Image

ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുമായി ഡോ. എം.വി പിള്ള (എ. എസ് ശ്രീകുമാര്‍)

Published on 06 October, 2016
ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുമായി ഡോ. എം.വി പിള്ള (എ. എസ് ശ്രീകുമാര്‍)
പുരസ്‌കാരത്തിലൂടെയും പദവികളിലൂടെയും ബഹുമാനിതരാകുന്നത് വ്യക്തിത്വങ്ങളാണ്. അംഗീകാരം ലഭിക്കുക വഴി ആ നേട്ടങ്ങള്‍ക്കാണ് തിളക്കമേറുക. ക്യാന്‍സര്‍ ചികിത്സാരംഗത്തെ മഹാഭിഷഗ്വരനായ ഡോ. എം.വി പിള്ള അര്‍ബുദ ചികിത്സാരംഗത്തെ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്റ് റിസര്‍ച്ച് (ഐ.എന്‍.സി.ടി.ആര്‍.) യു.എസ്.എയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മലയാളികളുടെ അഭിമാനം ആകാശംമുട്ടെയെത്തി. ബ്രസല്‍സ് ആസ്ഥാനമായ സ്ഥാപനത്തിന്റെ യു.എസ. ശാഖയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കൂടിയാവും ഡോ. എം.വി. പിള്ള.

ഈ പദവിയില്‍ മാത്രമല്ല, സ്വജീവിതം അര്‍ബുദ വിമുക്ത ലോകം എന്ന മഹാ സങ്കല്പത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ് ഈ കര്‍മ യോഗി. അംഗീകാരത്തിന് അര്‍ഹനാകാനുള്ള വിവിധ മാനദണ്ഡങ്ങളില്‍ ആശ്ചര്യജനമായ കാര്യമുണ്ട്. അമേരിക്കയിലെ അര്‍ബുദ രോഗികളുടെ മരണ നിരക്ക് അതിശയകരമാം വിധം അഭൂതപൂര്‍വമായി കുറഞ്ഞിരിക്കുന്നു. ആ നിലയിലേയ്ക്കുള്ള മുന്നേറ്റത്തില്‍ ഒരു മലയാളിക്ക് കല്‍പ്പിച്ചു കൊടുത്ത സ്ഥാനത്തില്‍ നമ്മള്‍ ഓരോ മലയാളിയുടെയും ശിരസ്സുയര്‍ത്തപ്പെടുകയാണ് ഡോ. എം.വി പിള്ളയിലൂടെ. ഈ മഹോന്നത സ്ഥാനലബ്ധി ഡോ. എം.വി പിള്ളയെ കൂടുതല്‍ വിനയാന്വിതനും കര്‍മ നിരതനുമാക്കുകയാണ്. ക്യാന്‍സര്‍ ചികിത്സാ രംഗത്തെ തന്റെ ചിന്തകള്‍ സരളമായി വിവരിക്കുകയാണ് വാഗ്മിയും സര്‍ഗധനനുമായ ഡോക്ടര്‍.

''ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് എളിയ മുന്നേറ്റം ഉണ്ടാക്കാം എന്ന് ആഗ്രഹിക്കുന്നു അഭിമാനിക്കുന്നു. ആഗോള തലത്തില്‍ രോഗപ്രതിരോധ മേഖലയ്ക്ക് നമ്മള്‍ സ്വയം സജ്ജീകരിക്കപ്പെടുകയാണ്. തുടക്കത്തില്‍ കണ്ടുപിടിക്കപ്പെട്ടാല്‍ പരിപൂര്‍ണ രോഗശാന്തി ഉണ്ടാകും.''

ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്റ് റിസര്‍ച്ച് (ഐ.എന്‍.സി.ടി.ആര്‍.) ഇന്ത്യയിൽ  സ്ഥാപിക്കപ്പെട്ടത് 2014ല്‍ ജയ്പൂരിലാണ്. 

ക്യാന്‍സര്‍ ചികിത്സാ രംഗത്ത് മൂന്ന് വെല്ലുവിളികള്‍ നാം അഭിമുഖീകരിക്കുന്നതായി ഡോ. എം.വി പിളള ചൂണ്ടിക്കാട്ടി. ''വൈകിയുള്ള രോഗ നിര്‍ണയം രക്ഷപ്പെടാനുള്ള സാധ്യതകളെ കുറയ്ക്കുന്നു. പ്രായാധിക്യത്തിന്റെ നടുവില്‍ കഷ്ടപ്പെടുന്ന രോഗികളെ സംരക്ഷിക്കുവാനുള്ള പ്രാവീണ്യം നേടിയവരുടെ അഭാവവും പ്രശ്‌നമാണ്. പൊതുവായി ക്യാന്‍സര്‍ ബാധിക്കുന്നത് ബ്രസ്റ്റ്, ശ്വാസകോശം, ആമാശയം എന്നിവിടങ്ങളിലാണ്.  മെലാനോമ, ലിംഫോമ എന്നിവ പരക്കെ കാണപ്പെടുന്നു. സമീപഭാവിയില്‍ ക്യാന്‍സറിനെ ചെറുക്കാനുള്ള  മോളിക്യുലര്‍ ബയോളജിയുടെ സാധ്യകള്‍ ഏറെ. ആ ശാസ്ത്രജ്ഞര്‍ അതിുവേണ്ടിയുള്ള തീവ്രയജഞപരിപാടിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു...''

''ക്യാന്‍സര്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങള്‍ പറയട്ടെ. പുകവലി, മദ്യാപാനം, അമിത വണ്ണം--പാടില്ല. ഈ ബോധവത്ക്കരണം നടത്തുമ്പോള്‍ വ്യാപകമായ പ്രതികരണവും അതുവഴിയുള്ള ഗുണപരമായ നേട്ടവും ഉണ്ടായിട്ടുണ്ട്. ഈ രോഗത്തോട് സന്ധിയില്ലാ സമരം ചെയ്യാന്‍ ഏവരും പ്രാപ്തരാകട്ടെ. ശരീര കോശങ്ങളുടെ നന്മയ്ക്കും ഊയിര്‍പ്പിനുമായി നമുക്ക് പ്രാര്‍ത്ഥനാനിരതരാകാം.  നല്ല ശരീരത്തിനും ജീവിതത്തിനുമായി നമുക്ക് ഒരുമയോടെ പ്രാര്‍ത്ഥിച്ച് ക്വിറ്റ് ക്യാന്‍സര്‍ എന്ന് ആശിക്കാം...'' 

അമേരിക്കന്‍ മലയാളി മനസ്സില്‍ ആതുര സേവനത്തിന്റെ സ്റ്റെത്തുമായി നിറപുഞ്ചിരിയോടെ എത്തുന്ന ഡോ.എം വി പിള്ള ലോകമലയാളികള്‍ക്ക് അഭിമാനമാണ്. എഴുത്തുകാരനും അധ്യാപകനും വാഗ്മിയുമായ അദ്ദേഹം ഫിലഡല്‍ഫിയ തോമസ് ജഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ കിമ്മല്‍ മെഡിക്കല്‍ കോളേജിലെ അഡ്ജന്റ് പ്രൊഫസറും  കണ്‍സള്‍ട്ടന്റുമാണ്.   ഒട്ടേറെ പദവികളില്‍ ആതുര സേനവ സപര്യയില്‍ ശോഭിക്കുന്നു. 

സമര്‍പ്പിതമായ സേവന മികവിന് അന്താരാഷ്ട്ര തലത്തിലുള്ള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ഡോ. എം.വി പിള്ള മലയാളികളുടെ ആരോഗ്യകരമായ അഭിമാനം വാനോളം ഉയര്‍ത്തിക്കൊണ്ട് ചികിത്സാപരമായും ചിന്താപരമായും നമ്മെ അഭിവൃദ്ധിപ്പെടുത്തുന്നു. അതോടൊപ്പം ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ ക്യാന്‍സര്‍ എന്ന ഭൂതത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍  അദ്ദേഹത്തിന് നമ്മള്‍ മനസ്സും വപുസ്സും അര്‍പ്പിക്കുകയാണ്.

ഡോ. എം.വി പിള്ളയിലൂടെ ഓരോ മലയാളിയും ആദരിക്കപ്പെടുകയാണ്. വിശേഷണങ്ങള്‍ക്കതീതനായ ഈ ദൈവദൂതന് നമുക്കര്‍പ്പിക്കാം, നമുക്ക് നല്‍കാനുള്ള പ്രാര്‍ഥനാ ഔഷധം...''ദീര്‍ഘായുഷ്മാന്‍ ഭവ...''

ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുമായി ഡോ. എം.വി പിള്ള (എ. എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക