Image

നിത്യജീവന്‍ (കവിത: ഗീത വി)

Published on 06 October, 2016
നിത്യജീവന്‍ (കവിത: ഗീത വി)
മൗനത്തിന്നാഴമാം കയങ്ങളില്‍
മെല്ലെ മെല്ലെയിറങ്ങി ഹൃദയാകാശമാം
പൊന്‍തടാകത്തിലെത്തി ഞാനൊരു
സഹസ്രദള പത്മമായി വിരിയും

ഹംസമായി വിശ്വമാകെ പരിലസിക്കും ഞാന്‍
ഉദയസൂര്യനായി ഉദിച്ചുയരും ഞാന്‍
താരാഗണങ്ങളായി വിണ്‍മണ്ഡലത്തില്‍ മലര്‍വാടി തീര്‍ക്കും ഞാന്‍
പൂര്‍ണ്ണേന്ദുവായി പൊന്‍നിലാവ് പരത്തും ഞാന്‍

മഴവില്ലായി വാനില്‍-
വിസ്മയക്കാഴ്ചയൊരുക്കും ഞാന്‍
മഴമേഘമായി പുണ്യതീര്‍ത്ഥം
പ്രപഞ്ചമാകെ പെയ്‌തൊഴിയും ഞാന്‍

തെന്നലായി മലയാചലത്തെ പുല്‍കും
ഞാന്‍ പിന്നെ വാത്സല്യക്കരങ്ങളാ-
ലൂഴിയെത്തലോടി മാലേയ-
സൗരഭ്യമെങ്ങും പരത്തിനടക്കും ഞാന്‍

അലയായിയാഴിയില്‍ തെന്നിത്തെന്നി നടക്കും ഞാന്‍
പുഴയായി തുള്ളിത്തുള്ളിയൊഴുകും ഞാന്‍
ചിത്രശലഭങ്ങളായി പാരിലാകെ
വര്‍ണ്ണചിത്രം വരയ്ക്കും ഞാന്‍

മയിലായി നൃത്തമാടും ഞാന്‍, കുയിലായി പാടിനടക്കും ഞാന്‍
മത്തഗജമായാമോദത്തോടെയോടിനടക്കും ഞാന്‍
മഹാശൈലമായി പൃഥ്വിയാകാശങ്ങള്‍ക്കിടയിലൊരു
മഹാസേതുവായി ഭവിച്ചിടും ഞാന്‍

പ്രപഞ്ചമായി വിരിയും ഞാന്‍ പിന്നെ
സ്‌നേഹമാം സൗരഭ്യം പാരാകെ പരത്തും ഞാന്‍
അമൃതസരസ്സായിത്തീര്‍ന്നിടും ഞാന്‍
പിന്നെയാനന്ദ സാഗരത്തിലാറാടും ഞാന്‍

മരണത്തിനപ്പുറം കടക്കും ഞാന്‍
നിത്യജീവന്‍ പ്രാപിച്ചിടും ഞാന്‍
സ്വയം പ്രകാശമായിത്തീര്‍ന്നിടും ഞാന്‍
പിന്നെയജ്ഞേയത്തില്‍ ലയിച്ചിടും ഞാന്‍. 
Join WhatsApp News
Anwar Shah Umayanalloor 2016-10-16 04:39:08
Manoharam
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക