Image

ബേബേല്‍ നദികളുടെ തീരത്ത് ............(പ്രേമ എബ്രഹാം മാന്തുരുത്തില്‍)

പ്രേമ എബ്രഹാം മാന്തുരുത്തില്‍ Published on 06 October, 2016
ബേബേല്‍ നദികളുടെ തീരത്ത് ............(പ്രേമ എബ്രഹാം മാന്തുരുത്തില്‍)
സാധാരണ വിമാനയാത്രാവേളയില്‍ അടുത്തിരിക്കുന്ന യാത്രക്കാരുമായി വലിയ സംഭാഷണത്തിന് ഞാന്‍ മുതിരുകയില്ല. പക്ഷേ, അന്നത്തെ യാത്രയില്‍, അടുത്തിരുന്നത് സാരിയണിഞ്ഞ, കുലീനയായ ഒരു മലയാളി വനിതയായിരുന്നു. ഏതാണ്ട് എന്റെ പ്രായവും. ന്യൂയോര്‍ക്കില്‍ നിന്ന് വിമാനമുയര്‍ന്നു കുറേ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ പരസ്പരം പരിചയപ്പെടല്‍ കഴിഞ്ഞ് ഏറെ മുന്നേറിയിരുന്നു. എന്നെപ്പോലെ അവരും മക്കളെ സന്ദര്‍ശിച്ച ശേഷം തിരിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്.

സംസാരത്തിനിടയില്‍ എയര്‍ഹോസ്റ്റസിന്റെ ശ്രദ്ധ ആകര്‍ഷിച്ച് അവര്‍ ഓര്‍മ്മപ്പെടുത്തി. എനിക്ക് വെജിറ്റേറിയന്‍ മാത്രമേ ആകാവൂ. 

വിരസമായ മണിക്കൂറുകള്‍ കടന്നുപോകവേ ഞാന്‍ കൂടുതല്‍ അവരെപ്പറ്റി ചോദിച്ചറിഞ്ഞു. അവര്‍ വിധവയാണ്. പേര് ലളിതമ്മ. സ്വദേശം പാലക്കാട്. രണ്ടു മക്കള്‍. മകനും, മകളും. രണ്ടുപേരും യു.എസി ല്‍ വ്യത്യസ്ത നഗരങ്ങളില്‍ ഐടി ജോലി നോക്കുന്നു. നല്ല സാമ്പത്തികാവസ്ഥ., നല്ല ജീവിതനിലവാരം.

ലളിതമ്മ രണ്ടു വീടുകളിലും മാറി, മാറി താമസിക്കും. അമേരിക്കയില്‍ കടുത്ത തണുപ്പ് തുടങ്ങുമ്പോള്‍ തിരിച്ച് നാട്ടിലേക്ക്. എങ്ങനെ സമയംപോക്കും എന്ന ചോദ്യത്തിന് അവര്‍ ഒരു പുഞ്ചിരിയോടെ മറുപടി തന്നു. രണ്ടിടത്തും രണ്ടു കുട്ടികള്‍ വീതം ഉണ്ട്. പിന്നെ വീട്ടിലെ ജോലികള്‍ ഉണ്ടല്ലോ.

ശരിയാണ്. ചുമതലയോടെ ഒരു വീട്ടില്‍ കാര്യങ്ങള്‍ നടത്തുമ്പോള്‍ സമയം അധികമായി തോന്നുകയില്ല.

മികച്ച ഒരു വീട്ടമ്മയായ അവര്‍ തന്റെ രണ്ടു മക്കളേയും നന്നായി നോക്കി വളര്‍ത്തി. പഠിത്തത്തില്‍ മികവ് കാണിച്ച അവര്‍ രണ്ടു പേരും ടോപ്പേഴ്‌സ് ആയി പാസായി, യുഎസില്‍ വലിയ കമ്പനികളില്‍ ജോലി സമ്പാദിച്ചു. അവിട സ്ഥിരതാമസക്കാരായി. ആയമ്മയുടെ പിന്നെയുള്ള ദൗത്യം കൊച്ചുമക്കളെ അവരുടെ മാതാപിതാക്കള്‍ നടന്ന വഴികളിലൂടെ കുറെയൊക്കെ നടത്തുകയെന്നതു തന്നെ.

വീട്ടില്‍ എല്ലാവരും മലയാളം സംസാരിക്കണമെന്നത് അവര്‍ക്കു നിര്‍ബന്ധമാണ്. അതുപോലെ തന്നെ സസ്യാഹാരവും. കുട്ടികള്‍ പുറത്തുപോകുമ്പോഴും പാര്‍ട്ടിക്കു പോകുമ്പോഴും അമേരിക്കന്‍ വിഭവങ്ങള്‍ കഴിക്കും എന്നത് ഉറപ്പാണ്. എന്നാലും വീട്ടില്‍ നല്ല നാടന്‍ രീതിയിലുള്ള സസ്യങ്ങള്‍ വളര്‍ത്തുന്നത് കുട്ടികളെ ശീലിപ്പിക്കുന്നതിന് അവര്‍ ശ്രമിക്കുന്നു. നല്ല ഭക്ഷണക്രമം ശീലമാക്കിയാല്‍ ഭാവിയില്‍ അവരുടെ ആരോഗ്യവും നന്നായിരിക്കുമല്ലോ.

കുട്ടികളെ സല്‍സ്വഭാവികളാക്കുവാനുതകുന്ന രാമായണ കഥകള്‍, നാടോടി കഥകള്‍, ഒക്കെ ഈ അമ്മ നാടകീയമായി തന്നെ അവരെ പറഞ്ഞു കേള്‍പ്പിക്കും. കൂട്ടത്തില്‍ ചെറുമൂളിപ്പാട്ടുകളും-കുട്ടികള്‍ അവരുടെ പൂര്‍വ്വികരുടെ സംസ്‌കാരം കുറച്ചെങ്കിലും ഉള്‍ക്കൊണ്ട് വളരട്ടെ.

ഇത്രയൊക്കെ കേട്ടപ്പോള്‍ സ്വഭാവികമായും ഞാന്‍ ആയമ്മയോടു ചോദിച്ചു. 

ഇത്രയേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന നിലയില്‍ എന്തുകൊണ്ട് കുട്ടികളുടെ ഒപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കുന്നില്ല

സ്വല്പനേരം നിശബ്ദയായിരുന്ന അവര്‍ പറഞ്ഞു. അമേരിക്കന്‍ ജീവിതത്തിന് അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്. വീട്ടു നടത്തിപ്പിന്റെ തന്ത്രപ്പാടുകള്‍ ഒന്നും അറിയണ്ട. മകള്‍ എല്ലാം അറിഞ്ഞു ചെയ്തു കൊള്ളും. അതുകൊണ്ട് സുരക്ഷിതാബോധം കൂടുതലുണ്ട്. പക്ഷേ ഒരു വലിയ കുറവുണ്ട്. സ്വന്തം പ്രായക്കാരുടെ ചങ്ങാത്തം ഒന്നും ഇനി ലഭ്യമല്ല. കുട്ടികളുടെ സുഹൃത്തുക്കള്‍ നമുക്ക് പ്രിയമുള്ളവരെങ്കിലും, കൂട്ടുകാര്‍ ആകില്ലല്ലോ. 

നാട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ വേണ്ടി അവര്‍ എന്നും ഓണ്‍ലൈന്‍ ആയി മലയാളപത്രം വായിക്കും. പാലക്കാട് എഡിഷന്റെ ചരമക്കുറിപ്പുകള്‍ അരിച്ചു പെറുക്കി വായിക്കും. നാട്ടില്‍ വിവാഹങ്ങളും മറ്റു ചടങ്ങുകളും നടക്കുമ്പോള്‍ വെമ്പലോടെ വിവരങ്ങള്‍ അറിയാന്‍ കാത്തിരിക്കും.

മറുവശത്ത്, നാട്ടില്‍ ഒറ്റയ്ക്കു താമസിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കറന്റു പോയാല്‍ വീട്ടുസാമഗ്രികള്‍ കേടായാല്‍, കള്ളന്‍ കയറിയാല്‍, പെട്ടെന്ന് അസുഖം വന്നാല്‍-അങ്ങനെ അങ്ങനെ ദൈനംദിന ജീവിതത്തിലെ തലവേദനകള്‍.

പക്ഷേ, എന്തൊക്കെയാണെങ്കിലും എന്റെ നാടല്ല. മന്ദഹാസത്തോടെ അവര്‍ പറഞ്ഞു. ഞാന്‍ വര്‍ഷങ്ങളായി താമസിച്ച വീടും ചുറ്റുപാടുകളും... പിന്നെ ഒത്തിരി സ്‌നേഹിക്കുന്ന ആളുകളും... എല്ലാം ഉപേക്ഷിച്ച് പൂര്‍ണ്ണമായ ഒരു പറിച്ചു നടീല്‍ പ്രയാസമാണ്... ഒരു പക്ഷേ, തീരെ ആരോഗ്യമില്ലാതെ വന്നാല്‍ അതു സംഭവിച്ചേക്കാം.

യാത്ര അവസാനിക്കുമ്പോള്‍ അവര്‍ വളരെ ഉത്സാഹവതിയായി കാണപ്പെട്ടു. മാസങ്ങളായി മനസ്സില്‍ കൊണ്ടു നടന്നവരെ ഉടനെ കണ്ടുമുട്ടും. പിന്നെ. പതിവായി ചിട്ടവട്ടങ്ങള്‍ നിത്യേന സമീപത്തുള്ള കൂട്ടുകാരുമായി ക്ഷേത്രത്തിലേക്ക്, വൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞിരിക്കാം. ഉടുത്തൊരുങ്ങി ചടങ്ങുകളില്‍ പങ്കെടുക്കാം..... അങ്ങനെ അങ്ങനെ ...-അടുത്ത വേനല്‍ വരെ

പെട്ടെന്ന് എന്റെ മനസ്സില്‍ കൊച്ചുന്നാളില്‍ പഠിച്ച ഒരു റോമന്‍ ദേവന്റെ ചിത്രം തെളിഞ്ഞു. രണ്ടു തലയുള്ള രണ്ടു ദിശകളിലേക്ക് സദാനോട്ടമിട്ടിരുന്ന റോമന്‍ ദേവനായ ജാനസ്. ഒരു പക്ഷേ, ഞങ്ങള്‍ രണ്ടു പേരും ഏതാണ്ട് ജാനസിനെപ്പോലെ  രണ്ടു രാജ്യങ്ങളിലേയ്ക്ക് ഉറ്റുനോക്കി ശിഷ്ടകാലം കഴിക്കുമോ?

പ്രേമ എബ്രഹാം മാന്തുരുത്തില്‍


ബേബേല്‍ നദികളുടെ തീരത്ത് ............(പ്രേമ എബ്രഹാം മാന്തുരുത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക