Image

ആതന്‍സിലേയ്ക്ക് നിന്നും ഇരുന്നും സ്വന്തം ഫ്‌ളൈറ്റ്, കൂട്ടിനു കലാസ്വാദകയായ ടസ്‌ക്കന്‍ സുന്ദരി

വൈക്കം മധു Published on 06 October, 2016
ആതന്‍സിലേയ്ക്ക് നിന്നും ഇരുന്നും സ്വന്തം ഫ്‌ളൈറ്റ്, കൂട്ടിനു കലാസ്വാദകയായ ടസ്‌ക്കന്‍ സുന്ദരി
യാത്രയിലെ അനുഭവങ്ങള്‍ നെല്ലിക്കയാണ്. പിന്നീട്, കയ്പും ചവര്‍പ്പും ഊറിയൂറി മധുരമാകും. ജീവനീരുപോലെ അവസാനംവരെ അവ വറ്റാതെ, വലിയാതെ, ഒപ്പമുണ്ടാകും.

റോമില്‍ നിന്നു  ആതന്‍സിലേയ്ക്കുള്ള യാത്ര അവസാന നിമിഷംവരെ ആശങ്കയിലായിരുന്നു. വിമാനക്കമ്പനി ഞങ്ങളെ -പത്രഭാഷയില്‍-മുള്‍മുനയില്‍ നിര്‍ത്തി. 
ടിക്കറ്റു കാലേകൂട്ടി ബുക്കു ചെയ്ത് സീറ്റ് ഉറപ്പാക്കിയതാണ്. പക്ഷെ അവസാനനിമിഷം അലിറ്റാലിയ കൗണ്ടറിലെ സ്ത്രീകള്‍ക്കു സംശയം. ഒരാള്‍ മറ്റൊരാളോട്, പിന്നെ അവര്‍ മൂന്നാമതൊരുത്തിയോട്. അങ്ങനെ സംശയം 'വൈറല്‍' ആയി. 

ഓരോ പ്രാവശ്യവും അവര്‍ സംശയം ചോദിച്ചിട്ടും, മകന്‍ ഓരോരുത്തര്‍ക്കും മറുപടി കൊടുത്തിട്ടും അവരുടെ സംശയം തീരുന്നില്ല. രണ്ട് എയര്‍ലൈന്‍സുകള്‍ തമ്മിലുള്ള ധാരണയേക്കുറിച്ച്, എയര്‍പോര്‍ട്ടിലെ അവരുടെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര അറിവില്ലാത്തതാണ്, ഞങ്ങളെ കുഴക്കിയതെന്ന് ഏതാണ്ട് ഉറപ്പായി.

എമിറേറ്റ്‌സ് എയര്‍ലൈന്‍സിലുള്ള മകന് അനുവദനീയമായ സ്റ്റാഫ് ടിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അത് മറന്നിട്ടോ എന്തോ, റോമില്‍നിന്ന് ആതന്‍സിലേക്കുള്ള അലിറ്റാലിയ വിമാനത്തില്‍ സീറ്റുകളെല്ലാം കമ്പനി വിറ്റു കഴിഞ്ഞിരുന്നു എന്ന് ഇതിനിടെ സ്റ്റാഫിന്റെ സംസാരങ്ങളില്‍നിന്ന് വീണു കഴിഞ്ഞു.

അപ്പോള്‍ പിന്നെ ഞങ്ങളെ എങ്ങിനെ ആ ഫ്‌ളൈറ്റില്‍ കയറ്റും. സ്റ്റാഫ് ടിക്കറ്റിന്റെ ബലത്തില്‍ ടിക്കറ്റു ബുക്കു ചെയ്യുകയും അത് അവര്‍ കണ്‍ഫേം ചെയ്യുകയും ഉണ്ടായതാണ്. അപ്പോള്‍ എവിടെയാണ് കുഴപ്പം. ആര്‍ക്കും അറിയില്ല. അലിറ്റാലിയ കൗണ്ടറിലെ സ്റ്റാഫ് പരസ്പരം ഇറ്റാലിയനില്‍ കുശുകുശുക്കുന്നതല്ലാതെ ഒന്നും ഞങ്ങളോട് തീര്‍ത്തു പറയുന്നില്ല. സമയം നീളുന്നു. ഞങ്ങള്‍ക്കു സീറ്റ് തരുമെന്നോ ഇല്ലെന്നോ പറയാന്‍ ആരും ഒരുക്കമല്ല.

എമിറേറ്റ്‌സും അലിറ്റാലിയയും തമ്മില്‍ സ്റ്റാഫ് ടിക്കറ്റിന്റെ കാര്യത്തില്‍ ഉടമ്പടി ഉണ്ടെന്ന കാര്യം, റോമിലെ ഫ്യൂമിച്ചിനോ എയര്‍പോര്‍ട്ട് എന്നു വിളിക്കുന്ന ലിയോനാര്‍ഡോ ഡാവിഞ്ചി എയര്‍പോര്‍ട്ടിലെ സ്റ്റാഫിന് അറിയില്ലത്രെ.

ഈ യാത്രയും മുടങ്ങിയാല്‍ ഏതന്‍സിലെ ജോയിയോട് എന്തു സമാധാനം പറയും. ഞങ്ങളുടെ യാത്രാ തീയതിയില്‍ രണ്ടുവട്ടം മാറ്റം വരുത്തിയിട്ടും അതെല്ലാം ക്ഷമിച്ച അദ്ദേഹത്തെ ഇനിയും പരീക്ഷിക്കണമോ? അവിടെയെത്താന്‍ ഇനിയും താമസിക്കുമെന്നു പറയാന്‍ വയ്യ. പലകൂട്ടം തിരക്കുള്ള ആളാണ്.

മാത്രമല്ല, അവിടന്ന് രണ്ടു ദിവസം കഴിഞ്ഞ്, ദുബായ്ക്ക് മടങ്ങാനുള്ള എമിറേറ്റ്‌സ് ഫ്‌ളൈറ്റിലെ ബുക്കിങ്ങും കുഴപ്പത്തിലാകും. ഏതന്‍സില്‍ കുടുങ്ങിപ്പോകുമോ. ലക്ഷണം കണ്ടിട്ട്... 
ഇങ്ങനെയോര്‍ത്ത് 'നട്ട്‌ലസ് സ്‌ക്യുറലിനെ'പ്പോലെയിരിക്കുമ്പോള്‍ മകന്‍ ഗോവിന്ദന്‍ ഓടിയെത്തി.

ജംപ് സീറ്റാണ്. അതേ ഉള്ളൂ, അച്ഛനിരിക്കാന്‍ പറ്റ്വോ?
ജംപല്ലാ ഹോപ് സ്റ്റെപ്പാണെങ്കിലും റെഡി. വിമാനത്തിനകത്തായിരിക്കുമല്ലോ. സ്റ്റാന്‍ഡിങ്ങായാലും വേണ്ടില്ല.

ഹൗ. മകന് ആശ്വാസമായി. 

ബോര്‍ഡിങ് പാസു വാങ്ങി കുതിച്ചു.

ആകാശവണ്ടി പൊങ്ങാന്‍ സമയമാകുന്നു. കയറി, ഒരു വിധം.
രണ്ടു സീറ്റില്‍ ഒന്ന് എറ്റവും പിന്നില്‍. മറ്റേത് മുമ്പില്‍. എന്നെ മുമ്പില്‍ത്തന്നെ ഇരുത്തി മകന്‍ പിന്‍വാങ്ങി.ക്രൂ ഇരിക്കുന്ന ഇടനാഴിയുടെ  ഇടുങ്ങിയ രണ്ടാമത്തെ പകുതിയിലേയ്ക്ക് നീങ്ങാന്‍ ക്രൂവിലൊരാള്‍ എന്നെ ആംഗ്യം കാണിച്ച്, ഒരു ബിസിനസ് വിനയം ഭാവിച്ചു. ഒരു അരച്ചിരി ചിരിച്ചു.

ഞാന്‍ അവിടെ നിന്നു. ഇരിക്കാന്‍ ഒന്നുമില്ല. പായയോ കൊരണ്ടിപ്പലകയോപോലും. ക്രൂ അങ്ങോട്ടും ഇങ്ങോട്ടും  തിരക്കിട്ടു പായുന്നു. വിമാനം പുറപ്പെടാനുള്ള തയ്യാറെടുപ്പാണ്. മുക്കും മുരളിച്ചയും. അനൗണ്‍സ്‌മെന്റുകള്‍. വീഴുന്നതു വെള്ളത്തിലാണെങ്കില്‍ കൈകാലിട്ടടിക്കേണ്ടത് എങ്ങനെ എന്നൊക്കെ...വീഴില്ല, എന്നാലും ഇന്‍ ആന്‍ അണ്‍ലൈക്ക്‌ലി ഊവന്റ് ഓഫ്.. സ്ഥിരം സുഖിപ്പിക്കല്‍..
ബോര്‍ഡിങ് പാസു വാങ്ങി കുതിച്ചു.
വിമാനത്തിന്റെ യന്ത്ര മുരള്‍ച്ച, ഇരമ്പമായി, കൊടുമ്പിരിക്കൊള്ളുു. എങ്കിലും നമ്മുടെ ന്യൂ-ജെന്‍ സിനിമ തിയറ്ററുകളിലെ പടഹമാകുില്ല.
വാതിലടയു
ന്നു. ക്രൂ, യാത്രക്കാരുടെ സൗകര്യങ്ങള്‍ നോക്കുുന്നു. ബല്‍റ്റിടാത്തവരെ ഇടുവിക്കുന്നു. ഹാന്‍ഡ് ബാഗേജ് റാക്കുകളുടെ വാതിലുകള്‍ ശരിയായി അടയ്ക്കുന്നു. കരയുന്ന കുട്ടികളെ സമാധാനിപ്പിക്കുന്നു.
ഇതിനിടെ വിമാനം മുരണ്ടു മുഴങ്ങി നീങ്ങാന്‍ ഭാവിക്കുന്നു.
ക്രൂ അവരുടെ ചെറിയ സാമ്രാജ്യത്തിലെ റാക്കുകള്‍ പരിശോധിക്കു
ന്നു. പച്ചമരുന്നു കടയിലെ പലവ്യഞ്ജനപ്പെട്ടി പോലെയുള്ള ചെറിയ ചെറിയ അനേകം അറകളെല്ലാം തുറക്കുന്നു അടയ്ക്കുന്നു. എയര്‍ബസ് 320 -വിമാന എന്‍ജിന്റെ ഇരപ്പ് ഇപ്പോള്‍ ശക്തമായി.
ഇതെല്ലാം കണ്ടും കേട്ടും  ഒറ്റക്കാലിലെ താപസനായി ഞാന്‍ വിഷണ്ണിക്കുന്നുണ്ടെങ്കിലും അതൊന്നു തെല്ലും ഭാവിക്കാതെ, എന്റെ സ്വന്തം വിമാനമാണ്, അതിലെ യാത്രക്കാരുടെ സുഖസൗകര്യമാണ് എനിക്കു പ്രധാനമെന്ന മട്ടില്‍ കാരണവരെപ്പോലെ ഞാന്‍ കാലുകള്‍ മാറ്റിമാറികുത്തിയുറപ്പിച്ചു നില്‍പ്പാണ്. 

ചിലപ്പോള്‍ കഥകളി വേഷക്കാരനെപ്പോലെ. സീറ്റുകളുടെ നീണ്ട നിരയിലേയ്ക്ക് ഇടയ്ക്ക് എത്തിവലിഞ്ഞു നോക്കാന്‍ കഴിയുന്നുണ്ട്. വേണമല്ലോ, യാത്രക്കാര്‍ക്ക് ഇരിപ്പു സുഖമാകുന്നോ എന്നു നോക്കണമല്ലോ. എന്റെ വിമാനമല്ലേ. എന്റെ ബിസിനസില്‍ ഞാനല്ലാതെ ആരു ശ്രദ്ധിക്കാന്‍.

കാലുകള്‍ രണ്ടുണ്ടായത് എന്തു ഭാഗ്യമാണ്. ഈ ചിന്ത ആ വിമാനത്തില്‍ മറ്റൊരാള്‍ക്കും അപ്പോള്‍ ഉണ്ടായിക്കാണില്ല. അവര്‍ക്കൊന്നും അതിനു ഭാഗ്യവുമില്ല. അവരെയെല്ലാം ബല്‍റ്റ് ഇടുവിച്ച്, ഹോസ്റ്റസ് കസ്റ്റയിലെടുത്തിരിക്കുകയാണ്. അനങ്ങിക്കൂട. തുമ്മരുത്, മൂക്കു ചീറ്റരുത്. മിണ്ടിപ്പോകരുത്. മുമ്പിലെ കുട്ടി ടിവി കണ്ടിരുന്നോണം. കഷ്ടം. കാശുകൊടുത്തു വാങ്ങിയ കസ്റ്റഡി.

ഞാന്‍ എത്തിവലിഞ്ഞ് സീറ്റുകളുടെ നിരയിലേയ്ക്കു കണ്ണയയ്ക്കുമ്പോള്‍ എല്ലാ കണ്ണുകളും എന്റെ നേര്‍ക്കു പായുന്നതു ഞാന്‍ വകവയ്ക്കുന്നില്ല. ഞാനെന്തിന് അവറ്റകളെ ശ്രദ്ധിക്കണം.

യൂണിഫോമിടാതെ ഒരാള്‍ ക്രൂവിനൊപ്പം കാണപ്പെടുന്നതാവാം ചിലര്‍ക്കു കൗതുകമായത്. ചില യാത്രക്കാര്‍ തമ്മില്‍ കുശുകുശുക്കുന്നതു ഞാന്‍ കണ്ടഭാവം നടിച്ചില്ല. വിമാനക്കമ്പനിയുടെ ഉടമയായിട്ടും ആ ഭാവമൊന്നും എന്റെ മുഖത്തു കാണാത്തതിലാവാം ചിലര്‍ക്ക് അത്ഭുതം.

ഇതിനിടെ വിമാനം ഉയരാന്‍ തുടങ്ങി. ഞാന്‍ എവിടെയൊക്കെയോ പിടിച്ചുനിന്നു. പിടിക്കാന്‍ കമ്പിയൊന്നുമില്ല. നാട്ടിലെ പ്രൈവറ്റ് ബസില്‍ എത്ര കമ്പികളാ. വിമാനത്തിലും അത് ഇല്ലാത്തതു കുറവു തന്നെ.

ഞാന്‍ ശിവതാണ്ഡവമാടുന്നതിന്റെ ഇരുവശവും ചെറിയ കള്ളികളുടെ നിരയാണ്. രണ്ടാള്‍ക്ക് നില്‍ക്കാന്‍ തികയാത്ത ഇടമേ ഇടനാഴിയില്‍ ഉള്ളൂ. അതിനെന്താ. നില്‍പ് ഒരു ധ്യാനമുറയാണെന്ന് ഞാന്‍ തിരിച്ചറിയുന്ന നിമിഷമായിരുന്നു അത്. വ്യോമാസനം. അലിറ്റാസനം എന്നു പറയുന്നതിലും തെറ്റില്ല.

പ്രൈവറ്റ് ബസിലെ നില്‍പ്പ് ഇതിലും സുഖപ്രദമൊന്നുമല്ല. പക്ഷെ ആകാശത്തു നില്‍ക്കാന്‍ പറ്റില്ലല്ലോ. കോടിക്കണക്കിനു രൂപ വിലയുള്ള വിമാനത്തില്‍, സ്റ്റാന്‍ഡിങ് പുണ്യകര്‍മമാണെന്ന്, പുഷ്പക-പുരാണത്തില്‍ വായിച്ചത് ഓര്‍മ വന്നു.
സ്റ്റാന്‍ഡിങ്ങിന്റെ സുഖത്തില്‍ രമിച്ചു കഴിയുമ്പോള്‍ ക്രൂവില്‍ മുമ്പനായ ഒരാള്‍, എന്റെ നേര്‍ക്കു നോക്കി ചിരിച്ച്, വശങ്ങളിലൊന്നില്‍നിന്ന് ഒരു കുട്ടി സീറ്റ് വലിച്ചെടുത്ത്, എന്നെ ഇരിക്കാന്‍ ക്ഷണിച്ചു. പ്ലീസ്.

ചങ്ങലയ്ക്കിട്ട, വലിച്ചു തുറക്കാവുന്ന, ഒരു കുട്ടി സീറ്റ്. ഒരു തരം സ്റ്റൂള്‍, എന്ന വലിപ്പലക. ഹാ, ഉടമസ്ഥന് ഒരു സീറ്റ്. വേണ്ടിയിരുന്നില്ല എന്ന ഭാവത്തില്‍, നില്‍പ്പിന്റെ സുഖം വെടിഞ്ഞാണ് ഞാന്‍ വരുന്നതെന്ന മട്ടില്‍, അദ്ദേഹത്തെ ഒന്നു നോക്കി, താങ്ക്‌സ് പറഞ്ഞ് ഇരുന്നു. ഹാവൂ. ഇരുന്നില്ലെങ്കില്‍,അദ്ദേഹത്തിനു വേദനിച്ചെങ്കിലോ.
സ്വര്‍ഗത്തില്‍ ദേവ•ാര്‍ക്കുമാത്രമേ ഇത്രനല്ല സീറ്റു കിട്ടാറുള്ളൂ എന്ന് അപ്പോള്‍ ബോധ്യമായി. ആറരയടി പൊക്കവും ഒത്ത തടിയുമുള്ള സുമുഖനായ ആ ഇറ്റാലിയന്‍ എയര്‍ പര്‍സറും, അല്‍പ്പം മാറി ഇതുപോലൊരു സിംഹാസനം ബഹുമാനപൂര്‍വം സ്വയം വലിച്ചിട്ട് ആരുഢനായി. ഉടമയും അടിയാനും ഒരേ സീറ്റിലിരിക്കുന്ന എന്റെ സ്വന്തം വിമാനത്തിന്റെ ജനകീയ മുഖം!

അലസാണ്ട്രോ എന്ന ആ വിമാന ഉദ്യോഗസ്ഥനും ഞാനും തമ്മില്‍ സംഭാഷണം തുടങ്ങാന്‍ അധിക സമയം വേണ്ടി വന്നിട്ടില്ല. കണ്ടാല്‍ ഭയവും, അത് അല്‍പ്പം ഇറങ്ങിയാല്‍, ഗാംഭീര്യവും സ്ഫുരിക്കുന്ന ഇറ്റാലിയന്‍. സുമുഖന്‍. നീണ്ട മൂക്ക്, ആറരയടി ഉയരം. ഒത്ത ശരീരം. മനോഹരമായ ഇംഗ്ലീഷ്. ഇറ്റാലിയന്‍ കലര്‍പ്പേയില്ല.

മൂപ്പര്‍ ഇന്ത്യയില്‍ തെക്കോട്ടു ഗോവ വരെ വന്നിട്ടുണ്ട്. കേരളം എന്നു കേട്ടിട്ടുള്ളതല്ലാതെ ഇവിടത്തെ മച്ചമ്പിമാരില്‍ ഒരാളുടേയും പേരു കേട്ടിട്ടില്ല. ഇറ്റലിയേക്കുറിച്ച് ഞാന്‍ ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. രണ്ടു നാവികര്‍ ഇന്ത്യയില്‍ കേസില്‍ കുടുങ്ങിയ കാര്യമൊന്നും കക്ഷി കേട്ടിട്ടില്ല. ഉണ്ടാവാം എന്നു പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു. പറഞ്ഞു പറഞ്ഞ് കക്ഷിക്ക് ഉറക്കം തുണയായെത്തി. പൂച്ചയുറക്കം. അതല്ലേ പറ്റൂ. വിമാനത്തിനകത്ത് പല പണിയല്ലേ.

അല്‍പ്പം കഴിഞ്ഞ് ഞാന്‍ തിരിഞ്ഞുനോക്കിയത് ഒരു മധുരസ്വരം കേട്ടാണ്. ആങ്ഹാ, ഹോസ്റ്റസ്. മെലിഞ്ഞ് സുന്ദരി. നല്ല ഉയരം.ചുവപ്പില്‍ നേര്‍ത്ത വരകളുള്ള യൂണിഫോം. അവര്‍ ലോഹ്യം ഭാവിച്ച് അടുത്തു ചാരി നിന്നു. ഹലോ. ഹലോ! അവര്‍ക്ക് അങ്ങനെയിങ്ങനെ ഇരിക്കാന്‍ പാടില്ലല്ലോ.

സംസാരം എന്റെ യാത്രകളിലേയ്‌ക്കെത്തി. ഫ്‌ളോറന്‍സ് എന്നു കേട്ടപ്പോള്‍ മുഖം വിടര്‍ന്നു. പോയ സ്ഥലങ്ങള്‍വിസ്തരിച്ചു ചോദിച്ചറിഞ്ഞു. മധ്യ ഇറ്റലിയിലെ ടസ്‌ക്കന്‍ ദേശക്കാരിയാണ്. ഇറ്റാലിയനില്‍ന്നു വേറിട്ട് സ്വന്തം ഭാഷയുള്ള, ധാരാളം ചരിത്രമുള്ള, ദേശം. ടസ്‌ക്കനിയുടെ തലസ്ഥാനം ഫ്‌ളോറന്‍സ്. അതാണ് ചിത്രകലയേക്കുറിച്ച് അവര്‍ വാചാലയായത്.

മൈക്കലാഞ്ചലോയുടെ ഡേവിഡ് കാണാന്‍ ഉണ്ടായ തിരക്കിനെക്കുറിച്ചു ഞാന്‍ സൂചിപ്പിച്ചതാമസം, പെയ്ന്റിങ്ങിനെ ക്കുറിച്ച് അവര്‍ കൂടുതല്‍ വാചാലയായി. പുലിവാലായോ. ഞാന്‍ അതില്‍ നല്ല വിവരമുള്ള ഇന്ത്യക്കാരനാണെന്ന മട്ടില്‍ ഗൗരവം ഒട്ടും വിടാതെ മസില്‍ പിടിച്ചിരുന്നു. ഇങ്ങോട്ട് ഒന്നും ചോദിക്കല്ലേ!
ഏതോ ഒരു പേര് അഭിമാനപൂര്‍വം ഉച്ചരിച്ച്, അദ്ദേഹത്തിന്റെ പെയ്ന്റിങ്ങുകള്‍ കണ്ടിട്ടുണ്ടോ എന്നായി മാഡത്തിന്റെ അടുത്ത ചോദ്യം. മാഡം എന്തു ഭാവിച്ചാണോ. പേരു വ്യക്തമല്ല, ഒന്നെഴുതിത്തരാമോ എന്നു ചോദിച്ച മാത്രയില്‍ എന്റെ ഡയറിയില്‍ കുറിച്ചു - കനാലിറ്റോ. ഏതു വിദ്വാനാണാവോ. കേട്ടിട്ടില്ല. അല്ലെങ്കില്‍ ചിത്രകലയേക്കുറിച്ച് എനിക്ക് എന്തറിയാം.

''ശരിയാണ് പ്രശസ്തനാണ്, പക്ഷെ കേരളത്തില്‍ അത്ര അറിയപ്പെടുന്ന പേരല്ല.'' രക്ഷപ്പെടണമല്ലോ.
ജിയോവന്നി അന്റോനിന്‍ കനാല്‍ എന്ന യഥാര്‍ഥപേരുള്ള 17-ാം നൂറ്റാണ്ടിലെ ഈ പ്രകൃതിദൃശ്യ പെയ്ന്ററെപ്പറ്റി അവര്‍ വളരെ വാചാലയായി. മുഖത്ത് വിസ്മയം ഭാവിക്കാന്‍ ഞാന്‍ പാടുപെട്ടുകൊണ്ടേയിരുന്നു. 

വിഷയം മാറ്റാതെ രക്ഷയില്ല. ഞാന്‍ മലയാളം എടുത്തിട്ടു. മുന്‍പോട്ടും പിറകോട്ടും ഒരുപോലെ വായിക്കാവുന്ന ഒരു ഭാഷകേട്ടിട്ടുണ്ടോ? അങ്ങോട്ടും ഇങ്ങോട്ടും. അവരുടെ മുഖത്തെ പ്രസരിപ്പ് ആകെ വാര്‍ന്നു തുടങ്ങി.
ഇല്ല. അവര്‍ അധ്വാനപ്പെട്ട ഒരു ചെറുചിരിയോടെ എന്റെ കുസൃതിക്കുമുമ്പില്‍ കീഴടങ്ങിയെന്നു തോന്നുന്നു.
അവര്‍ കനാലിറ്റോ-യുടെ പേരു കുറിച്ചതിനു ചുവടെ മലയാളം എന്ന് ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ എഴുതി ഡയറി സുന്ദരിയുടെ മുഖത്തിനു നേരെ നീട്ടി.
പിന്നെ അവര്‍ ചിത്രകലയേക്കുറിച്ചു മിണ്ടിയിട്ടില്ല. ഞാന്‍ വിജയഭാവത്തില്‍ എന്റെ ജംപ് സീറ്റില്‍, സോറി സിംഹാസനത്തില്‍, ഞെളിഞ്ഞിരുന്നു വിമാനഭരണം വീണ്ടും ഏറ്റെടുത്തു.

പിന്നെ, പല പല നാട്ടു, വീട്ടുവര്‍ത്തമാനവും, ഇറ്റലിയില്‍ കുറഞ്ഞുവരുന്നതും കേരളത്തില്‍ കസേരയിലേറിയതുമായ കമ്യൂണിസവും, അവരുടെ മുന്‍-പ്രധാനമന്ത്രി ബെര്‍ലുസ്‌ക്കോനിയുടെ പ്രേമങ്ങളും പാര്‍ലമെന്റില്‍ പരസ്യമായി ഇഷ്ടക്കാരിയെ ചുംബിക്കുന്നതുംവരെ സംസാരിച്ചു. സമയം പോകണമല്ലോ. 
ജംപ് സീറ്റ്. ഇളകാനോ തിരിയാനോ വലിയ സ്വാതന്ത്ര്യമൊന്നുമുള്ളതല്ലല്ലോ. റെയില്‍വേ സെക്കന്‍ഡ് ക്ലാസിലെ യൂറോപ്യന്‍ ക്ലോസറ്റ് സ്വര്‍ഗം. കസ്റ്റഡി സീറ്റ് എന്നു പറഞ്ഞാല്‍ കുറെ ശരിയാകും.

അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇങ്ങനെയൊരു സീറ്റ് ഇപ്പോഴില്ല. വിമാനജോലിക്കാര്‍ക്കോ, സ്റ്റാഫിന്റെ ബന്ധുക്കള്‍ക്കോവേണ്ടി ചില കമ്പനികളുടെ വിമാനങ്ങളിലാണ് ഇതുള്ളത്. ക്യാപ്റ്റന്‍ സാറിന്റെ അനുവാദം ഉണ്ടായാലേ അതും അനുവദിക്കൂ. സാധാരണ യാത്രക്കാര്‍ക്ക് അവിടെ ഇരുന്നുകൂട.
എനിക്കും മകനും (പിന്‍വശത്ത്) സീറ്റു കിട്ടാന്‍ പൈലറ്റിന്റെ അനുമതി, അലിറ്റാലിയ സ്റ്റാഫ് തേടിയിട്ടുണ്ടാവാം. ജംപ് സീറ്റാണെന്നു പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടാണ് ഞങ്ങള്‍ക്ക് ഇത് അനുവദിച്ചത്. പക്ഷെ അതിലെ ഇരിപ്പിന്റെ സ്വര്‍ഗീയ സുഖം അവര്‍ പറഞ്ഞുതന്നില്ല. അനുഭവിച്ചുതന്നെ അറിയുകയാണു നല്ലതെന്നു ബോധ്യമായി.
ആതന്‍സിലേയ്ക്ക് അല്‍പംമുമ്പ് ഉണ്ടായിരുന്ന വിമാനം ഉപേക്ഷിക്കുകയായിരുന്നു. മാള്‍ട്ട വഴിയുള്ള ആ ഫ്‌ളൈറ്റില്‍ പോയാല്‍ വളഞ്ഞു ചുറ്റി അവിടെയെത്താന്‍, ഒരു രാഷ്ട്രിയക്കാരന്റെ പ്രസംഗ ദൈര്‍ഘ്യം വരും.

ജംപ് സീറ്റ് സിംഹാസനാനുഭവം ആ വിമാനത്തില്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. പുതിയൊരു ചിത്രകാരനേക്കുറിച്ച് പറഞ്ഞറിവു നേടാനാകുമായിരുന്നോ?. അതിമനോഹരമായ ഭൂപ്രദേശമായ ടസ്‌ക്കനിയേക്കുറിച്ചും അതിന്റെ പൗര്‍വികതയേക്കുറിച്ചുള്ള അറിവും നഷ്ടപ്പെടുമായിരുന്നില്ലേ. ചിത്രകലാഭി-രുചിരാംഗിയായ ലിലിയാനയുടെ സാമീപ്യം പോലൊന്ന് ഇനി ഉണ്ടായെന്നു വരുമോ. 
അല്ല, ഇതുപോലെ മറ്റൊരനുഭവം ഓര്‍മിക്കാന്‍, ആന്‍ഡമാന്‍സിലേയ്ക്കുള്ള യാത്ര മനസിലുണ്ട്. അഡ്രിയാട്ടിക് സമുദ്രവും ഇയോണിയന്‍ സമുദ്രവും വേര്‍തിരിക്കുന്ന ആകാശപ്പാതയിലൂടെയാണ് ആതന്‍സിലേയ്ക്കു ജംപ് സീറ്റ് യാത്രയെങ്കില്‍, അന്ന് ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ യാത്ര മറ്റൊരു വാഹനത്തിലായിരുന്നു.
അലിറ്റാലിയ 50 വര്‍ഷമായി പോപ്പിന്റെ യാത്രാവാഹനമായി വത്തിക്കാന്‍ നിര്‍ണയിച്ചിട്ടുള്ളതാണ്. പോപ്പ് അന്തസ്സോടെ ഒരു ജംപ്‌സീറ്റില്‍ യാത്രചെയ്യുന്ന ചിത്രം ഇതൊടൊപ്പമുണ്ട്. ജംപ്-സീറ്റ് കോക്പിറ്റിലും ക്രൂ-കാബനിലും കാണാം. എല്ലാ വിമാനത്തിലും ഇല്ലെന്നു മാത്രം.

പോപ്പ് പൈലറ്റിന്റെ ജംപ്-സീറ്റിലാണ് യാത്രയെങ്കില്‍, ഒരു കര്‍ദിനാള്‍പോലും ആയിട്ടില്ലാത്ത എനിക്ക് ക്രൂവിന്റെ ജംപ്-സീറ്റ് ഒഴിച്ചിട്ടു തന്നതില്‍ പ്രൊട്ടോക്കോള്‍-ഭംഗം ഞാന്‍ കാണുന്നില്ല. പാപ്പയ്ക്ക് വെറും ഒരു പൈലറ്റിനെ അല്ലയോ കമ്പനി കിട്ടിയത്. എനിക്കോ, കലാസ്വാദകയായ ഒരു ടസ്‌ക്കന്‍ സുന്ദരിയെ.


ആതന്‍സിലേയ്ക്ക് നിന്നും ഇരുന്നും സ്വന്തം ഫ്‌ളൈറ്റ്, കൂട്ടിനു കലാസ്വാദകയായ ടസ്‌ക്കന്‍ സുന്ദരി
ജംപ്-സീറ്റിന്റെ ബോര്‍ഡിങ് പാസ്; ജംപ്-സീറ്റില്‍ ഹോസ്റ്റസ്
ആതന്‍സിലേയ്ക്ക് നിന്നും ഇരുന്നും സ്വന്തം ഫ്‌ളൈറ്റ്, കൂട്ടിനു കലാസ്വാദകയായ ടസ്‌ക്കന്‍ സുന്ദരി
അലിറ്റാലിയയുടെ എയര്‍ബസ്-320
ആതന്‍സിലേയ്ക്ക് നിന്നും ഇരുന്നും സ്വന്തം ഫ്‌ളൈറ്റ്, കൂട്ടിനു കലാസ്വാദകയായ ടസ്‌ക്കന്‍ സുന്ദരി
ജംപ്-സീറ്റിലിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക