റുകള്‍ ഉയര്‍ന്നതായി പുതിയ സര്‍വ്വേ പറഞ്ഞു.

പക്ഷേ അപ്പോഴും ജൂലൈയിലും ഓഗസ്റ്റിലും ഹിലറിക്ക് ഉണ്ടായിരുന്ന മേല്‍ക്കൈ വീണ്ടെടുക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ട്രംപാകട്ടെ ചില്ലറ നേട്ടങ്ങള്‍ നേടുകയും ചെയ്തു. ഫോക്‌സ് ന്യൂസ്, സിഎന്‍എന്‍/ ഒആര്‍സി, സിബിഎസ് ന്യൂസ് എന്നിവ നടത്തിയ മൂന്നു സര്‍വ്വേകള്‍ക്ക് വിശ്വാസ്യത കൂടുതല്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇവ ലൈവ് അഭിമുഖങ്ങളിലൂടെയാണ് നടത്തിയത്. ഡിബേറ്റിനു മുന്‍പ് റജിസ്‌ട്രേഡ് വോട്ടര്‍മാരുടെ ഇടയില്‍ ഹിലറി മുന്‍പിലും, വോട്ടു ചെയ്യുവാന്‍ സാധ്യതയുള്ളവരുടെ ഇടയില്‍ ട്രംപ് മുന്‍പിലും ആയിരുന്നു.

ഡിബേറ്റിനു ശേഷം ഹിലറിക്ക് റജിസ്‌ട്രേഡ് വോട്ടര്‍മാരുടെ ഇടയില്‍ കൂടുതലായി നേട്ടം ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ വോട്ടു ചെയ്യുവാന്‍ സാധ്യതയുള്ളവരില്‍ മൂന്നു മുതല്‍ അഞ്ചു പോയിന്റുവരെ കൂടുതലാകാന്‍ കഴിഞ്ഞു. റജിസ്റ്റര്‍ ചെയ്തവരും വോട്ടു ചെയ്യുവാന്‍ സാധ്യയുള്ളവരുമായുള്ള അന്തരം നികത്തുകയും ചെയ്തു.

ഇത്തരം ചാഞ്ചാട്ടങ്ങള്‍ സാധാരണമാണെന്ന് സര്‍വ്വേസ്ഥാപനങ്ങള്‍ പറയുന്നു. ഈ മാറ്റം സ്ഥായിയാവണമെന്നില്ല. കണ്‍വന്‍ഷന് ശേഷം സംഭവിച്ചതുപോലെ പെട്ടെന്ന് മാറിമറിഞ്ഞു എന്നുവരാം.
ബിരുദം ഇല്ലാത്ത വെളുത്തവര്‍ഗ്ഗക്കാരായ വോട്ടര്‍മാരുടെ ഇടയില്‍ ട്രംപിനു വ്യക്തമായ ലീഡുണ്ട്. 28ന് എതിരെ 56. ഡിബേറ്റിനു മുന്‍പ് ഇത് 29ന് എതിരെ 5 ആയിരുന്നു. ഈ രണ്ടു ലീഡും 2012ല്‍ മിറ്റ് റോംനിക്കു ലഭിച്ചതിനേക്കാള്‍ കൂടുതലാണഅ. ഡെമോക്രാറ്റിക് കണ്‍വന്‍ഷനു ശേഷം ട്രംപിന് ലഭിക്കുന്ന വലിയ ലീഡാണ് ഇത്.

തൊഴിലാളികളായ വെളുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ ട്രംപിനുള്ള ലീഡ് ദേശീയമായോ സണ്‍ബെല്‍റ്റിലോ വടക്കന്‍ സംസ്ഥാനങ്ങളിലോ മേല്‍ക്കൈ നേടാന്‍ സഹായിച്ചിട്ടില്ല. എന്നാല്‍ കടുത്ത മത്സരം നല്‍കാന്‍ സഹായിക്കുന്നു. സിഎന്‍എന്‍, ഫോക്‌സ് ന്യൂസ് സര്‍വ്വേകളാണ് ഇതുവരെ ട്രംപിനു പ്രയോജനം ചെയ്തത്. ഹിലറിക്ക് വോട്ടു ചെയ്യുവാന്‍ സാധ്യതയുള്ളവരുടെ പ്രിയത്തില്‍ പിന്നിലാണെന്ന് ഇവര്‍ പറഞ്ഞു.

ഡിബേറ്റിനു ശേഷമുള്ള ഹിലറിയുടെ നേട്ടത്തിന് കാരണം അത്യുല്‍സാഹമാണെന്ന വിലയിരുത്തലുണ്ട്. എങ്കിലും ദേശവ്യാപകമായി നടത്തുന്ന ഉന്നത നിലവാരം പുലര്‍ത്തുന്ന ലൈവ് അഭിമുഖ സര്‍വ്വേകളില്‍ നാലു മുതല്‍ അഞ്ചു വരെ വോയിന്റുകള്‍ കൂടുതലായി നേടുമെന്നാണ് കരുതുന്നത്. ഇവ വോട്ടുകളായി മാറുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക