Image

ആറന്‍മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവാസികള്‍ ഒപ്പം ചേരണമെന്ന് ആന്റോ ആന്റണി എം.പി.

അനില്‍ പെണ്ണുക്കര Published on 13 February, 2012
ആറന്‍മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവാസികള്‍ ഒപ്പം ചേരണമെന്ന് ആന്റോ ആന്റണി എം.പി.
കോഴഞ്ചേരി: പ്രവാസികളുടെ ചിരകാലസ്വപമായ ആറന്‍മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും, വികസന കാര്യത്തില്‍ ഒപ്പം നില്‍ക്കണമെന്നും ആന്റോ ആന്റണി എം.പി പ്രസ്താവിച്ചു.

കോഴഞ്ചേരി സംഗമം യു.എസ്.എ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡുദാന ചടങ്ങില്‍ ഉദ്ഘാടന പ്രസംഗം നടത്തവെയാണ് പ്രവാസി മലയാളികളോട് ഇങ്ങനെ ആവശ്യപ്പെട്ടത്.

ആറന്‍മുള വിമനാത്താവള പദ്ധതിയ്‌ക്കെതിരെ ഉയരുന്ന മാധ്യമവേട്ടയും, സമരങ്ങളും യാഥാര്‍ത്ഥ്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും വികസനത്തിന്റെ പേരില്‍ ആറന്‍മുളയിലെ ഒരു കുടുംബത്തെ പോലും കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആറന്‍മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതിന്റെ മുന്നോടിയായി ഏതെങ്കിലും ഒരു കുടുംബത്തെ കുടിയൊഴിപ്പിക്കുന്നതായി തെളിഞ്ഞാല്‍ തന്റെ പാര്‍ലമെന്റ് അംഗസ്ഥാനം താന്‍ രാജിവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറന്‍മുള ഒരു പൈതൃകഗ്രാമമാണെന്ന് എല്ലാവര്‍ക്കും അറിയാം. ആറന്‍മുളയുടെ പാരമ്പര്യവും, വിശുദ്ധിയ്ക്കും കോട്ടം തട്ടാത്തനിലയിലാണ് ഈ പദ്ധതി വരുന്നത്. പക്ഷേ, ചില തല്പരകക്ഷികളും, ചില മാധ്യമങ്ങളും എം.പി.യേയും എം.എല്‍.എയും വേട്ടായാടുകയാണ്. സത്യാവസ്ഥ ജനങ്ങള്‍ മനസിലാക്കണം.

ആറന്‍മുള വിമാനത്താവളത്തിന് തുടക്കമിട്ടത് അമേരിക്കന്‍ മലയാളികളാണ്. പദ്ധതി നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ . അമേരിക്കന്‍ മലയാളികള്‍ ഈ സ്വപ്ന പദ്ധതിയ്ക്കായി ഒത്തുകൂടണം. സമ്മര്‍ദം ചെലുത്താവുന്ന മേഖലകളില്‍ അതിനായി പരിശ്രമിക്കണം.

അമേരിക്കന്‍ മലയാളി സംഘടനകള്‍ ഒരു മനസ്സോടെ വിമാനത്താവളത്തിനായി യത്‌നിക്കണം. നിവേദനങ്ങള്‍ നല്‍കണം. സഹകരിക്കാവുന്ന മേഖലകളില്‍ സഹകരിക്കണം. കോഴഞ്ചേരി സംഗമത്തിന്റെ പ്രവര്‍ത്തകര്‍ വിമാനത്താവളത്തിനായി യത്‌നിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി സംഗമം പ്രസിഡന്റ് ശശിധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ശിവദാസന്‍ നായര്‍ എം.എല്‍ .എ, രാജു ഏബ്രഹാം എം.എല്‍.എ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സ്റ്റെല്ലാ തോമസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യന്‍ മടയ്ക്കല്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കോഴഞ്ചേരി സംഗമം സെക്രട്ടറി പി.റ്റി. അലക്‌സാണ്ടര്‍ നന്ദി പ്രകാശിപ്പിച്ചു.
ആറന്‍മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവാസികള്‍ ഒപ്പം ചേരണമെന്ന് ആന്റോ ആന്റണി എം.പി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക