Image

ട്രമ്പിന്റെ സദാചാരവും ക്ഷമാപണവും

Published on 09 October, 2016
ട്രമ്പിന്റെ സദാചാരവും ക്ഷമാപണവും
വിവാദങ്ങളിലൂടെതെരെഞ്ഞെടുപ്പ് രംഗം കയ്യടക്കിയ ഡൊണള്‍ഡ് ട്രമ്പ് എന്തായാലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഉപേക്ഷിക്കാനൊന്നും പോകുന്നില്ലെന്നു വ്യക്തമായി. ഇന്നത്തെ ഡിബേറ്റ് കൂടി കഴിഞ്ഞാല്‍ അറിയാം ട്രമ്പിന്റെ സാധ്യത.

സ്ത്രീവിഷയത്തിന്റെ പേരില്‍ഒരാളുടെ സ്ഥാനാര്‍ഥിതം തകരാന്‍ സാധ്യത അമേരിക്കയില്‍ നന്നെ കുറവ്. 

പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രസിഡന്റായിരുന്ന ഗ്രോവര്‍ ക്ലീവ് ലന്‍ഡ് മത്സരിച്ചപ്പോള്‍ അദ്ധേഹത്തിനു അവിഹിത ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നു ആരോപണമുയര്‍ന്നു. അതു വ്യക്തിപരമായ കാര്യമാണെന്നും അദ്ധേഹത്തിന്റെ ഭരണ ചാതുര്യം നോക്കിയാല്‍ മതിയെന്നുമായിരുന്നു ജനവിധി.

സരിത പോയ വഴിയെ നടന്നു പോയാല്‍ കൂടി രാഷ്ട്രീയ ഭാവി നശിക്കാന്‍  ഇതു കേരളം അല്ല താനും. (സദാചാരം കേരളത്തില്‍ വലിയ പ്രശ്‌നമാണല്ലൊ- അന്യന്റെ സദാചാരം)

ഏറ്റവും ഒടുവില്‍ ട്രമ്പിന്റെ സ്തീകള്‍ക്കെതിരായ പരാമര്‍ശത്തിനെതിരെ മുന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ആര്‍നള്‍ഡ് ഷ്വാര്‍സ്‌നഗറും രംഗത്തു വന്നു. ഭാര്യ ഉണ്ടായിരിക്കെ വീട്ടുജോലിക്കാരിയില്‍ ഒരു കുട്ടി ഉണ്ട് അദ്ധേഹത്തിന് എന്നതും മറക്കാതിരിക്കുക.

ട്രമ്പ് പറഞ്ഞതിതാണ്. സെലിബ്രിറ്റി ആണെങ്കില്‍ സ്ത്രീകളെ കാണുന്ന മാത്രയില്‍ എങ്ങാണ്ടൊക്കെ കേറി പിടിക്കാമെന്നും ഒരു കുഴപ്പവുമില്ലെന്നാണ് പതിനൊന്നു വര്‍ഷം മുന്‍പ് ട്രമ്പ് പറഞ്ഞത്. അന്നു തന്നെ 59 വയസുള്ള വല്യപ്പനാണ് ട്രമ്പ്.

സ്ത്രീകളെ പന്നി എന്നു വിളിച്ചില്ലെ എന്നു മുന്‍പ് ചോദിച്ചപ്പോള്‍ ഒരു ടിവിക്കാരിയെ മാത്രമാണ് അങ്ങനെ വിശേഷിപ്പിച്ചതെന്നായിരുന്നു ട്രമ്പിന്റെ മറുപടി.

എന്തായാലും ഭര്‍ത്താവ് പറഞ്ഞതൊട്ടും ശരിയായില്ലെന്നും അദ്ധേഹത്തിന്റെ ക്ഷമാപണം സ്വീകരിക്കണമെന്നും സ്ലോവേനിയക്കാരിയായ മൂന്നാം ഭാര്യ മെലനിയ ട്രമ്പ് അഭ്യര്‍ഥിച്ചിട്ടുണ്ട്. അദ്ധേഹത്തിന്റെ ഹ്രുദയവും മനസും ഒരു നേതാവിന്റെതാണ്. ഞാന്‍ സ്വീകരിച്ചതു പോലെ അദ്ധേഹത്തിന്റെ ക്ഷമാപണം ജനങ്ങളും സ്വീകരിക്കുകയും രാജ്യത്തെയും ലോകത്തെയും ബാധിക്കുന്ന സുപ്രധാന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും വേണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.

ക്ഷമ ചോദിച്ച ട്രമ്പ് ഇതൊരു സ്വകാര്യ സംഭാഷണം മാത്രമായിരുന്നു എന്നു വിശദീകരിച്ചു. തെറ്റ് പറ്റാത്ത പൂര്‍ണനായ മനുഷ്യനാണ് താന്‍ എന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ബില്‍ ക്ലിന്റനെ വച്ചു നോക്കുമ്പോള്‍ താന്‍ ഭേദമാണെന്നു കൂടി പറയാന്‍ ട്രമ്പ് മറന്നില്ല.

എന്നാല്‍ പല സെനറ്റര്‍മാരും കോണ്‍ഗ്രസംഗങ്ങളും ഗവര്‍ണര്‍മാരും ട്രമ്പ് സ്വയം സ്ഥാനാര്‍ഥിത്വം പിന്വലിക്കണമെന്ന നിലപാടുമായെത്തി. തപാല്‍ വോട്ട് ആരംഭിച്ചിരിക്കെ ട്രമ്പിനെ നീക്കം ചെയ്യാനാവില്ല. എന്നാല്‍ സ്വയം ഒഴിഞ്ഞാല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സിനെയോ മറ്റാരെയെങ്കിലുമോ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടിക്കു കഴിയും. പക്ഷെ അത് എളുപ്പമല്ല. ട്രമ്പ് അതിനു വഴങ്ങില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.

നേതാക്കന്മാരില്‍ ഒരു വിഭാഗം എതിര്‍പ്പുമായി വന്നുവെങ്കിലും ട്രമ്പിനെ അനുകൂലിക്കുന്ന താഴെത്തട്ടിലെ വോട്ടര്‍മാര്‍ ട്രമ്പിനെ കയ്യൊഴിയാന്‍ ഒരുക്കമല്ലെന്നാണു കരുതേണ്ടത്. മാനുഫാക്ചറിംഗ് ജോലികള്‍ തട്ടിയെടുക്കുന്ന ചൈനക്കും ചെറുകിട ജോലികള്‍ കൈക്കലാക്കുന്ന അനധിക്രുത കുടിയേറ്റക്കാര്‍ക്കും ഒക്കെ എതിരായി നീങ്ങാന്‍ ട്രമ്പിനെ പോലെ രാഷ്ട്രീയക്കാരനല്ലാത്ത ഒരാള്‍ തന്നെ വേണമെന്നു സാദാ റിപ്പബ്ലിക്കന്‍ ആഗ്രഹിക്കുന്നു. ലോക രാഷ്ട്രങ്ങളെ വരച്ച വരയില്‍ നിര്‍ത്തുന്ന പഴയ കാലം വീണ്ടെടുക്കാനും ട്രമ്പിനാകുമെന്നവര്‍ കരുതുന്നു.

ഇതിനോടൊപ്പം ന്യു ജെഴ്‌സിയില്‍ നിന്നുള്ള പ്രൊഫ. എ.ഡി. അമര്‍ നേത്രുത്വം നല്‍കുന്ന ഇന്ത്യന്‍ അമേരിക്കന്‍സ് ഫോര്‍ ട്രമ്പ് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ പ്രസ്താവനയും കാണുക. അതില്‍ പറയുന്നത് മാധ്യമങ്ങള്‍എല്ലാം ഇടതു പക്ഷ ചിന്താഗതിക്കാരാണെന്നാണ്. അതിനു പുറമെ ട്രമ്പിനെ വെള്ളം കുടിപ്പിക്കുന്ന ന്യു യോര്‍ക്ക് ടൈംസിന്റെ ഉടമ മെക്‌സിക്കന്‍ കൊടീശ്വരന്‍ കാര്‍ലോസും വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഉടമ ആമസോണ്‍ കമ്പനിയുടെ ജെഫ് ബെസോസുമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ട്രമ്പ് വന്നാല്‍ തങ്ങളുടെ സാമ്രാജ്യങ്ങള്‍ക്കു കോട്ടം തട്ടുമെന്നു കണ്ട് ഈ കോടീശ്വരന്മാരാണ് വിവാദങ്ങല്‍ ഇളക്കി വിടുന്നതെന്നാണ്.

ഇനി വാട്ട്‌സാപ്പില്‍ ഒരു മലയാളിയുടെ പ്രതികരണം കണ്ടു--ട്രമ്പ് പറഞ്ഞത് ഒട്ടും ശരിയായില്ല. പക്ഷെ ഇപ്പോഴും ഹിലരിയെ വച്ചു നോക്കുമ്പോള്‍ ട്രമ്പ് നൂറിരട്ടി മെച്ചം.

ചുരുക്കത്തില്‍ രാജ്യം രണ്ടു തട്ടിലായി മാറിയ ഒരു ഇലക്ഷന്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നു വ്യക്തം.

ഇന്നത്തെ ഡിബേറ്റില്‍ ട്രമ്പ് അടിച്ചു കസറിയാല്‍ വിവാദമൊക്കെ താനെ കെട്ടടങ്ങുകയും ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക