Image

വികലതകളില്ലാത്ത വികസനമാണ്‌ ആവശ്യം: ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത

Published on 13 February, 2012
വികലതകളില്ലാത്ത വികസനമാണ്‌ ആവശ്യം: ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത
മാരാമണ്‍: പ്രകൃതിയോടും സഹജീവികളോടുമുള്ള കരുതല്‍ കുറയുന്ന വര്‍ത്തമാനകാലത്ത്‌ വികലതകളില്ലാത്ത വികസനമാണ്‌ ആവശ്യമെന്ന്‌ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത പ്രസ്‌താവിച്ചു. നൂറ്റിപ്പതിനേഴാമത്‌ മാരാമണ്‍ കണ്‍വന്‍ഷനു തുടക്കം കുറിച്ചുകൊണ്ട്‌ നടത്തിയ ഉദ്‌ഘാടന സന്ദേശത്തിലാണ്‌ മെത്രാപ്പോലീത്ത ഇങ്ങനെ സൂചിപ്പിച്ചത്‌.

ചിതറിയവരുടെ തലമുറയിലെ പ്രധാനിയായിരുന്ന സാധുകൊച്ചുകുഞ്ഞ്‌ ഉപദേശിയെപ്പോലുള്ളവര്‍ക്കു ലോകത്തിനു മുന്നില്‍ ക്രിസ്‌തുവിനെ സാക്ഷീകരിക്കാനുള്ള ശാക്‌തീകരണമായിരുന്നു മാരാമണ്‍. സുവിശേഷം പോലും ഇന്നു വിദേശത്തേക്കു കൊണ്ടുപോകുന്നതിലാണ്‌ പലര്‍ക്കും താത്‌പര്യം. എന്നാല്‍, ഹൃദയത്തിനുള്ളിലാണ്‌ ക്രിസ്‌തു പ്രകാശമായി മാറേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. പാവങ്ങളുടേതെല്ലാം പിടിച്ചെടുക്കുന്ന ആര്‍ജിത സംസ്‌കാരം വിട്ട്‌ മൂല്യങ്ങളുടെ വീണ്ടെടുപ്പുകാരായി മാറണമെന്ന്‌ വിശ്വാസസമൂഹത്തെ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്‌ബോധിപ്പിച്ചു.

സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്‌ ഡോ. തോമസ്‌ മാര്‍ തിമോത്തിയോസ്‌ അധ്യക്ഷത വഹിച്ചു. ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പ്രാരംഭ പ്രാര്‍ഥനയ്‌ക്കു നേതൃത്വം നല്‍കി. റവ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ്‌ സന്ദേശം നല്‍കി.

ബിഷപ്പുമാരായ ഗീവര്‍ഗീസ്‌ മാര്‍ അത്തനാസിയോസ്‌, ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌, ജോസഫ്‌ മാര്‍ ബര്‍ണബാസ്‌, ഡോ. ഏബ്രഹാം മാര്‍ പൗലോസ്‌, ഡോ. മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌, ഗ്രിഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌, ഡോ. തോമസ്‌ മാര്‍ തീത്തോസ്‌, ബിഷപ്‌ തോമസ്‌ സാമുവല്‍, ബിഷപ്‌ സാം മാത്യു, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി. ജെ ജോസഫ്‌, അടൂര്‍ പ്രകാശ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
വികലതകളില്ലാത്ത വികസനമാണ്‌ ആവശ്യം: ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക